Saturday, 31 August 2013

My stand (strategy)

എന്റെ പലപോസ്റ്റുകളിലും ക്ഷേത്രവിഷയവും അതില് തന്നെ ശാന്തിക്കാരുടെ വിഷമതകളും ഭക്തജനങ്ങളെന്ന് വിളിക്കപ്പെടുന്നവരുടെ ചെയ്തികളും സന്ദര്ഭവശാല് പറയേണ്ടി വന്നിട്ടുണ്ട് ഇതില് ചിലര് അസഹ്യത രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടുള്ളത് നമ്പൂതിരിമാരും ശാന്തിരംഗം കൈകാര്യം ചെയ്തിട്ടുള്ളവരുമാണ് എന്നതാണ് രസകരമായ വസ്തുത. ഇത് എന്തുതരം മനശ്ശാസ്ത്രം ആണ് എന്ന് കൌതുകത്തോടെ നിരൂപിക്കാറുണ്ട്. ഒരുതരം അപകര്ഷതാബോധം ആണെന്ന് തോന്നുന്നു. നമ്മള് അവരെ ആശ്രയിച്ച് ജീവിക്കുന്നു അപ്പോള് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന നീതിബോധവും ആകാം. എന്നാലിതിനൊരു മറുവശമുണ്ട്. ആശ്രയത്വം ഒരു വശത്തേക്ക് മാത്രമല്ല. ക്ഷേത്രത്തിന്റെ പുരോഗമനവും വരുമാനവുമെല്ലാം ശാന്തിക്കാരനെയും ആശ്രയിച്ചല്ലേ ഇരിക്കുന്നത്? ഈ ഭാഗം എന്തിന് അവര് കണ്ടില്ലെന്നു നടിക്കണം? അവരുടെ സേവനത്തിന്റെ ഗുണഭോക്താക്കളായ ജനങ്ങള്ക്ക് അവരെ കേള്ക്കാനുള്ള ധാര്മികബാധ്യതയില്ലേ? ഇല്ലെന്ന് അഭിപ്രയമുള്ളവര് ദയവായി അണ് ഫോളോ ചെയ്യുക. ഉണ്ട് എന്ന ബോധ്യം ഉള്ളവരോട് മാത്രമാണ് എനിക്ക് സംവദിക്കാനുള്ളത്.

അന്യായമായവയെ എതിര്ക്കുക എന്നതാണല്ലൊ എഴുത്തുകാരന്റെ ധര്മ്മം. അതിനാല് എനിക്ക് എന്റെ ജോലി ചെയ്യാതെ തരമില്ല. തടസ്സപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കണ്ട. ഇവിടുത്തെ ആധുനികഹിന്ദുവര്ഗ്ഗം രൂക്ഷമായ വിമര്ശനം അര്ഹിക്കുന്നവരാണ് എന്ന കാര്യത്തില് സംശയലേശമില്ല. അത് അകത്ത് നിന്ന് ആവരുത് എന്ന് വിചാരിച്ചാല് പുറത്ത് നിന്ന് വരും. മിക്കവാറും അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ വരാനും സാധ്യതയുണ്ട്. ബ്രാഹ്മണ്യത്തോട് സ്വീകരിച്ച സംഹാരാത്മകമായ നയത്തിന്റെ ദോഷഫലങ്ങളില് നിന്നും അവന് രക്ഷപെടാനാവുമോ എന്ന് കണ്ടറിയണം.

എന്റെ അഭിപ്രായത്തില് ശാന്തിക്കാര് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്തെന്നാല് ആ തൊഴിലിന്റെ മഹത്വം മനസ്സിലാക്കാതെ വേണ്ടാതെ അടിമപ്പണി ചെയ്യുന്നു എന്നതാണ്. ഭക്തജനവിഭാഗത്തിന്റെ സൌകര്യത്തിന് അമിതമായ പ്രാധാന്യം നല്കുന്നു എന്നതാണ്. അവരുടെ സ്തുതിയിലും സോപ്പിലും വീഴുന്നു എന്നതാണ്. ഇങ്ങനെ ഒരു ദുര്നയത്തിന് ശാസ്ത്രസമ്മിതി ഇല്ല എന്നു തറപ്പിച്ച് പറയാന് എനിക്ക് കഴിയും. ഷോപ്പിങ് സ്പിരിറ്റിലാണ് പലരും ക്ഷേത്രത്തില് വരുന്നത് തന്നെ. സൂപ്പര് ഫാസ്റ്റ് പെര്ഫോമന്സ് ഇന്നത്തെ ശാന്തിക്കാരന് കൂടിയേ തീരൂ. ഇത് ക്ഷേത്ര നിയമത്തിന് വിരുദ്ധമാണ്. അതിനൊരു താളമുണ്ട്. തിരക്കുള്ള ക്ഷേത്രങ്ങളില് രണ്ട് ശാന്തിക്കാരുണ്ടെങ്കില് കുറെയൊക്കെ വേണ്ടതുപോലെ ചെയ്യാന് സാധിക്കും. എന്നാല് വേണ്ടത്ര വരുമാനം ഉള്ള ക്ഷേത്രങ്ങളില് പോലും കീശാന്തിമാരില്ല എന്നതാണ് സ്ഥിതി.

അടുത്ത ദിവസം ഒരു സുഹൃത്ത് പറയുകയുണ്ടായി അവരുടെ നാട്ടില് ശാന്തിക്കാര്ക്കൊന്നും ഒരു പ്രശ്നവുമില്ല. നല്ല ബഹുമാനവും നല്ല ദക്ഷിണയും ലഭിക്കുന്നുണ്ട് എന്ന്. അവരുടെ നാട്ടിലെന്നല്ല ഏതു നാട്ടില് ചെന്ന് നോക്കിയാലും ശാന്തിക്കാരെ കണ്ടാലോ, അവരുടെ വാക്കുകളില്നിന്നോ എന്തെങ്കിലും പ്രശ്നം ഉള്ളവരാണ് അവരെന്ന് ആര്ക്കും ഊഹിക്കാനാവില്ല. കാരണം അവര് അഭിനയിക്കുകയാണ് എന്നത് തന്നെ. സ്വകാര്യവിഷമതകള് പൂര്ണമായും മറന്നിട്ടാണ് പലരും ഈ സമൂഹസേവനത്തിന് ക്ഷേത്രത്തെ വേദിയാക്കുന്നത്. ഇത് അവന് അവന്റെ സ്വന്തം കുടുംബത്തോട് ചെയ്യുന്ന ദ്രോഹമാണ്. ഒപ്പം അവനവനോടും.  കാശുകിട്ടും എന്നത് ആത്മദ്രോഹത്തിന് പരിഹാരമാവുന്നില്ല. നഷ്ടപ്പെടുന്ന വസ്തു കാശ് കൊടുത്താല് കിട്ടാത്തതാണ്. ജീവിതം എന്ന വസ്തു. 

Wednesday, 28 August 2013

SHOW baa യത്രകള്‍

ഇന്നലെ അഷ്ടമിരോഹിണിയുടെ ശോഭായാത്രകള് കണ്ടു. മുമ്പൊക്കെ അത് കാണുമ്പോ. ഒരു ഭക്തിയും ഭവ്യതയുമൊക്കെ തോന്നിച്ചിരുന്നു. ഇത്തവണ മഹാബോറായിട്ട് തോന്നി. കുട്ടികളുടെ വേഷം മനോഹരമായാല് മാത്രം പോരല്ലൊ. അതില് ഉടുത്തൊരുങ്ങി ഷൈന് ചെയ്യാനായി നടക്കുന്നത് മുതിര്ന്നവരാണല്ലൊ.

ആളുകള് നോക്കുന്നത് അധികവും മുതിര്ന്നവരെയാണ്. അവരുടെ വേഷവും ഭാവവും വിലാസവും. അവര്ക്ക് കണ്ണുകിട്ടാതിരിക്കാനാണോ എന്നു തോന്നും ടാബ്ലോ ആയി ചില വസ്തുക്കളുമായി പോകുന്ന ടെപോ വാനുകള്..  കാളിയമര്ദ്ദനമൊക്കെ മനോഹരമായി നിര്മിച്ച് കൊണ്ടുപോകുന്നത് മുമ്പ് കണ്ടിട്ടുണ്ട്. ഇത്തവണ എല്ലാമൊരു ചടങ്ങായി തോന്നി. കലാരൂപങ്ങള് ചെയ്യുകയാണെങ്കില് അത് വേണ്ടത്ര ഭംഗിയായാലേ ആസ്വദിക്കാനാവൂ. അല്ലാത്ത പക്ഷം ആക്ഷേപം വിലയ്ക്ക് വാങ്ങലാവും. ആമയുടെയും മറ്റും രൂപങ്ങള് കണ്ടപ്പോള് ചിരിവന്നത് ഒരാള്ക്ക് മാത്രമല്ല. അത് കാണികളുടെ പൊതുവായ ഭാവമാണ്. എന്നാലും ദൈവവുമായി ബന്ധപ്പെട്ടതല്ലേ  എന്നോര്ത്ത് ക്ഷമാശീലരായ ആളുകള് സഹിക്കുന്നു എന്ന് മാത്രം.

പ്രധാന വാളന്റിയേഴ്സ് ഒക്കെ മദ്യപിച്ചിട്ടുണ്ട്. വാഹനങ്ങള് തടയാനുള്ള ആവേശവും ആജ്ഞാശക്തിയും ഒക്കെ ഒന്ന് വേറെ തന്നെ. ഇപ്പൊഴല്ലേ ഇതൊക്കെ പറ്റൂ.

ഡി വൈ എഫ് ഐ ക്കാരുടെ പ്രകടനങ്ങളില് അവരും വാഹനങ്ങള് കടത്തിവിടാറില്ല. ഒരിക്കല് ഇവിടുന്ന് പതിനാറു കി.മീ.അകലെ എനിക്കൊരു ശാന്തിക്ക് പോവേണ്ടി വന്നു. കോട്ടയം സിറ്റിയിലൂടെ മള്ളൂശ്ശേരിയിലേയ്ക്ക്. അവിടെ തിരുവാറ്റാ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. വൈന്നേരം അഞ്ചരയ്ക്ക് തുറക്കണം. പുറപ്പെടാന് അല്പം അമാന്തിക്ക്യേം ചെയ്തു. കലക്ട്രേറ്റ് കഴിഞ്ഞപ്പോ.. ഒരു ഒന്നൊന്നര കിലോ മീറ്റര് നീളമുള്ള പ്രകടനമാണ് അതിന്റെ പിന്നാലേ പോയാല് ഏഴുമണി ആയാലും അമ്പലത്തില് ചെല്ലുകയില്ല.

എല്ലാ വണ്ടിയും തടയുന്നതുപോലെ ഞാനും തടയപ്പെട്ടു. ഞാന് ഹെല്മറ്റ് നീക്കിയ ഉടനെ ഡിവൈ എഫ് ഐക്കാരിലൊരാള് തിരിച്ചറിഞ്ഞു. "എനിക്ക് നടതുറക്കാനുള്ളതാണെന്ന്" പറഞ്ഞ ഉടനെ "തിരുമേനിയാ... പോട്ടെ.." എന്ന് പറഞ്ഞ് അവര് കയറ്റി വിട്ടു. വളരെ വളരെ സന്തോഷം അന്ന് തോന്നി. ശാന്തിക്കാരനെന്ന നിലയില് ഉയര്ന്ന ആത്മവിശ്വാസവും. 

ഇന്നലെയാവട്ടെ ഇതേ സെയിം അനുഭവമുണ്ടായി. പത്ത് കി.മീ. അകലെ ഉള്ള ക്ഷേത്രത്തിലേയ്ക്ക് പോകും വഴി മൂന്ന് ശോഭായാത്രകള് തരണം ചെയ്യേണ്ടി വന്നു. മൂന്നിന്റേയും കൂടെ പോലീസുകാരെയും ജീപ്പുമൊക്കെ കാണാമായിരുന്നു. അതിന്റെ ആവശ്യമുണ്ടോ എന്ന് തോന്നി.

അമ്മമാരുടെ സ്റ്റൈലുകള് കാണുമ്പോ.. ഇത് അവരുടെ ശോഭ യാത്ര ആണെന്നേ തോന്നൂ. SHOW baa..!. അതൊക്കെ നിരീക്ഷിക്കാനുള്ള നേരമോ പ്രൊവിഷനോ മനസ്സോ ഇല്ലെന്നത് വേറെ കാര്യം. എങ്കിലും.. പറയാല്ലൊ. മൂന്നാമത്തെ ശോഭായാത്ര കണ്ടത് അമ്പലത്തിന് സമീപം എത്തിയപ്പോഴായിരുന്നു. വളരെ മര്ക്കടമുഷ്ടിക്കാരായ ഭക്തജനങ്ങളാണ് നയിച്ചിരുന്നത് എന്ന് പറയേണ്ടു.

ഞാന് ഹെല്മെറ്റൊക്കെ എടുത്ത് ഇട വഴി കടന്നു പോകാന് പറ്റുമോ എന്ന് ഉറ്റുനോക്കി. ഒരു ഭക്തജനം പറഞ്ഞു. "ഇതിലെ കടത്തിവിടുമെന്ന് വിചാരിക്കണ്ട." വളരെ റഫ് ആയിട്ട്. കടന്ന് പോവുന്നില്ല എന്ന് ഞാനും കരുതി. ഇവര് അമ്പലത്തിലേയ്ക്കാണ് പോവുന്നത്. അവിടെ ഞാന് ചെന്ന് തുറന്നിട്ട് വേണം ഇവര്ക്ക് തൊഴണം എന്നുണ്ടെങ്കില്...

ആ പ്രദേശത്തുള്ള ആരും എന്നെ കടത്തിവിടണമെന്ന് പറഞ്ഞില്ല. നാലഞ്ച് വര്ഷമായി ഞാനേറ്റവും അധികം അടുത്ത് സഹകരിക്കുന്ന ഏകക്ഷേത്രം എന്ന് പറയാം. എങ്കിലും ഞാന് പഴുതുകള് നോക്കിക്കൊണ്ട് തന്നെ പതുക്കെ സെക്കന്റു വിട്ട് സെക്കന്റില് ഉരുണ്ടു.

അവര് ക്ഷേത്രത്തില് ചെല്ലുമ്പോള് നട തുറന്നിട്ടില്ല. അത് ആര്ക്കും അത്ര വലിയ പ്രശ്നവും ആയിരുന്നില്ല. അവര് പുറത്തുകൂടി ചുറ്റി അടുത്ത ക്ഷേത്രത്തിലേയ്ക്ക് പോയി. പലരും ചുറ്റാനും നിന്നില്ല. വഴിയോരത്തെപ്പോലെയുള്ള കാഴ്ച്ചക്കാര് അമ്പലത്തിലില്ലല്ലൊ. അതുകൊണ്ട് അവിടെ കറങ്ങിയിട്ട് എന്തു കാര്യം!

Something wrong with us?

ശാന്തിവിചാരം ബ്ലോഗ് അപ്ഡേറ്റുകള്ക്കായി നോക്കിയിരിക്കുന്ന നൂറ് കണക്കിന് ആളുകള് ഈ ലോകത്തിന്റെ പല ഭാഗത്തുമായിട്ട് ഉണ്ടെന്നറിയാം. ലാഗ് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചില സുഹൃത്തുക്കള് വിളിച്ചു ചോദിക്കുന്നു.

ബ്ലോഗെഴുത്ത് ഒരു passion തന്നെയാണ്. അതേ സമയം അതൊരു കലയും ആണ്. കാര്യവും കലയും തമ്മിലൊരു ഐക്യത ഉണ്ടാവണം. ഈ ബ്ലോഗിന്റെ ചരിത്രം നോക്കുകയാണെങ്കില് ഇതൊരു regular flow അല്ല,  പല സന്ദര്ഭത്തിലും ഇതു ലാഗ് ചെയ്തിട്ടുണ്ടെന്നു കാണാം.

പബ്ലിക് റെസ്പോണ്സ് അധികവും ന്യൂട്രല് ആണ്. അതിനാല് ഇതിനെ ഒരു ബാധ്യതയായി എടുക്കാതെ ഇരിക്കാനും കഴിയും. പലപ്പോഴും ആത്മസംയമനം ആവശ്യമായി വരികയും ചെയ്യും. അത് ഞാന് പലപ്പോഴും നോട്ടിഫൈ ചെയ്തിട്ടുണ്ട്.  ഇപ്പോഴത്തെ സംയമനം  എനിക്ക് വിശകലനം ചെയ്യാന് അല്പം പ്രയാസമുള്ള തരത്തിലുള്ളതാണ്. വളരെ പോസിറ്റീവ് ആണ് കാരണം എന്ന് ക്ലൂ ചെയ്യാം. :)

ഒരു ഫേസ്ബുക് ഗ്രൂപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില് ഒന്നു രണ്ട് യോഗങ്ങള് നടന്നു. അത് ആവേശകരമായ ഒരനുഭവമായിരുന്നു. ഇനിയും യോഗങ്ങള് നടക്കാനും ഇരിക്കുന്നു. എനിക്കിപ്പോള് യോഗങ്ങളോടാണ് ആഭിമുഖ്യം കൂടുതലായി തോന്നുന്നത്. ബ്ലോഗിനോടല്ല. ഒരു മാറ്റര് ഒരു വേദിയില് എങ്ങനെ പ്രസന്റ് ചെയ്യണം എന്നതും ഒരു കലയാണ്.

ശാന്തിക്കാരനായിരുന്ന എനിക്ക് പല വേദികളും അപ്രാപ്യം ആയിരുന്നു. തന്നെയല്ല സൌഹൃദങ്ങള്ക്കും പരിമിതികളുണ്ട്. ഇഷ്ടമുള്ളവരോട് യഥേഷ്ടം സംസാരിക്കാനോ ഇഷ്ടമില്ലാത്തവരോട് പരുഷം പറയാനോ അനുവദിക്കാത്ത ഒരു തൊഴിലാണ് ചെയ്ത് ശീലിച്ചിട്ടുള്ളത്. അതുകൊണ്ട് ഞാന് സുഹൃത്തുക്കളില് നിന്നും സൌഹൃദത്തില് നിന്നും വിട്ടകന്നു നില്ക്കുന്ന ഒരു ആന്തരികപ്രവണത എന്നിലുള്ളതായി ഞാന് മനസ്സിലാക്കുന്നു.

ഈ പരിമിതിയെ മുതലെടുത്ത് ചിലര് എന്നെപറ്റി അവാസ്തവമായ പ്രചാരണങ്ങള് നടത്തുന്നതായി ബോധ്യപ്പെട്ടു. ഒരു മുതിര്ന്ന സുഹൃത്തുമായി നടത്തിയ സ്വകാര്യസംഭാഷണത്തിലെ ഒരു ഭാഗം ചുവടെ.

  • A Senior Friend: ആരാധ്യപുരുഷന്മാരെക്കുറിച്ചുള്ള വികലസങ്കല്പങ്ങള്‍ പുലര്‍ത്തുന്നതിലാണ് വാസുദേവനെ ഫേസ്ബുക്കിലെ നമ്പൂതിരിമാര്‍ അടുപ്പിക്കാത്തത്.
  • Vasu Diri എന്നെ നമ്പൂതിരി മാര് അകറ്റി നിര്ത്തുന്നു എന്ന് താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അതാരാവുമെന്നും ഏറെക്കുറെ ഊഹമുണ്ട്. ആ വ്യക്തിയെ തന്നെയാണ് സകലരും അകറ്റിനിര്ത്തുന്നത്. ഫേസ് ബുക് നമ്പൂതിരി ഗ്രൂപ്പുകളില് ഏറ്റവും സ്വീകാര്യരായ വ്യക്തികളുടെ ഇടയിലാണ് എന്റെയും സ്ഥാനമെന്ന് തെളിയിക്കുന്നവ ആയിരുന്നു ഇയ്യിടെ നടന്ന യോഗങ്ങള്.
  • Vasu Diri മറ്റുള്ളവരുടെ പിന്ബലവും ഒത്താശയും തേടുന്നതിനല്ല ഞാന് സ്വാഭിപ്രായം പറയുന്നത്. യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. രണ്ടായാലും വിരോധമില്ല. എന്നോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടോ മൂന്നോ വ്യക്തികള് മാത്രമാണ്. അത് പ്രാണഭയം മൂലമാണെന്ന് അവരിലൊരാള് സമ്മതിക്കുകയും ചെയ്തു. അവരില് രണ്ടുപേര് വീണ്ടും സൌഹൃദാപേക്ഷ നല്കി. സൌഹൃദാപേക്ഷ നല്കുകയും അവിചാരിതമായി അണ് ഫ്രെണ്ട് ചെയ്യുകയും വീണ്ടും കുറച്ചുനാള് കഴിയുമ്പോള് അപേക്ഷിക്കുകയും ചെയ്യുന്ന ആളാണ് മൂന്നാമത്തെ വ്യക്തി.
    5 hours ago · Like · 1

നരകം എന്ന ബ്ലോഗില് അരങ്ങേറിയ അധ്യാപകവധം വാസ്തവത്തില് സഹികെട്ട് എഴുതിയതാണ്. എത്ര ഊഷ്മളമായ സ്വീകരണമാണ് അതിന് ലഭിച്ചത് എന്നത് അവിസ്മരണീയമാണ്. എന്നാല് അതേത്തുടര്ന്ന് ചില അനിഷ്ടസംഭവങ്ങളും ഉണ്ടാവുക ഉണ്ടായി. പ്രസ്തുത പോസ്റ്റിനെതിരെ ഒരു വ്യക്തി നൂറുകണക്കിന് കമന്റു് അസ്ത്രങ്ങള് വര്ഷിച്ചിരിക്കുന്നത് കാണാം. അതെ തുടര്ന്ന് മറ്റൊരു വ്യക്തിയും അതേ ജോലി ഏറ്റെടുത്തു. വെരി ബോറന് എന്ന പോസ്റ്റ് തന്നെ ഉദ്ദേശിച്ചുള്ളതാണെന്നും അത് പിന് വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നുമായിരുന്നു അയാളുടെ ആവശ്യം. അതല്ലെങ്കില് ബ്ലോഗ് പൂട്ടിക്കും എന്ന മുന്നറിയിപ്പ് നല്കുന്ന കമന്റുകളും കാണാം.

ഈ രണ്ട് വ്യക്തികളും ഒരാളാണെന്ന സൂചന പലരില് നിന്നും ലഭിച്ചെങ്കിലും അതത്ര വിശ്വസനീയമായി തോന്നിയില്ല. എന്നാല് ഒടുവില് അതിനും വിശ്വാസയോഗ്യമായ തെളിവ് കിട്ടി. കഷ്ടമെന്നല്ലാതെ എന്തു പറയാന്.

ഈ ബ്ലോഗ് കൊണ്ട് ആര്ക്കും ഒരു ഗുണവും ഉണ്ടായില്ലെങ്കിലും വേണ്ടില്ല ഒരാള്ക്ക് പോലും ദോഷം ഉണ്ടാവരുതെന്ന വലിയ ആഗ്രഹമുണ്ട്. ദോഷം ഉണ്ടായില്ലെങ്കിലും ഉണ്ടാകുന്നതായി ചിലര്ക്ക് ഒരു തോന്നലുണ്ടായാലും വിഷമമാണ്. അതുകൊണ്ടായിരിക്കാം എഴുതാനുള്ള ആവേശം പഴയതുപോലെ തോന്നാത്തത്.