Monday, 30 May 2016

Urine shed



മൂത്രപ്പുര.
----------------
നഗരത്തിലെ ക്ഷേത്രത്തില് പുതുതായി ചുമതലയേറ്റ ശാന്തിക്കാരനോട് ദേവസ്വം മേധാവി കാര്യങ്ങള് തിരക്കി. കുഴപ്പമൊന്നുമില്ല സര്, പക്ഷെ ഒരു സൗകര്യം കൂടി നിങ്ങള്ക്ക് ചെയ്യാന് സാധിച്ചാല് നന്നാവും. ഒരു മൂത്രപ്പുരയെങ്കിലും...

ഒരു ചിരി മാത്രമായിരുന്നു അതിനുള്ള മറുപടി. വെളുപ്പിനെ 5 മുതല് 11 വരെ പ്രാഥമികകാര്യങ്ങള് പിടിച്ചുവെച്ച് ജോലി ചെയ്യണമെന്ന വ്യവസ്ഥ കടുത്ത ശിക്ഷയായി തോന്നി. അതിനു പുറമേ മേധാവിയുടെ പരിഹാസചിരി കൂടി കണ്ടപ്പോള് ശാന്തിക്കാരന് നിരുത്സാഹം തോന്നി. അയാള് ഗൗരവപ്പെട്ടു. മര്യാദയ്ക്ക് ചോദിച്ചിട്ട് സൗകര്യം അനുവദിക്കുന്നില്ല എന്നാല് കടുത്ത തീരുമാനം എടുക്കാമെന്നു കരുതി. തനിക്ക് വയ്യെന്ന് പറഞ്ഞ് ചുമതല ഒഴിയാന് നോക്കി..

അപ്പോഴും മേധാവിക്ക് ഭാവഭേദമില്ല. ആ ചിരി അപ്പോഴുമുണ്ട് മുഖത്ത്. എന്താ ഞാന് പറഞ്ഞത് അബദ്ധായോ എന്ന് തിരുമേനിക്ക് തോന്നുന്ന വിധത്തില്...മേധാവിയുടെ ഉള്ളിലിരുപ്പ് അറിയാന് അയാള് സൗഹൃദം ഭാവിച്ചു നിന്നു.

ഡോക്ടര് ആയ ദേവസ്വം മേധാവി ഇപ്രകാരം വിധിച്ചു.
വെള്ളം കുടിക്കുന്നതുകൊണ്ടാണ് മുള്ളാന് മുട്ടുന്നത്. രാവിലെ വെള്ളം കുടിക്കണ്ട എന്ന് വെച്ചാല് പോരേ... ഇനി അധവാ മുള്ളണമെങ്കില് മതിലിനു പുറത്ത് എവിടെ നിന്ന് മുള്ളിയാലും തിരുമേനിയോട് ആര്ക്കും ഒരു പരാതിയും ഇല്ല. നിങ്ങള്ക്ക് അത് ഷെയിം ആയി തോന്നുന്നത് ആണ് നിങ്ങളുടെ പ്രശ്നം. എല്ലാരേം സ്വന്തക്കാരായിട്ട് കാണാന് പഠിച്ചാലത് മാറും. തിരുമേനി എന്ന് പറഞ്ഞാല് അതൊരു പബ്ലിക് പ്രോപ്പര്ട്ടി ആകണം.

ഈ വിധികല്പന ഒരു പണിഷ്മെന്‍റാണെന്ന് ശാന്തിക്കാരന് പറഞ്ഞു.

അപ്പൊഴും ഡോക്ടര്‍ ചിരിച്ചു. അതെ. കാലത്തിന്റെ തിരിച്ചടി. നമ്പൂതിരി സമുദായം അത് അനുഭവിക്കണം.. പണ്ട് നിങ്ങള് ഞങ്ങളുടെ സ്ത്രീകളെ മാറു മറയ്ക്കാന് അനുവദിച്ചില്ല. അതു കണ്ട് രസിച്ചു. ഇപ്പോള് നിങ്ങളുടെ ശരീരംകണ്ട് ഞങ്ങളുടെ സ്ത്രീകളും രസിക്കട്ടെ. ഡോക്ടര് വിധിയെ ന്യായീകരിച്ചു