Saturday, 21 June 2014

ക്ഷേത്രത്തിലേയ്ക്ക് തിരിച്ച് പോവുന്നു...

തിരക്കുള്ള ജോലി ഉപേക്ഷിച്ചാണ് ഞാനെഴുത്തു തുടരുന്നത്. മനസ്സിന് ആശ്വാസം കിട്ടാന് എഴുത്തേ രക്ഷയുള്ളൂ. ആരോടെങ്കിലും സംസാരിക്കാമെന്നു വെച്ചാല് അതിന് നിയമപരമായ അനുവാദം ഇല്ല. നമ്മളെ കേള്ക്കാന് ആര്ക്കും താല്പര്യവുമില്ല. പിന്നെ എന്തു ചെയ്യും എഴുതുകയല്ലാതെ.

എഴുത്തും ഒരു കുറ്റകൃത്യമാണ്, ശാന്തിക്കാരെ സംബന്ധിച്ചിടത്തോളം. തന്ത്രിമാര് പോലും അത് അരുതെന്ന് വിലക്കുന്നു. ബ്രാഹ്മണര് പ്രതികരിക്കരുത്, വാക്ക് രജസ്സാണ്, മൌനമായ പ്രവൃത്തി മാത്രമാണ് സാത്ത്വികമായ കര്മം എന്ന് അറിവുള്ളവര് പറയുന്നു. എനിക്കതിനോട്  യോജിക്കാന് പറ്റുന്നില്ല.

സംസ്കാരിക ഇമേജ് ഉള്ളവര്  പലരും അത് ഉണ്ടാക്കിയത് വൈദികപ്രോക്തമായ സംസ്കാരത്തെ തകര്ത്തിട്ടാണ്. അങ്ങനെയൊരു മുഖം എനിക്ക് ആവശ്യമില്ല. അതിനാല് ഞാനെഴുതുന്നവയെ ഈശ്വരപ്രീതിയ്ക്കായി ബലി അര്പ്പിക്കുന്നു.

ഇങ്ങനെയൊരു സംയമനനിഷ്ഠയുടെ ഫലമായി എന്നുള്ളില് തെളിഞ്ഞു വന്ന ക്ഷേത്സ്വരൂപവും അതിലുള്ള ഈശ്വര പ്രതിബിംബവും ആണ് അക്ഷരക്ഷേത്രം (ടെംപിള് ഓഫ് ലറ്റേഴ്സ്) ആയി ഞാന് ആദ്യം വരച്ചും പിന്നീട് മോഡല് ചെയ്തും കാണിച്ചിട്ടുള്ളത്.

ഈ ക്ഷേത്രമാതൃകയുടെ ഗൌരവം ബോധിക്കാന് കഴിയുന്നവര്ക്ക് പ്രഥമദര്ശനത്തില് തന്നെ അത് ക്ലിക്ക് ആകേണ്ടതാണ്. എന്നാല് വിശദീകരിച്ചാലും മനസ്സിലാവാത്ത വിധം പൊട്ടന് കളിക്കുന്നതിലാണ് പലര്ക്കും താല്പര്യം എന്നു കാണുകയുണ്ടായി. അവരുടെ കാര്യം പോട്ടെന്നു വയ്ക്കുകയേ തരമുള്ളൂ. അക്ഷരക്ഷേത്രത്തിന്റെ രൂപദര്ശനം എനിക്ക് കണ്ണിന് സായൂജ്യമേകുന്നു. എനിക്കു മാത്രമല്ല, അതിരിക്കുന്ന വീടിനും വീട്ടുകാര്ക്കും മൊത്തത്തിലും...  അതു സൃഷ്ടിക്കുന്ന തരംഗങ്ങളുടെ വാഗ് രൂപങ്ങള് ഇന്രര് നെറ്റിലൂടെ ലോകവ്യാപകമായി പലര്ക്കും  അറിവാകുന്നു.അതിനാല് വിശ്വവ്യാപകമായ ഒരു അനുഗ്രഹതലം സൃഷ്ടിക്കാന് ഈ ചെറിയ ശില്പത്തിന് കഴിയുമെന്ന് തെളിഞ്ഞു.

ശക്തമായ സാമൂഹ്യ പ്രതികരണങ്ങളെ സൃഷ്ടിക്കുന്നതിനുള്ള ഈശ്വരാനുഗ്രഹം പ്രദാനം ചെയ്യാന് ഇതിലെ മൂര്ത്തിക്ക് ശേഷിയുണ്ട്  എന്നും തെളിഞ്ഞു.  അതിനു ദൃഷ്ടാന്തമാണ്  'മുമുക്ഷു.' എന്ന കൃതി.  പ്രമുഖപ്രസാധകര് തിരസ്കരിച്ച സാഹചര്യത്തില് അത് കുറച്ചുകൂടി വ്യക്തമായും ഹൃദ്യമായും പുനരാവിഷ്കരിക്കണം എന്നു കരുതുന്നു. അപ്രകാരം റിമേക്ക് ചെയ്ത ഒരു ചാപ്റ്റര് ഞാന് ചില സുഹൃത്തുക്കളുമായി ഷെയര് ചെയ്യുകയുണ്ടായി. വ്യക്തിപരമായ അഭിപ്രായവ്യത്യാസം ഉള്ളവരും അവരില് പെടും. അവരുടെ പ്രതികരണവും പ്രോത്സാഹകമായിരിക്കുന്നു. പക്ഷെ പൂര്ണമായ പുനര്നിര്മാണം ഉടനെ ഉണ്ടാവില്ല....

ചെയ്തിരുന്ന കര്മ രംഗത്തേയ്ക്ക് തിരിച്ചുപോകാനുള്ള പുതിയ  സന്നദ്ധത എനിക്ക് ഉണ്ടായിരിക്കുന്നു. തിക്തമായ ക്ഷേത്രാനുഭവങ്ങളുടെ ആന്തരികപ്രേരണ ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് അക്ഷരക്ഷേത്രം വിഭാവന ചെയ്യാനും കാലക്രമേണ സാക്ഷാത്കരിക്കാനും സാധിച്ചത്. അതിന്റെ പ്രവര്ത്തനത്തിന് ആവശ്യമായ ധനം സമ്പാദിച്ചിട്ടുള്ളതും ക്ഷേത്രങ്ങളെ ഉപജീവിച്ചാണ്.  കാര്യം പറഞ്ഞാല് പരിഹസിക്കുകയും പരിഭവിക്കുകയും ചെയ്യുന്ന ആളുകളാണ് ക്ഷേത്രങ്ങളിലധികവും എന്നതിനാല്  അവരോട് കുറച്ചു കാലത്തേക്ക് നിസ്സഹകരിക്കേണ്ടി വന്നു എന്നുമാത്രം.

ആക്ഷേപം കൂടാതെ നിശ്ശബ്ദമായി ശ്രദ്ധിക്കുന്ന ഒരു വിഭാഗം ആള്ക്കാരെ  ബ്ലോഗിലും ഫേസ് ബുക്കിലും കാണാന് കഴിയുന്നു. അവരോട് നന്ദിയുണ്ട്. അവര്ക്കു വേണ്ടി എഴുത്ത് തുടരണമെന്ന് വിചാരിക്കുന്നു. അതിനുള്ള സ്വാതന്ത്ര്യവും സാവകാശവും പുതിയ ക്ഷേത്രചര്യ അനുവദിക്കുമോ എന്ന് സംശയമുണ്ട്.

ഒരു ജോലി ചെയ്തുകൊണ്ട് പ്രതികരിക്കുന്നതും വിട്ടുമാറിനിന്ന് പ്രതികരിക്കുന്നതും തമ്മില് വലിയ വ്യത്യാസമുണ്ട്. ക്ഷേത്രജോലിയെപ്പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കില് "താന് ചെയ്യണ്ട, ഇട്ടിട്ടു പോ" എന്നാണ് ഭക്തകേസരികള് ഗര്ജിക്കുക. മാറിനിന്ന് പറഞ്ഞാലും ചെവിക്കൊള്ളുകയില്ലെന്ന് തെളിഞ്ഞു. അതിനാല് പരമാവധി സഹകരിച്ചു നിന്നുകൊണ്ട് സൌമ്യമായി പ്രതികരണങ്ങള് തയ്യാറാക്കാമെന്നു കരുതുന്നു. അതൊരു റിമാര്ക്ക് ആയി കരുതാത്ത ക്ഷേത്ര അധികൃതരെയാണ് എനിക്കാവശ്യം.

ഇന്ന് ശാന്തിക്കാരന് എന്തു കൊള്ളരുതായ്ക കാണിച്ചാലും മിണ്ടാന് നിവൃത്തി ഇല്ലാത്തവരായി മാറിയിരിക്കുകയാണ് ക്ഷേത്രാധികൃതര്. വയ്യെന്ന് പറഞ്ഞ് പോയാല് വരാന് വേറെ ആളില്ല. മുമ്പ് സാധുക്കളായിരുന്ന നമ്പൂതിരിമാരെ പേടിപ്പിച്ച് വിലസിയിരുന്ന പ്രമാണിമാരെല്ലാം ഇപ്പോള് ഒതുങ്ങിയിട്ടുണ്ട്. ശാന്തിരംഗത്തെ അബ്രാഹ്മണ ആഗമനവും ബ്രാഹ്മണരുടെ റൂട്ട് മാറ്റവും ആണ് ഇതിന് കാരണമെന്ന് എല്ലാവര്ക്കും അറിയാം. എന്നിട്ടും  പുരോഹിതരെ പീഡിപ്പിക്കുന്ന ഭരണക്കാരെയും സഹജീവനക്കാരെയും ധാരാളം കാണാന് കഴിയും വിശേഷിച്ചും വരുമാനമുള്ള ഇടങ്ങളില്. 

Thursday, 19 June 2014

കേരളത്തനിമ

മതേതര ഭരണഘടനയും മതഘടനയും തമ്മിലുള്ള പൊരുത്തക്കേടുകൾ പഠനം അര്ഹിക്കുന്നു.