Friday 6 November 2015

Santhivicharam -WhatsApp group Proposed...

ശാന്തിവിചാരം വാട്സാപ്പ് ഗ്രൂപ്പിന് നിര്ദേശം
------------------------
മാന്യ വായനക്കാര്ക്ക് നമസ്കാരം.
ശാന്തിവിചാരം ബ്ലോഗ് ഒരു കാലത്ത് സജീവമായിരുന്നു എങ്കിലും പിന്നീട് ഞാനത് മന്ദീഭവിപ്പിക്കുകയാണ് ഉണ്ടായത്. എന്നിട്ടും വായനക്കാര് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാവുന്നു. വൈകി ക്രിയേറ്റ് ചെയ്ത ശാന്തിവിചാരം പേജിനും റിവ്യൂ കിട്ടുന്നുണ്ട്. ഇവ പ്രൊഫഷണല് നിലവാരത്തിലുള്ള സൈറ്റുകളായി അപ്ഗ്രേഡ് ചെയ്യുന്നതിന് സോഫ്ട് വെയര് എക്സ്പര്ട്ട് ആയിട്ടുള്ളവര് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല് ബോധപൂര്വമായ ഒരു ഉദാസീനത ഞാന് വെച്ചുപുലര്ത്തി വരികയാണ്. എനിക്ക് ബഹുമാനം ഉണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ താല്പര്യത്തെ മാനിച്ചാണിത്.
ശാന്തിക്കാരുടെ വിവാഹപ്രശ്നത്തെ ഒരു സാമൂഹ്യപ്രതിസന്ധിയായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്ന ബ്ലോഗോടുകൂടിയാണ് 2011 ല് ശാന്തിവിചാരം ബ്ലോഗ് നിലവില് വന്നത്... ഇതിലെ പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ് അതേ പടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് മാസ്റ്ററായിരു്ന്ന ശ്രീ തോട്ടാശ്ശേരി ഉണ്ണിയെ ഈ സന്ദര്ഭത്തില് നന്ദിപൂര്വം സ്മരിക്കുന്നു. എന്നാല് യോഗക്ഷേമവൃത്തങ്ങളില് തുടര്ന്ന് വന്ന ആളുകള് അനുഭാവപൂര്വമായ സമീപനമല്ല കൈക്കൊണ്ടു കാണുന്നത്. ശാന്തിക്കാരുടെ വിഷയം സമൂഹത്തില് ചര്ച്ച ചെയ്യുന്നതിന് സ്വതന്ത്രമായ വേദികള് ഉണ്ടാക്കുന്നതില് ജാഗരൂകനായ ഒരാളെ കുലംകുത്തി എന്നു വരെ മുദ്രകുത്തിയവരും ശാന്തിക്കാരിലുണ്ട്. അവരൊക്കെ വലിയവര്... നമ്മളൊക്കെ ചെറിയവര്. ഈ വിവേചനം കൊണ്ടു നടക്കുന്നവരുടെ കൈയ്യില് അധികാരം കൂടി കിട്ടിയാലത്തെ കാര്യം പറയാനുണ്ടോ.. ഞങ്ങളുടെ പ്രശ്നങ്ങള് ഞങ്ങളായിട്ട് ഒരിടത്തും പറയുകയില്ല. മറ്റുള്ളവരെക്കൊണ്ട് പറയാനും സമ്മതിക്കില്ല എന്ന നിലപാട് ശാന്തിക്കാരുടെ മാത്രം പ്രത്യേകമായ നിലപാടാണ്. തിരുമേനിമാരുടെ നിലപാട് ആകയാല് അതിനെ ബഹുമാനിക്കുകയല്ലേ നിര്വാഹമുള്ളൂ. അതിനാല് തിരുനിലപാട് എന്ന് റിമാര്ക്ക് ചെയ്യാം.
ശാന്തിക്കാരെ മഹത്വവല്ക്കരിക്കാന് ഉള്ള ശ്രമമല്ല ഞാന് നടത്തിവരുന്നത്. ശാന്തിക്കാരനെന്ന നിലയിലല്ല ഞാനെഴുതുന്നത്. ശാന്തിക്കാരനെന്ന നില വിട്ടുകൊണ്ടാണ് ഞാനെഴുതുന്നത്. എങ്കില് മാത്രമേ എഴുത്തിന് വ്യക്തിത്വം ഉണ്ടാവൂ. ആ നില ഞാനാഗ്രഹിച്ചതല്ല. സാഹചര്യങ്ങളുടെ ആവശ്യത്തെ മാനിച്ച് കേഷ്ത്രങ്ങളുമായി താല്ക്കാലിക വ്യവസ്ഥയില് സഹകരിക്കാറുണ്ടെന്നേയുള്ളൂ..പതിനായിരം രൂപാ ശമ്പളത്തിന് എന്റെ ദിവസത്തിലെ എത്ര മണിക്കൂറുകള് ഞാന് ക്ഷേത്രത്തിനായി സ്പെയര് ചെയ്യണം. നടയടച്ചാല് പിന്നെ ശാന്തിക്കാരനല്ല. വെറും സാധാരണക്കാരന്. വീണ്ടും വൈകിട്ട് നട തുറക്കാന് നേരം ശാന്തിക്കാരന്റെ വേഷം കെട്ടും. ഉദരനിമിത്തം ബഹുകൃതവേഷം. അത്രേയുള്ളൂ.. അതില് ആര്ക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളതായി കണ്ടാല് ഉടനെ റിസൈന് ചെയ്ത് പോരുകയും ചെയ്യും. എന്റെ വഴി എഴുത്തിന്റെ വഴിയാണ്. അത് യുദ്ധത്തിന്റെ വഴി ആകാം. ശാന്തിയുടെ വഴി അല്ലായിരിക്കാം.
പ്രസിദ്ധീകരണങ്ങള് അധികവും ഒഴിവാക്കുകയാണ് പതിവ്. പ്രസാധകര് തമസ്കരിക്കുന്നത് ശരിയെങ്കില് എഴുത്തുകാരന് നേരിട്ട് തമസ്കരിക്കുന്നതാണല്ലൊ ഏറ്റവും ശരി.. എനിക്ക് പ്രസിദ്ധീകരിച്ചില്ല എന്ന് വെച്ച് ഒരു അസ്കിതയുമില്ല. നഷ്ടം വായനക്കാര്ക്കും പ്രസാധകര്ക്കും തന്നെ ആണെന്ന ബോധ്യമുണ്ട്. എന്നോട് സഹകരിക്കാത്ത അവര്ക്ക് നഷ്ടം വരുത്താന് സാധിക്കുന്നു എന്ന സംതൃപ്തി ഞാന് അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
എന്തായാലും ശാന്തിവിചാരം വാട്സാപ് ഗ്രൂപ്പ് ഒന്നു പരീക്ഷിച്ചുകളയാമെന്നുണ്ട്. താല്പര്യമുള്ളവര് നംപര് തരിക. പിന്നെ ആര്ക്കും വലിയ പ്രതീക്ഷ ഒന്നും വേണ്ട. പോസ്റ്റുകളുടെ എണ്ണം പരമാവധി കുറവ് ആയിരിക്കും. പക്ഷെ അവ പോസ്റ്റുകള് ആയിരിക്കും. നല്ല ക്ഷമ ഉള്ളവര് മാത്രം വന്നാല് മതി. അംഗത്വമെടുത്തിട്ട് ഊമ/ പൊട്ടന്‍ കളിച്ച് ഇരിക്കുന്നവരെ നിര്ദാക്ഷണ്യം പുറത്താക്കുമെന്നു കൂടി പറയട്ടെ. സൌഹൃദത്തിന് പ്രാധാന്യം കൊടുത്താവും ഗ്രൂപ്പ് മുന്നോട്ട് പോവുക. ഫേസ് ബുക്ക് ഗ്രൂപ്പ് വന്നപ്പോള് പോസ്റ്റുകള്ക്ക് ആയിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. അങ്ങനെ പോരാ എന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളത്. ഫേസ്ബുക്ക് സുഹൃത്തുക്കള്ക്കു നന്ദി.