Tuesday, 20 October 2026

കേരളത്തനിമ

 കേരളത്തനിമ

നടാതെയും കൊയ്യാതെയും തിന്നാനുള്ള ഇടമായി ദൈവത്തിന്‍റെ സ്വന്തം നാട് - "ഉപഭോഗവിലാസം ഹോട്ടല്‍!"

ചൊല്‍ക്കൊണ്ട കേരളത്തനിമ ഇന്ന് എവിടയാണ് ചെന്നെത്തിനില്‍ക്കുന്നത്? സാറ്റലൈറ്റുകള്‍ക്കു പോലും കണ്ടെത്താനാവാത്ത വിധം ഉയരങ്ങളിലോ! ആ ഔന്നത്യം -കേരളീയത- ഒന്ന് എത്തിപ്പിടിക്കാന്‍ നോക്കിയാലോ! 

കേരളത്തനിമ എന്ന താക്കോല്‍ വാക്ക് മാറ്റേണ്ടി വരുമോ എന്ന് സംശയമുണ്ട്, പഴമക്കാര്‍ പറഞ്ഞു കേട്ടറിവുള്ള വിഭവസമൃദ്ധി ഇന്ന് സാധാരണക്കാരന്‍റെ അനുഭവത്തില്‍ ദാരിദ്ര്യം ആവുകയാണ്. നടാതെയും കൊയ്യാതെയും തിന്നാനുള്ള ഇടമായി ദൈവത്തിന്‍റെ സ്വന്തം നാട് - "ഉപഭോഗവിലാസം ഹോട്ടല്‍!" 

അങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടും നവോത്ഥാനകേരളത്തില്‍ ഇന്നും സമ്പത്സമൃദ്ധി കളിയാടുന്നു. അത് ഭരണക്കാരുടെയും ഉദ്യോഗസ്ഥകിങ്കരന്മാരുടെയും വിദേശബന്ധം ഉള്ളവരുടെയും കുത്തക ആയിട്ടാണെന്നു മാത്രം! അവര്‍ക്കുവേണ്ടി ബലിമൃഗങ്ങളാകുന്ന കര്‍ഷകരും ചെറുകിട കച്ചവടക്കാരും സ്വയം തൊഴില്‍ ചെയ്യുന്നവരും അടക്കമുള്ള മറ്റുള്ളവര്‍ക്ക് പൊതുസമൂഹത്തില്‍ വോയ്സും നഷ്ടപ്പെടുന്നു, മുഖവും നഷ്ടപ്പെടുന്നു. ഇടവും...  

ദരിദ്രനാരായണന്മാരുടെ ബഹുഭൂരിപക്ഷസമൂഹം ഒന്നടങ്കം മ്യൂട്ട് ചെയ്യപ്പെടുന്ന സ്ഥിതി. അവര്‍ക്ക് ലാമിനേറ്റ് ചെയ്ത മെനു കാര്‍ഡിലെ വര്‍ണ്ണചിത്രങ്ങള്‍ കാണാന്‍ കഴിയും. കേരളത്തനിമ വേറെ ലവലായി മക്കളേ! പഴയ പാസ്വേഡ് കൂടിയേ ഉള്ളു ഇനി മാറാന്‍.  

ബഹൂഭൂരിപക്ഷം നിരപരാധികളുടെ അധ്വാനഫലം തന്ത്രപൂര്‍വം തട്ടിയെട്ടുത്ത്, മറ്റൊരു കൂട്ടര്‍ സുഭിക്ഷമായി തിന്നു തടിച്ചുകൊഴുത്തു വീര്‍ക്കുന്ന സമൂഹവ്യവസ്ഥ. വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ തരം വരേണ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു.  

സാക്ഷാല്‍ മാന്യന്മാരെന്ന് അവകാശപ്പെടുന്ന അവര്‍ സ്വാര്‍ഥരായി ഭവിച്ച് മറ്റു നികുതിദായകരെ മൊത്തം തങ്ങളുടെ ഇരകളായും ഉപകരണങ്ങളായും കാണുന്ന പൊതുവ്യവസ്ഥ. അത് സമത്വത്തിനു വേണ്ടിയാണ് എന്ന അവകാശവാദമാണ് ഏറ്റവും വലിയ കോമഡി. 

വിദ്യാഭ്യാസവും ഉദ്യോഗവുമായി ബന്ധപ്പെട്ട ഡിഗ്രി വിവേചനം മനുഷ്യരെ തരംതിരിക്കുന്നതിനുള്ള മാന്യമായ ഉപാധിയായി പ്രവര്‍ത്തിക്കുന്നു. ജാതിവിവേചനം ഒട്ടു മാറിയിട്ടുമില്ല, നല്ല ഷര്‍ട്ടുകള്‍ ധരിച്ചിട്ടും അത് ഉള്ളില്‍ പുകയുന്നു. സമീപകാലമായിട്ട് ചില ഉറഞ്ഞു തുള്ളലുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ഫീവര്‍ ആവുന്നത്. 

ചെറുന്യൂനപക്ഷമായ ഭരണവര്‍ഗ്ഗത്തിന്‍റെ സ്ഥാപിതതാല്പര്യങ്ങള്‍ മാത്രം സര്‍വത്ര സദാ മുഴങ്ങിക്കേള്‍ക്കുന്നു. വാര്‍ത്തകളെ വിപണനം ചെയ്യുമാറ് സൃഷ്ടിച്ചെടുക്കലാണല്ലൊ അംഗീകൃതമായിട്ടുള്ള മാധ്യമധര്‍മം! കലാകാരനു വിഷയദാരിദ്ര്യം, മാധ്യമങ്ങള്‍ക്ക് ആശയദാരിദ്ര്യം, കേരളത്തിന് വിഭവദാരിദ്ര്യം. എല്ലാം ചേര്‍ന്ന് അനുഭവപ്പെടുന്ന ജൈവദാരിദ്ര്യം -- പേര് പ്രബുദ്ധത കേരളം നമ്പര്‍ വണ്‍ ഡാ! 

സിനിമയും തനിമയും 
ശക്തമായ സ്വാധീനശേഷി തെളിയിച്ചു നില്‍ക്കുന്ന ജനകീയമായ ദൃശ്യമാധ്യമം ആയ സിനിമാരംഗവും ഈ ദാരിദ്ര്യത്തെ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്, എന്തോ മഹത്കാര്യം എന്നപോലെ. തനിമയും സിനിമയും വേര്‍പിരിഞ്ഞു രണ്ടു വഴിക്കായി. 

കലയിലെ തനിമയെ പിന്നിലാക്കി സിനിമ മുന്നേറുന്നു,  കൃത്രിമത്വത്തിന്‍റെ സാങ്കേതികതയെ ഊണുചോറാക്കി, മാംസത്തെ ഉപദംശമാക്കി, മദ്യത്തെ അനുപേയമാക്കി, മയക്കുമരുന്ന് അക്രമം ആദികളെ അലങ്കാരമാക്കി, റേപ് കൊലപാതകം ആദികളെ നര്‍മ്മത്തിന്‍റെ ആധാരമാക്കി, പീഡനം അവിഹിതം, അപഥസഞ്ചാരം ഇവ അവകാശവുമാക്കി പരസ്പരം ഉപഭോഗിച്ച് കലഹിച്ച് കേരളം പുരോഗമിക്കുന്നു. അതിനെ ശരിയായ പൊതുവികാരമായിക്കണ്ട് സിനിമ പ്രതിഫലിപ്പിക്കുന്നു, ന്യൂജന് ഗൈഡ്ലൈന്‍സ് കൊടുക്കുന്നു, എന്തിനും മാന്യമായ ലൈസന്‍സ് കൊടുക്കുന്നു. അതായിരിക്കുന്നു ഇന്നത്തെ സിനിമയിലെ തനിമ. 

ഇതിനെ പുരോഗമനം ആയിട്ടു കാണാന്‍ കഴിയാത്തതാണ് പ്രശ്നമെങ്കില്‍ അതിനു ലളിതമായ പരിഹാരമുണ്ട്. മദ്യം മയക്കുമരുന്ന് അവിഹിതം ഇവകള്‍ക്ക് മാന്യത കല്‍പിക്കുമാറ് കോടതിവിധി ഉണ്ടാകണം, അല്ലെങ്കില്‍ നിയമം നിര്‍മിക്കപ്പെടണം. രണ്ടു നിര്‍മിതികളും പരമാര്‍ഥനിരപേക്ഷമാണല്ലൊ! സത്യധര്‍മ്മനിരപേക്ഷത അല്ലേ വാസ്തവത്തില്‍ മതനിരപേക്ഷത എന്ന ചെല്ലപ്പേരില്‍ നമ്മെ നയിക്കുന്ന മൃഗീയബലം? 

ഭാഷാപ്രേമം 
സത്യാധിഷ്ഠിതമായിരുന്ന കാര്‍ഷികകേരളം മദ്യാധിഷ്ഠിതവും ഉപഭോഗലാലസവും ആയാലും ആവേശത്തോടെ നമ്മള്‍ ഒന്നിച്ചു പാടും "കള്ളവുമില്ല പൊളിയുമില്ല എള്ളോളമില്ല പൊളിവചനം!" ഓണവും കഥകളിയുമൊക്കെ നിഴല്‍ചിത്രങ്ങളായി നിലനില്‍ക്കുന്നു എന്നു മാത്രം, കച്ചവടക്കാര്‍ക്ക് ചാകര തന്നെ! വിദ്യാഭ്യാസം തന്നെ കാര്‍ഷികവിരുദ്ധതയെ കൃഷി ചെയ്യുകയാണോ എന്നു തോന്നും.

സ്വാതന്ത്ര്യസമരകാലത്തെ Awkward Condition, Hazardous എന്നൊക്കെ വിദേശഭാഷയില്‍ വിശേഷിപ്പിച്ചാല്‍ മലയാളികള്‍ക്കു മനസ്സു നിറയും. അര്‍ഥം അറിയാത്തവനും മനസ്സിലായി എന്നു 'മര്യാദ'യോടെ തല കുലുക്കും. നേരേ മറിച്ച് സങ്കീര്‍ണസ്ഥിതി പൂര്‍വസ്ഥിതി എന്നൊക്കെ സ്വദേശഭാഷ വിളമ്പിപ്പോയാല്‍ കേള്‍ക്കുന്നവരുടെ തിരുനെറ്റികള്‍ ചുളിയും! സ്വാതന്ത്ര്യസമരകാലത്തിനു മുമ്പേ തന്നെ നവോത്ഥാനച്ചരടുകള്‍ കൊടുമ്പിരി കൊണ്ടിരുന്നു എന്നു വേണം കരുതാന്‍. നവീകരണം ഫലത്തില്‍ നശീകരണം ആയോ എന്നത് പരിശോധനീയം.

ഭാഷാപ്രേമികളായി രജിസ്റ്റര്‍ ചെയ്യപ്പെട്ട മേല്‍വിലാസക്കാര്‍ ധാരാളമുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ എന്നല്ലാതെ മരുന്നു കട എന്നോ ഔഷധശാല എന്നോ ആരും പറയില്ല. വൈദ്യനെന്നു ഡോക്ടറെ പരാമര്‍ശിച്ചാല്‍ അത് വ്യക്തിഹത്യയായി കരുതപ്പെടും. ഭാഷാപ്രേമം ഏതു ഭാഷയോടാണ് എന്ന് നോക്കിയാല്‍ മതി. 

ഇരുപത്തഞ്ചുകൊല്ലം മുമ്പ് എഴുതിയ "മലയാളമാഹാത്മ്യം" എന്ന കവിതയിലെ ആദ്യത്തെ ശ്ലോകം ഓര്‍മ വരുന്നു. 

"സാറെന്നാംഗലമോതാതെ
ആശാനെന്നു വിളിക്കുകില്‍
കേസെടുക്കുന്ന വിദ്വാന്മാര്‍
കേരളത്തെ നയിപ്പവര്‍."

എനിക്ക് മംഗ്ലീഷാണിഷ്ടം. നല്ല സങ്കരപദങ്ങള്‍ പിറക്കണം. രണ്ടു ഭാഷയും വളര്‍ന്നോട്ടെ. ഒന്നിലും വിവേചനം വേണ്ടാ. ഏകീകരണം (Integration) ആണല്ലൊ കേരളീയ ആശയമായ അദ്വൈതത്തിന്‍റെ ആഹ്വാനം.

ക്ഷേത്രങ്ങളില്‍ 
കേരളീയ കലകളുടെ ഈറ്റില്ലമായിരുന്ന ക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്ക് ഏറി. പൂജാരിയുടെ സ്ഥാനത്ത് നിന്നുനോക്കുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ തോന്നാറുണ്ട്. ഒന്നും പറയാന്‍ അനുവാദം ഇല്ലെന്നു മാത്രം. കൂച്ചുവിലങ്ങിടുന്ന ഭരണവൃത്തങ്ങള്‍ അവരെ ചൂഴ്ന്നു നില്‍ക്കുകയാണ്. വ്യക്തിത്വം പണയം വെച്ച് അല്പവസ്ത്രനായി പ്രദര്‍ശനവസ്തുവായി പൊതുമധ്യത്തില്‍ നിന്നുകൊടുക്കണം. കാണികള്‍ക്ക് കല്ലെറിയാനും മൗലികാവകാശമുണ്ട്. അതു പൊതുവികാരമായി മാനിക്കപ്പെടണം. സനാതനധര്‍മ്മികള്‍ സമരം ചെയ്തു നേടിയ അവകാശമാണ് ക്ഷേത്രപ്രവേശനം. അത് ആരാധനയ്ക്ക് വിനിയോഗിക്കണോ എന്നത് അവരുടെ ഇഷ്ടമാണ്. അതിനേക്കാള്‍ ആദായകരമാണല്ലൊ കച്ചവടവും ഭരണവും.  പുരോഹിതവര്‍ഗ്ഗത്തിന്‍റെ തലയില്‍ കേറിയിരുന്ന് നിരങ്ങലാണ് തങ്ങള്‍ ഉദ്ദേശിക്കുന്ന ആരാധന എങ്കിലോ! 

ക്ഷേത്രത്തിലും പുറത്തും പുരോഹിതവര്‍ഗ്ഗത്തിന് ഔദ്യോഗികമായി വോയ്സ് ഉണ്ടാവാന്‍ പാടില്ല എന്നത് ഭക്തരുള്‍പ്പെടെയുള്ള ഭരണവര്‍ഗ്ഗങ്ങളുടെ ധാര്‍ഷ്ട്യം കലര്‍ന്ന പൊതുവികാരമായി അനുഭവപ്പെടുന്നു. വൈദികവര്‍ഗ്ഗത്തെ മ്യൂട്ട് ചെയ്യാനും ചോദ്യം ചെയ്യാനും പരസ്യവിചാരണ ചെയ്യാനും നശിപ്പിക്കാനും എതിരാളികള്‍ക്ക് അവകാശമുണ്ടെന്നാണ് നൂറ്റാണ്ടോളമായി കേരളം മുഴങ്ങിക്കേള്‍ക്കുന്ന മതത്തിന്‍റെ പേരിലുള്ള ശബ്ദം. പരോക്ഷമായ വധഭീഷണി ആക്കി പ്രവര്‍ത്തിപ്പിക്കുന്നു, ഭരണഘടനയെ ബുള്‍ഡോസര്‍ ആക്കി. അടങ്ങിയൊതുങ്ങിക്കഴിയുന്ന നിരപരാധികളുടെ വര്‍ഗ്ഗഹത്യ നടപ്പാക്കുന്നു. 

ഇതിലും ഭേദം വിദ്വേഷവാനല്ലാത്ത  ഭരണഘടനാശില്പി വിഭാവനം ചെയ്ത പോലെ 'ഡൈനമിറ്റ്' ആക്കി ഒറ്റ ബട്ടണിലുള്ള സംഹാരമായിരുന്നു.  ബ്രഹ്മഹത്യ ഏറ്റവും വലിയ പാപമായി സനാതനധര്‍മ്മം അടിവരയിടുന്നു. അതുകൊണ്ടാവാം, കൊല വേണ്ട, കൊല്ലാക്കൊലയാണ് തങ്ങള്‍ക്കു ലാഭം എന്ന് സനാതനന്മാര്‍ക്ക് 'ദയ' തോന്നിയിരിക്കാം. ബ്രഹ്മവര്‍ഗ്ഗം തുടച്ചു നീക്കപ്പെടുന്ന പൊതുസ്ഥിതി എങ്ങനെ സനാതനധര്‍മ്മമാകും? സന്ന്യാസിമാര്‍ നടപ്പാക്കിയാല്‍ വര്‍ഗഹത്യ പുണ്യകര്‍മ്മം ആകുമോ?

എതിരാളികളുടെ ഉള്ളിലിരുപ്പ് അവര്‍ പറയാതെ മനസ്സിലാക്കി അവയെ ഉത്തരവ് ആയിക്കണ്ട് അടിമയെപ്പോലെ അനുസരിച്ചു നിന്ന് വീഴ്ച കൂടാതെ നിരന്തരം പണി എടുത്ത് വരുന്നവരെയൊക്കെ സന്തോഷിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം കുറച്ച് 'റസ്പക്ട്' തട്ടത്തില്‍ ഇട്ടു തരാം, 'നൂലാളി'കളെ റസ്പക്ട് ചെയ്യുന്നത് ഇന്ത്യന്‍ നിയമപ്രകാരം തെറ്റാണ് എങ്കിലും ഞങ്ങള്‍ ഔദാര്യശീലരാണ്. ഇതാണ് ക്ഷേത്ര ഉദ്ധാരകന്മാരായ പ്രമാണിവര്‍ഗ്ഗങ്ങളുടെ ശരാശരി മനോഭാവം. അതനുസരിച്ചാണ് നാട്ടുനടപ്പ്. ജനകീയ വാദങ്ങള്‍ക്കൊപ്പമാണ് നിയമം. പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നവര്‍ക്ക് മിണ്ടാന്‍ അവകാശമില്ല. കൊലക്കേസുകളിലെ പ്രതികളൊക്കെ എത്രയോ ഭാഗ്യവാന്മാര്‍!  

അടിച്ചുപൊളി ട്രെന്‍റുകള്‍ക്ക് പിന്നാലെയാണ് ഭക്തിയുടെ പോക്ക്. ക്ഷേത്രദര്‍ശനം ഒരു ഫാഷന്‍, പാഷന്‍ ആവുന്നില്ല, ജപവും തപവുമല്ല, പുതിയ വിഷയം കണ്ടെത്തിയുള്ള പ്രക്ഷോഭമാണ് പ്രധാനം. 

ക്ഷേത്രകലകളില്‍
ക്ഷേത്രകലകള്‍ പടിയിറങ്ങി. "നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ് മനയോല ചാര്‍ത്തി കേളീവസന്തം ഉണരാത്തതെന്തേ" എന്ന് പ്രിയരോട് പ്രശസ്തകവി ചോദിക്കുന്നു. 

കലാരംഗം ഉണരാത്തത് സാങ്കേതികകല ആയ സിനിമയുടെ ഹൈജാക്കിങ് ഇഫക്ട് ആണോ എന്ന് പെട്ടെന്നു തോന്നാം. വാഴ്ത്തപ്പെടുന്ന മുപ്പത്തുമുക്കോടിയേക്കാള്‍ നടീനടന്മാരും ഗായകരും ആരാധ്യരാവുന്നു. മാനുഷികതലം അടിക്കടി അപ്ഗ്രേഡ് ചെയ്തു ചെയ്ത് ദൈവികതലത്തിനു മേലെ വിരാജിക്കുകയോ!  മനുഷ്യരുടെ സുപ്രീമസി ഉറപ്പിക്കുന്ന ഭരണധാര്‍ഷ്ട്യമോ!  ഭരണക്കാര്‍ അധികവും മേലാട കൂടാതെ അടുത്തു ചെന്നു തേവരെ കൈകൂപ്പാറില്ല.  അകന്നു നിന്ന് റിമോട്ട് കണ്ട്രോളറിലാണ് ഭരണം. അതിലൂടെ ദൈവത്തിന്‍റെ വോയ്സ് മ്യൂട്ട് ചെയ്യുകയോ!

ദേവതാഗണങ്ങളുടെ രൂപങ്ങളെ മാത്രം ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നു, അവര്‍ക്ക് തത്തുല്യമായ ശബ്ദരൂപം ഉണ്ടാകുന്നില്ല. ദേവഹിതമായി കേള്‍ക്കപ്പെടുന്നത് അധികവും ദേവസ്വഹിതമാണ്. രണ്ടും സമാനമല്ല, സമമല്ല. ദേവാലയങ്ങളിലും കാലമാണ് അതിവര്‍ത്തിക്കുന്നത്. കാലാതിവര്‍ത്തിയായ ദേവന്മാരുടെ പ്രീതിക്കാണ് ക്ഷേത്രകലകള്‍ ഉയിര്‍കൊള്ളേണ്ടത്. 

സാങ്കേതികകല ആയ സിനിമയെ പറയേണ്ടതില്ല, സാഹിത്യചക്രവാളത്തില്‍ ഉരുത്തിരിഞ്ഞ കലയിലെ കച്ചവടവാദമാവാം ക്ഷേത്രകലകളുടെ അന്തസ്സത്ത നശിപ്പിക്കുന്നത്. ഈശ്വരാര്‍പ്പണം ലക്ഷ്യമാക്കി ഉയിര്‍കൊണ്ട് ദൈവികതലത്തില്‍ നിറഞ്ഞു നിന്നിരുന്നവയാണ് ക്ഷേത്രകലകള്‍.

പ്രജാതന്ത്രത്തില്‍ അര്‍മാദിക്കുന്നവരാണ് ഇന്ന് അധികവും. അലസരായ പ്രജകളും രാജഭാവത്തില്‍ വിലസുന്നു. ബമ്പര്‍  നറുക്കെടുപ്പിന്‍റെ ഓഫര്‍ പോലെ എല്ലാവര്‍ക്കും രാജാധികാരം ഉണ്ടെന്നാണ് വയ്പ്. നടപ്പാവില്ല എന്ന് ഉറപ്പുള്ള പ്രലോഭനങ്ങള്‍ നീണാള്‍ വാഴട്ടെ!  അടിസ്ഥാനശില ഇളകരുത്.

മറ്റീരിയലിസം പരമാധികാരം എടുത്തപ്പോള്‍ 'മഹാഭാരത'ത്തിന്‍റെ മാന്യതയും ആത്മീയപാരമ്പര്യവും നിശിതമായി ചോദ്യം ചെയ്യപ്പെടുന്നു, വെല്ലുവിളിക്കപ്പെടുന്നു. 

ആത്മീയത എന്ന വാക്കിനോടുപോലും കട്ടക്കലിപ്പുള്ള വിദ്വാന്മാരുണ്ട്, ശക്തമായ വിയോജിപ്പും അസഹിഷ്ണുതയും, ബാധ ആവേശിച്ചതുപോലത്ത കൊലപ്രസംഗങ്ങളും നോണ്‍സ്റ്റോപ്പായി ഓടിക്കൊണ്ടിരിക്കുന്നു. 

പരീക്ഷണശാലയിലൂടെ തെളിയിക്കാനാവാത്ത വസ്തുക്കളെല്ലാം ഇല്ലാത്തതാണെന്ന് ഉറപ്പിച്ച് വിശ്വാസികളെ വിചാരണ ചെയ്യുന്നവര്‍ക്കാണ് രാജകീയമായ മാന്യത. തെളിവില്ലാത്തവയെ എല്ലാം ശക്തമായി അവഗണിച്ച് അസംബന്ധം, അന്ധവിശ്വാസം തുടങ്ങിയവയുടെ കരിമ്പട്ടികയില്‍ പെടുത്തി പുറംതള്ളുക എന്നൊരു പൊതുതാത്പര്യം ഭരണത്തണലില്‍ വളര്‍ന്നു വരുന്നു. 

ഇനി ദേവീദേവന്മാര്‍ക്കൊന്നും അഗ്നിയില്‍നിന്നും കാറ്റില്‍നിന്നും ആവിര്‍ഭവിക്കാനാവില്ല. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പാന്‍കാര്‍ഡ് ഇവയൊന്നും ഇല്ലാതെ ഇവിടുത്തെ പ്രാണവായു പോലും ശ്വസിക്കാനാവില്ല. 

ക്ഷേത്രകലയെക്കുറിച്ചു നിരൂപിക്കുമ്പോള്‍ അനുബന്ധമായി ബ്രാഹ്മണ്യത്തെക്കുറിച്ചും  വൈദികപാരമ്പര്യത്തെക്കുറിച്ചും വര്‍ണാശ്രമത്തെക്കുറിച്ചും പറയേണ്ടിവരും. അതിന് ഇന്ന് പൊതുസമ്മിതി എത്രത്തോളം ഉണ്ട് എന്നറിയില്ല. ഇവിടെ എഴുത്തുകാരന്‍റെ തൂലികയേക്കാള്‍ ഭാരം പത്രാധിപരുടെ തമസ്കരണിക്കാണ് എന്നു തോന്നുന്നു. ആത്മപ്രകാശനിലയം* എന്നു ഞാന്‍ വിളിക്കുന്ന എന്‍റെ എഴുത്തുശാല തന്നെ ഒരു വലിയ തമസ്കരണി** ആയി മാറിയിരിക്കുന്നു! ശ്ലോകങ്ങള്‍ ചൊല്ലി പ്രകാശിപ്പിച്ചിട്ടും, ആരാലും അറിയപ്പെടാതെ കിടക്കുന്ന ഒരു നിഗൂഢക്ഷേത്രം പോലെ.

ഏതായാലും തുടങ്ങി വച്ച സ്ഥിതിക്ക് രണ്ട് നല്ല വര്‍ത്തമാനം കൂടി പറഞ്ഞിട്ട് നിര്‍ത്താം- പൂര്‍ത്തിയായി എന്നതുകൊണ്ടല്ല ഒറ്റയടിക്ക് ആളെ കൊല്ലണ്ട എന്നു കരുതിത്തന്നെ. 

അന്ധമായ വെറുപ്പോടെ (Characteristic Hatred) സ്വന്തം പൈതൃകഭാവനകളെ കൊന്നു കൊലവിളിക്കുന്ന സംഹാരതാണ്ഡവം നാട്ടുനടപ്പായി നടമാടുന്നു, അതും ഭരണത്തിന്‍റെ ചെലവില്‍.  വിചാരശീലരുടെ മൗനപിന്തുണ എതിരാളികളുടെ അവകാശം കൂടിയാണ്! അധികാരമത്തന്മാര്‍ അവരെ നോക്കി വിരല്‍ ചൂണ്ടി വീറോടെ പ്രഖ്യാപിക്കും - "നിങ്ങള്‍ക്കു മിണ്ടാന്‍ അവകാശമില്ല". അപ്പോള്‍ ഇരയാക്കപ്പെടുന്നവര്‍ ഒറ്റക്കെട്ടായി എഴുന്നേറ്റുനിന്ന് കയ്യടിച്ച് ആശീര്‍വദിക്കും - "ഇവിടെ ആര്‍ക്കും ആരോടും വര്‍ഗ്ഗവിദ്വേഷം ഇല്ല ശിവനെ! എല്ലാരും സോദരത്വേന വാഴുന്നു." (സ+ഉദരത്വേന = ഉദരത്വം കൊണ്ട്, ഉദരനിമിത്തം.)

കാവ്യഭാഷയില്‍ പറഞ്ഞാല്‍ "നേരിലല്ല പോരിലാണവര്‍ക്കു കമ്പമേറ്റവും!" പോരടിക്കാത്തവര്‍ ഇതിനെ എങ്ങനെ നേരിടും എന്നതാണ് ചോദ്യം. വല്ല വഴിക്കും അപഗ്രഥിക്കാന്‍ പറ്റുമോ എന്നു നോക്കാം ആദ്യമായിട്ട്!

കലയിലെ സ്വാഭാവികത 
ഭരണപുസ്തകം ഉയര്‍ത്തി അധികാരം കയ്യടക്കിനില്‍ക്കുന്ന പുതുമടിശീലക്കാര്‍ ഏതുവിധേനയും തങ്ങളുടെ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അവരെ മൗനംകൊണ്ട് പിന്തുണയ്ക്കുക എന്നത് തങ്ങളുടെ സാമൂഹികപ്രതിബദ്ധതയായി, വിധേയത്വമായ കടമയായി ഒറ്റപ്പെട്ടവര്‍ കരുതുക എന്നതും സ്വാഭാവികമാണ്. അവരുടെ മൗനത്തോടുള്ള ആഭിമുഖ്യത്തെ മഹത്തരമായി അവരുള്‍പ്പെടുന്ന പൊതുസമൂഹം കരുതുന്നതും സ്വാഭാവികം തന്നെയാണ്. അതിനായി ഒരു സ്വാഭാവികമായ കൗണ്ടറടിക്കു പോലും മുതിരാതെ, സ്വതസിദ്ധമായ നര്‍മബോധത്തെ അവര്‍ മുളയിലേ നുള്ളിയിരിക്കാം അല്ലെങ്കില്‍ ബലി കഴിച്ചിരിക്കാം, ബൗദ്ധികമായ നയം അഥവാ നിലപാട് എന്ന നിലയില്‍... 

എന്തായാലും നമ്പൂരിഫലിതങ്ങള്‍ എന്ന നിര്‍ദ്ദോഷമായ കേരളീയനര്‍മം എന്നെന്നേക്കുമായി സ്വിച്ചോഫ് ചെയ്യപ്പെട്ടു എന്നത് അനിഷേധ്യമായ വസ്തുതയാണ്! ഈ അസ്തമയം പുരോഗമനം അല്ലെന്നാരും പറയാന്‍ വരാനിടയില്ല. നര്‍മത്തിന്‍റെ പോലും മര്‍മ്മം കലക്കപ്പെടുന്ന പൊതുസ്ഥിതി പരിശോധനാര്‍ഹമാണ്. അതു വ്യവഹാരതലത്തില്‍ മഹത്തരം എന്നു കരുതപ്പെട്ടാലും  പരമാര്‍ഥതലത്തില്‍ സാംസ്കാരികയുദ്ധത്തിലെ മൗനഭജനം ആത്മഹത്യാപരമായ കുറ്റമായി കാണപ്പെടുന്നു, വിശേഷിച്ച് മഹാഭാരതചരിത്രമുള്ള ഈ അര്‍ധദ്വീപ് സര്‍വനാശത്തിലേക്ക് നയിക്കപ്പെടുമ്പോള്‍!

പഴയ മന്ത്രവാദത്തെ വെല്ലുവിളിക്കുന്ന പുതിയ 'തന്ത്രവാദം' ആവാം പ്രജാതന്ത്രത്തിന്‍റെ ചെലവില്‍ പരിലസിക്കുന്നത്. ഇത് പ്രജാതന്ത്രത്തെ തന്നെ ആഭാസാത്മകമാക്കുന്നു. പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പാറിക്കളിക്കുകയാണ് തമസ്കരണവാദികളുടെ വിജയക്കൊടി! അതു ചുവപ്പായാലും പച്ചയായാലും വെള്ള ആയാലും ചില കാര്യങ്ങളില്‍ പുലര്‍ത്തി വരുന്ന ഐക്യദാര്‍ഢ്യം കണ്ടില്ലെന്നു നടിക്കത്തക്കതല്ല. 

ഐക്യകക്ഷികള്‍ക്കു നമസ്കാരം. 

ക്രിയാത്മകവിമര്‍ശനങ്ങള്‍ സര്‍ഗാത്മകത പുനഃസ്ഥാപിക്കട്ടെ!

വിജയദശമി, 2026                                                                                                                                         ലതാവര്ത്തം സാഹിത്യസംവാദവേദി

അടിക്കുറിപ്പുകള്‍ 
*ആത്മപ്രകാശനിലയം - 'ആലയം' എന്ന സ്വതന്ത്രമായ ആത്മീയരചനാലയം, സ്ഥാപിതം 1994 
ഈശ്വരാര്‍പ്പണാര്‍ഥം സൃഷ്ടികള്‍ എഴുതി സമര്‍പ്പിക്കപ്പെടുന്നു, 
പ്രസിദ്ധീകരണം ജിജ്ഞാസുക്കള്‍ക്കുവേണ്ടി മാത്രമായി പരിമിതപ്പെടുത്തുന്നു.
**തമസ്കരണി/തിരസ്കരണി - പത്രാധിപരുടെ മുറിയിലെ വേസ്റ്റ് ബിന്‍. 
പ്രസിദ്ധീകരണയോഗ്യമല്ലാത്ത വാര്‍ത്തകളും സൃഷ്ടികളും വലിച്ചെറിയുന്ന കൊട്ട.