അതെ ഇതൊരു ആഘോഷം തന്നെയാണ്.. ഉത്സവം എന്നാല് കവിഞ്ഞൊഴുക്ക്.. ഒരു എഴുത്തുകാരനില് ആശയങ്ങള് കവിഞ്ഞൊഴുകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന്.
ഫേസ്ബുക്കിലത് ഈസിയായി സംഭവിക്കുന്നു അതിനാല് പലതും ബ്ലോഗില് വരുന്നില്ല. പ്രതികരിക്കാനും ആള്ക്കാര്ക്ക് സൌകര്യം ഫേസ്ബുക്കാണല്ലൊ. വളരെയധികം പോസ്റ്റിട്ട ദിവസമാണിന്ന്. സജീവമായ ചര്ച്ചകള് നടക്കുന്നു. ക്ഷേത്രവിഷയം തന്നെ.
ബ്ലോഗ് ഉത്സവം ഒന്നാം ദിവസം
1)
ഉത്സവം എന്നാല് കവിഞ്ഞൊഴുക്ക് എന്നര്ഥം. ശാന്തിക്കാരനായിരുന്ന എന്റെ മനസ്സില് നിന്നും കവിഞ്ഞൊഴുകുന്നത് ഭക്തിയല്ല, പ്രതിഷേധമാണ്. അതിനാല് ക്ഷേത്രം വിടുകയാണ് ഉത്തമമെന്ന് തോന്നി. ദൈവകൃപയാല് അത് സാധിക്കുകയും ചെയ്തു. ഉത്സവത്തിന് കരുതിവെച്ച തയ്യാറെടുപ്പോടെ ഇവിടെ ഇരുന്നു ഇങ്ങനെ ഘോഷിക്കുന്നു.
2)
ഭക്തജനങ്ങളുടെയോ ഭരണക്കാരുടെയോ മനുഷ്യത്വപരമല്ലാത്ത പെരുമാറ്റത്തെ സഹിക്കേണ്ടത് ശാന്തിക്കാരുടെ കടമയാണോ?
(സഹിക്കാന് ബാധ്യസ്ഥരാണെന്ന് വാദിച്ചും ചീത്തവിളിച്ചുംകൊണ്ട് ജാതിവാലു വെച്ച ഒരു സ്ത്രീ പ്രൊഫൈല്..നടത്തുന്ന ആക്രമണവും ഇതില് കാണാം. ശൂദ്രസ്ത്രീകള്ക്കാണ് ഇതില് ആക്ഷേപമുള്ളത് എന്നതിന്റെ സൂചനയായി ഇതിനെ കാണരുതോ? അത് കുറെയൊക്കെ - പോരാ നല്ല അളവില്- ശരിയുമാണെന്നാണ് എന്റെ അറിവും അനുഭവവും.)
----------------------------------------------------------------------------------------------------------
ബ്ലോഗ് ഉത്സവം രണ്ടാം ദിവസം
3)
ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷം ക്ഷേത്രശാന്തിയുടെ സ്വഭാവം മാറി. ജനങ്ങളെ പൂജിക്കലായി. ഭക്തരാണെങ്കിലും അല്ലെങ്കിലും വരുന്നവരെ ഒക്കെ പൂജാരി പൂജിക്കണം എന്ന നിലയായി. പലരും ആരാധിക്കാനല്ല, ആരാധിക്കപ്പെടാനാണ് ക്ഷേത്രത്തില് വരുന്നതുതന്നെ. അവര്ക്ക് ഒരു നിയമവും ബാധകമല്ല, ഇഷ്ടമുണ്ടെങ്കില് വരാം വരാതിരിക്കാം, ശബ്ദമുയര്ത്താം. ശകാരിക്കാം തന്തയ്ക്ക് പറയാം. എങ്ങനേം പെരുമാറാം. മീശപിരിക്കുകയും കണ്ണ് മിഴിക്കുകയും ചെയ്യുന്നവര് ഒരു വശത്ത് മിണ്ടാതെ പരിഹസിക്കുന്ന ഭക്തകള് മറുവശത്ത്. പ്രത്യക്ഷത്തില് സ്തുതിച്ച് മിത്രമെന്ന് നടിച്ച് നിന്ന് അപ്പുറത്ത് മാറിനിന്ന് ചീത്തവിളിക്കുന്ന ഭക്തന്മാര് വേറെ ഒരു വശത്ത്. ഇവരെ ഒന്നും കണ്ടില്ലെന്ന് അഭിനയിക്കലാണ് ഇന്ന് ശാന്തിപ്പണി. ചീത്തവിളിച്ചാലും സഹിച്ച് നാണം കെട്ട് ചീപ്പ് റേറ്റിന് ഈ പണി ചെയ്യാന് നമ്പൂതിരിമാര് തയ്യാറാകുന്നതാണ് ഏറ്റവും വലിയ തെറ്റ്. ഇന്നത്തെ ജനം പഴയതുപോലെ ദരിദ്രരല്ല എന്ന വസ്തുത അവര് കണക്കിലെടുത്തിട്ടില്ല എന്നു തോന്നുന്നു.
4)
ക്ഷേത്രത്തിലെ പൂജാരിക്ക് അതാത് മൂര്ത്തിയെയും നല്ലവരായ ഭക്തജനങ്ങളെയും മാനിച്ചാല് പോരേ? വ്യാജവിനയം അഭിനയിക്കുന്ന ഹുങ്കരായ ഭരണക്കാരെ താങ്ങേണ്ടതുണ്ടോ?
5)
ശാന്തിക്കാര് സ്വാഭിപ്രായം തുറന്ന് എഴുതി ശീലിക്കുക. മേലധികാരികളുടെ മനോഭാവത്തെക്കുറിച്ച് ഒരു നോട്ട് എഴുതാന് പറഞ്ഞാല് അതിനുള്ള നട്ടെല്ല് ശാന്തിക്കാരന് ഉണ്ടാവണം. നമ്മുടെ ജീവിതം തുലച്ചുള്ള വിയര്പ്പിന്റെ ഫലം തിന്ന് നമ്മുടെ തലയില് കയറിയിരുന്ന് നിരങ്ങാന് ആരെയും അനുവദിക്കരുതെന്ന് ശാന്തിക്കാര് പ്രതിജ്ഞ എടുക്കണം. ചുമ്മാ ലൈക്കടിക്കുകയും സ്റ്റിക്കര് സെന്റ് ചെയ്താലും ഉള്ളിലുള്ളത് എന്താണെന്ന് ലോകം അറിയുകയില്ല. അതിനുള്ള വേദിയായി ശാന്തിക്കാരുടെ ഗ്രൂപ്പുകളെ എങ്കിലും ഉപയോഗിക്കാന് അവര്ക്ക് ധൈര്യം ഉണ്ടായെങ്കിലെന്ന് പ്രാര്ഥിക്കുന്നു. ആഗ്നേയം പോലുള്ള ഗ്രൂപ്പുകളില് ഞാനിട്ട പോസ്റ്റില് ഞാന് തന്നെ അഭിപ്രായം പറഞ്ഞ് പറഞ്ഞ് ആ പോസ്റ്റിന് ഒരു പെരുമ്പാമ്പിന്റ നീളമായി. എന്നിട്ടോ. ഒടുവില് അവര് വിളിച്ച യോഗത്തിലും ഞാന് പങ്കെടുത്തു. എന്നിട്ടും കാരണം വ്യക്തമാക്കാതെ അവരെന്നെ പുറത്താക്കുകയാണുണ്ടായത്. വലിയ തന്ത്രിമാരടങ്ങുന്ന ഗ്രൂപ്പ്.. ഈ ഭീരുക്കളോട് പുച്ഛവും വെറുപ്പും ആണ് സ്വാഭാവികമായും തോന്നേണ്ടത്. പക്ഷെ എനിക്ക് സഹതാപം മാത്രേള്ളൂ. കാരണം ഇവരെ ഭരിക്കുന്നത് അധികവും അച്ചിക്കോന്തന്മാരായ നായന്മാരാണ്. അവരുടെ ഇഷ്ടത്തെ ശിരസാവഹിക്കലാണ് ഇവരുടെ ജീവിതമാര്ഗ്ഗം.
6)
കാശില്ലാത്ത ദേവസ്വക്കാര് ഇല്ലങ്ങളില് ചെന്ന് കരഞ്ഞു പിഴിഞ്ഞ് നിത്യശാന്തിക്കായി ആരെയെങ്കിലും ചാക്കിട്ടു പിടിക്കും. കുറച്ചു കാശായി കഴിയുമ്പോ അവര് എല്ലാം മറന്ന് ഏമാന് കളിക്കും.
7)
സമൂഹത്തില് സവര്ണവിദ്വേഷത്തെ പ്രചരിപ്പിക്കുന്ന പ്രക്രിയ ഹിന്ദുമതനവീകരണം എന്ന് അറിയപ്പെടുന്നു. സവര്ണന് എന്നാല് ശിലായുഗം മുതലേക്കേ കുറ്റവാളി, നിരന്തരം ചോദ്യം ചെയ്യപ്പെടേണ്ടവന് എന്നൊക്കെ അര്ഥം. ഇതിന് പ്രായശ്ചിത്തമായി അവര്ണനെ പൂജ പഠിപ്പിച്ചിട്ടും പൂജാരി ആക്കിയിട്ടും, സവര്ണന്റെ പേരുദോഷം മാറിയില്ല. അതിന് ഇനി ഒന്നേ വഴിയുള്ളൂ. തിരിച്ചടി.
8)
15-18 കൊല്ലം മുമ്പത്തെ കാര്യമാണ്.. ആരോടോ ചൂടായി സംസാരിച്ചു എന്ന കാരണത്താല് അധികൃതര് ഒരു ശാന്തിക്കാരനെ പുറത്താക്കി. പിന്നെ വരുന്നവര് അതുപോലെ ചൂടാവുന്നത് തടയാനായി ദേവസ്വം നിയമം കൊണ്ടുവന്നു. 5 വര്ഷത്തെ എഗ്രിമെന്റ് എഴുതി ആദ്യമെ ഒപ്പിടീച്ചു വാങ്ങിവയ്ക്കും. അതില് എല്ലാവരോടും സൌഹാര്ദ്ദപരമായി മാത്രമേ പെരുമാറുകയുള്ളൂ എന്നൊരു വ്യവസ്ഥയും വെച്ചിട്ടുണ്ട്. ഇനിയെങ്ങനെ തിരുമേനിമാര് ചൂടാകും?
Kummanam Rajasekharan കുമ്മനം രാജശേഖരന്റെ നാട്ടുകാര് മോശക്കാരാകുമോ?
ഒന്നേ സംശയമുള്ളൂ.. സൌഹൃദം എന്നത് വണ് സൈഡ് അഫയറാണോ? കിട്ടുന്ന വേദികളിലൊക്കെ ഞങ്ങളുടെ പൂര്വികരെയും ഞങ്ങളെയും പരസ്യമായി ആക്ഷേപിക്കുകയും വേണം. ഞങ്ങളുടെ സൌഹൃദവും സ്നേഹവും സഹകരണവും നിയമം വെച്ച് പിടിച്ചു പറിക്കുകയും വേണം. ഈ തെമ്മാടിത്തരമാണോ സനാതനത്വം?
9)
ആനക്കൊട്ടിലും നടപ്പന്തലും അലങ്കാരഗോപുരവും പണിയുന്ന കാശിന് ഒരു മൂത്രപ്പുര പണിയാനുള്ള മനുഷ്യത്വം ദേവസ്വങ്ങള്ക്ക് ഉണ്ടെങ്കില് കേരളത്തില് ശാന്തിക്കാരെക്കിട്ടാന് ഇത്രയും വിഷമം ഉണ്ടാവില്ലായിരുന്നു.
10)
വൈദിക താന്ത്രിക അധികാരം പിടിച്ചുപറിക്കാരായ ആള്ദൈവങ്ങള്ക്ക് മുമ്പ് നമ്പൂതിരിമാര് മദ്യപിച്ചിരുന്നോ? @ചരിത്രപരമായ അന്വേഷണത്വര
-------------------------------------------------------------------------------------------------
ബ്ലോഗ് ഉത്സവം മൂന്നാം ദിവസം
11)
രാജ്യം ഭരിക്കുന്ന മന്ത്രിമാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കും ഒക്കെ ഒട്ടേറെ നിയമങ്ങളും പരിമിതികളും ഭാരിച്ച ഉത്തരവാദിത്തങ്ങളും കൃത്യനിഷ്ഠകളും ഒക്കെ ബാധകമായിട്ട് ഉണ്ടെന്ന് അവകാശപ്പെടാം. വല്ലതും പിഴച്ചെന്നു കണ്ടാല് വടിയുമായിട്ട് നില്ക്കുന്ന പ്രതിപക്ഷത്തെ അവര്ക്ക് കരുതാതെ വയ്യ. എന്നാല് ക്ഷേത്രഭരണക്കാര്ക്ക് വല്ല നിയമവും ബാധകമാണോ? പൊതുയോഗം വിളിച്ചാല് വിളിച്ചു. കണക്ക് അവതരിപ്പിച്ചാല് അവതരിപ്പിച്ചു. ഇല്ലെങ്കിലും ജനം ഉത്സവപ്പിരിവ് കൊടുക്കും. വഴിപാടും കഴിക്കും. കാണിക്കയും അര്പ്പിക്കും. അതൊക്കെ പോരേ? വരുമാനം വരുത്തേണ്ടത് പൂജാരിയുടെയും സപ്താഹാചാര്യന്മാരുടെയും ഡ്യൂട്ടി ആണല്ലൊ...
12)
കേരളത്തില് ഏതു ദേവസ്വമാണ് ശാന്തിക്കാരോട് മനുഷ്യത്വം കാണിക്കുന്നത്? ജാതിമതഭേദമില്ല എന്നു പറയുന്ന ശബരിമലയില് പുരോഗമനചിന്താഗതിക്കാരനായ ഒരു ശാന്തിക്കാരന് ഒരു ഫംക്ഷന് പള്ളിയില് പോയി എന്ന കാരണത്താല് തുടര്ന്നുള്ള ശാന്തിക്കാരെല്ലാം വനവാസം അനുഷ്ഠിക്കണമെന്ന് (പുറപ്പെടാശാന്തി) വിധിച്ച ശബരിമല ശാന്തിക്കാരോട് മനുഷ്യത്വമാണോ കാണിക്കുന്നത്...
ലക്ഷക്കണക്കിനു വരുമാനമുള്ള ദേവസ്വങ്ങള് അനവധിയുണ്ട്. വെളുപ്പാന് കാലത്ത് നടതുറക്കേണ്ട ശാന്തിക്കാര്ക്ക് താമസസൌകര്യം എത്ര ദിക്കിലാണ് ഉള്ളത്..
അടിച്ചുതളിക്കാരി ആനക്കാരന് മേളക്കാരന് കഴകക്കാരന് ശ്രീകാര്യക്കാരന് തുടങ്ങി സകലര്ക്കും കപ്പം കൊടുത്തും കാലുപിടിച്ചും ഉള്ള നിലപാടിലല്ലേ ക്ഷേത്രത്തില് ശാന്തിക്കാര് കഴിച്ചുകൂട്ടുന്നത്..
ഫേസ് ബുക്ക് പോലെ മനോഹരമായ ചര്ച്ചാ വേദി ഉണ്ടായിട്ടും അതുങ്ങളുടെ നാവില് നിന്നും ഒന്നും വരാത്തത്.. അയ്യോ എനിക്ക് അഭിപ്രായം പറയാന് അനുവാദമില്ല, ഞാനീ ഭരണസമൂഹത്തിന്റെ അടിമയാണേ എന്ന വൃത്തികെട്ട ഭാവന ഉറച്ചു പോയതുകൊണ്ട് തന്നെയാണ്..
ഇതിനെയാണ് ജാതീയമായ ടോര്ച്ചര് വര്ഗഹത്യ, വര്ഗോന്മൂലനം എന്നൊക്കെ വിവക്ഷ ചെയ്യുന്നത്.. ഒരു വര്ഗ്ഗത്തിന്റെ വായില് തുണി തിരുകുന്ന ഭരണധാര്ഷ്ട്യത്തെ പിന്നെ എങ്ങനെ കാണണം. കരുതണം?
13)
ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള് പലപ്പോഴും പ്രധാനവാര്ത്തയായി പത്രമാധ്യമങ്ങളില് നിറഞ്ഞു നിന്നിട്ടുണ്ട്. സ്ത്രീകളുടെ ശബരിമല പ്രവേശം ആയാലും ഗുരുവായൂരെ പുണ്യാഹം, ഉദായസ്തമനപൂജ അങ്ങനെ അനവധി കാര്യങ്ങള്.. ഈ അവസരങ്ങളിലൊക്കെ ഞാന് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഇതാണ്.. ആധികാരികവ്യക്തികളെന്ന് കരുതപ്പെടുന്ന തന്ത്രിമാരുടെ അഭിപ്രായം പത്രക്കാര് ആരായുകയോ അര്ഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയോ ചെയ്യുകയില്ല എന്നതാണ്. ശബരിമലയില് ഒരിക്കലൊരു സ്ത്രീ ശ്രീകോവിലില് പ്രവേശിച്ചതായി അവകാശപ്പെട്ട് അതിന് ക്ഷമാപണം നടത്തിയ സാഹചര്യമുണ്ടായി. പൊതുപ്രവര്ത്തകരെല്ലാം ആ വിഷയത്തില് പ്രതികരിച്ചു. ശാന്തിക്കാരും തന്ത്രിമാരും ഒഴികെ. ഒരു മെത്രാന്റെ അഭിപ്രായം പോലും അതോടനുബന്ധിച്ച് ദേശീയപത്രങ്ങളില് വന്നു. ബ്രാഹ്മണര്ക്ക് കേരളത്തില് വോയ്സ് ഉണ്ടാവാന് പാടില്ലെന്ന ഹൈന്ദവധാര്ഷ്ട്യത്തെയാണ് ഇത് കാണിക്കുന്നത്. ഈ നയം മനുഷ്യത്വപരമോ... ?
വായില് തുണി തിരുകല് വര്ഗോന്മൂലനത്തിന്റെ ആദ്യപടി.. സമൂഹത്തോടെ ആചരിക്കപ്പെടുന്ന ബ്രഹ്മഹത്യ തന്നെ. ഞെരിച്ചു കൊല്ലാന് നോക്കുന്ന സ്വകീയ സമൂഹത്തെ ബ്രാഹ്മണര് എങ്ങനെ കാണണം. ശത്രുവായി കാണാത്തത് ബ്രഹ്മസമൂഹത്തിന്റെ മഹത്വമോ അജ്ഞതയോ ഗതികേടോ ആവാം. അത് എന്തായാലും അധികം കാലം അതേപടി തുടരാനാവില്ല എന്നതിന്റെ ശക്തമായ സൂചനയാണ് ഇന്നലെയും ഇന്നും ഇതേ വിഷയത്തില് എന്നില് നിന്നും വരുന്ന തുടര് പോസ്റ്റുകള്.
14)
ബ്രഹ്മസ്വവിരുദ്ധചിന്തകള് കൊണ്ട് സമ്പൂര്ണമാണല്ലൊ മലയാളിയുടെ ഹൃത്തടം !
ഇനി കുറെ ദേവസ്വവിരുദ്ധ ചിന്തകളായാലോ?
എന്താ കയ്ക്ക്വോ ചൊരുക്ക്വോ.. ?
ഒരു പരീക്ഷണം ഇവിടെ ആരംഭിച്ചിരിക്കുന്നു.
ചുണയുള്ളവര് പ്രതികരി...
നമ്പൂരിമാര് എന്തു പറഞ്ഞാലും "അര്ഹിക്കുന്ന അവഗണനയോടെ പുച്ഛിച്ചു തള്ളുന്ന" കുറെ യോഗ്യന്മാരായ അവന്മാരുണ്ട്. വാ.വന്ന് ഇഷ്ടം പോലെ പുച്ഛിച്ചിട്ട് പോ..
15)
കേരളത്തില് ബ്രാഹ്മണ്യം ഉപയോഗിച്ച് വ്യവസായം ചെയ്യുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു ക്ഷേത്രങ്ങള്... വെറും അസംസ്കൃതപദാര്ഥമായേ ക്ഷേത്രഅധികൃതര് ബ്രാഹ്മണരെ കാണുന്നുള്ളൂ. അവരുടെ വാക്കുകള്ക്ക് വിലയില്ലെന്നും, അവര്ക്ക് വോയസിന് അവകാശമില്ലെന്നും അവര് തീരുമാനിച്ചിരിക്കുന്നു. പ്രതിഷേധസ്വരമോ ഭാവമോ പ്രകടിപ്പിച്ചാല് ഏതു തന്ത്രി ആയാലും മതിലിന് പുറത്താവുന്ന സ്ഥിതി. ക്ഷേത്രത്തിലും പുറത്ത് മാധ്യമങ്ങളിലും അവര്ക്ക് വേദിയില്ല.
എന്നാല് ഫേസ് ബുക്കും ബ്ലോഗുമൊക്കെ വന്നത് ദൈവഹിതമായി കരുതാം. അത്യാവശ്യം ശ്വാസം വിടാനുള്ള ഒരു സെറ്റപ്പ് ഇതിലുണ്ട്. ഞാനിത് 2011 മുതല് ഉപയോഗിച്ചു വരുന്നു. വലിയ ദൈവദോഷമൊന്നും എനിക്ക് ഉണ്ടായില്ല. ശാന്തിക്കാരും തന്ത്രിമാരും അഭിപ്രായം പറയാന് കഴിയാത്തവരായി മാറിയിരിക്കുന്നല്ലോ എന്നോര്ത്ത് ഞാന് വിഷമിക്കുന്നു. സംവാദത്തിലേയ്ക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നു.
16)
പ്രതികരിച്ചു പ്രതികരിച്ചേ പ്രതികരണശീലം ഡവലപ്പ് ചെയ്യൂ.
നിയമപരമായ മുന്നറിയിപ്പ്: പ്രതികരണശീലം ശാന്തിക്ക് ഹാനികരം
17)
ക്ഷേത്രങ്ങളില് നമ്പൂതിരിമാരുടെ അഭിപ്രായം കേള്ക്കാനോ അവരെ യഥേഷ്ടം അഭിപ്രായം പ്രകടിപ്പിക്കാനോ അവസരം നല്കുന്നത് അപകടമാണെന്ന കരുതല് എല്ലാ ഹിന്ദുവിഭാഗങ്ങള്ക്കും ഉണ്ടെന്ന് തോന്നുന്നു..
എന്റെ രണ്ട് പ്രഭാഷണങ്ങള് യുടൂബിലുണ്ട്. വളരെ ബ്രീഫായി കാര്യം പറയുന്ന ശൈലി. ക്ഷേത്രത്തിലും അടുത്ത സൌഹൃദമുള്ളവരുമായി ഷെയര് ചെയ്തിരുന്നു. എന്നാല് മള്ട്ടിമീഡിയ സെറ്റപ്പ് വെച്ച് നാലമ്പലത്തില് തുടര് ഭാഷണപരമ്പര ചെയ്യാനുള്ള എന്റെ ആഗ്രഹത്തിന് ആരും അനുകൂലമല്ല എന്ന് എനിക്ക് മനസ്സിലായി.
ശാന്തിക്കാരെ ആളുകളിക്കാന് വിടരുതല്ലൊ.. ഭരണാധികാരികളുടെ മുന്കരുതല് എങ്ങനെയുണ്ട് !
നമ്മള് പറയുന്നത് കേള്ക്കാനിഷ്ടമില്ലാത്തവരെ നമ്മളെന്തിന് കേള്ക്കാന് നില്ക്കണം എന്ന ചിന്തയില് ഞാന് ക്ഷേത്രം വിട്ടു.
18)
കണ്ട തെണ്ടികളും തെമ്മാടികളും ചട്ടമ്പികളുമൊക്കെയാണ് ദേവസ്വം കമ്മിറ്റിക്കസേരയില് ഞെളിഞ്ഞിരിക്കുന്നത്. ഇവന്മാരെയൊക്കെ ശാന്തിക്കാര് സല്യൂട്ട് ചെയ്ത് നിക്കണം എന്നാണ് ഇവറ്റകളുടെ ഭാവം. ദേവസ്വം ബോഡില് അത് നടക്കുമായിരിക്കും കാരണം പലരും ലക്ഷങ്ങള് കൈമടക്ക് കൊടുത്ത് അപേക്ഷിച്ച് കയറുന്നവരാണ്. എന്നാല് പ്രൈവറ്റുകളില് അധികവും ശാന്തിക്കാര് അങ്ങോട്ട് അപേക്ഷിച്ചു ചെല്ലുന്നവരല്ല, ഇങ്ങോട്ട് അപേക്ഷ കിട്ടിയിട്ട് പോവുന്നവരാണ്.
19)
ഒരു പള്ളിയില് ചെന്നാല് ആരെങ്കിലും അവിടുത്തെ പുരോഹിതരെ നിന്ദിച്ച് സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുമോ ?.. അമ്പലത്തില് പോകുന്ന ആരെങ്കിലും ശാന്തിക്കാരെ വകവെയ്ക്കുമോ ? ഞങ്ങള്ക്ക് ഇഷ്ടമുള്ളപ്പൊ വരും. ഇഷ്ടമുണ്ടെങ്കില് വല്ലതും തരും. നീ ഞങ്ങടെ ഇഷ്ടത്തിന് നിന്നാ നിനക്ക് വല്ലതും ഇട്ട് തരാം. മുറുമുറുപ്പുണ്ടെങ്കില് വേറെ പണിക്ക് പൊക്കോണം. ഈ വഴിക്ക് വരരുത്.. ഇതല്ലേ ഭക്തന്മാരുടെ ഭാവം?
സനാതനന്മാരെന്ന് ഞെളിഞ്ഞു നടക്കുന്ന ഹിന്ദുക്കളുടെ ഈ നിലപാട് ഇന്നേ വരെ ആരെങ്കിലും എവിടെയെങ്കിലും ചൂണ്ടിക്കാണിക്കുകയോ ചര്ച്ച ചെയ്യുകയോ ചെയ്തിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
അതുകൊണ്ട് തന്നെ ഒരു വിഷയമെന്ന നിലയില് ഇതിന് പുതുമയുണ്ട്.
എന്താ ഇതൊന്നും ചിന്താവിഷയങ്ങളല്ലേ..? ആക്കാന് പാടില്ലേ.?.. എന്തുകൊണ്ട്..?
20)
ഈ ഫേസ് ബുക്കില് ഉള്ള ക്ഷേത്രഭരണസമിതി പ്രവര്ത്തകരോട് ചില ചോദ്യങ്ങള്..
നിങ്ങള്ക്ക് വ്യക്തമായ നിയമാവലി ഉണ്ടോ...
അതില് പുരോഹിതരോട് ഉണ്ടായിരിക്കേണ്ട നയം എന്തായിരിക്കണമെന്ന് നിര്വചിച്ചിട്ടുണ്ടോ...
അത് പരസ്യപ്പെടുത്താന് തയ്യാറുണ്ടോ..
21)
ഞാനിങ്ങനെ ക്ഷേത്രരംഗത്ത് ശാന്തിക്കാര് കഴകക്കാര് തന്ത്രിമാര് തുടങ്ങിയവര് അഭിമുഖീകരിക്കുന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങള് എഴുതിയിട്ടുണ്ട്. അവയൊക്കെ അധികം പേരും മനപ്പൂര്വം കണ്ടില്ലെന്ന് നടിച്ച് തഴഞ്ഞിട്ടുമുണ്ട്. പ്രശ്നങ്ങള് പറഞ്ഞിട്ടെന്താ കാര്യം പരിഹാരം പറയാന് ആവശ്യപ്പെട്ടവരുണ്ട്. ആദ്യം പ്രശ്നങ്ങളോടുള്ള പൊതു സമീപനം വ്യക്തമാവണം. പരിഹാരചിന്തയും എന്റെ പക്കലുണ്ട്. പ്രശ്നങ്ങളെ പ്രശ്നമായി കാണണം അംഗീകരിക്കണം. അല്ലാതെ ഓസിന് പരിഹാരം കേള്ക്കാമെന്ന് ആരും വിചാരിക്കണ്ട. ജയന് കവിയൂരിനെ പോലുള്ള യോഗക്ഷേമബ്ലോഗ് പ്രവര്ത്തകര് ഇത് ശ്രദ്ധിക്കുന്നത് നന്ന്.
Jayan Kaviyoor
അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു യോഗക്ഷേമപ്രവര്ത്തകന്റെ കണ്ണില് ശാന്തിവിചാരം ബ്ലോഗ് മുഴുവനും നോണ് സെന്സാണ്.. എന്റെ മാത്രം അനുഭവമാണെന്നും പറഞ്ഞ് പരസ്യമായ പോരുവിളിയുമായി എത്തി. ഞാന് പ്രതികരണം ഒഴിവാക്കി. അതദ്ദേഹത്തിന് തരമായി. ഗാംഗ് ക്രിയേറ്റ് ചെയ്യലാണ് ചിലരുടെ യോഗക്ഷേമം.
22)
പൂജ പഠിച്ച അബ്രാഹ്മണരെല്ലാം കോടീശ്വരന്മാരാവുന്നുണ്ട്. നമ്പൂതിരി ദക്ഷിണ പ്രതീക്ഷിക്കുന്നത് മാത്രമേ ഭക്തന്മാരുടെ കണ്ണില് അപരാധമുള്ളൂ. മറ്റുള്ളവര് വാങ്ങിക്കുന്നത് അവരുടെ മിടുക്കാണെന്നാണ് ഭാഷ്യം. ഈ വിവേചനം ചര്ച്ച ചെയ്യപ്പെടണം.
സംസ്കൃതം സൌജന്യമായി പഠിപ്പിച്ച ശാസ്ത്രികളും മഹോപാദ്ധ്യായന്മാരും ക്ഷയിച്ചു. തങ്ങളുടെ ഗതികേട് മക്കള്ക്ക് വരാതെയിരിക്കാന് മക്കളെ സംസ്കൃതം പഠിപ്പിക്കാതെയിരുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചു. ഇതാണ് പൂജ പഠിപ്പിക്കുന്ന നമ്പൂരിമാരുടെ അവസ്ഥ. പഠിച്ച് സര്ട്ടിഫിക്കറ്റ് നേടിയ ഈഴവാദികള്ക്ക് എങ്ങനെ വേണമെങ്കിലും ഏതു റേറ്റിലും കച്ചവടം നടത്താം. സമൂഹം ഫുള് സപ്പോര്ട്ട്. ഇതും വര്ണവിവേചനം തന്നെ. ഇതും രേഖപ്പെടുത്തപ്പെടണം. ഒരുതരം പകപോക്കല് മനോഭാവമാവാം ഇതിനു പിന്നില്. പക്ഷെ അതിന്റെ അനന്തരഫലത്തിന്റെ വ്യാപ്തികൂടി കണക്കിലെടുത്തേ നിരൂപണം പൂര്ണമാവൂ.
comment 1) ഈ പോസ്റ്റ് വായിച്ച ഒരു നമ്പൂതിരി ഇപ്പോള് ഫോണില് വിളിച്ച് അറിയിച്ചത്. ബോംബേ സിറ്റിയിലെ തിരക്കുള്ള പൂജാരിയായ അദ്ദേഹത്തിന്റെ പരികര്മിയും സഹായിയും ബോഡി ഗാഡുമായി ഒരു ഈഴവനെ കൂടെ കൂട്ടി. അത്യാവശ്യം ഗുണ്ടായിസവും അയാളുടെ കൈയ്യിലുണ്ട്. അയാള് സശ്രദ്ധം വീക്ഷിച്ച്പൂജയുടെ സമ്പ്രദായമൊക്കെ വശാക്കി. പൂജാരിക്ക് ചെറിയൊരു ദക്ഷിണയും നല്കി. എന്നിട്ട് തനിയെ പൂണൂലിട്ട് പൂജകള് പിടിച്ച് ചെയ്തു തുടങ്ങി. ആള്ക്കാരെ "ഇപ്പോ മരിക്കും" എന്നു വരെ പേടിപ്പിച്ച് പണം തട്ടി വലിയ പണക്കാരനായി. ഒരിക്കല് പോലീസ്കേസില് പിടിക്കപ്പെട്ടപ്പോള് ഈ നമ്പൂരിയുടെ ശിഷ്യനാണെന്ന് പറഞ്ഞു. നമ്പൂരിയെ പോലീസ് വിളിച്ച് ചോദിച്ചപ്പോള് നമ്പൂതിരി ഗുണ്ടയെ ഭയന്ന് അയാള് സ്വന്തം ശിഷ്യനാണെന്ന് സമ്മതിച്ചതുകൊണ്ട് അയാള് രക്ഷപെട്ടു. ഇപ്പോഴും ദുര്മന്ത്രവാദം തുടരുന്നു.