Saturday, 22 September 2012

ആദരണീയന്‍


ലോകത്തില്‍ ആദ്യത്തെ ന്യൂസ്‌ റിപ്പോര്‍ട്ട്  ഏജന്‍സി ആര്‍ ആയിരുന്നു? 

എനിക്ക് തോന്നുന്നു ഒരു മഹര്‍ഷി ആയിരുന്നു എന്ന്.  തികഞ്ഞ സാത്വികന്‍ ആയ അദ്ദേഹം ഭൂമിയിലും സ്വര്‍ഗത്തിലും പാതാളത്തിലും നാഗലോകത്തിലും അസുര ആധിപത്യം ഉള്ള എല്ലായിടങ്ങളിലും ഒരു ശുഭ ചിന്തകന്‍ ആയി പറന്നു എത്തും. സദാ നാമങ്ങള്‍ ജപിക്കുകയും ചെയ്യും.  അക്കാര്യത്തില്‍ യാതോരു വിട്ടുവീഴ്ചയും ഇല്ല. 

ഗായകന്‍ ആയ അദ്ദേഹം മനോഹരമായി വീണ വായിക്കും. ദേവസഭയില്‍ നിന്ന് പുരസ്കാരം ആയി ലഭിച്ചതാണ് അദ്ദേഹത്തിന്റെ വീണ. "ദേവദത്താം ഇമാം വീണാം സ്വരബ്രഹ്മ വിഭൂഷിതാം മൂര്‍ച്ഛയിത്വാ ഹരികഥാം ഗായമാനശ്ചരാമ്യഹം" എന്ന്   അദ്ദേഹം ചെറിയ തോതില്‍ ആത്മകഥ പറയുന്ന ഭാഗം വിഷ്ണുഭാഗവതത്തിലുണ്ട്. 

ഒരു ദിക്കിലും സ്ഥിരമായി  ഇരിക്കില്ല. ചെല്ലും ന്യൂസ്‌ കൊടുക്കും ഉടനെ തന്നെ തിരികെ പോരും. അത്രേയുള്ളൂ. എന്നാല്‍ ബ്രാഹ്മണ ഭവനങ്ങളില്‍ ചെന്നാല്‍ അദ്ദേഹം അവരുടെ അതിഥി സല്‍ക്കാരം വേണ്ടാ സ്വീകരിക്കുമായിരുന്നു. അവിടെയും അധിക സമയം ഒന്നും തങ്ങുകയില്ല. ചെലവഴിച്ചിരുന്ന  ഗോദോഹനമാത്രം എന്നാണു സമയത്തിന്റെ കണക്ക്.  അതായത് ഒരു പശുവിനെ കറന്നു പാല്‍ എടുക്കാന്‍ വേണ്ടതായ സമയം. 

ദേവര്‍ഷി ആയിട്ടും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ആരും നല്‍കുന്നതായി കാണുന്നില്ല. എന്ന് തന്നെയല്ല ആ മഹാ സത്ത്വികനെ കുശുമ്പന്‍ , ഏഷണിക്കാരന്‍ എന്നും മറ്റും അവഹേളിക്കുകയും മറ്റുമാണ് ഹിന്ദുക്കളില്‍ അറിവുള്ളവര്‍ പോലും ചെയ്തു കാണുന്നത്. data share ചെയ്യുന്നത് ഇത്ര മഹാപാപമോ? അതും ഒന്നും കളവല്ല. 100% true data. Inevitable communications only. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയോ മനുഷ്യരുടെ കാഴ്ചപ്പാടോ ഏതാണ് തെറ്റ്? ഇവിടെയാണ്‌ ഞാന്‍ പറയാറുള്ള വീക്ഷണ വൈകല്യം. 

അദ്ദേഹത്തിന്റെ മാതാവ് ഒരു ശൂദ്രസ്ത്രീ ആയിരുന്നതിനാല്‍ ബ്രാഹ്മണരില്‍ ചിലര്‍ അദ്ദേഹത്തെ തരം താഴ്ത്തി എന്ന് വിചാരിക്കുന്നവര്‍ ഉണ്ട്. ആ വാദം ശരിയാണ് എങ്കില്‍ ഇദ്ദേഹം ആണ് ജാതീയമായ കാരണങ്ങളാല്‍ ഏറ്റവും അധികം  നിന്ദിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത ആത്മകഥാഭാഗം ഒന്നുകൂടി നോക്കിയാല്‍ ഈ ധാരണ അബദ്ധമാണെന്ന് മനസ്സിലാക്കാം.

ബ്രാഹ്മണര്‍ വേദം അഭ്യസിക്കുന്ന ശാലയില്‍ ഒരു ബാലന്‍ സശ്രദ്ധം ശ്രവിക്കുന്നത് കണ്ടു അവര്‍ അവനെ വിളിച്ചു ചോദ്യം ചെയ്തു: " ഹേ ബാലാ,  നീ ആരാണ് എന്താണ് നിനക്ക് ഇവിടെ കാര്യം?  അവന്‍ വേദ പണ്ഡിതര്‍ തന്നെ ചോദ്യം ചെയ്തതായി വിചാരിക്കാതെ, അപമാനിച്ചതായി തെറ്റിദ്ധരിക്കാതെ, ആ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നിര്‍വികാരചിത്തനായി, ഒരു ഭാവഭേദം പോലും മുഖത്ത് ഇല്ലാതെ മണിമണിയായിപറഞ്ഞു. 

" എന്റെ അമ്മ  ഒരു ശൂദ്ര സ്ത്രീ വിവിധ ഗൃഹങ്ങളില്‍ വീട്ടുവേല ചെയ്തു വരവേ  ഞാന്‍ ഉണ്ടായി.(അച്ഛന്‍ ആരാണ് എന്ന് നിശ്ചയം ഇല്ല എന്ന് വ്യക്തം.) അമ്മ പമ്പ് കടിയേറ്റു മരിച്ചു. ഞാന്‍  അനാഥനായി. ഭവാന്മാരെ  സേവ ചെയ്യാന്‍ അനുവദിക്കണം." എന്ന് ആ ബാലന്റെ അപേക്ഷ കേട്ട് മനസ്സലിഞ്ഞ ബ്രാഹ്മണര്‍ ആ പയ്യന് കളിക്കാന്‍ ഒരു പാവക്കുട്ടിയെ വരുത്തി. എന്നാല്‍ അവനാകട്ടെ ആ വസ്തുവിനെ ഒന്ന് തൊടുക പോലും ചെയ്തില്ല. അവര്‍ പറഞ്ഞ ജോലികള്‍ എല്ലാം ശ്രദ്ധിച്ചു ചെയ്യുകയും ചെയ്യുന്നതായി കണ്ടു. 


" എന്റെ അമ്മ  ഒരു ശൂദ്ര സ്ത്രീ വിവിധ ഗൃഹങ്ങളില്‍ വീട്ടുവേല ചെയ്തു വരവേ  ഞാന്‍ ഉണ്ടായി" ആരെങ്കിലും അങ്ങനെ തുറന്നു പറയുമോ? ശുദ്ധ ആത്മാക്കള്‍ അല്ലാതെ. അതില്‍ നിന്നും അദ്ദേഹത്തിന്റെ അച്ഛന്റെ മഹത്ത്വം ദര്‍ശിക്കാം.പിഞ്ചു ബാലനില്‍ സത്യസന്ധത, നിഷ്കളങ്കത, വിഷയ ആസക്തി ഇല്ലായ്ക, ഏകാഗ്രത, സേവന ഉത്സാഹം, അനുസരണ, ഭക്തി  തുടങ്ങിയ   സദ്ഗുണങ്ങള്‍ കണ്ടതില്‍ നിന്നും പയ്യന്റെ അച്ഛന്‍ വേദപണ്ഡിതന്‍  ആയ ഒരു ഉത്തമ  ബ്രാഹ്മണന്‍ ആണ് എന്ന് അവര്‍ കണ്ടെത്തി. അവന്‍ ബ്രഹ്മജ്ഞാനത്തിനു യോഗ്യന്‍ ആണ് എന്നും അവര്‍ തീരുമാനിച്ചു. 

അവരുടെ കാരുണ്യംകൊണ്ട് അദ്ദേഹം അതിബുദ്ധിമാനും അറിവുള്ളവനുമായി ഭവിച്ചു. എന്നിട്ടും ഹിന്ദുക്കള്‍ക്ക് നാരദന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്താ ഒരു ആക്ഷേപം?  അതിന്റെ ആവശ്യം ഉണ്ടോ? 

ഇതിഹാസ പുരാണങ്ങളിലെ ഔദ്യോഗിക വക്താവ് ആണ് ഇദ്ദേഹം. ഭഗവദ് ഗീത എഴുതിയിട്ടും ആത്മശാന്തി ലഭിക്കാതെ വിലപിച്ച  വേദവ്യാസനെ ഭാഗവതം എഴുതാന്‍ ഉപദേശിച്ചത് ഇദ്ദേഹം ആയിരുന്നു. കലികാലത്തില്‍ അകാല വാര്‍ധക്യം വന്ന ഭക്തിയെ പരിപോഷിപ്പിച്ചു സര്‍വാംഗപുളകീഭൂത ആക്കിയതും മറ്റാരുമല്ല. 

ഈ മഹാജ്ഞാനിയെ ആരും വെച്ച്  വാഴ്ത്തിയില്ലെങ്കിലും ആരും ഇങ്ങനെ തരംതാഴ്ത്തരുത്  ! 

1 comment:

  1. നാരദമഹര്‍ഷിയെ മോശമായി ചിത്രീകരിക്കുന്ന വ്യക്തികള്‍ക്കും പുസ്തകങ്ങള്‍ക്കും എതിരെ എന്തുകൊണ്ട് ഒരു ഹിന്ദുവും പ്രതിഷേധിക്കുന്നില്ല?

    ഏതൊക്കെയോ ചില വ്യക്തികളെ പുനര്‍നിരൂപണം ചെയ്തതിനു ശാന്തിവിചാരം ബ്ലോഗിന് എതിരെ ചിലര്‍ പ്രതിഷേധിച്ചല്ലോ.

    ReplyDelete