Tuesday, 16 July 2013

രാമായണമാസം

രാമായണമാസ ആശംസകള്‍ 
വേദാന്തത്തിന്റെ സാരസര്സ്വം ആണ് രാമായണം. മൂലകൃതിയായ വാത്മീകിരാമായണത്തില് നിന്ന് ആന്തരികപ്രചോദനം ഉള്ക്കൊണ്ട്, ഒട്ടേറെ കവികള് വിവിധഭാഷകളില് രാമായണത്തെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. അവയില് നമുക്ക് സുപരിചിതമായതാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. തുളസീദാസിന്റെ രാമചരിതമാനസം, കമ്പരാമായണം തുടങ്ങിയവയാണ് മറ്റു ചിലത്.

പരിഭാഷയെന്നോ തര്ജ്ജമയെന്നോ വിവക്ഷ ചെയ്യാതെ പുനസ്സൃഷ്ടി എന്ന് പരാമര്ശിച്ചതിന് കാരണങ്ങളുണ്ട്. മൂലകൃതിയില് നിന്നും ഭാഷാകൃതിയ്ക്കുള്ള നിസ്സാരമല്ലാത്ത വ്യതിയാനങ്ങള് തന്നെ. അതിനെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാല് ആരും ചോദ്യം ചെയ്യാന് മുതിര്ന്നിട്ടില്ല. മാത്രമല്ല എഴുത്തച്ഛന്റെ രാവണനാണ് മലയാളികളുടെ മനസ്സില് പ്രതിഷ്ഠിതമായിട്ടുള്ളത്. അതിന്റെ ഉറപ്പ് പരിശോധിക്കാനും ആരും മുതിര്ന്നിട്ടില്ല.   നിര്മലാനന്ദഗിരിസ്വാമികളുടെ ഒരു പ്രഭാഷണം മുമ്പ് യൂ ടൂബില് കണ്ടിരുന്നു. (രാമായണത്തിലെ രാവണന് ) എത്രയധികം വിനയത്തോടെയാണ് അദ്ദേഹം ഈ വിഷയം അവതരിപ്പിക്കുന്നതെന്ന് നോക്കുക.  രാവണന്റെ മഹത്വം അറിയണമെങ്കില് മൂലകൃതി തന്നെ വായിക്കണം.

ശരിയായ പുരാണ അവബോധം വേണമെങ്കില് മൂലകൃതികള് തന്നെ വായിക്കണം. അത് ഭാഗവതമായാലും രാമായണമായാലും മഹാഭാരതമായാലും ശരി. അതിന്റെ ഔന്നത്യം എന്തായാലും ഭാഷാകൃതികള്ക്ക് ഇല്ലെന്ന് നിസ്സംശയം പറയാം. വിഷ്ണുഭാഗവതമാണ് ഞാനിപ്പോള് വായിച്ചുവരുന്നത്. അതിന് അതിന്റേതായ കാന്തമണ്ഡലമുണ്ട്. മുജ്ജന്മാര്ജ്ജിതമായ സുകൃതം ഉള്ളവര്ക്കേ ഭാഗവതം പഠിക്കാന് കഴിയൂ എന്നാണ്. ഉത്തമഗുരുവില്നിന്ന് ഉപദേശംകിട്ടിയിട്ടു പോലും ഒരാവൃത്തി വായിക്കാന് ഇതുവരെ സാധിച്ചിട്ടില്ല. മുജ്ജന്മസുകൃതത്തിന്റെ കുറവോ ഇജ്ജന്മ ദുഷ്കൃതത്തിന്റെ കൂടുതലോ ആവാം കാരണം. എന്തായാലും ആ വഴിക്ക് പരിശ്രമം തുടരുന്നു, പൂര്വാധികം ശക്തമായിത്തന്നെ.

രാമായണമാസം എല്ലാര്ക്കും രാ (ഇരുള്) മായണ മാസം ആവട്ടെ എന്നാശംസിക്കുന്നു.

No comments:

Post a Comment