Wednesday, 5 November 2025

ശ്രീഭാഗവതാലയം

 ശ്രീഭാഗവതാലയം

യഃ ശ്രീഭാഗവതാലയോ വിജയതേ 

യശ്ചന്ദ്രവംശോത്ഭവോ

യോ ജാതഃ ശ്രുതിഗോചരേ യദുകുലേ 

ഗോപാലബാലൈസ്സഹ

യസ്യാലാപിതവേണുഗാനസുധയാ 

മുഹ്യന്തി ഗോപീജനാഃ

യസ്യാരാധനയാ ചരാചരഗണാ-

സ്തുഷ്യന്തി തസ്മൈ നമഃ

ചന്ദ്രവംശത്തില്‍ ഉത്ഭവിച്ച്, ശ്രുതിഗോചരമായ വിധം യദുകുലത്തില്‍ ഗോപാലബാലന്മാരോടൊപ്പം ജനിച്ച് വേണുഗാനസുധയാല്‍ ഗോപസ്ത്രീകളെ മോഹിതരാക്കിയ യാതൊരുവന്‍റെ ആരാധനയാല്‍ ചരാചരഗണങ്ങള്‍ സന്തുഷ്ടരാകുന്നുവോ, ശ്രീമദ്ഭാഗവതം ആലയമായി വിജയിക്കുന്ന അവിടുത്തേക്കായിക്കൊണ്ട് നമസ്കാരം. 

ആരാധനാമൂര്‍ത്തിയുടെ പേരു മറച്ചുപിടിച്ചുകൊണ്ടുള്ള  പരോക്ഷസ്തുതിയാണിത്. ഇതിലൊരു മാജിക് ഉണ്ട്. ഒരു വാക്കുപോലും ചേര്‍ക്കാതെ ഇതിനെ പ്രത്യക്ഷസ്തുതി ആക്കാനാവും. വിജയതേ എന്നത് വിജയ തേ എന്നെടുത്താല്‍ സ്വീകര്‍ത്താവ് 'വിജയന്‍' ആയി പ്രത്യക്ഷപ്പെടുന്നു!  

ഭാഗവതാലയഃ - ഭാഗവതം ആലയം ആയിട്ടുള്ളവന്‍.  ഈ വിശേഷണവും പുതുമയുള്ളതാണ്. സഹസ്രനാമത്തിലോ മറ്റെങ്ങുമോ കേട്ടിട്ടില്ല.  നൂതനകല്പനയാണ്. ഇതിന്‍റെ പ്രമാണം ശീമദ്ഭാഗവതം കാണപ്പെടുന്ന കൃഷ്ണന്‍ തന്നെയാണ് എന്ന ശ്ലോകമാണ്. ശ്രീമദ്ഭാഗവതാഖ്യോയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി.  ഭഗവാന്‍റെ സൂക്ഷ്മശരീരമാണ് ഭാഗവതം എന്നു വ്യക്തം. 

ആലയം വാസസ്ഥാനമോ ശരീരമോ ആവാം.  "പിബത ഭാഗവതം രസം ആലയം" ഭാഗവതരസത്തെ അതില്‍ ലയിച്ചു ചേരുവോളം - ആവോളം കുടിക്കൂ. ആരാണ് ഭാഗവതാലയന്‍? ലയം വരുവോളം ഭാഗവതത്തില്‍ പരിപൂരിതമായി ലയിച്ചു ചേര്‍ന്നിട്ടുള്ള മൂര്‍ത്തി. അതാരാണെന്ന് പേരു പറയേണ്ടതില്ല എന്നു സാരം.  

ഭാഗവതാലയഃ എന്നത് നാമവിശേഷണമായിട്ടാണ് ഇവിടെ എടുത്തത്. ഇനി അതിനെ നാമമായിട്ട് എടുക്കാം. അപ്പോള്‍ അതിന്‍റെ അര്‍ഥം ഭാഗവതോപാസകരുടെ മന്ദിരമോ വിഹാരമോ സത്രമോ നിവാസസ്ഥാനമോ ആവാം. അതൊരു ഭാഗവതസാധകന്‍റെ വസതിയുമാവാം. ആ അര്‍ഥത്തിലും ഭാഗവതാലയം എന്ന വാക്കിന് ഇവിടെ സാംഗത്യമുണ്ട്. എന്നാല്‍ സ്വകാര്യതയുടെ കലര്‍പ്പു വരുന്നത് പലര്‍ക്കും അരോചകമാവാം. അതിനാല്‍ ആ ഭാഗം ഇതോടനുബന്ധിച്ചു വ്യാഖ്യാനിക്കുന്നില്ല. ചെറിയ സൂചനയില്‍ ഒതുക്കാം.

വീട്ടിലിരുന്നു ചെയ്യുന്ന സ്വയം പഠനമാണ് സ്വാധ്യായം. Home work.   മാര്‍ഗനിര്‍ദ്ദേശകനായ ഒരു ഗൈഡ് മാത്രമാണ് അവിടെ ഗുരു. ഭാഗവതം ഭഗവാന്‍ ആണെങ്കില്‍ ഗുരുത്വമുള്ള അതൊരു ഗുരുവും കൂടിയാണല്ലൊ! 1998-ല്‍ ശ്രീസ്വപ്രഭാനന്ദസ്വാമിയില്‍നിന്ന് ഭാഗവതം മുതലായവ വായിക്കാനുള്ള ഉപദേശം കിട്ടിയതില്‍ പരം ഒരാള്‍ അല്പാല്പമായി സ്വാധ്യായം ചെയ്തുവരുന്നു. സാധകം ചെയ്തുവരുന്നു. മുമ്പൊരിക്കലൊരു സാധകവേളയില്‍ തോന്നിയ ശ്ലോകം അയാള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. അതൊന്ന് മിനുക്കി എഴുതുന്നു.

ഏകത്ര ചിരസംജാത-

ശ്രീമദ്ഭാഗവതസ്വനാ-  

ദഗ്രതോ ഹൃദി പശ്യാമി

മാധവം ധ്വനിരൂപതഃ

ഇതില്‍ ഏകത്ര എന്നതുകൊണ്ട് ഉദ്ദേശിച്ചത് കവിസങ്കേതമായ ഭവനത്തെ തന്നെയാണ്. സാഹിത്യകാര്യാലയമായ അതിനെ സാങ്കേതികമായി ആലയം എന്ന് വിളിക്കാറുണ്ട്. അതിനെപ്പറ്റി പതിനഞ്ച് സംസ്കൃതശ്ലോകമുള്ള പത്രിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ ലേഖനത്തോട് ഒരു വിശകലനം അനുബന്ധിക്കുന്നില്ല, മിനിമം സൂചനകളില്‍ ഒതുക്കുന്നു.

അംഗീകരിക്കുന്നതിന് സഹൃദയര്‍ വിമുഖത കാണിച്ച ആലയത്തിന് സ്വാഭാവികമായി കൈവന്ന ബഹുമതിയാണ് "ഭാഗവതാലയം" എന്നത്. ഇങ്ങനെയൊരു വെളിപാട് (output) പൂര്‍ണമായത് ഇന്നലെയാണ്.  ജന്മനാളില്‍ കൃത്യമായി വന്നാല്‍ അതില്‍ ആര്‍ക്കും ആശ്ചര്യം തോന്നും. ആ ആശ്ചര്യം എനിക്കും അനുഭവപ്പെടുന്നു. അതിവിടെ -ശാന്തിവിചാരം ബ്ലോഗില്‍- പങ്കു വയ്ക്കുന്നു. 

എന്‍റെ ഇപ്പോഴത്തെ നിത്യസത്സംഗവേദിയായ ഭാഗവതസങ്ഗം വാട്സപ് ഗ്രൂപില്‍ ഈശ്വരനിയോഗം പോലെ അനുഭവപ്പെടുന്ന ഒരു ഗുരുസാന്നിദ്ധ്യമുണ്ട്. വൈയാകരണനായ ഡോ.പി.നാരായണന്‍ സാര്‍. പണ്ടെഴുതി തഴയപ്പെട്ടു കിടന്ന ദുര്‍ബലമായ ശ്ലോകങ്ങളെ പിഴവു തീര്‍ക്കുന്നതിന് വഴി കാട്ടിത്തരുന്ന സാറിനോട് എനിക്കുള്ള നന്ദി ഒരു ശ്ലോകത്തിലൂടെ തന്നെ രേഖപ്പെടുത്തട്ടെ. 

നാരായണാഖ്യഭിഷജം

സ്വപ്രഭാനന്ദതാപസം

വന്ദയേതൗ ഗുരൂ സ്ഥൂല-

സൂക്ഷ്മസംശോധകൗ മുദാ. 


ബ്ലോഗ് റിവ്യൂ 2025

 2011 ല് തുടങ്ങി. 2012 ല് നിത്യേന പുതുക്കി സജീവമായി നിന്ന ബ്ലോഗ്. പിന്നീട് മൃതപ്രായമായി. ഇതിനു മുഖ്യകാരണം ആത്സംമയമനമാണ്. അത്യാവശ്യം വേണ്ടകാര്യങ്ങള് എഴുതാന് ഫേസ് ബുകിലേക്കുള്ള ചുവടുമാറ്റവുമുണ്ട്.   എഴുത്തിലും ഭേദം വായനയാണ് എന്ന അനുഭവം ശ്രീമദ്ഭാഗവതം പകര്ന്നു തന്നു. 

ഭാഗവതപ്രചാരണത്തിന് പിബത ഭാഗവതം എന്ന യൂ ടൂബ് ചാനല് തുടങ്ങി. കുറെ പ്രഭാഷണങ്ങളും പാരായണങ്ങളും പ്രസിദ്ധീകരിച്ചു. 2023 ല്  ഭാഗവതസംഗം എന്ന വാട്സപ് ഗ്രൂപ് തുടങ്ങിയതോടെ അതായി മുഖ്യം. 

ആനുകാലികവര്ത്തമാനങ്ങളും സാമൂഹ്യപ്രശ്നങ്ങളും ഗുരുതരമായ പലതും കണ്ടാലും പ്രതികരണം ഒഴിവാക്കി ഭാഗവതമാണ് ഭഗവാനെന്ന വിശ്വാസത്തില് അച്ചടക്കം പാലിച്ച് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. 


Saturday, 15 March 2025

മൂലത്തിലേക്കു മടങ്ങുക (Return to the Original)

മൂലകൃതിയാണ് എപ്പോഴും ആധികാരികം. പരിഭാഷകള് ഒരിക്കലും തത്തുല്യം ആവുകയില്ല. വിശേഷിച്ച് സംസ്കൃതത്തില് നിന്നും അന്യഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള് മൂലകൃതിയിലുള്ള പലതും ചോര്ന്നു പോകുന്നു. അതിലില്ലാത്ത ഭാവനകള് പലതും കലരുന്നു. 

സംസ്കൃതവരികളുടെ മന്ത്രശക്തി മലയാളത്തിനോ ഹിന്ദിക്കോ മറ്റു ഭാഷകള്ക്കോ ഇല്ല തന്നെ. സത്യമേവ ജയതേ എന്ന ഇടത്ത് സത്യം മാത്രം ജയിക്കും എന്നു പറഞ്ഞാല് മതിയോ    അതുപോലെ സത്യം വദ എന്നതിന് സത്യം പറ എന്ന് പരിഭാഷപ്പെടുത്തിയാലോ അതിന്റെ ഗുരുത്വം നഷ്ടമാകുന്നില്ലേ.?.  ഭംഗി പോകുന്നില്ലേ?

അര്ഥമറിയാത്തവര് പോലും മൂലകൃതി ആസ്വദിക്കുകയും,  മന്ത്രങ്ങള് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു എന്നത് സംസ്കൃതത്തിലുള്ള ഉത്തമ ബോധ്യം (Convincing Power) കൊണ്ടു തന്നെയാണ്.   LIC OF INDIA യുടെ Motto യോഗക്ഷേമം വഹാമ്യഹം എന്ന ഗീതാ വാക്യമാണ്.  BSNL  എടുത്തിരിക്കുന്നത് അഹര്നിശം സേവാമഹേ എന്ന സംസ്കൃതവാക്യമാണ്. ഇത് ആ ഭാഷയുടെ മന്ത്രശക്തിയേയും മേന്മയേയുമാണ് കാണിക്കുന്നത്. 

സംസ്കൃതം ആര്ക്കും മനസ്സിലാവാത്തതാണ് കടിച്ചാല് പൊട്ടാത്തതാണ് തുടങ്ങിയ ഭാവനകള് സനാതനരെന്ന് കരുതപ്പെടുന്നവര് വെച്ചുപുലര്ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ കഷ്ടമാണ്. ആ ധാരണ തിരുത്താന് കൂടിയാണ് ഞാന് ഭാഗവതപ്രചാരണത്തില് വ്യാപൃതനായിരിക്കുന്നത്. നമ്മുടെ പൈതൃകഭാഷ ആകയാല് പിതൃഭാഷ എന്ന വിശേഷണം സംസ്കൃതം അര്ഹിക്കുന്നു. 

മാതൃഭാഷയോടു പോലും മലായാളികള് കൂറു കാണിക്കുന്നില്ല. മലയാളം ഇവിടെ മരിക്കുകയാണെന്നതില് സംശയമില്ല.  മലയാളിയുടെ ഇഷ്ടഭാഷ മംഗ്ലീഷ് എന്ന സങ്കരഭാഷയാണ്. കലയും സാഹിത്യവും ഇവിടെ അധികപ്പറ്റായി ആര്ക്കും വേണ്ടാത്തതായിക്കഴിഞ്ഞു. ഇതില് ആര്ക്കും യാതൊരു ആശങ്കയും തോന്നുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

ഒറിജിനലിനേക്കാള് മഹത്വം  ഡ്യൂപ്ലിക്കേറ്റുകള്ക്ക് കല്പിക്കുന്ന വിചിത്രമായ മനശ്ശാസ്ത്രം  മലയാളിക്കു മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. 








Wednesday, 12 March 2025

കിളിപ്പാട്ടുകാരന്റെ അതിക്രമം

 നമസ്കാരം

ബ്ലോഗ് എഴുതുന്ന ശീലം എവിടെയോ കൈമോശം വന്നു! വായനാശീലം യുവതലമുറയ്ക്കും കൈമോശം വന്നിരിക്കുകയാണല്ലൊ, അതുപോലെ എന്നു കരുതാം.



ഇപ്പോള് ഭാഗവതപ്രചാരണത്തിലാണ് മുഖ്യശ്രദ്ധ. മലയാളത്തില് ചെറിയ വിവരണം നല്കി സംസ്കൃതപാരായണത്തിന് ഊന്നല് കൊടുത്തുകൊണ്ട്   ഭാഗവതസംഗം എന്നൊരു Whatsapp Group   2023 മുതല് നടത്തി വരുന്നു.  പിന്നീട്  ശ്ലോകാനുശ്ലോകമായി ഹിന്ദിയിലേക്ക് വിവര്ത്തനം ചെയ്തുകൊണ്ട് ഹിന്ദിയിലും ഭാഗവതഗ്രൂപ്പ് തുടങ്ങി. രണ്ടും നല്ല രീതിയില് മുന്നോട്ടു പോകുന്നു. 

You Tube ല് തുടങ്ങിയ പിബത ഭാഗവതം എന്ന വിഡിയോ ചാനല് ഇപ്പോള് സുഷുപ്തിയിലാണ്. സംയമനത്തിന്റെ ഭാഗമാണത്. തികച്ചും യാദൃച്ഛികമായാണ് ഹിന്ദി ഗ്രൂപ്പ് തുടങ്ങാനിടയായത്. നെറ്റില് നിന്നും ഹിന്ദി വ്യാഖ്യാനം അടങ്ങുന്ന ഒരു  PDF കിട്ടി. അതു നോക്കി വായിക്കുക മാത്രമാണ് ഞാന് ചെയ്യുന്നത്. അത് എനിക്ക് പുതിയ ഉള്ക്കാഴ്ച തരുന്നു. അതിന്റെ വെളിച്ചത്തില് മലയാളത്തിലെ കിളിപ്പാട്ട് തുടങ്ങിയവ ശരിയായ തര്ജമയല്ല എന്ന് വളരെ അധികം വിഷമത്തോടെ  തിരിച്ചറിയുന്നു. 

അന്യഥാവല്കരണം മൂലകൃതിയോടും ഗ്രന്ഥകര്ത്താവിനോടും കാണിക്കുന്ന അതിക്രമം തന്നെയാണ്. . അതിന് ന്യായീകരണങ്ങള് പലതുണ്ടാവാം. എന്നാല് അവ ഒന്നും ശരി വയ്ക്കാനാവില്ല. കുറ്റപ്പെടുത്തല് ഒന്നിനും പരിഹാരമല്ല.  തങ്ങള്ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന വാദം കറകളഞ്ഞ തമോഗുണത്തിന്റെ ലക്ഷണമാണ്.   ശരിയെന്നു തോന്നുന്നത് ചെയ്യുകമാത്രമാണ് കരണീയം.  

N.B. ആരാണ് ഈ കിളിപ്പാട്ടുകാരന് എന്ന ചോദ്യം വേണ്ട! അതിക്രമിയുടെ പേരു പറയാന് താത്പര്യമില്ല! 

മൂലഗ്രന്ഥത്തിന്റെ സമ്യക് പ്രചാരണമാണ് ചെയ്യേണ്ടത്.. അതിന് ഹിന്ദി ടെക്സ്റ്റിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഉത്തമം ആയിരിക്കും. അതിന് ഉത്സാഹമുള്ളവരെ ഒന്നിച്ചു പ്രവര്ത്തിക്കാന് ആഹ്വാനം ചെയ്യുന്നു
ഓം നമോ നാരായണായ.  

ഗ്രൂപ് ലിംകുകള്  

1)  ഭാഗവതസങ്ഗഃ (മലയാളം)

2) ശ്രീമദ്ഭാഗവതമഹാപുരാണം ഹിന്ദി ഗ്രൂപ്

Sunday, 23 June 2024

ബ്ലോഗിന് പുനര്‍ജന്മം


എല്ലാര്‍ക്കും സാദര നമസ്കാരം..🙏🙏🙏

ശാന്തിവിചാരം ബ്ലോഗിന് ഇത് പുനര്‍ജന്മം.....😁😁😁

2019 ജൂലൈ 15 ന് ബഗളാമുഖി യജ്ഞം എന്ന പോസ്റ്റ് എഴുതിയതില്‍ പിന്നെ അവിചാരിതമായി ഈ ബ്ലോഗ് സാങ്കേതികകാരണങ്ങളാല്‍ നിലച്ചുപോയി😢😢😢

ശത്രുവിന്‍റെ ജിഹ്വയെ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാവാം സംഘാടകര്‍  ദശദിന യജ്ഞം നടത്തിയത്.  അതൊന്നും അന്വേഷിക്കാതെയും അറിയാതെയും അതില് ഭാഗഭാക്കാകാന്‍ ഇടയായി. ബഗളാമുഖി മന്ത്രത്തെ വാഗ് സംയമനത്തിനുള്ള മന്ത്രമെന്ന നിലയില് മാത്രമാണ് ഞാന്‍ കണ്ടിരുന്നത്. സാമ്പ്രദായികരീതിയില്‍ വളര്‍ന്നു വന്നതിനാല്‍  മന്ത്രാദികളുടെ അര്ഥ വിചാരം സ്വതേതന്നെയില്ല.  അതീവ ശ്രദ്ധയോടെ കൂടുതല് തവണ മന്ത്രം ഉരുക്കഴിച്ചത് ഞാനായിരുന്നു. 

യജ്ഞത്തിന്‍റെ ‌എട്ടാം ദിവസം രാവിലെ ഞാന്‍ അതീവശ്രദ്ധയോടെ മന്ത്രം ജപിച്ച് ഹോമം ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്‍റെ പിന്നില്‍ അത്യുഗ്രവിഷമുള്ള ഒരു കറുത്ത സര്‍പ്പം വന്നു. അടുത്തിരുന്നയാള്‍ ഭയന്നു ഹോമം നിര്‍ത്തി. ഞാനത് കാര്യമാക്കാതെ ഹോമത്തില് നിന്നും ശ്രദ്ധ മാറ്റിയില്ല. 

ദണ്ഡിസ്വാമികള്‍ വിവരം അറിഞ്ഞു. സിദ്ധി വന്നതിന്‍റെ ലക്ഷണമാണ് സര്‍പ്പം എന്ന് പറഞ്ഞു. അതിനെ രാമേട്ടന്‍ പ്ലാസ്റ്റിക് ജാറില്‍ പിടികൂടി. അന്ന് വൈകിട്ട് അവിടെ വന്ന് വാവ സുരേഷ് അതിനെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ വാവ സുരേഷിനൊപ്പം നിന്ന് ഫോട്ടോ എടുത്തിരുന്നു. 

എന്നാലതൊന്നും പോസ്റ്റ് ചെയ്യാനുള്ള താല്പര്യം എനിക്കുണ്ടായില്ല. എന്‍റെ ജിഹ്വ ആയിരുന്ന ശാന്തിവിചാരം ബ്ലോഗ് പോലും സ്തംഭനാവസ്ഥയിലേക്കു പോയി. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും അവയ്ക്ക് വിശകലനസ്വഭാവമില്ല. സാരസംഗ്രഹമായി കാപ്സൂള്‍ ഫോമിലേ എഴുതാറുള്ളൂ. 

ബ്ലോഗ് എഴുതാനും വിശകലനം ചെയ്യാനുള്ള അസൗകര്യം സാങ്കേതികം കൂടിയായിരുന്നു. മൊബൈല്‍ ഫോണില്‍ ഫാസ്റ്റ് ടൈപ്പിങ് വശമില്ല. കംപ്യൂട്ടറില്‍ നെറ്റ് കിട്ടാത്തതിനാല്‍ ബ്ലോഗ് സ്പോട്ടില്‍ കയറാനും പറ്റാതെ ആയി. കംപ്യൂട്ടര്‍ സര്‍വീസ് സെന്‍ററീന്ന് പറഞ്ഞത് ഫോര്‍മാറ്റ് ചെയ്തിട്ട് വിന്‍ഡോസ് റീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു. 

ഇന്ന് അതു കൂടാതെ ഫലം കിട്ടി. വിന്‍ഡോസ് അപ്ഡേറ്റ് ചെയ്ത് മകന്‍ ഹരിശങ്കരന്‍റെ പരീക്ഷണം വിജയപ്രദമായി. അവന്‍ പത്താം തരം പാസ്സായി. കംപ്യൂട്ടര്‍ സയന്‍സില്‍ പ്ലസ് വണ്ണിന് ചേര്‍ന്നു. 

അഞ്ചാം വര്‍ഷം ബ്ലോഗിന് പുനര്ജന്മം കിട്ടിയതില്‍ വാക്കുകള്‍ക്ക് അതീതമായ സന്തോഷം പങ്കുവയ്ക്കുന്നു. കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട് താനും. 

2011 ലാണ് ശാന്തിവിചാരം ബ്ലോഗ് ആരംഭിച്ചത്. തുടര്ന്ന് അത് ഡൈലി അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗായി. 2012ല്‍ മൂന്ന് ബ്ലോഗുകള് വരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ മറ്റു രണ്ടുമൂന്ന് ബ്ലോഗ് സൈറ്റുകള്‍ കൂടി തുറക്കുകയുണ്ടായിട്ടുണ്ട്. 

ശാന്തിവിചാരം 2019 ല്‍ അവിചാരിതമായി നിലച്ചതില്‍ പിന്നെ പ്രഭാഷണവുമായി  യൂ ടൂബ് വ്ലോഗിങ് തുടങ്ങിയെങ്കിലും  അതത്ര സുകരമായി മാറിയില്ല. അതും ബഗളാമുഖി എഫക്ടാവാം ? 

പിബത ഭാഗവതം എന്ന യൂ ടൂബ് ചാനലും തഥൈവ. 

ഭാഗവതസംഗം എന്ന വാട് സപ് സത്സംഗ ഗ്രൂപ് 2023 മുതല്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. അതില്‍ ഭാഗവതപാരായണത്തിനു തന്നെയാണ് പ്രാധാന്യം. സംസ്കൃതം അറിയാത്തവര്‍ക്കും കേട്ടിരിക്കാന്‍ കഴിയാവുന്ന വിധത്തില്‍ Stream line ചെയ്ത് വോയ്സ് ഗൈഡ് ഉണ്ടാക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് ഭാഗവതസംഗം പ്രവര്‍ത്തിക്കുന്നത്. 

ഭാഗവതപ്രേമികള്‍ക്ക് സ്വാഗതം. ഗ്രൂപ്പ് ലിംക് ചുവടെ. 

Bhagavatasangam

ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് അനുരഞ്ജനത്തിന്‍റെ സന്ദേശം നല്‍കുന്ന  ഒരു  ക്ലാസ്സിക്  തിരക്കഥാരൂപവും രചന പൂര്‍ത്തി ആയിരിക്കുന്നു. 

Sunday, 14 July 2019

ബഗളാമുഖി യജ്ഞം

കേരളത്തില് ആദ്യമായി ബഗളാമുഖി യജ്ഞം നടന്നു. പത്തുദിവസത്തെ യജ്ഞം പത്ത് ഹോതാക്കളുടെ ജപവും ഹോമവുമായിട്ട്. 
ദ്വാരകാപീഠം ശങ്കരാചാര്യരുടെ ഇച്ഛാപ്രകാരവും അദ്ദേഹത്തിന്റെ ചെലവിലുമാണ് യജ്ഞം നടന്നത്.

വാഗ് സംയമനത്തിന്റെ ദേവതയായിട്ടാണ് ഞാന് ബഗളാമുഖിയെ മനസ്സിലാക്കുന്നത്. ജിഹ്വാസ്തംഭനത്തിനായും ചിലര് ബഗളാമുഖിയെ തെറ്റായി പ്രയോഗിക്കുന്നു.

യജ്ഞത്തില് ആദ്യന്തം പങ്കെടുക്കാന് എനിക്കും ഭാഗ്യമുണ്ടായി. ഭാഗവതപ്രചാരണാര്ഥം ചെയ്തുവരുന്ന പാരായണശബ്ദരേഖയോടൊപ്പം സമര്പ്പിച്ച പൂജാപത്രം ചുവടെ.


Monday, 22 April 2019

ഭക്തിവാദം എന്ന ശുദ്ധ ആഭാസം

നവോത്ഥാനകാലത്തെ തുടര്‍ന്ന് കേരളത്തില്‍ സജീവമായത് യുക്തിവാദമാണ്, സയന്‍സിന്‍റെ പുതപ്പണിഞ്ഞ്. അവരുടെ ഹിന്ദുത്വവിധ്വംസന അജണ്ടയെ മാധവജി തകര്‍ത്തു. നിലയ്ക്കല്‍ സംഭവത്തിനുശേഷം രാഷ്ട്രീയ ബദല്‍വാദമായി ഉപരിപ്ലവമായ ഭക്തിവാദം ഉണ്ടായി. അത് യുക്തിവാദത്തിന് എതിരായി. യുക്തിവിരുദ്ധതയായി. യുക്തിഭദ്രമായ വൈദിക ആചാരങ്ങളെ എതിര്‍ത്തവര്‍ ആദായം നോക്കി ആചാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് ശുദ്ധ ആഭാസം തന്നെ. ഇതിന് ഒരു ഉദാഹരണം പറയാം.
ബാലന്‍ പിള്ളയും തങ്കപ്പന്‍പിള്ളയും സഹപാഠികളും അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. ബാലന്‍പിള്ള അത്യദ്ധ്വാനി. തങ്കപ്പന്‍പിള്ള കോടീശ്വരന്‍ പക്ഷെ അറുപിശുക്കന്‍. ഇരുവരും ക്ഷേത്രവിശ്വാസികള്‍.. ബാലന്‍പിള്ളയ്ക്ക് കൂലിപ്പണിയേ ഉള്ളൂ. അതും എന്നും ഉണ്ടാവില്ല. അതിനാല്‍ ക്ഷേത്രത്തില്‍ നിസ്സാരവവേതനത്തിന് ബാലന്‍പിള്ള കഴകപ്പണിയും ചെയ്യുന്നു. പാത്രം തേപ്പ്, വിളക്ക് തെളിക്കല്‍, തുറക്കല്‍ അടയ്ക്കല്‍ തുടങ്ങിയവ. അത്യാവശ്യം പൂക്കളും ശേഖരിക്കും മാലകെട്ടാന്‍ അറിയാത്തത് കൊണ്ട് അതില്ല. വെറുതെ ഇരിക്കുന്ന സ്വഭാവം ബാലന്‍പിള്ളയ്ക്ക് ഇല്ല. വെട്ടുകത്തിയെടുത്ത് കാടുവെട്ടുക, മമ്മെട്ടിയെടുത്ത് പരിസരം വൃത്തിയാക്കുക തുടങ്ങിയവ പിള്ളേച്ചന് ഹോബിയാണ്. എന്നാല്‍ അതിന്‍റെ വകയില്‍ പത്തുരൂപയെങ്കിലും കൊടുക്കാമെന്ന് സഹപാഠിയായ തങ്കപ്പന്‍പിള്ള വിചാരിക്കുന്നില്ല. അയാള്‍ ശ്രീകാര്യക്കാരനാണ് അവിടെ. എണ്ണ, കര്‍പ്പൂരം ആദികളുടെ കരാര്‍ വില്പനക്കാരനുമാണ്.
വൈന്നേരം നടയടയ്ക്കാന്‍ നേരത്ത് കരിന്തിരി കത്താതെ വിളക്കുകളെല്ലാം അണയ്ക്കണമെന്ന് പൂജാരി ബാലന്‍പിള്ളയോട് പറഞ്ഞു. പക്ഷെ പിള്ളേച്ചന്‍ അതു സമ്മതിച്ചില്ല. കത്തിക്കോട്ടെ. കെടുത്തിയാല്‍ തങ്കപ്പന്‍ വെളുപ്പിനെ വന്ന് എണ്ണയൂറ്റും. അത് പിടിക്കാനാണ് ബാലന്‍പിള്ള എന്ന ഭക്തന്‍ കൊച്ചുവെളുപ്പിനെ തന്നെ വീറോടെ അമ്പലത്തില്‍ വരുന്നത്.
ഇതുപോലെയാണ് പലരുടെയും ഭക്തിയുടെ വഴി. പണക്കാരനായ ശബരിമല അയ്യപ്പനെയും പപ്പനാഭനെയും ഒരിക്കലും കമ്മൂണിസ്റ്റുകാര്‍ വെച്ചനുഭവിക്കരുത്.
ഇത്രേയുള്ളു ഇന്നത്തെ ഭക്തിവാദത്തിന്റെ പൊരുള്.