Friday 27 January 2012

Introducing My Self

സ്വയം പരിചയപ്പെടുത്തല്‍


ശാന്തിവിചാരം എന്നൊരു ബ്ലോഗ്‌ സ്പോട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങി എന്ന് വച്ച് ഞാന്‍ ശാന്തിയുടെ കുത്തകമുതലാളി ഒന്നുമല്ല. എന്നില്‍ നിറയുന്നത് വാസ്തവത്തില്‍ അശാന്തിയാണ്. ശാന്തി ലഭിക്കുന്നതിനായി പൂജ പോലുള്ള കര്‍മ്മത്തിന്‍റെ മാര്‍ഗം പലരും സ്വീകരിക്കുന്നു. ഞാന്‍ അതിനു പുറമേ വിചാരത്തിന്‍റെ മാര്‍ഗം കൂടി സ്വീകരിക്കുന്നു. അത്രേയുള്ളൂ.

ഞാന്‍ സ്വയം ചെയ്തു വന്നിരുന്ന വിചാരങ്ങള്‍ പലതും ശുഭഫലങ്ങള്‍ നേടിതന്ന് എന്നെ അപായങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഈ ബ്ലോഗ്‌ തുടങ്ങാന്‍ സാധിച്ചതും അത്തരത്തില്‍ ഒരു ശുഭഫലം ആണ്. ഇപ്പോള്‍ ഇത് നല്ല രീതിയില്‍ മുന്‍പോട്ടു പോകുന്നതും ശുഭഫലം തന്നെ. ലോകര്‍ക്ക് വളരെ ഉപകാര പ്രദം ആണെങ്കിലും അശുഭവസ്തുക്കള്‍(negative elements)ക്ക് കുപ്രസിദ്ധി നേടിയ മാധ്യമം ആണെല്ലോ internet. അപരിഹാര്യമായ മഹര്‍ഷിശാപം ആണ് ഇത് എന്ന് കരുതാന്‍ വയ്യ. കഴിയുന്നത്ര ശുഭ കേന്ദ്രങ്ങള്‍ (positive centers) തുടങ്ങുക എന്നതാണ് ഇതിനു പരിഹാരം. ഈ വിചാരം ആണ് ശാന്തിവിചാരം എന്ന ബ്ലോഗ്സ്പോട്ട് ഉണ്ടാകുന്നതിനു കാരണം ആയത്.

ശിവപഞ്ചകം തുടങ്ങിയ ചില സംസ്കൃത കീര്‍ത്തനങ്ങള്‍ എഴുതി എന്ന് വച്ച് ഞാന്‍ സംസ്കൃത വിദ്വാനോ, പണ്ഡിതനോ, ആചാര്യനോ അല്ല.

ഋഗ്വേദാത്മകമായ വൈദിക പ്രാര്‍ത്ഥന - സംവാദ പ്രാര്‍ത്ഥന - എഴുതി എങ്കിലും ഞാന്‍ വേദജ്ഞനും അല്ല.

ശിവതാണ്ഡവം തുടങ്ങിയ സ്തുതികള്‍ എഴുതി എങ്കിലും ഞാന്‍ വലിയ ഭക്തനുമല്ല. ഭക്തി അല്ല, പ്രതിഷേധം ആണ് എന്‍റെ അടിസ്ഥാനഭാവം. ഒടുവില്‍ എഴുതി നിര്‍ത്തിയ ബ്ലോഗ്‌ (ശിവ ശിവ ! !) അത് തെളിയിക്കും. നിഷ്ഠയോടെ പടി പടി ആയി നിത്യേന ബ്ലോഗ്‌ അപ്പ്‌ ചെയ്ത് കയറിക്കയറി പരമാവധി ഉയരത്തില്‍ ചെന്ന ശേഷം അവിടെ ഒരു പ്രതിഷേധ ത്തിന്‍റെ പതാക നാട്ടിയ തൃപ്തി എനിക്ക് കിട്ടി. അതാണ്‌ ഇന്നലെ ഈ വഴിക്ക് വരാതിരുന്നത്.

കുറെ കവിതകള്‍ എഴുതാന്‍ ഇടയായി എന്നത് നേരാണ്. കവി ആകാന്‍ ആഗ്രഹം ഇല്ല. നല്ല ഗദ്യകാരന്‍ ആകാന്‍ കഴിയാത്തതിന്‍റെ വിഷമം ആണ് എനിക്ക് അധികവും. എന്നെ സ്വയം പരിചയപ്പെടുത്തുന്ന രണ്ടു ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്. അവ ആലയം അവതരണ പത്രികയുടെ ഭാഗം ആണ്. പത്രികയുടെ ദൃശ്യാവതരണം ലഭ്യമാണ്.


അര്‍ഥം: സാഹിത്യ രചനാശീലനും പ്രസാധകരാല്‍ ഒഴിവാക്കപ്പെടുന്നവനും ശാസ്ത്ര കഥകളുടെ (ഭാഗവതം പോലുള്ള) ശ്രവണത്തില്‍ പ്രത്യേകമായ ഇച്ഛയുള്ളവനും നനാകാര്യങ്ങളാല്‍ പരിഭ്രമിക്കുന്നവനും അതുകൊണ്ട് കൂട്ടുകെട്ടുകള്‍ ഒഴിവാക്കുന്നവനും ഭക്തിയെ കടത്തി വെട്ടുന്ന പ്രതിഷേധ ഭാവം മൂലം ചിന്താതുരനും ആണ് അല്ലയോ മാന്യരേ (ഞാന്‍).

ഇതുപോലെ, ആലയം പത്രികയുടെ പൂര്‍ണരൂപവും ഇതിലൂടെ പ്രസിദ്ധീകരിക്കണം എന്ന് കരുതുന്നു.

Wednesday 25 January 2012

Shiva Shiva ! !

ശിവ ശിവ!!
കേട്ടില്ലേ ശബരിമലയിലെ  അനിഷ്ട സംഭവങ്ങള്‍......................,. . ഭക്തജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യം.  അയല്‍ സംസ്ഥാനങ്ങളില്‍ മകരജ്യോതി തട്ടിപ്പ് - ലഖുലേഘാ പ്രചരണം. വരുമാനത്തിലും തിരക്കിലും ഗണ്യമായ കുറവ്.  സര്‍വ്വോപരി  ഉദ്യോഗസ്ഥരുടെ അഴിമതിയും. 
 മൂന്നു കോടി രൂപയുടെ ഫയല്‍ കാണാനെയില്ലെന്നു ശ്രുതി.   
ഇതിലൊന്നും ഇവിടുത്തെ ഹിന്ദുത്വ വാദികള്‍ക്ക് ദണ്ണം ഇല്ല. മോഷ്ടിക്കുന്നവനും ഹിന്ദു തന്നെ ആണെന്നതാവും അവരുടെസമാധാനം. സര്‍ക്കാരില്‍ അടയ്ക്കേണ്ടി വരുന്നതിലെ ഉള്ളൂ അവര്‍ക്ക് വിഷമം. ശിവ ശിവ!! ദൈവത്തിന്‍റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നതിനു ലൈസന്‍സ് എടുത്ത സ്ഥാപനങ്ങളോ ദേവസ്വങ്ങള്‍?
ഇത്തരക്കാരെ  പുരോഹിതന്‍റെ സ്ഥാനത്ത് നിന്ന് അനുഗ്രഹിക്കുന്നത് കള്ളനു കഞ്ഞി വയ്ക്കല്‍ അല്ലെ? ശിവ ശിവ!!

പുരോഹിത/ആചാര്യവര്‍ഗം നശിക്കുന്നത് വെറുതെയല്ല.   

Monday 23 January 2012

Demise Dr. Sukumar Azhikod

ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണം 
1989 മുതല്‍ എനിക്ക് തൂലികാസൌഹൃദവും വ്യക്തിപരമായ അടുപ്പവും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു ശ്രീ അഴീക്കോട്‌ മാഷ്.

കത്തുകള്‍ക്ക് മറുപടി അയക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേകമായ നിഷ്ഠ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നാലഞ്ച് മറുപടികള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അത്യാവശ്യത്തിനു അല്ലാതെ കത്ത് എഴുതിയാല്‍ മറുപടി എഴുതാന്‍ വിഷമിക്കും എന്നും പ്രായാധിക്യം നിമിത്തം ഗൌരവമുള്ള ചിന്ത തനിക്കു സാധിക്കുന്നില്ല എന്നും തുറന്നു സമ്മതിക്കുന്ന കത്ത്ആയിരുന്നു ഒടുവിലത്തേത്.

വിശദമായ അനുസ്മരണം തയ്യാറാക്കണം എന്ന് വിചാരിക്കുന്നു. അദ്ദേഹത്തെ കാണുന്നതിനു ആയി ഞാന്‍ പലതവണ വസതിയില്‍ പോയിട്ടുണ്ട്. മുഖം തന്നത് ഒരുതവണ മാത്രം. എന്നിട്ട് പറഞ്ഞതോ ഇങ്ങനെ ചെല്ലുന്നവരോട് ദയവില്ല എന്നും സംസാരിക്കേണ്ടത് നാവുകൊണ്ട് അല്ല വടി കൊണ്ട് ആണ് എന്നും ആയിരുന്നു. വീട്ടില്‍ കയറി ചെല്ലുന്നവരോടുള്ള അതിഥി മര്യാദ കേട്ട മറുപടി സമചിത്തതയോടെ, ക്ഷമിച്ചു കേട്ട് തിരികെ പോന്നെങ്കിലും നല്ല തിരിച്ചടി നല്‍കാന്‍ പറ്റിയ അവസരം എനിക്ക് പിന്നീട് ലഭിച്ചു. അദ്ദേഹം നാഷണല്‍ ബുക്ക് ട്രസ്റ്റ്-ഇന്‍റെ ചെയര്‍മാന്‍ ആയ ശുഭ വേളയില്‍ അത് വെച്ചുകാച്ചി. നാലുവരി കവിത.

ബഹുമാനപ്പെട്ട അഴീക്കോട് സാറിന്,

പുതിയ ഉദ്യോഗം അങ്ങേയ്ക്ക് ഒരു ഊന്നുവടി പോലെ താങ്ങും തണലും അതുപോലെ ശോഭാനവും ആകട്ടെ.

എന്ന് ഗദ്യത്തില്‍ ആശംസിച്ചതിനു ശേഷം പദ്യം അങ്ങട് താങ്ങി.

വീഴാതെ നടക്കാനും ഊന്നി സംസാരിക്കാനും
വിശ്വാസം അര്‍പ്പിക്കാനും വിരട്ടി യോടിക്കാനും
വാചകം തോറ്റാല്‍ വടി രക്ഷിക്കും വയസ്സിങ്കല്‍
വാഴുക ചെയര്‍മാനായ് സുകുമാറഴീക്കോടേ!

മാഷ്‌ മറുപടി എഴുതി.

പ്രിയപ്പെട്ട ശ്രീ നമ്പൂതിരിക്ക്,

കാവ്യ രൂപത്തില്‍ അയച്ച അനുമോദനത്തിനു പ്രത്യേകം നന്ദി. കണക്കില്ലാതെ അനുമോദനങ്ങള്‍ ലഭിച്ചു എങ്കിലും ഇത്രയും രസികത്വം നിറഞ്ഞ ഒരു അനുമോദനം വേറെ കണ്ടില്ല.

ക്ഷേമാശംസകളോടെ സുകുമാര്‍ അഴീക്കോട്. 
അതിനു ഞാന്‍ മറുപടി എഴുതിയത് 84 ശ്ലോകങ്ങള്‍ ആയിരുന്നു. ആദ്യത്തേത് മാത്രം ഓര്‍മയുണ്ട്.

വടി യെന്ന ഉപമാനം പിടിച്ചതായറിഞ്ഞു ഞാന്‍
വടി തന്നെ പിടിച്ചാലും മടിയില്ല പയറ്റുവാന്‍.!!,!!

ബാക്കി പഴയ കെട്ടുകള്‍ അഴിച്ച് പൊടിതട്ടി എടുക്കണം. അതിനൊക്കെ മടിയാ. ഒന്നും കളഞ്ഞിട്ടില്ല വല്ല എലിയോ മറ്റോ കരണ്ടോ എന്നും നോക്കിയാലെ അറിയൂ. അധികം വേണ്ടല്ലോ. വ്യക്തിയോ പോയി. മാന്യമായി മരിച്ച സ്ഥിതിക്ക് ഒരു തല്ലികൊല്ലല്‍ ആവശ്യമില്ല. അഥവാ ശരിയല്ല. അതിനാല്‍ ഈ അനുസ്മരണം ഇവിടെ ഉപസംഹരിക്കുന്നു.

**********************************************************************************
എത്ര വലിയ വിഷയം എടുത്താലും ഒരു പേജില്‍ ഒതുക്കി ബ്ലോഗ്‌ എഴുതാന്‍ ഇത് വരെ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വ്യക്തിയെ കുറിച്ച് ഓര്‍ത്താല്‍ ഒരു ഗ്രന്ഥം തന്നെ എഴുതാന്‍ കഴിഞ്ഞേക്കും. അത് വേണോ എന്ന് സംശയിക്കുന്നു. എന്തായാലും ചില കാര്യങ്ങള്‍ ഈ അവസരത്തില്‍ പതിവിന്‍പടി മറച്ചു വയ്ക്കുന്നത് ശരിയല്ല. കൂടുതല്‍ പിന്നെയാട്ടെ.

Some Facebook Groups

മുദ്രാവാക്യം മുഴക്കി പിടിച്ചു പറിക്കാന്‍ പറ്റിയ ഉരുപ്പടി ആണോ അദ്ധ്യാത്മജ്ഞാനം  ?