Thursday, 14 February 2013

വായനക്കാരോട്

രണ്ടു ദിവസം മുന്‍പ് ഭാരതീയ ശാസ്ത്രങ്ങളുടെ വ്യാപ്തി എന്ന  പോസ്റ്റിന്മേല്‍ ശ്രദ്ധേയം ആയ ഒരു കമന്റ് കിട്ടുകയുണ്ടായി. ശരത്തില്‍ (Sarath) നിന്ന്. ശരത്തിന്റെ  ശരം :) ശരി തന്നെ. 

ആസ്വാദനവും വിമര്‍ശനവും അടങ്ങുന്ന ഒട്ടേറെ കമന്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവയൊന്നും എന്നെ ഇത്രയേറെ സ്വാധീനിച്ചിട്ടില്ല. ശരതിനുള്ള മറുപടി സാമാന്യമായി എഴുതി എങ്കിലും അദ്ദേഹത്തിന്റെ  ആക്ഷേപം ബാക്കി നില്‍ക്കുന്നു. അതിനാല്‍ ആ വിഷയം ഇവിടെ വീണ്ടും വന്നിരിക്കുന്നു. 

ഏതു വിഷയം എടുത്താലും അതിലൊക്കെ ശാന്തിക്കാരുടെ കാര്യം പരാമര്‍ശിക്കുന്നു, അത് തന്നെ ആവര്‍ത്തനം കൂടി ആവുമ്പോള്‍ വായനക്കാര്‍ക്ക് വിരസത തോന്നും, readability കുറയും, ഇപ്പോള്‍ തന്നെ ശത്രുക്കള്‍ ആണ് മുക്കാലും, ഈ ബ്ലോഗ്‌ വായനക്കാരെ എങ്ങൊട്ടെ ക്കാണ് നയിക്കുന്നത് തുടങ്ങിയ ആശങ്കകള്‍ നല്ല രീതിയില്‍ തന്നെ  സൂചിതം ആയിരിക്കുന്നു.  

ആകയാല്‍ അര്‍ഹിക്കുന്ന പ്രതിപക്ഷബഹുമാനത്തോട്‌ കൂടി തന്നെ ശരത്തിനോട് തുടര്‍ന്നും  പറഞ്ഞു കൊള്ളട്ടെ. 

1) ഭാരതീയ ശാസ്ത്ര സങ്കല്‍പം ധാര്മികതയ്ക്ക് മുന്‍തൂക്കം കൊടുക്കുന്നവ ആയിരുന്നു  അതിനോട് അനുബന്ധിച്ചുള്ള സാങ്കേതികതകള്‍ ആണ് ആചാര അനുഷ്ടാനങ്ങള്‍. ആധുനിക ശാസ്ത്രം സാങ്കേതികതക്ക് പ്രാധാന്യം കൊടുക്കുന്നു. ഇത്രയും പറഞ്ഞതില്‍ നിന്ന് ആദ്യത്തേതിന്റെ വ്യാപ്തി അനുമാനിക്കാന്‍ ആവും. ധാര്‍മികതയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനെ ആദരിക്കാനും ആവും.  ബ്ലോഗിന്റെ പരിധിയില്‍ അതിനെ ഒതുക്കാം എന്ന വ്യാമോഹമില്ല.

2) ഇന്ന് ധാര്‍മികതയെ അപ്രധാനം ആയി കരുതുമ്പോള്‍ ആണ് ആചാരങ്ങള്‍ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ആയിതോന്നുന്നത്. ആചാരങ്ങളെ ആദായം ഉണ്ടാക്കുന്ന വിധത്തില്‍ പുനസ്സംവിധാനം ചെയ്യുകയാണ് ഇന്ന് ക്ഷേത്രങ്ങള്‍.

3) ഇന്ന് ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മത സ്ഥാപനങ്ങള്‍ ആവാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യം നിഷ്പക്ഷമായ പരിശോധന അര്‍ഹിക്കുന്നു. ദോഷങ്ങള്‍ ഒരുവിഭാഗത്തില്‍ മാത്രം അടിച്ചേല്പിക്കുന്ന പ്രവണത ഫലപ്രദമല്ല. 

4)  മതപ്രസംഗത്തിന് ഇന്ന് വതപ്രസംഗം എന്നാണു പ്രബുദ്ധരായ ഹിന്ദുക്കള്‍ പറയുക. വധപ്രസംഗം എന്നര്‍ത്ഥം. ധ ഇപ്പോള്‍ ത ആണല്ലോ! അതാണ്‌ ബാഷാബക്തി! ദൈവഭക്തി ഇതിന്റെ ഒരു വകഭേദം. എന്തായാലും ക്ഷേത്രവിഷയങ്ങള്‍  മതവിഷയങ്ങള്‍  തുടങ്ങിയവയില്‍ ഹിന്ദുക്കള്‍ക്ക് വലിയതാല്പര്യം ഇല്ല. എന്നാല്‍ മതവികാരം തീവ്രമായി ഉണ്ടുതാനും. അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല, എന്ന് തന്നെയല്ല വിപരീത ഫലം ആണ് ലഭിക്കുന്നത്. ഇവിടെ എല്ലാ മേഖലകളിലും നേട്ടം ഉണ്ടാക്കുന്നത്‌ അധികവും അന്യ മതസ്ഥര്‍ ആണ്. 

5) ഇതിനെല്ലാം കുറ്റം പലരും കാണുന്നത് പുരോഹിത വര്‍ഗ്ഗത്തില്‍ ആണ്. അതായത് നമ്പൂതിരിമാരില്‍. വിശേഷിച്ചു ശാന്തിക്കാരില്‍. എന്നാല്‍ അവരുടെ ഭാഗം പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കാന്‍  ചെവി തരുമോ അതും ഇല്ല. ഇതെന്തുകൊണ്ട്?

6) ഇവിടെയാണ് സാങ്കല്പികശ്രോതാവിന്റെ പ്രസക്തി. ഒരു ശ്രോതാവ് എന്നെങ്കിലും ഉണ്ടാവും എന്ന ശുഭ വിശ്വാസത്തോടെ ഒരാള്‍ വക്താവ് ആവാന്‍ ആരംഭിച്ചു. അജ്ഞാതശ്രോതാവിന്റെ വക്താവ്.  ശ്രോതാവിനും വക്താവിനും ഒരാള്‍ തന്നെ ജീവന്‍ നല്‍കണം. അതാണ്‌ ആന്തരികം ആയ ആശയ വിനിമയം. internal communication. 

7) തന്നെത്താന്‍ സംസാരിക്കുന്ന ഒരുവനെ ലോകം എന്ത് വിളിക്കും? ആരും മഹത്വസര്‍ട്ടിഫിക്കറ്റ് ഉടനെ അടിച്ചു കൊടുക്കുകയില്ലല്ലോ. മന്ദബുദ്ധി എന്ന് കരുതി എഴുതിത്തള്ളാന്‍ നോക്കും.  അവനു എതിരായ ഒരു organization അവനു ചുറ്റും അവനറിയാതെ രൂപംകൊള്ളും! 

8) ഇതൊരു സാമാന്യ നിയമം പോലെ ആണ്. വിശേഷിച്ചു ഇക്കാലത്ത് ഇവിടെയൊക്കെ. ശാന്തിവിചാരം ബ്ലോഗ്‌ അങ്ങനെ ഒരു പ്രതിപക്ഷ ഐക്യം എതിരാളികളുടെത് ആയാലും രൂപം കൊള്ളുന്നതിനു ഇടയാക്കുന്നു എന്ന ആക്ഷേപം ആണ് ശരത്തിന്റെ കമന്റിലൂടെ സൂചിതം ആയിരിക്കുന്നത്. i.e. causing negative results.

9) ഇതാണ് വസ്തുതകള്‍ എങ്കില്‍ വാസ്തവത്തില്‍ ആശങ്ക പ്പെടെണ്ടത് ആരാണ്? വക്താവോ, ശ്രോതാക്കാളോ? വക്താവിനെ സംബന്ധിടത്തോളം ശ്രോതാക്കള്‍ എല്ലാം അജ്ഞാതര്‍ ആണ്. അവരുടെ നിലപാട് വ്യക്തം ആവാത്തത് കൊണ്ടാണ് ചില വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത്. 

10) ശാന്തിക്കാരുടെ വിഷയത്തില്‍ ഇവിടെ ഒരു പഠനം ഇതുവരെ നടന്നിട്ടില്ല. അവരോട്  മാന്യത കാണിക്കേണ്ട  ആവശ്യം തങ്ങള്‍ക്കു ഇല്ല എന്നും അവര്‍ എല്ലാരോടും മാന്യം ആയി പെരുമാറണം എന്നും ശാസിക്കുന്ന ഭക്തജനങ്ങളും ഭരണക്കാരും എല്ലാദിക്കിലും സജീവം ആണ്. ഇത്തരം അന്യായങ്ങള്‍ക്ക് വേണ്ടി ഹിന്ദുക്കള്‍ ദൈവസന്നിധികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെ ആണ് ശാന്തിവിചാരം ശബ്ദം ഉയര്‍ത്തുന്നത്.  അനീതിക്ക് എതിരായ പോരാട്ടം സമാധാനത്തിലേക്കുള്ള വഴി.   

ഇനി ശരത് ഉള്‍പ്പെടെയുള്ള വായനക്കാരോട് ഒരു എളിയ ചോദ്യം. കേവല സംശയം. ശാന്തിക്കാരെ മുഴുവന്‍ ന്യായീകരിക്കേണ്ട ആവശ്യമോ കടപ്പാടോ എനിക്കില്ല. അവരുടെ ദോഷങ്ങള്‍ എല്ലാരും കാണുന്നുമുണ്ട്. പറയുന്നുമുണ്ട്. അതനുസരിച്ച് അവഹേളിക്കുന്നുമുണ്ട്. എന്നാല്‍ അവരെ വലയം ചെയ്യുന്ന അധികാര കേന്ദ്രങ്ങളുടെ തെറ്റുകള്‍- ഹിന്ദുസമൂഹത്തിന്റെ തെറ്റുകള്‍ ഇവിടെ ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. അതിനുള്ള അവകാശം മതപുരോഹിതന് ഇല്ലേ?