നന്ദിപൂര്‍വം... നിങ്ങളുടെ വാസുതിരി (27.11.26)
752-ാമത്തെ പോസ്റ്റായ നര്‍മപുരാണം പ്രസിദ്ധീകരിച്ചതോടെ ശരാശരി ഹിറ്റുകള്‍ പ്രതിദിനം നാലായിരത്തോളം ആയി 'ശാന്തിവിചാരം' ഉയര്‍ന്നിരിക്കുന്നു. ഈ സ്വീകാര്യതയ്ക്ക് വായനക്കാര്‍ക്കു നന്ദി. ഈ വേളയില്‍ പെട്ടെന്ന് ഓര്‍ക്കുന്ന ചിലതു പറയട്ടെ.
2011-ല്‍, തിരുവനന്തപുരം യോഗക്ഷേമ ഉപസഭയുടെ "യജ്ഞോപവീതം" മാസികയില്‍ ഞാനാരംഭിച്ച 'ശാന്തിവിചാരം' എന്ന ലേഖനപംക്തിയില്‍ നിന്നുമാണ് അതേ പേരില്‍ ബ്ലോഗ് രൂപത്തിലുള്ള ഈ വിചാരധാരയുടെ ഉത്ഭവം.
അക്കാലത്ത് 2004 മുതല്‍ ഞാന്‍ ആ മാസികയില്‍ സജീവമായി എഴുതിയിരുന്നു, ക്രമേണ അതില്‍ പത്രാധിപസമിതി അംഗവുമായി. എന്നാല്‍ യാതൊരു വിധത്തിലുള്ള പ്രതികരണവും വായനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. സമുദായത്തിനുള്ളില്‍ നിന്നു പറഞ്ഞിട്ടു കാര്യമില്ലെന്ന തിരിച്ചറിവാണ് ബ്ലോഗെഴുത്തിലേക്ക് എന്നെ നയിച്ചത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
ബ്ലോഗില്‍ നല്ല പ്രതികരണങ്ങള്‍ ഉണ്ടായി. മുതിര്‍ന്ന ബ്ലോഗറായ 'ലാലേട്ടന്‍' അഭിപ്രായജാലകത്തിലൂടെ വിരുന്നു വന്നു. ആറുമാസത്തോളം സൗഹൃദപൂര്‍ണമായ സഹയാത്ര നടത്തി. ക്ഷേത്രത്തിലെ അധികാരിവര്‍ഗ്ഗമായ തന്ത്രിമാരുടെ നിലപാടിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു. (സ്ക്രീന്‍ ഷോട്ട് കാണുക) ശാന്തിക്കാര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് ചര്‍ച്ചകളില്‍ നിന്നും എനിക്കെതിരെ പോരുമായി ഒരു വിഷ്ണുനാമധാരി ബ്ലോഗിലുമെത്തി. എന്‍റെ ഇ-മെയില്‍ ഐഡിയില്‍ നിന്നു വേര്‍തിരിച്ച "വാസുതിരി" എന്ന ചുരുക്കെഴുത്തില്‍ ഒരക്ഷരം കൂടി കുറച്ച് 'വസൂരി' ആക്കി അയാള്‍ എന്നെ ആക്രമിക്കാനുപയോഗിച്ചു. എനിക്കെതിരെ എന്‍റെ പേരില്‍നിന്നു തന്നെ വാക്സിന്‍ ഉണ്ടാക്കി സൗജന്യ ചികിത്സ ചെയ്യുന്ന ഡോക്ടറായി വിഷ്ണു വിലസി.
അതില്‍ നിന്നും വിഷ്ണുവിന്‍റെ രോഗം എന്താണെന്ന് ലാലേട്ടനു പിടികിട്ടി. കൃത്യമായ ഡയഗ്നോസിസ്.
'വാസുദേവന്‍ നമ്പൂതിരി' എന്ന് പൂര്‍ണമായി പേരു വെച്ചു തന്നെയാണ് ഞാന്‍ ബ്ലോഗ് എഴുതിയിരുന്നത്. എന്‍റെ വാലാണ് വിഷ്ണുവിന്‍റെ പ്രശ്നം എന്ന് ലാലേട്ടന്‍ പറയാതെ പറഞ്ഞു. 'ഒരു നമ്പൂതിരിയല്ലേ എന്നു കരുതി ധൈര്യമായിട്ട് രണ്ട് ചീത്ത വിളിച്ചു കളയാം' എന്നു കരുതുന്നവരുണ്ടല്ലൊ! എന്നെ പിന്തുണച്ചതോടെ വിഷ്ണു ലാലേട്ടനെതിരെ തിരിഞ്ഞു. "ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്" എന്നെഴുതി. എന്നെ ഈനാംപേച്ചി ആക്കിയത് ഞാന്‍ സഹിച്ചു. എന്നാല്‍ മരപ്പട്ടിയാക്കിയത് ലാലേട്ടനു സഹിക്കേണ്ടതില്ല!
മറ്റുള്ളവരുടെ പേരിലെ പൈതൃകസൂചകമായ ഉപനാമങ്ങള്‍ (Surnames) കേരളീയര്‍ക്ക് പൊതുവിടങ്ങളില്‍ അന്താരാഷ്ട്രഭീകരപ്രശ്നം പോലെ തലവേദന സൃഷ്ടിക്കുന്നു! സമൂഹത്തില്‍ ജാതീയത പടര്‍ത്തുന്ന ഒന്നാമത്തെ വില്ലനായി കേരളസമൂഹം ഉപനാമങ്ങളെ കണ്ടു. ആ നാമവിദ്വേഷം ശരിയോ തെറ്റോ എന്ന് പരിശോധിക്കാതെ, ആ പൊതുചിന്തയെ മാനിച്ച്, നമ്പൂതിരി, വര്‍മ്മ, നായര്‍, പണിക്കര്‍ തുടങ്ങിയ ജാതിപ്പേരുകള്‍ ഉപേക്ഷിച്ച് കേരളത്തിലെ ടാര്‍ഗറ്റഡ് വിഭാഗമായ സവര്‍ണര്‍ ത്യാഗത്തിന്‍റെ പരിഷ്കൃതമാതൃക കാണിച്ചു. അന്യസംസ്ഥാനക്കാര്‍ അതു കണ്ട് പഠിച്ചോ? ഗൌനിച്ചതേയില്ല. കേരളമാതൃക സാധുവാകുന്നത് അതിനെ മറ്റുള്ളവര്‍ സ്വീകരിക്കുമ്പോഴാണ്. നിരാകരിക്കുമ്പോളല്ല.
അന്യസംസ്ഥാനങ്ങളില്‍ പേരുകള്‍ക്കൊപ്പം ജാതിവാലുകള്‍ കൊടിയടയാളം പോലെ ഉയര്‍ന്നു ശോഭിക്കുന്നു. പേരിനേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നതും പാരമ്പര്യസൂചകമായ ഉപനാമങ്ങളാണെന്നു കാണാം. വ്യക്തിത്വരൂപീകരണത്തിലും ഇംപ്രഷന്‍ രൂപീകരണത്തിലും ഉപനാമങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ആകയാല്‍ പേരിനേക്കാള്‍ ഗുരുത്വമേറിയ ഭാഗമായി ഈ സാംസ്കാരിക ഉപനാമങ്ങളെ പറയാം.
കംപ്യൂട്ടറില്‍ പോലും ഫയലുകള്‍ക്ക് ഇഷ്ടമുള്ള പേരിടുന്നതു കൂടാതെ ഡോട്ട് ഇട്ടതിനു ശേഷം സിസ്റ്റം തെന്നെ ഒരു എക്സ്റ്റന്‍ഷന്‍ ഇടുമല്ലൊ. അതിന് സോഫ്ട് വെയര്‍ സെന്‍സ് അഥവാ സൂക്ഷ്മവീക്ഷണം ഉള്ളവരുടെ കണ്ണില്‍ പരമമായ പ്രാധാന്യമുണ്ട്. ആയത് ഇല്ലാത്തവര്‍ക്കും തിരിച്ചറിവ് ഉണ്ടാകുന്നതിന് ഫയല്‍ നെയിം എക്സ്റ്റന്‍ഷനുകള്‍ സഹായകമാണ്. വൈറസ് പ്രോഗ്രാമുകള്‍ക്ക് അതു നിര്‍ബന്ധമല്ലായിരിക്കാം!
നിയമലംഘകരായി അക്രമാസക്തരാവാനിടയുള്ള സിസ്റ്റം വിരോധികളെ ശാന്തരാക്കാനായി ഒരു വിഭാഗം ഫയലുകള്‍ അതിന്‍റെ എക്സ്റ്റന്‍ഷനുകള്‍ ഉപേക്ഷിച്ചാല്‍ മതിയാകുമോ? വേര്‍തിരിവുകള്‍ ഇല്ലാതെയാകുമോ? Traditional Nomenclature System തിരുത്തിയാൽ ജാതീയമനോഭാവം നശിക്കുമെന്ന കേരളീയരുടെ കണ്ടെത്തൽ ശരിയായിരുന്നുവോ?
തത്ഫലമായി കേരള സമൂഹത്തില്‍ പ്രത്യേകിച്ച് ശാന്തി വല്ലതും ഉണ്ടായോ? ദൈവത്തിന്റെ സ്വന്തം നാടെന്നു കേളികേട്ട കേരളത്തിൽ ശാന്തി തേടുന്നവര് എത്തിച്ചേര്ന്നുവോ? ഇപ്പോള്‍ സംഭവിക്കുന്നത് അതിനു വിപരീതമല്ലേ? പലായനാര്‍ഥമാണ് (നാടുവിട്ട് പോകാന്‍ വേണ്ടിയാണ്) കേരളീയര്‍ പള്ളിക്കുടങ്ങളില്‍ പോകുന്നത് എന്നു തോന്നും!
കേരളീയര്‍ ജാതി ജാതി എന്ന് പുച്ഛിച്ചും വെറുത്തും നശിപ്പിക്കാന്‍ ശ്രമിച്ചത് സനാതന പൈതൃകത്തിന്‍റെ പ്രഥമഭാഗമായ ജന്മസംസ്കാരത്തെ അല്ലേ? എന്നിട്ട് അത് അസാധുവായോ? സ്വത്വനിഷേധത്തിന്റെ നവോത്ഥാനപാത വലിയ ഡക്കറേഷനിട്ട് ശങ്കരാചാര്യരുടെ ജന്മദേശം സദാ കൊട്ടിഗ്ഘോഷിച്ചിട്ടും അയൽ സംസ്ഥാനങ്ങൾ പോലും കേരളമാതൃക പിന്തുടര്‍ന്നില്ല... അവരുടെ പേരുകള്‍ സംസ്കാരത്തിന്‍റെ ഭാഗമായിത്തന്നെ പാരമ്പര്യത്തെ ഉയര്‍ത്തി നിര്‍ത്തുന്നു. വിവിധ Traditional Identity കളിലൂടെ ഒന്നു കണ്ണോടിച്ചിട്ടു വരാം...
ശര്‍മ, മിശ്ര, പാണ്ഡേ, തിവാരി, ചതുര്‍വേദി, ശുക്ല, ത്രിവേദി, ഭട്ട് ഇവ ബ്രാഹ്മണ അടയാളങ്ങളാണ്. മുഖോപാധ്യായ, ബന്ദോപാധ്യായ, ചട്ടോപാധ്യായ തുടങ്ങിയ പേരുകള്‍ ബംഗാളിലെ കുലീന ബ്രാഹ്മണരാണ്. ബ്രിട്ടീഷുകാര്‍ക്ക് ആ പേരുകള്‍ വഴങ്ങാത്തതിനാല്‍ യഥാക്രമത്തില്‍ മുഖര്‍ജി, ബാനര്‍ജി, ചാറ്റര്‍ജി എന്നും ജി ചേര്‍ത്ത് ആദരവു വിടാതെ പരിഷ്കരിച്ചു വിളിച്ചു പോന്നു. പ്രബുദ്ധമലയാളികള്‍ ഇതൊക്കെ എങ്ങനെ സഹിക്കുന്നുവോ എന്തോ! അവര്‍ മാത്രമാണ് അസഹിഷ്ണുത അലങ്കാരം ആയും അഹങ്കാരം ആയും പ്രകടിപ്പിക്കുന്നത്.
അതുപോലെതന്നെ മറ്റു സമുദായങ്ങളും അവരുടെ വിഭാഗങ്ങളെ പേരിലൂടെ പ്രതിനിധീകരിക്കുന്നത് സ്വധര്‍മ്മമായി കരുതുന്നു. സിങ്, കൗര്‍, റാണാ, രാജ്പുട്, ചൗഹാന്‍, ഠാക്കൂര്‍, ഇവ ക്ഷത്രിയമുദ്രകളാണ്. ഗുപ്ത, അഗര്‍വാള്‍, ഗോയല്‍, ബന്‍സാല്‍, ജൈസ്വാള്‍ തുടങ്ങിയവ ബിസിനസ് ക്ലാസ്സുകളുടേതാണ്. യാദവ്, ചൗധരി മുതലായവ പിന്നാക്കവിഭാഗങ്ങളുടേതാണ്. ഗില്‍, സന്ധു, സിദ്ധു, കപൂര്‍, മല്‍ഹോത്ര, അറോറ മുതലായവ സിഖ് സംസ്കാരസൂചകങ്ങളാണ്. ഭട്ട്, കൗള്‍, ദീക്ഷിത് തുടങ്ങിയ നീട്ടുകള്‍ കാശ്മീരികളുടേതാണ്. പട്ടേല്‍ എന്നത് ഗുജറാത്തില്‍ ഭൂവുടമകളാണ്, കൃഷിക്കാരാണ്. എന്നാല്‍ യുപി എംപി ബിഹാര്‍ ഇവിടങ്ങളില്‍ കുര്‍മി സമുദായമാണ് പട്ടേല്‍ എന്ന് ചേര്‍ക്കുന്നത്. അവര്‍ ഒബിസി ലിസ്റ്റിലുള്ളവരാണ്. മഹാരാഷ്ട്രയില്‍ മറാത്ത സമുദായം പട്ടേല്‍ എന്നു ചേര്‍ക്കുന്നു. ജൈന്‍ എന്നത് ജാതിസൂചകമല്ല, മതസൂചകമായ വാലാണ്. ജൈനരിലും പല വിഭാഗങ്ങളുണ്ട്. ഓസ്വാള്‍, പോര്‍വാള്‍, കോത്താരി, മേത്ത, ഭണ്ഡാരി ഷാ തുടങ്ങിയവ. ദക്ഷിണേന്ത്യയില്‍ ജൈനര്‍ ചെട്ടിയാര്‍, നാടാര്‍, ഷെട്ടി തുടങ്ങിയ അലങ്കാരനാമങ്ങള്‍ ധരിക്കുന്നു. അഗര്‍വാള്‍ എന്നത് ഹിന്ദുവോ ജൈനനോ ആവാം.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയാനാഗ്രഹിക്കുന്നു. മാന്യതയുടെ പ്രതീകമായി പേരിനെ അലങ്കരിക്കുന്ന സര്‍നെയിമുകള്‍ എല്ലാ പ്രദേശങ്ങളിലും ജാതിസൂചകങ്ങളല്ല. ദേശായി എന്നത് ദേശാധിപതി, അഥവാ നാടു വാഴി എന്ന അര്‍ഥത്തില്‍ വന്നതാണ്. അത് ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ആവാം. ഗോവയില്‍ ദേശായിമാര്‍ സാരസ്വതബ്രാഹ്മണരാണ്. ഗന്ധമുള്ളവ (സുഗന്ധദ്രവ്യങ്ങള്‍) വില്‍ക്കുന്ന വൈശ്യസമുദായമാണ് ഗാന്ധി ആയത്! ഗുജറാത്തില്‍ അത് ബനിയ സമുദായമാണ്. കൂടാതെ ജൈനരിലും പാഴ്സിയിലും മുസ്ലിമിലും ഗാന്ധിമാരുണ്ട്. മഹാരാഷ്ട്രയില്‍ ബ്രാഹ്മണവിഭാഗത്തിലും ഗാന്ധിമാരുണ്ട്. ഗാന്ധിനാമത്തിന് പവിത്രത കല്പിക്കപ്പെട്ടതോടെ സ്വന്തം പൈതൃകസൂചിക ഉപേക്ഷിച്ച് ഗാന്ധിനാമത്തെ നെഹ്രു കുടുംബം സ്വീകരിച്ചത് ആ നാമത്തെ സ്ഥാനപ്പേരായി കണ്ടതുകൊണ്ടാവണമല്ലൊ.
വിഭാഗപ്പേരു പ്രഖ്യാപിക്കുന്നത് ഒരു കുറ്റകൃത്യമാണെന്ന ധാരണ കേരളത്തിലാണ് ഏറ്റവും ശക്തമായിട്ടുള്ളത്. അത് ഫലപ്രദമായോ എന്നതാണ് ഉയരേണ്ട ചോദ്യം. ജാതീയത തുടച്ചു നീക്കാന്‍ പുറപ്പെട്ടവര്‍ തന്നെ മറുഭാഗത്ത് ജാതി വാദം ഉന്നയിക്കുന്നു കാണാം. ഇവിടെ ഒരു നേരമ്പോക്ക് തോന്നുകയാണ്. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ രോഗികള്‍ തന്നെ രോഗനിര്‍ണയം നടത്തുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. ഡോക്ടര്‍ക്ക് മരുന്നു കല്പിക്കുന്ന രോഗിയെക്കുറിച്ച് ആലോചിക്കൂ. രോഗി എന്നത് അവശത അനുഭവിക്കുന്ന വിഭാഗമാണ്. ഡോക്ടര്‍ എന്നത് പൂര്‍വികര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സിസ്റ്റം ആണ്. അതില്‍ പില്‍ക്കാലത്ത് വൈറസുകള്‍ കലര്‍ന്നിരിക്കാം. രോഗികളുടെ തൃപ്തിക്കായി മരുന്നു കഴിക്കുന്ന ഡോക്ടര്‍മാരെപ്പറ്റി ആലോചിച്ചു നോക്കൂ. രോഗാവസ്ഥ ഭേദപ്പെട്ടുവെങ്കില്‍ ഇവയെല്ലാം ശരിയാകുമായിരുന്നു. അല്ലാത്തിടത്തോളം കാലം ആത്മീയ തമസ്സിലാണ്ട ജനതയുടെ കേവലം ദൃഷ്ടിദോഷം അഥവാ ചിത്തഭ്രമം ആയിട്ടാണിപ്പോള്‍ വന്നു കൂടുന്നത്.
എതിര്‍ക്കപ്പെടുന്നവര്‍ എതിര്‍ക്കാത്തതിനാല്‍ കേരളത്തിൽ ജാതിപ്പോരുകള്‍ ശീതസമരങ്ങളായി തുടരുന്നു എന്നാണ് എന്‍റെ നിരീക്ഷണം. എണ്‍പതുകള്‍ മുതല്‍ ജാതിസൂചകമായ ഉപനാമങ്ങള്‍ വീണ്ടും സിനിമാറ്റിക് ആയി തിരിച്ചുവരവു തുടങ്ങി. സിനിമാ പരസ്യത്തില്‍ ബാലചന്ദ്രമേനോന്‍ എന്നു വലിയ അക്ഷരങ്ങള്‍ സര്‍ക്കാര്‍ വാഹനത്തില്‍ കണ്ടവര്‍ ഞെട്ടിയിരിക്കാം-- ഇന്‍ഫ്ലുവന്‍സിങ് മീഡിയം ആയ സിനിമയിലും ജാതി തിരിച്ചുവരുന്നോ എന്നോര്‍ത്ത്.
ഇലപ്പടര്‍പ്പും തലപ്പും പരിഷ്കാരത്തിനു വേണ്ടി ക്രോപ്പ് ചെയ്യപ്പെട്ടപ്പോള്‍ ജാതീയതയ്ക്ക് വേരോട്ടം കൂടി എന്നു തോന്നുന്നു. സമൂഹപരിഷ്കാരം ഒരു ക്ഷൗരക്കാരന്‍റെ ജോലി മാത്രം ആയിപ്പോയോ എന്ന് നിഷ്പക്ഷമതികള്‍ (ഉണ്ടെങ്കില്‍) പരിശോധിക്കട്ടെ.
എന്‍റെ പേരിന്‍റെ ഷോര്‍ട്ട് ഫോമില്‍ വസൂരി കണ്ടെത്തിയ 'ഡോക്ടറു'ടെ രോഗം ലാലേട്ടന്‍ തിരിച്ചറഞ്ഞതോടെ അയാള്‍ ലാലേട്ടനെയും ആക്രമിച്ചു, മരപ്പട്ടി ആക്കി. അതിനു സത്വരമായ ഫലവും ഉണ്ടായി. ബ്രാഹ്മണനെ പരസ്യമായി പിന്തുണച്ചാല്‍ പൊതുഹിതം കുറയുമെന്ന് ലാലേട്ടന്‍ മുന്‍കൂട്ടി കണ്ടു. ഇത് 2004-ല്‍ മുഖ്യമന്ത്രിപദം രാജി വച്ച ശ്രീ എ.കെ.ആന്‍റണി നേരത്തെ തെളിയിച്ചിട്ടുള്ള ചരിതത്രപരമായ വസ്തുതയാണ്!
എന്നാലും ലാലേട്ടന്‍റെ തൂലിക എനിക്കെതിരെ തിരിയാന്‍ തുടങ്ങി. "സമുദായത്തിനുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ത്തിട്ടുപോരേ പുറത്തേക്കുള്ള ചാട്ടം" എന്ന ചോദ്യം അവിചാരിതമായി അദ്ദേഹത്തില്‍ നിന്നും വന്നു. അതിന്‍റെ ഉത്തരം ഞാനിവിടെ ആദ്യമേ തന്നെ പറഞ്ഞു. എന്‍റെ സമുദായക്കാരുടെ പ്രതികരണം അറിയാന്‍ ദേവപ്രശ്നഗണകന്മാര്‍ക്കുപോലും സാധ്യമല്ല!
ക്ഷമാപൂര്‍വമായ മറുപടിയിലൂടെ ആശയപരമായി ഐക്യത്തിലെത്തുന്നതിനു മുമ്പേ അടിയന്തിരസാഹചര്യം വന്ന് ലാലേട്ടന്‍ വിട വാങ്ങി. തീവണ്ടിയാത്രയെ അനുസ്മരിപ്പിക്കുന്ന ആ അക്ഷരസഹയാത്ര ഈ ബ്ലോഗ് ചരിത്രത്തിലെ വിശിഷ്ടാനുഭവമായി ഓര്‍മിക്കപ്പെടുന്നു.
അച്ഛനിട്ട പേരു കാരണമാണ് എനിക്ക് ശകാരങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതെന്ന് എന്നെ ആ സംഭവം എന്നെ ഉണര്‍ത്തിച്ചു. കലാലയജീവിതത്തിലും അതു തോന്നിയിട്ടുണ്ട്. ഞാനതിന് ഒരു ഉപായം കണ്ടെത്തി. പേരിന്‍റെ നടുഭാഗമായ ഉടല്‍ വെട്ടി, തലയും വാലും പപ്പാതി ചേര്‍ന്ന 'വാസുതിരി' എന്ന ഹ്രസ്വരൂപം സ്വീകരിക്കുക. ബീജാവസ്ഥയിലേക്ക് തിരിച്ചു പോകുന്നതുപോലെ! ഈ തിരിച്ചു പോക്ക് ഗദ്യകവിതയായി ഞാന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്...
വാസുതിരി എന്നത് ഫേസ് ബുക്കില്‍ പ്രൊഫൈല്‍ നാമം ആക്കിയതോടെ എതിരാളികളുടെ രോഗം ഗണ്യമായിക്കുറഞ്ഞു.
ബ്ലോഗറില്‍ നിന്നും സിനിമാനടനിലേക്കുള്ള ദൂരം നടന്നെത്താവുന്നതിലും അധികമാണെന്ന് പിന്നീടുള്ള എന്‍റെ രചനാപരിശ്രമങ്ങള്‍ തെളിയിച്ചു. 2018 മുതല്‍ തിരക്കഥാരചനയാണ് മുഖ്യം. ക്ഷേത്രവിഷയത്തില്‍ തൊട്ടാല്‍ ഭക്തജനങ്ങള്‍ എതിരാവുമെന്ന കരുതല്‍ സിനിമക്കാര്‍ക്ക് ആവശ്യമായിരിക്കാം. വിനോദവേദി ആയിരിക്കേണ്ട സിനിമയെ മതത്തിലെ ആഭ്യന്തരവിഷയം പറയാനായി ദുരുപയോഗം ചെയ്യരുതെന്ന് എനിക്കും പിന്നീടു തോന്നി. അപ്പോഴേയ്ക്കും എട്ടു തിരക്കഥകള്‍ എഴുതിക്കഴിഞ്ഞിരുന്നു. ക്ഷേത്രവിഷയങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒമ്പതാമത്തെ തിരക്കഥയും ഇപ്പോള്‍ എഴുതിയിരിക്കുന്നു.
കച്ചവടമൂല്യങ്ങളേക്കാള്‍ ഉപരിയായി കലാമൂല്യങ്ങള്‍ക്കും കലാമൂല്യങ്ങളെക്കാള്‍ ഉപരിയായി ധാര്‍മികമൂല്യങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് ക്ലാസ്സിക് ശൈലിയില്‍ എഴുതാനാണ് ഞാന്‍ പരിശ്രമിക്കുന്നത്. ധാര്‍മ്മികതയ്ക്ക് സിനിമയില്‍ ചെലവില്ല എന്ന് അനുഭവസ്ഥര്‍ പ്രഖ്യാപിക്കുന്നു. അതിനാല്‍ പുതിയ കഥയെ നോവല്‍ രൂപത്തില്‍ പുനരാഖ്യാനം ചെയ്തു വരികയാണിപ്പോള്‍. എഴുപതു ശതമാനത്തോളം രചന പൂര്‍ത്തിയായിട്ടുണ്ട്. ഈ ബ്ലോഗില്‍ ഈയിടെ പ്രസിദ്ധീകരിച്ച 'മലയാളത്തനിമ' എന്ന വിഷയം ആ കഥയില്‍ നിന്നും ഉയര്‍ന്നു വന്നതാണ്.
സാഹിത്യരചനാ പരിശീലനം മൂന്നരപ്പതിറ്റാണ്ടുകള്‍ പിന്നിട്ട സാഹചര്യത്തില്‍ ഒരു പുസ്തകം എങ്കിലും നല്ല രീതിയില്‍ പ്രസിദ്ധീകരിക്കണമെന്നുണ്ട്. അതിന് വായനക്കാരുടെ താല്പര്യം അനുകൂലമാണ് എന്നു കണ്ടാല്‍ മാത്രമേ ആ സാഹസത്തിനു മുതിരുകയുള്ളൂ! അല്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചുകൊള്ളാം എന്ന് വഴിപാടു നേര്‍ച്ച ഒന്നുമില്ല.
നര്‍മപുരാണം എന്ന പോസ്റ്റിന് ബ്ലോഗര്‍ കമന്‍റ് ബോക്സില്‍ പ്രതികരണങ്ങളൊന്നും വന്നില്ല. എന്നാല്‍ ഫേസ്ബുക്കില്‍ ഒരു കമന്‍റ് കിട്ടി. നല്ലത് എന്നു മാത്രം. അത് അഭിപ്രായധീരനായ ഒരു അധ്യാപകനില്‍ നിന്നുമാണ് എന്നതിനാല്‍ അതിനെ ഒരു സര്‍ട്ടിഫിക്കറ്റ് പോലെ മാനിക്കുന്നു. അദ്ദേഹത്തിന്‍റെ പേര് അനൂപ് ഇളയത് എന്നാണ്. ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹമുള്ള ആളാണ്. ഇതില്‍ ഞാന്‍ പറഞ്ഞതായ തിരക്കഥ പത്തു മിനിറ്റില്‍ ചിത്രീകരിക്കാവുന്ന ഹ്രസ്വചിത്രത്തിന്‍റെ അവസ്ഥയില്‍ ആയിരുന്നപ്പോള്‍ യാതൊരു പരിചയവും ഇല്ലാത്ത അദ്ദേഹം കഥ കേള്‍ക്കാനായി എന്‍റെ വസതിയിലെത്തി. ആറുസീനുകളും ഒറ്റ ഇരുപ്പില്‍ ശ്രദ്ധിച്ചു കേട്ടു. എന്നാല്‍ ദിനംപ്രതി ആ കഥ വളര്‍ന്ന് പൂര്‍ണചിത്രത്തിന്‍റെ തലത്തിലേക്ക് എത്തി. അതോടെ കൈപ്പിടിയിലൊതുങ്ങുന്ന ഹ്രസ്വചിത്രം എന്ന സ്വപ്നക്കുമിള പൊലിഞ്ഞുപോയി...
എങ്കിലും അനൂപിന്‍റെ അന്വേഷണങ്ങള്‍ എനിക്ക് പ്രോത്സാഹനം ആവാറുണ്ട്, പുഷ് അപ് പോലെ. കമന്‍റ് എഴുതാന്‍ കാണിച്ച സൗമനസ്യത്തിനും സഹൃദയത്വത്തിനും ഏക കമന്‍റുകാരന്‍ എന്ന നിലയില്‍ ശ്രീ അനൂപിനോട് പ്രത്യേകമായി നന്ദി പറയുന്നു. മറ്റുള്ളവര്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ട് എന്നാണ് എന്‍റെ നിഗമനം. അവര്‍ക്കും നന്ദി.
എല്ലാര്‍ക്കും ബ്ലോഗ് വായനക്കു നന്ദി. നമസ്കാരം.
--------------------------------------------------------------------------------------
പരിശോധനക്കും അധികവിവരങ്ങള്‍ക്കും കടപ്പാട് 1. Chat Gpt, 2 Meta AI
No comments:
Post a Comment