ശാന്തിക്കാരുടെ പ്രശ്നങ്ങള്‍
ഈ ബ്ലോഗ് ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ മുഖ്യ വിഷയം ആയി ഇതുവരെ എടുത്തിട്ടില്ല എങ്കിലും ചില പരാമര്‍ശം ഒക്കെ വേണ്ടിവന്നിട്ടുണ്ട്. അത് രൂക്ഷമായ ആക്ഷേപങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. ഇപ്പോള്‍ വായനക്കാരുടെ ഭാഗത്ത് നിന്നും ഒരു ആവശ്യം ഉണ്ടായിരിക്കുകയാണ്. ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ സമുദായത്തിന് ഉള്ളില്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടത് എന്ന് ലാലേട്ടന്‍ പറയുന്നു. അത് വളരെ ശരിയാണ്. ഞാന്‍ നീക്കം ആരംഭിച്ചതും ആ വഴിക്ക് തന്നെ ആയിരുന്നു. അതുകൊണ്ട് പോരാതെ വന്നു. ഇപ്പോള്‍ കേള്‍ക്കാന്‍ മനസ്സുള്ള ആരോടും ചര്‍ച്ച ആവാം എന്നായിരിക്കുന്നു. അതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണം ഉണ്ടാവുമെങ്കില്‍ മാത്രം.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണ് എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍ ഉണ്ട്. ക്ഷേത്രത്തില്‍ ശാന്തിക്കാര്‍ക്ക് മിണ്ടാന്‍ അവകാശമില്ല എന്ന് അഭിപ്രായപ്പെട്ട ഒരു ക്ഷേത്ര ഉപദേശക സമിതി അംഗത്തെ ഓര്‍മ വരുന്നു. അതുകൊണ്ട് തിരക്കിട്ട് ഒന്നും എഴുതുന്നില്ല. പൊതുഅഭിപ്രായം കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് എഴുത്ത് ചുരുക്കുന്നു.
"പൊതുഹിതാര്‍ത്ഥം ഞാന്‍ മനസ്സില്‍ ഒതുക്കി വച്ചിരുന്ന ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച ലാലേട്ടന് നന്ദി. ലാലേട്ടന്‍ ഒരു ശുഭചിന്തകനും മിതമായി മാത്രം അഭിപ്രായം എഴുതുന്ന ആളുമാണ്. അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ തന്ത്രിമാരും ഊരാഴ്മാക്കാരും കേള്‍ക്കെണ്ടാതാണ്. യോഗക്ഷേമസഭയും കേള്‍ക്കെണ്ടാതാണ്. അതിനായി അഭിപ്രായ ജാലകത്തിലൂടെ ലഭിച്ച ആ ചോദ്യം ചുവടെ ചേര്‍ക്കുന്നു. ഇത് യോഗക്ഷേമ സഭയുടെയും സഭാംഗങ്ങളുടെയും ശ്രദ്ധയില്‍ വേണ്ടതുപോലെ പെടുതുന്നതിനു IT Cell director ആയ ശ്രി തോട്ടാശേരി ഗോവിന്ദന്‍ നമ്പൂതിരി യോട് അഭ്യര്‍ത്ഥിക്കുന്നു. .
താല്‍പ്പര്യം കൊണ്ടുതന്നെ ശാന്തിപ്രവര്‍ത്തിയെലിത്തിയിട്ടും അധഃകൃതനെപ്പോലെ കാണുന്ന സ്വന്തം സമൂഹത്തിനു നേരെ പകച്ചുനില്‍ക്കേണ്ടിവന്നവനെ ഞാന്‍ വാസുദേവനു പരിചയപ്പെടുത്തിത്തരാം, ഇത്രയൊക്കെ പഠിച്ചിട്ടും ശാന്തി മാത്രമേ തരായുള്ളൂ എന്നു ചോദിക്കുന്ന സ്വന്തം വര്‍ഗ്ഗത്തെ പരിചയപ്പെടുത്തിത്തരാം, ആദ്യം ശുദ്ധികലശം തുടങ്ങേണ്ടതു സ്വന്തം സമുദായത്തിലാണു വാസുദേവാ, അതു ഒരു പുറം ജാതിക്കാരന്‍ പറയാതെതന്നെ വാസുദേവനു മനസ്സിലാവണം.
ശാന്തിക്കാരനു സഹായമാവാതെ ഭരണവര്‍ഗ്ഗത്തിനു വിധേയമായി പെരുമാറുന്ന തന്ത്രിവര്‍ഗ്ഗത്തെ കണ്ടിട്ടുണ്ടോ? ശാന്തിക്കാരനെക്കുറിച്ചു നാട്ടുകാരുടെ മുമ്പില്‍ അപഹസിച്ചു സംസാരിക്കുന്ന ഊരാണ്മക്കാരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അതൊക്കെ കാണൂ, എന്നിട്ടാവാം പുറത്തേക്കുള്ള ചാട്ടം.
എന്നാല്‍ സമുദായത്തിന് അതിന്‍റെതായ പരിമിതികളും ഉണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ശാന്തിക്കാരുടെ സേവനത്തിന്‍റെ മുഖ്യ ഗുണഭോക്താക്കള്‍ ഉള്ളത് സമുദായത്തിന് പുറത്താണ്. അവരുടെ ഇടയില്‍ ക്രിയാത്മക മായ ആശയവിനിമയം ഇന്ന് നടപ്പുള്ള കാര്യമല്ല. കേള്‍ക്കാന്‍ മനസ്സുല്ലവരോട് പറയുക എന്നതാണ് കരണീയം. ശ്രോതാക്കളെ സ്വജാതിക്കാരന്‍ പുറംജാതിക്കാരന്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നില്ല. ലാലേട്ടനെ ഒരിക്കലും അന്യന്‍ ആയി കാണാന്‍ ആവില്ല. ആപത്തില്‍ സഹായിക്കുന്നവന്‍ ബന്ധു തന്നെ. ആശയപരമായും വിയോജിപ്പ് ഒന്നും ഇതുവരെ തോന്നിയതുമില്ല.