ക്ഷതാല് ത്രായതേ ഇതി ക്ഷേത്രം എന്നാണല്ലൊ തത്ത്വത്തില്‍ പറയുക. എന്നാല്‍ ഇന്ന് പ്രയോഗത്തിലോ... ക്ഷേത്രം ഹേതുവായി നിരപരാധികള്‍ക്കുകൂടി ക്ഷതം ഏല്ക്കുന്ന അവസ്ഥ. എന്താണിതിനു കാരണം?... ഇങ്ങനെയൊരു ചിന്തയ്ക്ക് പ്രസക്തിയില്ലേ? എന്നാല്‍ ഗൗരവമുള്ള ഒരു വിഷയത്തിലും ഒരിടത്തും ചിന്തിക്കുന്ന വിഭാഗത്തെ മാറ്റിനിര്‍ത്തുന്ന പൊതു പ്രവണതയാണ് ഇന്നുള്ളത്. ക്ഷേത്രങ്ങളില് വിശേഷിച്ച്.
ക്ഷേത്രഭരണം എന്നത് ഇന്ന് ഓരോരോ ജനവിഭാഗങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമാണ്. ദൈവഭജനമൊന്നും ആരുടെയും ആവശ്യമല്ല. ഭരണക്കാര്‍ ദൈവത്തിനും അതീതമായ തലങ്ങളില് വിഹരിക്കുന്നവരാണ്. അവര്ക്ക് ആത്മീയമായ ഇന്പുട്ട് കൊടുക്കാന് പുരോഹിതവര്‍ഗ്ഗം ബാധ്യസ്ഥരാണ്. എതിരഭിപ്രായം ഒന്നും പറയുകയോ ചിന്തിക്കുകയോ പാടില്ല.
ക്ഷേത്രനിയമങ്ങള്‍ പുരോഹിതന്മാര്ക്കും ചെറിയ തോതില് ഭക്തന്മാര്ക്കും മാത്രമേ ബാധകമുള്ളൂ. ഭരണക്കാര് എല്ലാ നിയമങ്ങള്ക്കും അതീതരാണ്. ഈ ധാര്ഷ്ട്യത്തിന് മതേതരസ്ഥാപനങ്ങളുടെ മൗനാനുവാദവും കൂടി ആയപ്പോള് ഒരു പൊട്ടിത്തെറി സ്വാഭാവികമായി ഉണ്ടായി.