Wednesday, 5 November 2025

ശ്രീഭാഗവതാലയം

 ശ്രീഭാഗവതാലയം

യഃ ശ്രീഭാഗവതാലയോ വിജയതേ 

യശ്ചന്ദ്രവംശോത്ഭവോ

യോ ജാതഃ ശ്രുതിഗോചരേ യദുകുലേ 

ഗോപാലബാലൈസ്സഹ

യസ്യാലാപിതവേണുഗാനസുധയാ 

മുഹ്യന്തി ഗോപീജനാഃ

യസ്യാരാധനയാ ചരാചരഗണാ-

സ്തുഷ്യന്തി തസ്മൈ നമഃ

ചന്ദ്രവംശത്തില്‍ ഉത്ഭവിച്ച്, ശ്രുതിഗോചരമായ വിധം യദുകുലത്തില്‍ ഗോപാലബാലന്മാരോടൊപ്പം ജനിച്ച് വേണുഗാനസുധയാല്‍ ഗോപസ്ത്രീകളെ മോഹിതരാക്കിയ യാതൊരുവന്‍റെ ആരാധനയാല്‍ ചരാചരഗണങ്ങള്‍ സന്തുഷ്ടരാകുന്നുവോ, ശ്രീമദ്ഭാഗവതം ആലയമായി വിജയിക്കുന്ന അവിടുത്തേക്കായിക്കൊണ്ട് നമസ്കാരം. 

ആരാധനാമൂര്‍ത്തിയുടെ പേരു മറച്ചുപിടിച്ചുകൊണ്ടുള്ള  പരോക്ഷസ്തുതിയാണിത്. ഇതിലൊരു മാജിക് ഉണ്ട്. ഒരു വാക്കുപോലും ചേര്‍ക്കാതെ ഇതിനെ പ്രത്യക്ഷസ്തുതി ആക്കാനാവും. വിജയതേ എന്നത് വിജയ തേ എന്നെടുത്താല്‍ സ്വീകര്‍ത്താവ് 'വിജയന്‍' ആയി പ്രത്യക്ഷപ്പെടുന്നു!  

ഭാഗവതാലയഃ - ഭാഗവതം ആലയം ആയിട്ടുള്ളവന്‍.  ഈ വിശേഷണവും പുതുമയുള്ളതാണ്. സഹസ്രനാമത്തിലോ മറ്റെങ്ങുമോ കേട്ടിട്ടില്ല.  നൂതനകല്പനയാണ്. ഇതിന്‍റെ പ്രമാണം ശീമദ്ഭാഗവതം കാണപ്പെടുന്ന കൃഷ്ണന്‍ തന്നെയാണ് എന്ന ശ്ലോകമാണ്. ശ്രീമദ്ഭാഗവതാഖ്യോയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി.  ഭഗവാന്‍റെ സൂക്ഷ്മശരീരമാണ് ഭാഗവതം എന്നു വ്യക്തം. 

ആലയം വാസസ്ഥാനമോ ശരീരമോ ആവാം.  "പിബത ഭാഗവതം രസം ആലയം" ഭാഗവതരസത്തെ അതില്‍ ലയിച്ചു ചേരുവോളം - ആവോളം കുടിക്കൂ. ആരാണ് ഭാഗവതാലയന്‍? ലയം വരുവോളം ഭാഗവതത്തില്‍ പരിപൂരിതമായി ലയിച്ചു ചേര്‍ന്നിട്ടുള്ള മൂര്‍ത്തി. അതാരാണെന്ന് പേരു പറയേണ്ടതില്ല എന്നു സാരം.  

ഭാഗവതാലയഃ എന്നത് നാമവിശേഷണമായിട്ടാണ് ഇവിടെ എടുത്തത്. ഇനി അതിനെ നാമമായിട്ട് എടുക്കാം. അപ്പോള്‍ അതിന്‍റെ അര്‍ഥം ഭാഗവതോപാസകരുടെ മന്ദിരമോ വിഹാരമോ സത്രമോ നിവാസസ്ഥാനമോ ആവാം. അതൊരു ഭാഗവതസാധകന്‍റെ വസതിയുമാവാം. ആ അര്‍ഥത്തിലും ഭാഗവതാലയം എന്ന വാക്കിന് ഇവിടെ സാംഗത്യമുണ്ട്. എന്നാല്‍ സ്വകാര്യതയുടെ കലര്‍പ്പു വരുന്നത് പലര്‍ക്കും അരോചകമാവാം. അതിനാല്‍ ആ ഭാഗം ഇതോടനുബന്ധിച്ചു വ്യാഖ്യാനിക്കുന്നില്ല. ചെറിയ സൂചനയില്‍ ഒതുക്കാം.

വീട്ടിലിരുന്നു ചെയ്യുന്ന സ്വയം പഠനമാണ് സ്വാധ്യായം. Home work.   മാര്‍ഗനിര്‍ദ്ദേശകനായ ഒരു ഗൈഡ് മാത്രമാണ് അവിടെ ഗുരു. ഭാഗവതം ഭഗവാന്‍ ആണെങ്കില്‍ ഗുരുത്വമുള്ള അതൊരു ഗുരുവും കൂടിയാണല്ലൊ! 1998-ല്‍ ശ്രീസ്വപ്രഭാനന്ദസ്വാമിയില്‍നിന്ന് ഭാഗവതം മുതലായവ വായിക്കാനുള്ള ഉപദേശം കിട്ടിയതില്‍ പരം ഒരാള്‍ അല്പാല്പമായി സ്വാധ്യായം ചെയ്തുവരുന്നു. സാധകം ചെയ്തുവരുന്നു. മുമ്പൊരിക്കലൊരു സാധകവേളയില്‍ തോന്നിയ ശ്ലോകം അയാള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. അതൊന്ന് മിനുക്കി എഴുതുന്നു.

ഏകത്ര ചിരസംജാത-

ശ്രീമദ്ഭാഗവതസ്വനാ-  

ദഗ്രതോ ഹൃദി പശ്യാമി

മാധവം ധ്വനിരൂപതഃ

ഇതില്‍ ഏകത്ര എന്നതുകൊണ്ട് ഉദ്ദേശിച്ചത് കവിസങ്കേതമായ ഭവനത്തെ തന്നെയാണ്. സാഹിത്യകാര്യാലയമായ അതിനെ സാങ്കേതികമായി ആലയം എന്ന് വിളിക്കാറുണ്ട്. അതിനെപ്പറ്റി പതിനഞ്ച് സംസ്കൃതശ്ലോകമുള്ള പത്രിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ ലേഖനത്തോട് ഒരു വിശകലനം അനുബന്ധിക്കുന്നില്ല, മിനിമം സൂചനകളില്‍ ഒതുക്കുന്നു.

അംഗീകരിക്കുന്നതിന് സഹൃദയര്‍ വിമുഖത കാണിച്ച ആലയത്തിന് സ്വാഭാവികമായി കൈവന്ന ബഹുമതിയാണ് "ഭാഗവതാലയം" എന്നത്. ഇങ്ങനെയൊരു വെളിപാട് (output) പൂര്‍ണമായത് ഇന്നലെയാണ്.  ജന്മനാളില്‍ കൃത്യമായി വന്നാല്‍ അതില്‍ ആര്‍ക്കും ആശ്ചര്യം തോന്നും. ആ ആശ്ചര്യം എനിക്കും അനുഭവപ്പെടുന്നു. അതിവിടെ -ശാന്തിവിചാരം ബ്ലോഗില്‍- പങ്കു വയ്ക്കുന്നു. 

എന്‍റെ ഇപ്പോഴത്തെ നിത്യസത്സംഗവേദിയായ ഭാഗവതസങ്ഗം വാട്സപ് ഗ്രൂപില്‍ ഈശ്വരനിയോഗം പോലെ അനുഭവപ്പെടുന്ന ഒരു ഗുരുസാന്നിദ്ധ്യമുണ്ട്. വൈയാകരണനായ ഡോ.പി.നാരായണന്‍ സാര്‍. പണ്ടെഴുതി തഴയപ്പെട്ടു കിടന്ന ദുര്‍ബലമായ ശ്ലോകങ്ങളെ പിഴവു തീര്‍ക്കുന്നതിന് വഴി കാട്ടിത്തരുന്ന സാറിനോട് എനിക്കുള്ള നന്ദി ഒരു ശ്ലോകത്തിലൂടെ തന്നെ രേഖപ്പെടുത്തട്ടെ. 

നാരായണാഖ്യഭിഷജം

സ്വപ്രഭാനന്ദതാപസം

വന്ദയേതൗ ഗുരൂ സ്ഥൂല-

സൂക്ഷ്മസംശോധകൗ മുദാ. 


No comments:

Post a Comment