Friday 26 July 2013

വൈദികവിദ്യാഭ്യാസം

ധാരാളം മഹാന്മാര്ക്ക് ജന്മം നല്കിയ നാടാണ് ഭാരതം. അവരുടെ മുഴുവന് പേരുവിവരങ്ങളൊന്നും ശേഖരിക്കാനും പ്രസിദ്ധീകരിക്കാനുമൊന്നും ആരും ശ്രമിച്ചിട്ടില്ല. മറ്റുള്ളവരുടെ മഹത്വം നോക്കിയിട്ട് വേണ്ടല്ലൊ ഒരാള്ക്ക് മഹാനാവുന്നതിന്... :D. കുറെ പേരുകള് പ്രസിദ്ധമായതു തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ്. വിദേശികള് കാരണം എന്നുതന്നെ പറയാം.

മഹാന്മാര്ക്ക് ജന്മം നല്കിയ പുണ്യഭാരതം ഇപ്പൊ മഹാന്മാരുടെ ഉല്പാദനം കര്ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. കുടുംബാസൂത്രണം എന്നൊക്കെ പറയുമ്പോലെ സമൂഹതലത്തില്   രഹസ്യമായ എന്തോ നിഗൂഡാസൂത്രണം ഇവിടെ വിജയകരമായ പദ്ധതിയായി നടപ്പാക്കപ്പെടുന്നു. well planned operation. ആര്ക്കുവേണ്ടി ആണ് ആരാണ് എന്നൊക്കെ നോക്കിയാല് മതി.

ഇതൊന്നും ആരും നോക്കി നടക്കുകയൊന്നും വേണ്ട. തനിയെ കാണപ്പെടും. തെളിഞ്ഞ് തെളിഞ്ഞ്. അതെങ്ങനെ എന്ന് ചോദിച്ചാല് അതിന് ഉത്തരം പറഞ്ഞാല് മനസ്സിലാക്കണം എങ്കില് അതിന് മറ്റു ചില കാര്യങ്ങള് ബോധിച്ചിരിക്കണം. തത്ത്വശാസ്ത്രാവബോധം. ഇവിടുത്തെ യൂണിവേഴ്സിറ്റികള് കൊടുക്കുന്ന PhD പോരാ. ഡോ. ഗോപാലകൃഷ്ണന്റേതുപോലെ ഉള്ള 32 ബിരുദങ്ങളും പോരാ...

ഭാരതത്തില് പ്രചലിതമായിട്ടുണ്ടായിരുന്ന വൈദികവിദ്യാഭ്യാസം മനുഷ്യനെ അടങ്ങിയിരിക്കാന് പഠിപ്പിക്കുന്നതായിരുന്നു. ബഹളം വയ്ക്കാന് പഠിപ്പിക്കുന്നത് അല്ലായിരുന്നു. ആത്മസംയമനപരിശീലനം ആയിരുന്നു. കവലപ്രസംഗകോലാഹലാഹ്വാനമല്ലായിരുന്നു. സ്വന്തം നട്ടെല്ല് ചോദിച്ചപ്പോള് അത് ദാനമായി നല്കിയ ദധീചി മഹര്ഷിയൊക്കെ വൈദികജ്ഞാനത്തിന്റെ ഉജ്ജ്വലമായ ഉല്പന്നങ്ങളായിരുന്നു.

ഇന്നത്തെ സനാതനികള്ക്ക് ഏറ്റവും വലിയ സന്ന്യാസി സ്വാമി വിവേകാനന്ദനാണ്. എന്താകാരണം? ഇന്നത്തെ ഭാരതീയരുടെ സ്വപ്നഭൂമിയായ വിദേശത്ത് പോയി കുറച്ച് വിവരം നേടിക്കൊണ്ടുവന്നു. ഇവിടെയിരുന്നാ ഉണ്ടാകുന്ന വിവരം എങ്ങനെ വിവരമാകും. സായിപ്പ് അംഗീകരിച്ചാല് പിന്നെ അതിലപ്പുറം ഒന്നുമില്ല. ഇതിന്റെ പേരാണ് വിദേശവിശ്വാസം. വിദേശഭക്തി, വിദേശാഭിമാനം തുടങ്ങിയ പദങ്ങള് പ്രയോഗത്തില് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വൈദികവിദ്യാഭ്യാസം എന്ന വിഷയത്തിലേയ്ക്ക് ഒരു ചൂണ്ടു പലക മാത്രമാണീ പോസ്റ്റ്. വേണ്ടി വന്നാല് കൂടുതലെഴുതാം. ഇങ്ങനെയുള്ള നഷ്ടകരമായ വിദ്യാഭ്യാസമായിരുന്നു ശൂദ്രാദികള്ക്ക് നിഷേധിച്ചിരുന്നത്. അല്ലാതെ പഠിച്ചാലുടനെ ഉയര്ന്ന ശമ്പളം കിട്ടുന്ന ആദായകരമായ വിദ്യാഭ്യാസം അല്ലായിരുന്നു. ഈ വ്യത്യാസം നിസ്സാരമായി കരുതി കണ്ടില്ലെന്നു നടിക്കത്തക്കതല്ല.

ബ്രാഹ്മണ്യം എന്നത് നൂറുശതമാനം ആള്ക്കാരിലും അഭിലഷണീയമായ ഒരു സ്വഭാവവിശേഷമല്ല, അവസ്ഥാവിശേഷമല്ല. നാടിന് ബ്രാഹ്മണരേക്കാള് ഇരട്ടി ക്ഷത്രിയരും അതിലിരട്ടി വൈശ്യരും അതിലും ഇരട്ടി ശൂദ്രരും ആവശ്യമാണെണ്. അതാണ് ബാലന്സ്ഡ് ആയ ഗുണസംതുലിതാവസ്ഥ. ഗുണസാമ്യാവസ്ഥ. സത്വരജസ്തമോഗുണവിഭാഗങ്ങളുടെ equilibrium. ഇന്ന് ഗുണസാമ്യത ഇല്ല. ഗുണമില്ല പിന്നെയല്ലേ ഗുണസാമ്യത. സത്വവും രജസ്സുമില്ല, തമസ്സാണ് അധികം, അതിന് സത്വത്തിന്റെയും രജസ്സിന്റെയും മുഖം അഥവാ ലേബല് ആകയാല് ശുദ്ധതമസ്സെന്നു വിളിക്കാനും പേടിക്കണം.

ഇതുപോലുള്ള ദാര്ശനികമായ  (philosophic) തത്ത്വങ്ങളില് അധിഷ്ഠിതം ആയിരുന്നു ചാതുര്വര്ണ്യമെന്ന പഴയ നിയമവ്യവസ്ഥ. Old Penal Code. അതെന്താണെന്ന് തത്ത്വഅര്ഥത്തില് മനസ്സിലാക്കാന് കഴിവില്ലാത്തവരുടെ അന്ധമായ ആരോപണവും എതിര്പ്പും ആ തത്ത്വത്തോടുള്ള എതിര്പ്പാണ് തത്ത്വശാസ്ത്രത്തോടുള്ള എതിര്പ്പാണ്. നാലു ദിക്കും ഒരുപോലെ അല്ലേ, സൂര്യന് എന്തുകൊണ്ട് ദിവസവും ഈ കിഴക്ക് തന്നെ ഉദിക്കുന്നു. അത് ദിക്ക് വിവേചനമല്ലേ എന്നൊക്കെ സങ്കുചിതതലചിന്താഗതി. അവിദ്യ, അബുദ്ധി, അവിവേകം, അസദ്ബുദ്ധി. ഫലവും തഥൈവ.

ഭാരതീയതത്ത്വശാസ്ത്രത്തെ മെറ്റീരിയലിസം കൊണ്ട് അതിനെ അളക്കാനുള്ള പരിശ്രമം ചെങ്ങഴികൊണ്ട് സമുദ്രജലം അളക്കുമ്പോലെയാണ്.  അതിന് ആധുനികശാസ്ത്രത്തിന്റെ പിന്ബലമൊന്നും ആവശ്യമില്ല. ശാസ്ത്രജ്ഞരുടെ സഹായവും ആവശ്യമില്ല. അതിനെ മനസ്സിലാക്കാന് ശ്രമിക്കുന്ന സത്യാന്വേഷികളായ വിദ്യാര്ഥികളുടെ ശ്രദ്ധ അതിനു ലഭിച്ചാല് അവര്ക്ക് കൊള്ളാം. ആരും മൈന്റ് ചെയ്തില്ലെങ്കിലും ശാസ്ത്രം ശാസ്ത്രം തന്നെ.

No comments:

Post a Comment