Tuesday 22 October 2013

An explaination

ബ്ലോഗെഴുത്ത് നിര്ത്തിയത് എന്തുകൊണ്ടാണെന്ന സംശയം ചിലര് പ്രകടിപ്പിച്ചുകണ്ടു. ഇതിന് സാമാന്യ ഉത്തരം അവിടെതന്നെ നല്കിയെങ്കിലും പോരെന്നു തോന്നി. ഒരു ചെറിയ വിശദീകരണം.

ഓരോരുത്തര്ക്കും ഓരോ ശൈലിയുണ്ട്. ആര്ക്കും ഒരു രീതിയിലും ഹാനികരമാവാത്ത അഹിതകരമാവാത്ത ഒരു രചനാരീതിയാണ് ഞാന് അവലംബിച്ചിട്ടുള്ളത്. ക്രിയാത്മകവിമര്ശനം വിദ്വേഷഭാവം ഇല്ലാതെ സരസമായും സരളമായും നിര്വഹിക്കുക എന്ന ധര്മ്മം നീതിയോടെ ചെയ്തിട്ടുണ്ടെന്ന ഉത്തമബോധ്യമുണ്ട്.

വ്യക്തികളെപ്പറ്റിയും പ്രസ്ഥാനങ്ങളെ പറ്റിയും നല്ലതല്ലാത്ത പരാമര്ശം വേണ്ടിവരുമ്പോള് അവരുടെ പേര് ഒഴിവാക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല് എന് ഗോപാലകൃഷ്ണന്റെ പേര് ആ ആനുകൂല്യം അര്ഹിക്കുന്നതായി തോന്നിയില്ല.  പ്രോപ്പര് ചാനലില് അദ്ദേഹത്തിന് അയച്ച മെയിലുകള്ക്ക് മറുപടിയില്ല. കമന്റുകള് ഡിലീറ്റ് ചെയ്യുക, ബ്ലോക്ക് ചെയ്യുക തുടങ്ങിയ പ്രതികൂലപ്രതികരണങ്ങളാണ് അദ്ദേഹത്തില് നിന്നുണ്ടായത്. ആ വിഷയത്തിലേയ്ക്ക് ഇവിടെ കടക്കുന്നില്ല..

ആരെയും അപകീര്ത്തിപ്പെടുത്തുക എന്ന ലക്ഷ്യം എനിക്കില്ല. ആരോഗ്യപരമായ വിമര്ശനത്തെ സ്വാഗതം ചെയ്യുന്നതുകൊണ്ടാണ് ഞാന് പല ഇഷ്ടമല്ലാത്ത കമന്റുകള് പോലും നിലനിര്ത്തുന്നത്..

അധ്യാപകവധം ജഡ്ജ് വധം തുടങ്ങിയ പോസ്റ്റുകള് ഒരുപക്ഷേ ആ ദിശയിലുള്ള ആദ്യത്തെ ഇനം ആയിരിക്കാം. വേറെ എഴുത്തുകാര് ആ ദിശയില് ഇതിനു മുമ്പ് ചിന്തിക്കാത്തത് എന്റെ കുറ്റമല്ല. അവയ്ക്ക് എതിര്പ്പുമായി രംഗത്ത് വന്നത് ഒരാള് മാത്രമാണ്. അധ്യാപകരൂപത്തില് അച്ചടക്കം പഠിപ്പിക്കാന് വന്നയാള് അമ്പതോളം പ്രൊഫൈലുകളുള്ള ആളാണെന്നറിയുന്നു. അയാളിലൊരു വിദ്യാര്ഥി ഉണ്ടെങ്കില്,  ഞാനിപ്പോള് പാലിച്ചുവരുന്ന മിതത്വവും അച്ചടക്കവും അയാള്ക്കൊരു പാഠമാകും. ഇല്ലെങ്കില് വേണ്ട.  ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ സമുദായത്തെയോ നന്നാക്കിക്കൊള്ളാം എന്നൊന്നും എഗ്രിമന്റില്ല.

ക്ഷേത്രപൂജാരംഗത്ത് എന്റെ അനുഭവവും അറിവുമാണ് ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. ആ രംഗം കൈവിട്ടതില് പിന്നെ അങ്ങനെ ഒരു ആവശ്യബോധമില്ല. ദീര്ഘകാലങ്ങളായി ചെയ്യപ്പെട്ട മാനസപൂജകളുടെയും മനോധര്മ്മത്തിന്റെയും ഫലമാണ് അക്ഷരക്ഷേത്രം. ശുദ്ധമായ വൈദികഭാവനകളാണ് ഇതില് അന്തര്ഭവിച്ചിട്ടുള്ളത്. ഇതിന്റെ ശക്തി എന്താണെന്ന് ലോകരെ ബോധ്യമാക്കുന്നതിന് എനിക്ക് ഒരു വാചകക്കസര്ത്തിന്റെ ആവശ്യമില്ല. ആ ക്ഷേത്രസ്വരൂപം അത് സ്വയം ബോധ്യപ്പെടുത്താന് പര്യാപ്തമാണെന്ന ബോധ്യം എനിക്കുണ്ട്. I find it as a talking model.

ധാരാളം വായനക്കാരുള്ള ബ്ലോഗാണ് ഇതെന്നറിയാം. മുന്നറിയിപ്പ് കൂടാതെ പെട്ടെന്ന് നിര്ത്തുമ്പോള് ആര്ക്കൊക്കെ എന്തൊക്കെയാണ് തോന്നുക എന്നൊന്നും എനിക്കറിയില്ല. കമന്റുകള് ഒഴിവാക്കുന്നവരാണധികവും. അതിനാല് ബ്ലോഗ് നിര്ത്താന് പാടില്ലാത്ത വിധം അടുപ്പമൊന്നും ആരോടും ഉണ്ടായിട്ടില്ല. ഇതു നിര്ത്തുമ്പോള് ഒരു ദൌത്യം വിജയകരമായി പൂര്ത്തീകരിച്ച സംതൃപ്തിയുണ്ട്. ആരോടും പരിഭവമില്ല. ഓരോന്നിനും ഓരോരോ നിമിത്തങ്ങളുണ്ടാവുന്നു. എന്നേ വിചാരിക്കുന്നുള്ളൂ.

ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കലാണ് റോക്കറ്റിന്റെ ധര്മ്മം. അതു കഴിഞ്ഞാല് റോക്കറ്റില്ല. വന്ന വഴി കുറെ പുകയും കരിയും മാത്രം. അക്ഷരക്ഷേത്രമെന്ന ആശയത്തെ ലോകതലത്തിലേയ്ക്ക് കൊണ്ടുവരാന് സാധിച്ചത് ഒരു വലിയ കാര്യമായി അനുഭവപ്പെടുന്നു. ഞാനെഴുതിക്കൂട്ടിയ ബ്ലോഗുകളുടെ കൂമ്പാരം ഒരു പര്വതമാണെങ്കില് അതിന്റെ കൊടുമുടിയില് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അതെന്താണെന്നത് വിശകലനം അര്ഹിക്കുന്ന കാര്യമാണെങ്കിലും ഒരു വിശകലനത്തിന് തല്ക്കാലം മുതിരുന്നില്ല. വയ്യ. അവശതകൊണ്ടാണ്. അറിവിന്റെ പോരായ്മകൊണ്ടും.സംസ്കൃതഭാഷയിലത് എഴുതാനിടയായതും അവതരിപ്പിച്ചതും എന്തോ കുറ്റകൃത്യം ചെയ്തതുപോലെയാണ് പലരും കാണുന്നത് എന്ന് തോന്നി.  അനുഭവങ്ങളിലൂടെ ദര്ശിച്ച പ്രസ്തുത ക്ഷേത്രസ്വരൂപം എല്ലാവര്ക്കും അനുഭവവേദ്യമാവും എന്ന് പ്രതീക്ഷിക്കുന്നു.