Saturday 5 January 2013

Protest


ഈശ്വരപൂജ ജനസേവനം അല്ല. അത് തികച്ചും വ്യക്തികളുടെ സ്വകാര്യത ആണ്. ക്ഷേത്രങ്ങളിലും മുന്‍പ് അങ്ങനെ ആയിരുന്നു.

പിന്നീട് രാഷ്ട്രീയപരവും കച്ചവടപരവും ആയ താല്പര്യങ്ങള്‍ കൂടുതല്‍ ഉള്ള ജനവിഭാഗം ക്ഷേത്രങ്ങളെ പിടിച്ചെടുത്തു ബ്രാഹ്മണരെ അവരുടെ പാട്ടിലാക്കി. വരുതിയിലും നിയന്ത്രണത്തിലും. ഇപ്പോള്‍ സ്വന്തം ആള്‍ക്കാരെ ഉപയോഗിച്ച് അവരെ പുറംതള്ളാന്‍ ഉള്ള ഉള്ളിലിരുപ്പ് പുറത്തായി. 


ഇന്ന് ക്ഷേത്രങ്ങളില്‍ പൂജ ഒരു പ്രഹസനവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഉപായവും ഒക്കെ ആയി മാറിയിരിക്കുന്നു. ഈശ്വരോപാസനയ്ക്കു പ്രാധാന്യം കല്പിക്കുന്ന ഒരു പൂജാരിക്ക് പലപ്പോഴും യോജിക്കാന്‍ ആവാത്ത സാഹചര്യങ്ങള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാവുക ഇന്ന് വളരെ സാധാരണം ആണ്. ഏതു സാഹചര്യത്തിലും പരാതിയും പരിഭവവും പറയാതെ പൊരുത്തപ്പെട്ടു പോരുകയാണ് ശാന്തിക്കാരും തന്ത്രിമാറും ഒക്കെ. അത് അവരുടെ ഒരു കടമ പോലെ ആയിരിക്കുന്നു. 

എന്നാല്‍ ക്ഷേത്ര സാഹചര്യം പിന്നെയും മാറിയിരിക്കുകയാണ്. ഹിന്ദുക്കളിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ഇച്ഛാശക്തി ഇയ്യിടെ പെരുന്നയില്‍ പ്രകടമാവുക ഉണ്ടായി. അവര്‍ ബ്രാഹ്മണരെ ചൂഷകര്‍ ആയി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് ആത്മാഭിമാനസംരക്ഷണത്തിന് ആവശ്യം ആയിരിക്കുന്നു. 

ആകയാല്‍ ആക്ഷേപം ഉന്നയിച്ചവരുടെ നേരിട്ടുള്ള ഭരണത്തില്‍ ഉള്ള ക്ഷേത്രത്തില്‍ അല്ല ഞാന്‍ ഇപ്പോള്‍ പോവുന്നത് എങ്കിലും, ആ ക്ഷേത്രത്തിന്റെ പ്രയോജനം അനുഭവിക്കുന്നത് മുഖ്യമായും അവരുടെ ആളുകള്‍ ആകയാല്‍, അങ്ങനെ ഒരു സേവനം ചെയ്യുന്നത് അനുചിതം ആയും അസ്ഥാനത്ത് ആയും കാണപ്പെടുന്നു. എത്ര അധികം താല്പര്യത്തോടെ ആണ് ഞാനിതു ചെയ്തു വരുന്നത് എന്ന് പല ബ്ലോഗുകളില്‍നിന്നും വ്യക്തം ആണ്. എങ്കിലും വിട്ടു നില്‍ക്കുന്നതാണ് കൂടുതല്‍ ശരി എന്ന് വന്നിരിക്കുന്നു. ആകയാല്‍ 3-4 ദിവസത്തിനുള്ളില്‍ ഞാന്‍ മാങ്ങാനം നരസിംഹസ്വാമിക്ഷേത്രം വിടും. 

ഭക്തിയെക്കാള്‍ പ്രതിഷേധം അധികം ഉള്ള ആളാണ്‌ ഞാന്‍. ഭക്തിയും ബ്രഹ്മത്വവും ഉള്ള നായന്മാര്‍ ഉത്തമ ബ്രാഹ്മണര്‍ ആയി മുന്നോട്ടു വരട്ടെ.

Wednesday 2 January 2013

AgainST NSS -2


ഓം നമോ നാരായണായ.
ഞാന്‍ ഒരു ബ്ലോഗ്ഗര്‍ മാത്രം ആയിരുന്നെങ്കില്‍ എനിക്ക് വളരെ അധികം എഴുതാന്‍ കഴിയുമായിരുന്നു.... എന്നാല്‍ അതിനേക്കാള്‍ സമുന്നതമായ ഒരു കര്‍ത്തവ്യം - നരസിംഹ പൂജ - ഉള്ളതിനാല്‍ എനിക്ക് അയാളോളം തരം താഴെണ്ടതില്ല, അത് ശരിയല്ല.

ഇന്നലെ വെളുപ്പിനെ ബ്ലോഗ്‌ എഴുതി. പോസ്റ്റ് ചെയ്യാന് സമയമില്ല.  (page maker >corel draw> pdf> photoshop> jpg> upload)  അത് പ്രിന്റ്‌ എടുത്തു ക്ഷേത്രത്തില്‍ കൊണ്ടുപോയി. 

അവിടെയും ആരുമായും ഷെയര്‍ ചെയ്യാന്‍ ആയില്ല.   സ്വയം വായിച്ചു. അത് ഈശ്വരാര്‍പ്പണം എന്ന് സങ്കല്‍പ്പിച്ചു. ഒരു ആയിരം കോപ്പി വിതരണം ചെയ്തതിലും അധികം  സംതൃപ്തി ആ സങ്കല്പനം എനിക്ക് നേടിത്തന്നു. അതാണ്‌ എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ പ്രസിദ്ധീകരണം! 

പ്രധാനമന്ത്രിയെക്കാലും രാഷ്ട്രപതിയെക്കാളും വലുതല്ലേ ഭഗവാന്‍! ലോകൈകനാഥന്‍ ആണ് മഹാവിഷ്ണു. അങ്ങനെ കരുതാത്തവര്‍  എങ്ങനെ ഭക്തര്‍ ആകും? അഭക്തരോട് ഭഗവാനു കടപ്പാട് ഇല്ലല്ലോ! 

ഭക്തവേഷം കെട്ടുന്ന അഭക്തരോട് മറുപടി പറയാന്‍ അദ്ദേഹത്തിന് ആയുധങ്ങള്‍ ഉണ്ടല്ലോ.  ഉഗ്രനരസിംഹത്തിന്റെ കൂര്‍ത്ത നഖങ്ങള്‍ ഹിരണ്യകശിപു എന്ന രാജാവിന്റെ മാറിടം പിളര്ന്നല്ലോ.  ആ രൂപത്തില്‍ ഭഗവാന്‍ അവിടെ വിളങ്ങുന്നു. മാങ്ങാനം ക്ഷേത്രത്തില്‍.  ഒരു വരാഹം വല്ലതും പറഞ്ഞെന്നു കരുതി ഒരു പൂജാരിയും ഇളകേണ്ടതില്ല

ഈ ബ്രാഹ്മണ അധിക്ഷേപത്തിനുള്ള മറുപടി അവിടുന്ന് പറയും എന്ന് എനിക്ക് ഉറപ്പാണ്. എന്റെ ക്ഷോഭത്തിനു  ചില ഭക്തര്‍ സാക്ഷിയായി.  അവരോടു ചോദിച്ച ചോദ്യം ഇങ്ങനെ. 

"ഇത് ഊരാന്മാക്കാരുടെ അമ്പലമാണ്. ഇവിടെ ഒരു നിശ്ചിതരീതിയും പതിവും  ഉണ്ട്. ഊരാന്മാക്കാര്‍ ഇതു സാഹചര്യത്തിലും അത് കാത്തു സൂക്ഷിച്ചു വരികയും ചെയ്യുന്നു. ഇവിടെ മലയാള ബ്രാഹ്മണര്‍ മാത്രമേ പൂജ ചെയ്യാറുള്ളൂ. ഒരു ദിവസം നിങ്ങള്‍ വരുമ്പോള്‍ ഇവിടെ പൂജ ചെയ്യുന്നത് ഒരു പട്ടരോ കൊങ്ങിണിയോ ആയാല്‍ ഭക്തജനങ്ങള്‍ ആയ നിങ്ങള്‍ അത് സഹിക്കുമോ അതോ  ക്ഷേത്ര ഉടമസ്ഥരെ ചോദ്യം ചെയ്യുമോ?"

മറുപടി: "ഞങ്ങള്‍ തീര്‍ച്ചയായും ചോദിക്കും."

"ആയിരത്തിലധികം ക്ഷേത്രങ്ങളുടെ ഉടമ ആയ NSS അവരുടെ ക്ഷേത്രങ്ങളില്‍ ദേവഹിതം നോക്കാതെ, തന്ത്രിയുടെ അനുമതി തേടാതെ, കീഴ്വഴക്കങ്ങള്‍ ലംഘിച്ച്, പൂര്‍വ്വാചാര വിരുദ്ധം ആയി, സര്‍വ്വോപരി ബ്രാഹ്മണരെ മുഴുവന്‍ അധിക്ഷേപിച്ചുകൊണ്ട്,  നായന്മാരെ ശാന്തിക്കാര്‍ ആക്കും എന്ന തീരുമാനം സമക്ഷത്ത് പ്രഖ്യാപിച്ചപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു?" 

മറുപടിയില്ല. ചിരി മാത്രം. ഞാന്‍ പറഞ്ഞു "നിങ്ങള്‍ കയ്യടിച്ചു." 

ങാ അതിനെന്താ..അങ്ങനെയല്ലേ വേണ്ടത്? അത് ഞങ്ങളുടെ മിടുക്ക് എന്ന അര്‍ത്ഥത്തില്‍ അതുങ്ങള് ചിരിച്ചുകൊണ്ട് നിന്നു. എന്താണ് ഇതിനര്‍ത്ഥം?  നമ്പൂരിയുടെ ക്ഷേത്രത്തില്‍ അവര്‍ക്ക് ഇഷ്ടം ഉള്ളവരെ അവര്‍ നിയമിക്കുന്നത് തെറ്റ്. നായര്‍ ക്ഷേത്രങ്ങളില്‍ അവര്‍ക്ക് ഇഷ്ടം ഉള്ളവരെ നിയമിക്കുന്നത് ശരി. 

അദ്വൈതം പ്രസംഗിക്കുന്നവര്‍ക്ക് നമ്പൂതിരിയും നായരും തമ്മില്‍ ഭേദമില്ല. എന്നാല്‍ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ ഭേദമുണ്ട് താനും. അതാണ്‌ മോഡേണ്‍ അദ്വൈതമോഡല്‍.   
ഇവിടെ ഹിന്ദുയിസം എന്ന ഓമനപ്പേരില്‍ നായരിസം നടപ്പാക്കിയാല്‍ ആരും അത് തിരിച്ചറിയില്ല എന്ന് കരുതിയവര്‍ക്ക് തെറ്റി.

ബഹു. യോഗക്ഷേമസഭ പ്രസിഡന്റിനോട് ഒരു നിര്‍ദേശം. സഭയുടെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പഠിപ്പിച്ചു പൂജാരിമാര്‍ ആയി നിയമിക്കണം. ഇതിനുള്ള മറുപടി അത് മാത്രം ആണ്.  

Against NSS

ആരോടും വഴക്കടിക്കാതെ എല്ലാ വിഭാഗവും ആയി സഹകരിച്ചും അതിനായി ആക്ഷേപങ്ങള്‍ വേണ്ടതും വേണ്ടാത്തവ അധികവും സഹിച്ചും എന്തിനും സ്വയം കുറ്റം ഏറ്റും ഒന്നിനും പരാതി പറയാതെ പ്രതിഷേധം നടിക്കാതെ പരമാവധി സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന വിഭാഗം ആണ് ബ്രാഹ്മണര്‍ എന്നത് എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉത്തമബോധ്യം ഉള്ള വസ്തുതയാണ്. 

മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ സ്വന്തം മേന്മകളില്‍ അഭിമാനിക്കുകയോ അത് വച്ച് വാദിച്ചു അവകാശം നേടുകയോ സ്ഥാപിക്കുകയോ ചെയ്യുക എന്നത് ഇക്കാലത്ത് അത്ര അരുതാത്തതു അല്ലെങ്കിലും അതൊക്കെ തരം  താഴ്ന്ന കളികള്‍ ആയിട്ടാണ് അവര്‍ കാണുന്നത്.  എന്തിനും വിട്ടുവീഴ്ചയും വിട്ടുകൊടുക്കലും,  കീഴടങ്ങലും ആണ് അവര്‍ അഭിലഷിക്കുന്ന സമാധാന മാര്‍ഗം. 

അവരില്‍ ക്ഷേത്രശാന്തിക്കാരുടെ അവസ്ഥ പരിശോധിച്ചാല്‍ വളരെ ദയനീയം ആണ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍   ശാന്തിക്കാരന്‍ ആയ അച്ഛനെയോ മറ്റു ബന്ധുക്കളെയോ, അല്ലെങ്കില്‍ അത് പോലെ വേണ്ടപ്പെട്ടവരെയോ  സഹായിക്കാനോ മറ്റോ ക്ഷേത്രത്തില്‍ പുരോഹിത സ്ഥാനത്ത് ഏതെങ്കിലും വിധത്തില്‍ ചെന്ന് പെട്ടാല്‍ അവന്റെ ജീവിതം തുലയും എന്ന സ്ഥിതി ആണ് ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ ഉള്ളത്. 

ക്ഷേത്രങ്ങള്‍ ശാന്തിക്കാരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ചൂഷണം ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ ആയി മാറിയിരിക്കുന്നു.നൂലിട്ടവരുടെ ശരീരം വിയര്‍ത്തും വാടിയും ഉണ്ടാകുന്ന ധനമാണ് NSS പോലുള്ള ക്ഷേത്രമുതലാളിമാര് അനുഭവിക്കുന്നത്.  

ദേവസ്വം അധികൃതരുടെ ചെയ്തികള്‍ പറയാന് ആളില്ല.   കൂട്ടത്തില്‍നിന്ന് ചതിക്കുന്ന അവരെ മിത്രങ്ങള്‍ ആയി കരുതി അവരുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നവരാണ് ബ്രാഹ്മണരും ശാന്തിക്കാരും. അതിന് അവര്‍ ഇട്ടുകൊടുക്കുന്ന തുട്ടുകളെ ഉപജീവിക്കുന്ന ലളിതം ആയ ചരിത്രം ആണ് ശാന്തിക്കാരുടെത്. പക്ഷെ  അത് മഹത്തരം ആണ്. എന്നാല്  അതിനെ അനുഭവിക്കുന്ന ആരും നല്ലതു പറയുന്നില്ല. എന്ന് തന്നെയല്ല അവരെ കുറ്റപ്പെടുത്തലുകള് മാത്രം. അവരെ ചൂഷകര്‍ എന്ന്  ഇവിടുത്തെ ഭരണവര്‍ഗ്ഗം എന്ന് ഗര്‍വ്വ്‌ ഉള്ള ഭൂരിപക്ഷ സമുദായത്തിന്റെ നേതാവ് പ്രഖ്യാപിക്കുന്നു. പക്ഷെ അയാളെ സഹിക്കേണ്ട ഗതികേട് കേരളത്തില്‍ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ധീരകൃത്യങ്ങളെ കുറിച്ച് പലര്ക്കുമറിയാം.

Tuesday 1 January 2013

Happy New YEAR...2013

ശാന്തിവിചാരം ബ്ലോഗ്‌  വായനക്കാര്‍ക്കെല്ലാം 
പുതുവത്സര ആശംസകള്‍ !

വായനക്കാരുടെ സാന്നിധ്യം മനസിലാക്കുന്നു. ഒന്നര വര്‍ഷത്തോളം ബ്ലോഗിങ്ങ് രംഗത്ത്‌ തുടരാന്‍ സാധിച്ചു.  രണ്ടാഴ്ചയില്‍ അധികം ആയി ഒരു വലിയ ക്ഷേത്രത്തിലെ ഉത്തരവാദിത്തവും ജോലിയും നിര്‍വഹിച്ചു വരുന്നു. ഏതാനും മാസങ്ങള്‍ അവിടെ തുടരേണ്ടി വരും. ആകയാല്‍ ഈ രംഗത്ത് പഴയത് പോലെ വ്യാപരിക്കാന്‍ കഴിയുന്നില്ല. 

ചൂടുള്ള വിഷയങ്ങള്‍ എന്റെ പ്രതികരണം ആവശ്യപ്പെടുന്നവ ചില കൂട്ടുകാര്‍ ഇപ്പോള്‍ ശ്രദ്ധയില്‍ പെടുത്തി. ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ചൂഷണം ചെയ്യുക ആണെന്നും അതിനാല്‍ നായന്മാരെ പൂജാരികള്‍ ആക്കും എന്നും NSS പറഞ്ഞത്രേ. 

വലിയ വിദ്വേഷം ഇല്ലാതെ പരസ്പരം സഹകരിച്ചു കഴിയുന്ന രണ്ടു സമുദായങ്ങളെ തമ്മില്‍ അടിപ്പിച്ചു കുറുക്കന്‍ കളിക്കുകയല്ലേ നേതാക്കന്മാര്‍? അത്തരം സമുദായ നേതാക്കന്മാര്‍ ആ സമുദായത്തിന്  തന്നെ തീരാകളങ്കം ആണ് വരുത്തിവയ്ക്കുന്നത്. 

ഈ പ്രസ്താവന ഹിന്ദു ഐക്യത്തിന് തുരങ്കം   വയ്ക്കുന്നത് ആയിരിക്കും. വിദൂര വ്യാപകം ആയ ദോഷഫലങ്ങള്‍ ഉണ്ടാകും. കീഴ്പതിവ് അഥവാ പൂര്‍വ്വാചാരം തെറ്റിച്ചു അബ്രാഹ്മണരെ നിയമിക്കുന്നതിനു തന്ത്രിയുടെ സമ്മതം  NSS നു വേണ്ടെന്നോ! എന്നാല്‍ നായര്‍ തന്ത്രിമാരെ കൂടി നിയമിക്കട്ടെ! 

ഈ വിഷയത്തില്‍ തിരക്കിട്ട് കൂടുതല്‍ പ്രതികരിക്കുന്നില്ല.    ശാന്തിക്കാരന്‍ എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഒട്ടേറെ സംയമനം പാലിക്കേണ്ടതുണ്ട്. ശാന്തിവിചാരം ബ്ലോഗ്‌ ഇത്രനാളും  ബില്‍ഡ് ചെയ്തത് ശാന്തിരംഗംപാടെ ഉപേക്ഷിച്ചു കൊണ്ട് ആയിരുന്നു!

ഇതുപോലുള്ള വൃത്തികേടുകള്‍ കാണുമ്പോള്‍ ശാന്തിയല്ല, യുദ്ധം ആണ് ചെയ്യാന്‍ തോന്നുക. അത് ദൈവം നേരിട്ട് ചെയ്യട്ടെ. അധാര്മികര്‍ക്ക് എതിരായ യുദ്ധം അല്ലെ മത ധര്‍മം. അവര്‍ ഹിന്ദുക്കള്‍ എന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല