Saturday, 31 August 2013

My stand (strategy)

എന്റെ പലപോസ്റ്റുകളിലും ക്ഷേത്രവിഷയവും അതില് തന്നെ ശാന്തിക്കാരുടെ വിഷമതകളും ഭക്തജനങ്ങളെന്ന് വിളിക്കപ്പെടുന്നവരുടെ ചെയ്തികളും സന്ദര്ഭവശാല് പറയേണ്ടി വന്നിട്ടുണ്ട് ഇതില് ചിലര് അസഹ്യത രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടുള്ളത് നമ്പൂതിരിമാരും ശാന്തിരംഗം കൈകാര്യം ചെയ്തിട്ടുള്ളവരുമാണ് എന്നതാണ് രസകരമായ വസ്തുത. ഇത് എന്തുതരം മനശ്ശാസ്ത്രം ആണ് എന്ന് കൌതുകത്തോടെ നിരൂപിക്കാറുണ്ട്. ഒരുതരം അപകര്ഷതാബോധം ആണെന്ന് തോന്നുന്നു. നമ്മള് അവരെ ആശ്രയിച്ച് ജീവിക്കുന്നു അപ്പോള് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന നീതിബോധവും ആകാം. എന്നാലിതിനൊരു മറുവശമുണ്ട്. ആശ്രയത്വം ഒരു വശത്തേക്ക് മാത്രമല്ല. ക്ഷേത്രത്തിന്റെ പുരോഗമനവും വരുമാനവുമെല്ലാം ശാന്തിക്കാരനെയും ആശ്രയിച്ചല്ലേ ഇരിക്കുന്നത്? ഈ ഭാഗം എന്തിന് അവര് കണ്ടില്ലെന്നു നടിക്കണം? അവരുടെ സേവനത്തിന്റെ ഗുണഭോക്താക്കളായ ജനങ്ങള്ക്ക് അവരെ കേള്ക്കാനുള്ള ധാര്മികബാധ്യതയില്ലേ? ഇല്ലെന്ന് അഭിപ്രയമുള്ളവര് ദയവായി അണ് ഫോളോ ചെയ്യുക. ഉണ്ട് എന്ന ബോധ്യം ഉള്ളവരോട് മാത്രമാണ് എനിക്ക് സംവദിക്കാനുള്ളത്.

അന്യായമായവയെ എതിര്ക്കുക എന്നതാണല്ലൊ എഴുത്തുകാരന്റെ ധര്മ്മം. അതിനാല് എനിക്ക് എന്റെ ജോലി ചെയ്യാതെ തരമില്ല. തടസ്സപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കണ്ട. ഇവിടുത്തെ ആധുനികഹിന്ദുവര്ഗ്ഗം രൂക്ഷമായ വിമര്ശനം അര്ഹിക്കുന്നവരാണ് എന്ന കാര്യത്തില് സംശയലേശമില്ല. അത് അകത്ത് നിന്ന് ആവരുത് എന്ന് വിചാരിച്ചാല് പുറത്ത് നിന്ന് വരും. മിക്കവാറും അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ വരാനും സാധ്യതയുണ്ട്. ബ്രാഹ്മണ്യത്തോട് സ്വീകരിച്ച സംഹാരാത്മകമായ നയത്തിന്റെ ദോഷഫലങ്ങളില് നിന്നും അവന് രക്ഷപെടാനാവുമോ എന്ന് കണ്ടറിയണം.

എന്റെ അഭിപ്രായത്തില് ശാന്തിക്കാര് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്തെന്നാല് ആ തൊഴിലിന്റെ മഹത്വം മനസ്സിലാക്കാതെ വേണ്ടാതെ അടിമപ്പണി ചെയ്യുന്നു എന്നതാണ്. ഭക്തജനവിഭാഗത്തിന്റെ സൌകര്യത്തിന് അമിതമായ പ്രാധാന്യം നല്കുന്നു എന്നതാണ്. അവരുടെ സ്തുതിയിലും സോപ്പിലും വീഴുന്നു എന്നതാണ്. ഇങ്ങനെ ഒരു ദുര്നയത്തിന് ശാസ്ത്രസമ്മിതി ഇല്ല എന്നു തറപ്പിച്ച് പറയാന് എനിക്ക് കഴിയും. ഷോപ്പിങ് സ്പിരിറ്റിലാണ് പലരും ക്ഷേത്രത്തില് വരുന്നത് തന്നെ. സൂപ്പര് ഫാസ്റ്റ് പെര്ഫോമന്സ് ഇന്നത്തെ ശാന്തിക്കാരന് കൂടിയേ തീരൂ. ഇത് ക്ഷേത്ര നിയമത്തിന് വിരുദ്ധമാണ്. അതിനൊരു താളമുണ്ട്. തിരക്കുള്ള ക്ഷേത്രങ്ങളില് രണ്ട് ശാന്തിക്കാരുണ്ടെങ്കില് കുറെയൊക്കെ വേണ്ടതുപോലെ ചെയ്യാന് സാധിക്കും. എന്നാല് വേണ്ടത്ര വരുമാനം ഉള്ള ക്ഷേത്രങ്ങളില് പോലും കീശാന്തിമാരില്ല എന്നതാണ് സ്ഥിതി.

അടുത്ത ദിവസം ഒരു സുഹൃത്ത് പറയുകയുണ്ടായി അവരുടെ നാട്ടില് ശാന്തിക്കാര്ക്കൊന്നും ഒരു പ്രശ്നവുമില്ല. നല്ല ബഹുമാനവും നല്ല ദക്ഷിണയും ലഭിക്കുന്നുണ്ട് എന്ന്. അവരുടെ നാട്ടിലെന്നല്ല ഏതു നാട്ടില് ചെന്ന് നോക്കിയാലും ശാന്തിക്കാരെ കണ്ടാലോ, അവരുടെ വാക്കുകളില്നിന്നോ എന്തെങ്കിലും പ്രശ്നം ഉള്ളവരാണ് അവരെന്ന് ആര്ക്കും ഊഹിക്കാനാവില്ല. കാരണം അവര് അഭിനയിക്കുകയാണ് എന്നത് തന്നെ. സ്വകാര്യവിഷമതകള് പൂര്ണമായും മറന്നിട്ടാണ് പലരും ഈ സമൂഹസേവനത്തിന് ക്ഷേത്രത്തെ വേദിയാക്കുന്നത്. ഇത് അവന് അവന്റെ സ്വന്തം കുടുംബത്തോട് ചെയ്യുന്ന ദ്രോഹമാണ്. ഒപ്പം അവനവനോടും.  കാശുകിട്ടും എന്നത് ആത്മദ്രോഹത്തിന് പരിഹാരമാവുന്നില്ല. നഷ്ടപ്പെടുന്ന വസ്തു കാശ് കൊടുത്താല് കിട്ടാത്തതാണ്. ജീവിതം എന്ന വസ്തു. 

No comments:

Post a Comment