വിശാലമായ ഒരു ചര്‍ച്ചാ വേദി ആണ് ഫെസ് ബുക്ക്. ഇന്നത്തെ കാലത്ത് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ നിര്‍ഭാഗ്യരാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് ഒരു പൊതു വേദിയില്‍ ആള് കൂടണം എങ്കില്‍ അതില്‍ എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടായിരിക്കണം. അതല്ലാതെ പ്രസംഗ വിഷയങ്ങള്‍ മാത്രം ചര്‍ച്ചകള്‍ സഹിക്കാന്‍ മാത്രം വിവരമോ വിവരക്കേടോ ആര്‍ക്കുമില്ല എന്ന് പറയാം.
പിന്നെ സംഘാടകരുടെ കഴിവ് ഇതിലെ ഒരു പ്രധാന ഘടകം ആണ്. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ക്രൈസ്തവ സുവിശേഷ സമ്മേളനങ്ങള്‍ നടക്കുന്ന വേദികളില്‍ ആണ് ആളുകള്‍ തടിച്ചു കൂടുന്നത്. അതിനെ അനുകരിച്ചു (ആണെങ്കിലും അല്ലെങ്കിലും) ഹൈന്ദവ കണ്‍വെന്‍ഷനുകള്‍ പലയിടങ്ങളിലും നടക്കുന്നു. കാലിയായ കസേരകള്‍ ആവും പ്രധാനകാഴ്ചവസ്തു.
ക്രൈസ്തവമേധാവിത്തം ഉള്ള ഒരു പ്രദേശത്ത് ആണ് ഞാന്‍ താമസിക്കുന്നത്. പക്ഷെ ആരും അങ്ങനെ പറയാറില്ല എന്ന് മാത്രം. കോട്ടയം ജില്ലയിലെ പുതുപ്പള്ളി, നമ്മുടെ മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമം. എന്റെയും സ്വന്തം ഗ്രാമം. (ഭാഗ്യവശാലോ എന്നൊരു ശങ്ക ഇപ്പോള്‍ ഇയ്യിടെ ആയി തോന്നിത്തുടങ്ങിയിട്ടുണ്ട്. ഭരണം എന്ന് കേട്ടാല്‍ അത്ര പേടി! അദ്ദേഹത്തിന്‍റെ ഭരണം കൊണ്ട് നേട്ടം ഉണ്ടാക്കിയ രണ്ടു സ്ഥാപനങ്ങള്‍ ആണ് പടങ്ങള്‍)
ഇവിടെ അടുത്ത് രണ്ടു വലിയ പള്ളികള്‍ ഉണ്ട്. പുതുപ്പള്ളി പള്ളിയും, മണര്‍കാട് പള്ളിയും. നമ്പൂതിരിമാര്‍ ഒഴികെയുള്ള എല്ലാ ഹിന്ദു വിഭാഗങ്ങളും ഈ രണ്ടു പള്ളിയിലും പോവുകയും എട്ടുനോയമ്പ് , നേര്‍ച്ച വിളമ്പു തുടങ്ങിയവയില്‍ പൂര്‍ണമായ വിശ്വാസത്തോടെ തന്നെ പങ്കെടുക്കുകയും ചെയ്യാറുണ്ട്. കോട്ടയത്ത് തങ്കു പാസ്ടര്‍ വിളമ്പുന്ന സ്വര്‍ഗീയ വിരുന്നിലും ഹിന്ദുക്കള്‍ അഭിമാനപൂര്‍വം പങ്കെടുക്കും. നെറ്റിയില്‍ ചന്ദനക്കുറി തൊട്ടുകൊണ്ട് തന്നെ. വെറുതെ കിട്ടുന്ന കോഴി ബിരിയാണി എന്തിനു പാഴാക്കണം. എന്നിട്ട് അഹിംസ പ്രസംഗിക്കും. മത സൌഹാര്‍ദം പ്രസംഗിക്കും...
ഇത്തരം പരിഷ്കാരങ്ങളില്‍ പ്രേരിതന്‍ ആയി ഏതെങ്കിലും നമ്പൂരി പള്ളിയില്‍ പോയാല്‍ അത് ഈ മാന്യന്മാര്‍ ഒട്ടു സഹിക്കുകയും ഇല്ല. ജാതി മതങ്ങള്‍ ഇല്ല എന്ന് പറയപ്പെടുന്ന അദ്വൈത മാതൃക ആയ, നാനാജാതി മതസ്ഥരുടെയും വിശ്വാസകേന്ദ്രമായ ശബരിമലയിലെ ഒരു പുരോഹിതന്‍ ഒരിക്കലൊരു പള്ളിച്ചടങ്ങില്‍ വിശ്വസിച്ചു സംബന്ധിക്കാന്‍ ഇടയായി. വ്യക്തിസ്വാതന്ത്ര്യത്തിലും ഹിന്ദുക്കളുടെ സഹിഷ്ണുതയിലും അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം തെറ്റി. ആ സംഭവം വലിയ കുറ്റം ആയി. പ്രായശ്ചിത്തം ചെയ്യാന്‍ സന്നദ്ധന്‍ ആയ ശാന്തിക്കാരന്റെ കയ്യില്‍നിന്ന് ബലാല്‍ താക്കോല്‍ പിടിച്ചു വാങ്ങി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടന്‍ ആക്കുകയാണ് ഹിന്ദുതീവ്രവാദികള്‍ ചെയ്തത്. പക അവിടം കൊണ്ടും തീര്‍ന്നില്ല. തുടര്‍ന്ന് വരുന്ന മേല്ശാന്തിമാര്‍ക്കെല്ലാം നല്ല സൂപ്പര്‍ പണി കൊടുത്തു. വനവാസം. കാട്ടാളന്മാര്‍ എത്രയോ ഭേദം! പൂര്‍വാചാര വിരുദ്ധം ആയി ശബരിമല മേല്‍ശാന്തിയെ പുറപ്പെടാശാന്തി ആക്കി. അദ്ദേഹത്തിന് ഫോണ്‍ സൗകര്യം (അന്ന് മൊബൈല്‍ ഇല്ല) ചെയ്തു കൊടുത്ത മന്ത്രി ഒരു ജോസഫോ തോമസോ മറ്റോ ആയിരുന്നു. പി. പരമേശ്വരനും, കുമ്മനം രാജശേഖരനും ഡോക്ടര്‍ ഗോപാലകൃഷ്ണനും ഒക്കെ രാഷ്ട്രീയ തലത്തില്‍ നിന്ന് ആത്മീയതയെ നിയന്ത്രിക്കാന്‍ യത്നിക്കുന്നവര്‍ ആണ്. ആത്മീയ ദിശാബോധം ഇല്ലാതെ ഉള്ള പ്രവര്‍ത്തനങ്ങള്‍ പൊളിയുന്നതിനു നമ്പൂരിമാരോട് അമര്‍ഷം.
അതില്‍ ഇടപെടാതെ കൂട്ട് നിന്ന തന്ത്രിക്ക് കിട്ടേണ്ടത് കിട്ടി. പുതു വര്‍ഷത്തില്‍ നട തുറന്ന ഉടനെ അശുദ്ധി ആയി. പുല. സ്വന്തം മകള്‍ ആണ് മരിച്ചത്. ആ സൂചന കണ്ടു പഠിച്ചില്ല. അതുകൊണ്ട് അയ്യപ്പന്‍ ആണ്ടിലാണ്ടില്‍ ഓരോരോ പണി കൊടുത്തു കൊണ്ടിരിക്കുന്നു! തുടര്‍ന്ന് എല്ലാ വര്‍ഷവും ഓരോരോ പുകിലുകള്‍ അവിടെ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ തമിഴ് ഭക്തന്മാര്‍ പഴയതുപോലെ നോട്ടുകെട്ടുകള്‍ മറിക്കാറില്ല എന്ന് കേള്‍ക്കുന്നു! കുറ്റം അവരുടെയാണോ?
എന്റെ പ്രതിഷേധം കവിതാരൂപത്തില്‍ മാന്യമായി മാതൃഭൂമിക്കു അയച്ചു. അവര്‍ അത് കുപ്പയില്‍ തട്ടി. അതാണല്ലോ അവരുടെ സമത്വം. പ്രതിഷേധം ഒറ്റ ശ്ലോകത്തില്‍ അടക്കി ഞാന്‍ എന്റെ വീട്ടു പടിക്കല്‍ ഒരു പ്ലേ കാര്‍ഡില്‍ പതിക്കുകയുണ്ടായി.
ആഡ്യരാകും ദേവസ്വങ്ങള്‍
ആദ്യമായി പഠിക്കട്ടെ!
ആഗ്രഹം പോലാശ്രയിക്കാം
ദൈവമെല്ലാമൊന്നു തന്നെ!
അത് എന്താണെന്ന് ആരും എന്നോട് ചോദിച്ചില്ല. അന്ന് ആ ബോര്‍ഡ് വച്ച സ്ഥാനത്ത് ഇന്ന് അതിനേക്കാള്‍ സ്ഥായിയായ മറ്റൊരു ബോര്‍ഡ് ഉണ്ട്. അത് എന്റെ സാഹിത്യ രചനാലയത്തിന്റെത് ആണ്. സാംസ്കാരിക നായകരും അധികാര ഹസ്തരായ ഭരണവര്‍ഗങ്ങളും ബലാല്‍ തമസ്കരിക്കുന്ന ഒരു കൂട്ടം ചിന്തകളുടെ ആലയത്തിന്റെത്. അതും എന്താണ് എന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല.
പാരമ്പര്യവും ആയി ബന്ധം സംശയിക്കപ്പെടുന്ന ചില ആശയങ്ങളെ അങ്ങനെ പോലും വളരാന്‍ അനുവദിക്കുന്നത് ശരിയല്ല എന്ന പൊതുധാര്‍ഷ്ട്യം സമൂഹത്തെ ഗ്രസിക്കുന്നു. വര്‍ഗവൈരികളുടെ സ്വന്തം ജാതീയതയുടെ സ്വരൂപം ഇന്ന് ഹിന്ദുത്വം എന്ന പേരില്‍ അറിയപ്പെടുന്നതാണ് കഷ്ടം.
മേല്പോട്ടുള്ള വളര്‍ച്ച തടയപ്പെടുമ്പോള്‍ കീഴ്പോട്ടുള്ള വളര്‍ച്ച ഉണ്ടാകുന്നു. അതായത് വേരോട്ടം. വേരുറച്ച ഒരു വടവൃക്ഷത്തെ ഉണ്ടോ ശാഖവെട്ടി നശിപ്പിക്കാന്‍ ആകുന്നു?
ആത്മനിലയം എന്നാണു ഞാന്‍ വിഭാവനം ചെയ്യുന്ന സാഹിത്യരചനാലയത്തിനു നാമകരണം ചെയ്തിരിക്കുന്നത്. (named in 1994, started in 1990). ആലയം എന്ന് ചുരുക്കിപ്പറയും. ഒരുപാട് വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടേണ്ടി വന്നിട്ടുണ്ട്.
രചനയില്‍ മുഖ്യശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഉള്ളതിനാല്‍ പ്രസിദ്ധീകരണത്തിന്റെ തോത് പരമാവധി ചുരുക്കുന്നു എന്നതാണ് എന്റെ മാര്‍ഗ്ഗത്തിന്റെ ഒരു സവിശേഷത. പ്രസിദ്ധീകരണ നിരപേക്ഷത എന്നതാണ് രചനയുടെ നയം. സുഗമം ആയ രചനക്ക് (smooth & free writing) അത് എത്രയും സഹായകം ആണ്.
ഇന്റര്‍നെറ്റില്‍ കയറി ഒരു കൊല്ലത്തിനകം തന്നെ അനായാസേന established ആവാന്‍ സാധിച്ചു എന്നതാണ് ആകെപ്പാടെകൂടി ഒരു നേട്ടം എന്ന് പറയാന്‍ ഉള്ളത്. സാമ്പത്തികം ആയ കോട്ടം അത് വരുത്തുന്നുണ്ട് എന്നത് വേറെ കാര്യം. എങ്കിലും അതൊരു അഭിമാനകരമായ നേട്ടമായി തന്നെ ആയിത്തോന്നുന്നു. സൌഹൃദലാഭം extra നേട്ടം. :) നെറ്റ് സൌഹൃദത്തിന്റെ സാധ്യതകളും പരിമിതികളും ഇതിനകം പഠിച്ചു കഴിഞ്ഞു.
പരിമിതികള്‍ ഇല്ലാതെ സ്ഥാപിക്കാവുന്ന ബന്ധം ഈശ്വരബന്ധം മാത്രമല്ലേ?