Monday, 23 April 2012

അക്ഷയതൃതീയ

ഇന്ന് അക്ഷയതൃതീയ  പുണ്യദിനം. ബാലഭാദ്രരാമന്റെ ജന്മദിനം. പുണ്യമാസം ആയ വൈശാഖത്തിലെ വെളുത്തപക്ഷ തൃതീയ ആണ് അക്ഷയ തൃതീയ.  ഇന്ന് ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കും അക്ഷയം ആയ ഫലം ഉണ്ടാകും എന്നാണു വിശ്വാസം. അതുപോലെ ചെയ്യുന്ന തെറ്റുകള്‍ക്കും തീരാത്ത ദോഷം ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്നു. ജപം, ദാനം, പരോപകാരം തുടങ്ങിയ നല്ല കര്‍മങ്ങള്‍ ഇന്നത്തെ ദിവസം ചെയ്യാന്‍ ഈ വിശ്വാസം പ്രത്യേകമായ താല്പര്യം ജനിപ്പിക്കുന്നു.

നരസിംഹക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള നിയോഗം ഇന്ന് എനിക്ക് ഉണ്ടായത്. അതിനാല്‍ എഴുത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ ആവുന്നില്ല. ബൌദ്ധികമായ ഒരു ഈശ്വരപൂജ ആയിട്ടാണ് ഞാന്‍ എഴുത്തിനെ കാണുന്നത്. ബുദ്ധിശക്തി പ്രയോഗിക്കാന്‍ ഉള്ളതാണ്. അത്  സമൂഹത്തിന്റെ നന്മയ്ക്കായി വേണം പ്രയോഗിക്കാന്‍. ഒരു ശാന്തിക്കാരന്റെ കരിയറില്‍ ബൌദ്ധിക ഗുണങ്ങള്‍ക്ക് വലിയ പ്രയോഗം വരുന്നില്ല. കായികവും മാനസികവും ആയ കഠിനചര്യകള്‍ ആണ് ക്ഷേത്രത്തില്‍ ഉള്ളത്. അവയില്‍ പലതും അശാസ്ത്രീയം ആയിരിക്കുന്നു.

അവ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട എളിയ കടമ ഉള്ളതായി തോന്നിയത് കൊണ്ട് ആ വഴിക്ക് നിരന്തരം പ്രയത്നിച്ചു വരുന്നു. അതിനായി ക്ഷേത്ര സാഹചര്യങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കെണ്ടാതായും വരുന്നുണ്ട്.

ആത്മാവിഷ്കാരം നടത്തുന്നതിന് ഇന്റര്‍നെറ്റ്‌ പറ്റിയ മാര്‍ഗം ആണെന്ന് തെളിഞ്ഞിരിക്കുന്നു. നമ്മുടെ പതിവിന്പടി ബ്ലോഗിങ്ങ് കുറച്ചുകൂടി കാര്യക്ഷമം ആക്കണം എന്ന് വിചാരിക്കുന്നുണ്ട്...

രണ്ടിനും (ക്ഷേത്രപൂജയ്ക്കും ബ്ലോഗ്ഗിങ്ങിനും) ആവശ്യമായ mind set രണ്ടു തരം ആണെന്നു പറയാം. ഇതര വിഷയങ്ങളില്‍ ഒന്നിലും deep involvement അനുവദിക്കാത്ത തൊഴില്‍ ആണ് ക്ഷേത്രശാന്തി. അത് പതിവാക്കിയാല്‍ ഈ ബ്ലോഗിന്റെ ഗതി അധോഗതി ആയിരിക്കും.

അജ്ഞാതരായ വായനക്കാരോട് ആശയവിനിമയം നടത്തുമ്പോള്‍, അത് ശരിയായ രീതിയില്‍ ആയി എന്നൊരു തോന്നല്‍ ഉണ്ടായാല്‍ അതാണ്‌ ആത്മസംതൃപ്തി. എഴുത്തുകാരന് അത് മാത്രം പോരെ എന്നൊരു ചോദ്യം ഒരു സുഹൃത്ത്‌ എന്നോട് ചോദിച്ചു. ആത്മീയഫലം എല്ലാ ജോലികള്‍ക്കും ഉണ്ട്. എന്ന് കരുതി ആരും ഭൌതിക ഫലങ്ങള്‍ വേണ്ടെന്നു വയ്ക്കുക ഇല്ലല്ലോ. അതുകൊണ്ട് അങ്ങനെ സംശയിക്കാനില്ല, താങ്കള്‍ തരാന്‍ ഉദ്ദേശിക്കുന്നത് മുഴുവന്‍ തന്നോളൂ എന്ന് മറുപടിയും എഴുതി.  എനിക്ക് കിട്ടിയത് മൂന്നക്ഷരം ആയിരുന്നു. "ഹ ഹ ഹ".

അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇല്ലാത്ത നേരം ഉണ്ടാക്കി എന്തെങ്കിലും വിഡ്ഢിത്തങ്ങള്‍ എങ്കിലും എഴുതി പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നുകയാണ്.

ഓം നമോ നാരായണായ. 

No comments:

Post a Comment