Saturday, 3 August 2013

ശാന്തിവിചാരം ഡയറിക്കുറിപ്പ്

നമ്പൂതിരിമാരുടെ പൂര്‍വികര്‍ മഹാകശ്മലന്മാരായിരുന്നു എന്നൊരു ധാരണ സമൂഹത്തില് ആഴത്തില് പതിഞ്ഞിട്ടുണ്ട്.  ഇതിന്റെ പിന്നില് പെരുപ്പിച്ചു പറയപ്പെടുന്ന ചില നിസ്സാര കാരണങ്ങളല്ലേ ഉള്ളൂ? അവരില് അപകര്ഷതാബോധം വളര്ത്തി അവരെ പിന്നിലാക്കേണ്ടത് മറ്റെല്ലാ വിഭാഗങ്ങളുടെയും പൊതുവായ ആവശ്യം ആയതല്ലേ ഇതിനു കാരണം? ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനൊന്നും ആരും തയ്യാറായിട്ടില്ല. പരിശോധിക്കാന് നമ്മളാരാ? സമൂഹം എന്തു പറഞ്ഞാലും അത് ശരി വയ്ക്കുകയല്ലേ ഭേദം? എതിര്ക്കാന് നമുക്ക് ആള്ബലമുണ്ടോ? ശരി വച്ചാല് എല്ലാര്ക്കും തൃപ്തിയാവൂല്ലൊ. ഇങ്ങനെ പോകുന്നു നമ്പൂതിരിയുടെ സമാധാനചിന്ത. നെഗറ്റീവ് ദിശയില്.

സമാധാനചിന്ത എന്ന അര്ഥം വരുന്ന വാക്കാണ് "ശാന്തിവിചാരം". യജ്ഞോപവീതം മാസികയില്  ഒരിടയ്ക്ക് ഈ പേരിലൊരു ലേഖനപരമ്പര ഏതാനും ലക്കങ്ങളില് വന്നിരുന്നു. ശാന്തിക്കാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായിരുന്നു അതിലെ പ്രതിപാദ്യം. പ്രതികരണങ്ങള് കുറവാകയാല് അത് നിലച്ചു. എങ്കിലും ഇതൊക്കെ പറയാന് പാടുണ്ടോ എന്ന നമ്പൂരിശങ്കയ്ക്ക് അത് ഒരു ഉത്തരമായി.

ശാന്തിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനം ഞാനാദ്യം എഴുതുന്നത് 1987 ലാണ്. അനുഭവപ്രേരിതമായി എഴുതപ്പെട്ട ലേഖനം പത്രങ്ങള് തഴയുമെന്ന് കരുതിയിരുന്നില്ല. ഹിന്ദുത്വമുള്ള പത്രങ്ങള് പോലും ഗൌനിച്ചില്ല. നമ്പൂതിരി എന്ന് വാലുപോലും പ്രശ്നാത്രേ. അതുപേക്ഷിപ്പോള് അതായി പ്രശ്നം. പേരിലില്ലാത്ത നമ്പൂരിത്തം എഴുത്തില് വന്നാലും പ്രശ്നം. നര്മകവിതകള്ക്ക് പോലും വിവേചനം അവഗണന. മാധ്യമങ്ങളുടെ ഔദാര്യത്തില് എഴുത്തുകാരനാവേണ്ടതില്ല എന്നായി കടുത്ത തീരുമാനം. അതു തെറ്റാണോ? ആണോ?

മാധ്യമപിന്ബലം കൂടാതെ എത്രത്തോളം എഴുതാനാവുമെന്നായി പരീക്ഷണം. പതിനെട്ടുകൊല്ലം നീണ്ട തുരംഗയാത്ര. ചെന്നെത്തിയതോ തിരുവനന്തപുരത്ത് സഭാമാസികയിലും. നൂറുശതമാനം സ്വീകാര്യത (പത്രാധിപസമിതി അംഗത്വംപോലും) അവിടെ കിട്ടിയെങ്കിലും അവിടുന്നും വണ്ടി സ്റ്റാന്റുവിട്ടു. നേരേ ചെകുത്താന്റെ കോട്ടയിലെത്തി (2011). അതാണല്ലൊ ഇന്റര്നെറ്റിന്റെ പൊതുവിവക്ഷ. :)

നന്നായി അറിയപ്പെടുന്ന ബ്ലോഗാണ് ഇന്ന്  "ശാന്തിവിചാരം"  വിവിധസാമുദായികവിഷയങ്ങളും സാഹിത്യ, വൈദിക-ദാര്ശനിക, ക്ഷേത്രവിഷയങ്ങളും, നര്മ്മഭാവനകളും ഇതിലൂടെ ധാരാളമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ് അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി. ബുക്സ് അടക്കം വിവിധ പ്രസാധകരില് നിന്നും അനുഭാവപൂര്വമായ പ്രതികരണങ്ങള് ലഭിച്ചിട്ടുണ്ട്.  എന്നാല് എല്ലായ്പോഴും പുതിയ പുതിയ വിഷയങ്ങള് നിരൂപിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നതിനാല് പഴയവ തപ്പിയെടുത്തു കുത്തിക്കെട്ടാനൊന്നും കഴിയാതെ വരുന്നു. പ്രസിദ്ധീകരണനിരപേക്ഷമായ രചനാനിരതമായ ഒരു വിദ്യാലയം എന്ന് ഈ സംരംഭത്തെ വിശേഷിപ്പിച്ചാല് അതൊട്ടും അധികമാവില്ല. ശക്തമായ പ്രതിഷേധം ഉള്ളിലടക്കി തെരഞ്ഞെടുത്ത ജീവിതമാര്ഗ്ഗം ഉപേക്ഷിച്ചാണ് ഈ സാഹസത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുതിര്ന്നവരുടെയും ഗുരുജനങ്ങളുടെയും ആശീര്വാദം ഈ പ്രയത്നത്തെ സാധൂകരിക്കുന്നു.

പൊതുധാരണകള്ക്ക് കടകവിരുദ്ധമായ വളരെയധികം വസ്തുതകള് സൌഹൃദം വിടാതെ  ഈ ബ്ലോഗ് അവതരിപ്പിക്കുന്നു. ക്ഷേത്രകലകള് എന്നു പറയുമ്പോലെ "ക്ഷേത്രസാഹിത്യം" എന്നൊരു വിജ്ഞാനശാഖ തന്നെ ഇതിലൂടെ ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാല് അവ അവതരിപ്പിക്കുന്നതിന് ക്ഷേത്രങ്ങളില് അവസരമുണ്ടാകുമോ എന്ന് കണ്ടറിയണം.  ഇവിടെയാണ് ഭാവനയിലുണ്ടായ ക്ഷേത്രത്തിന്റെ പ്രസക്തി. വിജ്ഞാനക്ഷേത്രം, അക്ഷരങ്ങളുടെ ക്ഷേത്രം, Temple of Letters (TOL) തുടങ്ങിയ പേരുകളില് അതും ഈ ബ്ലോഗവേദിയിലൂടെ പ്രകാശിതമാവുന്നു.

ജാതീയമായ ശീതമത്സരങ്ങളുടെ വേദിയാവുകയാണോ ക്ഷേത്രങ്ങളിന്ന്? നമ്പൂതിരിമാര് ബ്രാഹ്മണരല്ലെന്നും, വരത്തരാണെന്നും, രണ്ടാം തരക്കാരാണെന്നും ആരാണ് യഥാര്ഥബ്രാഹ്മണരെന്ന് നിശ്ചയിക്കാനുള്ള അവകാശം ഭൂരിപക്ഷജാതിവിഭാഗങ്ങള്ക്കാണെന്നും ഒക്കെയുള്ള പുതിയ വാദഗതികള് ഉയര്ന്നിരിക്കുന്നു. ഇത്തരം മതാഭാസങ്ങളെ (ഗോക്രിസം) വേര്തിരിച്ച് സമഷ്ടിയായി ഉച്ചാടനം ചെയ്യുകയല്ലേ വേണ്ടത്?

ആ കര്മ്മത്തിന് ഒരു പൊതുവേദി ആയിരിക്കുകയാണ് ഈ ബ്ലോഗ്. സാമുദായിക ആചാര്യന്മാരുടെ പേരില് ചിലര് സ്ഥാപിച്ചെടുത്തിട്ടുള്ള ജാതീയമുതലെടുപ്പുകളുടെ മറുവശം അല്ലേ ശുദ്ധസാത്ത്വികതയുടെ ഉന്മൂലനം? ക്ഷേത്രരംഗത്ത്നിന്നും നമ്പൂരിമാരെ കെട്ടുകെട്ടിക്കാനുള്ള നീക്കം അവരുടെ ഗുണഭോക്താക്കളായ ക്ഷേത്രങ്ങള്ക്ക് പ്രശ്നമല്ലായിരിക്കാം. ആര്ക്കും പ്രശ്നമല്ലായിരിക്കാം. എന്നാല് അതു പറഞ്ഞാല് മാത്രം എന്താണ് പ്രശ്നം? അത് ദുരുദ്ദേശമാണോ? ആണോ അല്ലയോ - അതെങ്കിലും വ്യക്തമാക്കൂ.

മതനവീകരണം എന്ന പേരിലിവിടെ മഹാന്മാര് ചെയ്തതു മതനശീകരണം ആയിരിക്കുകയല്ലേ? അനുഭവം വെച്ചു നിരൂപിക്കൂ. വിദ്യാഭ്യാസപരമായ വസ്തുതകള്ക്ക് പ്രാധാന്യം നല്കണമെന്നാണ് അടിസ്ഥാന ആഗ്രഹം എങ്കിലും സാമൂഹ്യവിഷയങ്ങള്ക്കാണ് കൂടുതല് പ്രതികരണം ലഭിച്ചുകാണുന്നത്. ആകയാല് അവ കൂടുതലായി എഴുതാനിടയായി. സമൂഹത്തില് ബ്രാഹ്മണമേധാവിത്തം പോലെ ആയിരിക്കുകയാണ് അധ്യാപകമേധാവിത്തം എന്ന് ആരോപിക്കുന്ന പോസ്റ്റിന് ഊഷ്മളമായ സ്വീകരണമാണ് വായനക്കാരില്നിന്നും ലഭിച്ചത്.

ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഒരു കത്രിക ഈ ബ്ലോഗ് പ്രസിദ്ധീകരിക്കുകയുണ്ടായി. കത്രിക മുറിയ്ക്കാന് ശ്രമിക്കുന്നത് ബ്രാഹ്മണ്യത്തെയാണ്. ഭരണഘടനയാണ് കത്രികയുടെ ആണി. നീളമുള്ള ഭൂജങ്ങള് രണ്ട് ഭൂരിപക്ഷജാതീയത. നീളം കുറഞ്ഞ പിടികള് രണ്ട് ന്യൂനപക്ഷ മതങ്ങളും, അതില് ഏതു പിടി ഏതു ഭുജത്തിനാണ് എന്നൊക്കെ കത്രികയുടെ നിറത്തില്നിന്നറിയാം. കറുത്ത നിറമുള്ള പന്ത് ആയിട്ടാണ് ബ്രാഹ്മണ്യത്തെ ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ ഉള്ളിലൊരു പൊട്ടുപോലെ വെളുത്ത നിറവും ഉണ്ട്. ആന്തരികവിശുദ്ധി. എന്നാല് ഇതിന് വിപരീതമായ നിറമാണ് ആണിക്ക് കൊടുത്തിട്ടുള്ളത്. പുറമെ വെളുപ്പും ഉള്ളില് കറുപ്പും. ഇത് തെറ്റെന്ന് ആരും ഇതുവരെ പറഞ്ഞില്ല. ചരിത്രരേഖകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന -പോരാ ഭേദ്യം ചെയ്യുന്ന- ഒന്നിലധികം പോസ്റ്റുകള് ഇതില് കാണാം.

അച്ചടിമാധ്യമങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പോസ്റ്റുകളും ഇതിലുണ്ട്. ഒപ്പം സ്വതന്ത്രമാധ്യമമായ ഫേസ്ബുക്കിനെ വാഴ്ത്തുന്ന സംസ്കൃതശ്ലോകവും. (.....വദനപുസ്തകം സമൂഹദര്പ്പണം)..  ശാന്തിവിചാരം അനുബന്ധ ബ്ലോഗുകളില് കാണാം.

പ്രശസ്തനായ ലാലേട്ടനുമായി ആറുമാസം നീണ്ട ഓപ്പണ് ചാറ്റ് ഇതിന്റെ കമന്റ് ബോക്സുകളിലുണ്ട്. ബാലജനസഖ്യം പോലെ കലാപരിപാടികള് മാത്രം നടത്തുന്ന ഒരു സംഘടന ആയേ യോഗക്ഷേമസഭയേ വിദ്വേഷരഹിതരായ സഹൃദയര് പോലും കാണുന്നുള്ളൂ എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. അതില് കൂടുതല് എന്തെങ്കിലും ആയിത്തീരാന് സഭയ്ക്ക് കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഇത് ഉയര്ത്തുന്നത്.