Saturday 22 June 2013

സത്യാന്വേഷണം

സത്യാന്വേഷണം എന്ന വാക്കിന് ആത്മീയ സഹയാത്രികരുടെ ഇടയില് വലിയ മതിപ്പാണ് ഉള്ളത്. ചില സാഹിത്യകാരന്മാരും ഈ വാക്കിന് അടിവരയിടുന്നു. ഗാന്ധിജിക്കു ശേഷം രാഷ്ട്രീയക്കാര് സത്യാന്വേഷണം എന്നൊന്നും വീമ്പിളക്കുന്നവരല്ല. സത്യം പറയാത്തവരെന്തിന് സത്യം അന്വേഷിക്കണം?

സത്യം ധര്മം മുതലായവ മതപരമായ ആദര്ശങ്ങളല്ലേ? അവ മതേരരജനാധിപത്യത്തിന് ഭൂഷണമാവുമോ? സത്യം മറച്ചുവയ്ക്കുന്നതിലും അസത്യം പറയുന്നതിലും തെറ്റില്ല എന്നു വിശ്വസിക്കുന്നവര്ക്ക് സത്യത്തെ അന്വേഷിക്കാന് അവകാശമുണ്ടോ? സത്യനിരപേക്ഷമായും ന്യായം നടപ്പാക്കാമല്ലൊ.അതല്ലേ ഈ കാലം തെളിയിക്കുന്നത്?

ഒരു പ്രശ്നം അഥവാ ചോദ്യം, ഗണിതശാസ്ത്രപരമായ ചോദ്യം, അതായത് കണക്കിലെ ചോദ്യം ഉദാഹരണമായി എടുത്താല് അതിന് ശരിയുത്തരം പലപ്പോഴും ഒരേയൊരെണ്ണമേ കാണൂ.  തെറ്റായ ഉത്തരങ്ങളാവട്ടെ അസംഖ്യം ഉണ്ടാവും. അപ്പോള് തെറ്റിനല്ലേ ഭൂരിപക്ഷം?. ഭൂരിപക്ഷത്തെ വേണ്ടേ മാനിക്കാന്? അതല്ലേ ഇന്നത്തെ കാലനീതി?

സത്യാന്വേഷണം എന്ന വാക്കിന് സ്വാതന്ത്ര്യസമരക്കാലത്ത് ഗാന്ധിജിയാണ് ഏറെ പ്രചാരം നേടിക്കൊടുത്തത്. ഈ ലോകത്തിലെവിടെയെങ്കിലും സത്യമുണ്ടോ? അപ്പോള് സത്യം എല്ലാം എവിടെപ്പോയി? സത്യത്തിന്റെ സങ്കേതം ഏതായിരിക്കും? അങ്ങനെയൊന്നിനെ തല്ക്കാലം സങ്കല്പിച്ചു കാണുകയേ തരമുള്ളൂ. ഒരു സമാധാനത്തിനുവേണ്ടി. അതിനുവേണ്ടി മാത്രം. അതല്ലേ വലുത്.

അങ്ങനെയുള്ള സാങ്കല്പക സത്യകേന്ദ്രത്തിന് ഒരു പേരുവേണ്ടേ? അത് എന്തായിരിക്കണം? ബ്രഹ്മം എന്ന പദത്തിന് എന്തെങ്കിലും പോരായ്ക ഉണ്ടോ? അതുതന്നെയല്ലേ പൂർവികർ  ഉപയോഗിച്ചുവന്നിട്ടുള്ളത്? ലോകഗുരു ശങ്കരാചാര്യരും സ്പഷ്ടമാക്കിയിട്ടുള്ളത്? അതെന്താ വിശ്വസനീയമല്ലേ? പിന്നെ എന്തിന് അതിലപ്പുറം ഒരു സത്യാന്വേഷണം? സത്യം അന്വേഷിക്കാതെ സത്യം കണ്ടെത്താനുള്ള വഴി സത്യം പറയുക എന്നതാണ്. സത്യം പറയുന്നവന് സത്യം ദര്ശനം കൊടുക്കുന്നു.

ഭാഗവതത്തിലെ ആദ്യശ്ലോകം സത്യം പരം ധീമഹി എന്നാണ് അവസാനിക്കുന്നത്. അതില് കൃഷ്ണനെന്നോ  ഈശ്വരനെന്നു പോലുമോ ഒരു വാക്കുപോലുമില്ല. രണ്ടാംശ്ലോകത്തില് ധര്മം എന്ന വാക്കാണ് അടുത്ത് വരുന്നത്. അതിനു ശേഷമാണ് ഈശ്വരനെന്ന വാക്കുപോലും വരുന്നുള്ളൂ. ഈശ്വരനെന്ന വാക്കിനേക്കാള് ഗുരുത്വം ഉള്ള വാക്കാണ് സത്യം എന്നത്. വിശ്വാസിക്കും അവിശ്വാസിക്കും അത് പ്രിയങ്കരമാണ്. പുറമെ സമ്മതിച്ചാലും ഇല്ലെങ്കിലും.



No comments:

Post a Comment