Saturday, 23 August 2014

അനന്തമൂര്‍ത്തി സാറിനു ശ്രദ്ധാഞ്ജലി


എന്‍റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ആയിരുന്നു ‍ഡോ. യൂ. ആര്‍.അനന്തമൂര‍്ത്തി. ശാസ്ത്രവിഷയങ്ങളില്‍ സ്വന്തം ഡയറക്ഷനില്‍ intensive study   നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലായിരുന്നു ഞാന്‍ അദ്ദേഹത്തെ സമീപിച്ചത്. അന്ന് അദ്ദേഹം കോട്ടയത്ത് വൈസ് ചാന്‍സലര്‍ ആയിരുന്നു. അദ്ദേഹത്തെ നേരില്‍ കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും വളരെയേറെ കടമ്പകള്‍ എനിക്ക് കടക്കേണ്ടിവന്നു. എങ്കിലും അതിനായി ഞാനെടുത്ത താല്പര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

എനിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ ബ്രീഫ് ആയി എഴുതിയ ഡ്രാഫ്റ്റ് അദ്ദേഹത്തിന് നല്‍കി. എന്‍റെ പ്രശ്നം ജനുവിന്‍ ആണോ അതോ ഞാന്‍ അനിശ്ചിതാവസ്ഥയിലാണോ എന്ന സംശയം അദ്ദേഹത്തിനുണ്ടായി. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉടനുടന്‍ മറുപടി നല്‍കി. കൂടുതല്‍ സംസാരിക്കുന്നതിന് ഭാഷ ഒരു തടസ്സമായിരുന്നു. തന്നെയല്ല ഞാന്‍ അളന്നു തൂക്കി മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ.

എന്‍റെ കാര്യം ചര്ച്ച ചെയ്യുന്നതിനായി അദ്ദേഹം എന്നെ രസതന്ത്രവകുപ്പ് മേധാവിയുടെ അടുത്തേയ്ക്ക് ഡ‍യറകട് ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ എന്‍റെ പഠനത്തോടുള്ള സമീപനത്തോട് യോജിപ്പ് ഉണ്ടായില്ല. ഉദ്യോഗസമ്പാദനത്തിനല്ലാതെ, അറിവിനു വേണ്ടി പഠിക്കുക എന്ന ആശയമായിരുന്നു എന്‍റേത്.  strange എന്ന് വകുപ്പുമേധാവി remark ചെയ്തു. അദ്ദേഹത്തിന്‍റെ പ്രതികരണം എന്നെ നിരാശപ്പെടുത്തി. ഞാന്‍ അക്കാര്യം വി.സി.യ്ക്ക് എഴുതുകയും ചെയ്തു. അതിന് മറുപടി എന്നോണം ആയിരുന്നു അദ്ദേഹം വൈസ്ചാന്‍സലര്‍ പദവി രാജി വയ്ക്കുക ഉണ്ടായത്. ഉദ്യോഗസ്ഥമേധാവിത്തം എന്നു മാത്രമായിരുന്നു  കാരണം ആയി പറഞ്ഞിരുന്നത്. അത് ആ ഇടയ്ക്ക് ഉണ്ടായ ഒരു പുതിയ പ്രശ്നം ഒന്നും അല്ലല്ലൊ.

രാജി വെച്ച് ഒരു മാസത്തെ അവധിയില്‍ പോയ അദ്ദേഹത്തെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നത് തികച്ചും അസാദ്ധ്യമായ കാര്യം ആയിരുന്നു. അത് അറിഞ്ഞിട്ടും ഞാന്‍ മൈസൂരിലേയ്ക്ക് പോയി. അദ്ദേഹത്തിന്‍റെ വിലാസം മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ ഒരു വിദ്യാര്‍ഥിയുടെ സഹായത്തോടെ തേടിപ്പിടിച്ചു. സരസ്വതീപുരം എന്ന സ്ഥലത്താണ് അദ്ദേഹം താമസിക്കുന്നത് എന്നറി‍ഞ്ഞു. പക്ഷെ അവിടെ വീടന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അവിടെ വാടകക്കാരായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ വിലാസം തരാന്‍ അവര്‍ക്ക് അനുവാദമില്ല. തിരിച്ചുപോരുകയേ വഴിയുള്ളൂ എന്ന് കൂടെ ഉണ്ടായിരുന്ന തിരുവനന്തപുരം കാരനായ സഹായി ഉപദേശിച്ചു.അദ്ദേഹം എന്നോട് ഗുഡ്ബൈ പറഞ്ഞു.

പക്ഷെ അവിടം വരെ പോയിട്ട് അനന്തമൂര‍്ത്തി സാറിനെ കാണാതെ തിരിച്ചു പോരുന്ന കാര്യം എനിക്ക് ആലോചിക്കാനായില്ല. ഞാന്‍ വീണ്ടും അതേ വീട്ടില് ചെന്നു അവിടെ ഉണ്ടായിരുന്ന കുട്ടികളോട് അറിയാവുന്ന ഇംഗ്ലീഷില്‍ അവരോട് സംസാരിച്ചു. അവര്‍ മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. അതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായില്ല. ഞാന്‍ വീണ്ടും ഇംഗ്ലീഷ് വാക്കുകള്‍ തപ്പിത്തടയാന്‍ തുടങ്ങി.

അതു കണ്ട് ഒരു പെണ്‍കുട്ടി പറ‍ഞ്ഞു, ഞങ്ങള്‍ക്ക് മലയാളം അറിയാം. എനിക്ക് സമാധാനമായി. പിന്നെ മലയാളത്തിലായി നിവേദനം. അവരുടെ മറുപടിയില്‍ മാറ്റം ഒന്നും ഉണ്ടായില്ല. അവര്‍ക്ക് അറിയില്ല എന്ന് എനിക്ക് വിശ്വസിക്കേണ്ടി വന്നു. നിരാശനായി മടങ്ങിയപ്പോള്‍ ഒരു ഓട്ടോ റിക്ഷ അവിടെ വന്നു. അതില്‍ നിന്ന് ഒരു തടിച്ച സ്ത്രീ ഇറങ്ങി.

ആ വീട്ടിലേയ്ക്ക് വന്ന അവര്‍ ആ വീട്ടിലെ അമ്മ ആണെന്ന ഊഹത്തില്‍ അവരെ തൊഴുതു. അനന്തമൂര്‍ത്തിസാറിന്‍റെ വിലാസം ചോദിച്ചു. അവരും കൈ ഒഴിഞ്ഞു. എന്‍റെ അത്യാവശ്യഭാവവും വിഷമവും കണ്ട് അവര് ചോദിച്ചു, "എന്താ സാര്‍ ജോലി തരാം എന്ന് പറഞ്ഞിട്ടുണ്ടോ..?"

"ഏയ് അതൊന്നുമില്ല. സാറിന്‍റെ ഒരു ആരാധകനാണ് ഞാന്‍. സാര്‍ രാജി വെച്ചു പോന്നു. അതൊന്നും വേണ്ട എന്നു പറയാന്‍ മാത്രമാണ്." ഞാന്‍ വിശദീകരിച്ചു. ഉടനെ അവര്‍ക്ക് എന്നോട് സഹതാപമോ അനുഭാവമോ തോന്നിയിര്ക്കാം. സാറിന്‍റെ മകളുടെ കല്യാണം ആണ്. അതിന്‍റെ തിരക്കിലാണ് സാര്‍ എന്ന് അവ്ര‍ വെളിപ്പെടുത്തി. അപ്പോള്‍ കല്യാണം എവിടെ വെച്ചാണ് എന്ന് ഞാന്‍ ചോദിച്ചു.

വുഡ്ലാന്‍സ് ഹോട്ടലി‍ല് വെച്ചാണ് എന്ന് അവര‍് പറഞ്ഞു. പിന്നെ ഒരു മിനിറ്റു പോലും അവിടെ നിന്നില്ല. നേരേ മൈസൂര്‍. അവിടുന്ന് മാണ്ഡ്യ വഴി ബാംഗ്ലൂര്‍ നോണ്‍സ്റ്റോപ്പില്‍ കയറി. രാത്രിയില്‍ തന്നെ വുഡ്ലാന്‍സ് ഹോട്ടലില്‍ എത്തി. അവിടെ അന്വേഷിച്ചു. ഹാള്‍  ബുക്കിങ് ഓഫീസ് തുറന്നാലെ അറിയാനാവൂ എന്ന് അവര്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ വീണ്ടും അവിടെ ചെന്നു കല്യാണത്തിന്‍റെ ഡേറ്റ് പറഞ്ഞു. ഫയല്‍ നോക്കിയപ്പോള്‍ വിലാസം കിട്ടി. ആ പേജില്‍ സാറിന്‍റെ ഒരു കാര്‍ഡ് സൂക്ഷിച്ചിരുന്നു. അതിലെഴുതിയിരുന്ന വിലാസം ഇങ്ങനെ. ഡോ. യൂ. ആര്‍ .അനന്തമൂര്‍ത്തി, വൈസ് ചാന്‍സലര്‍, മഹാത്മഗാന്ധിയൂണിവേഴ്സിറ്റി പ്രിയദര്‍ശിനി ഹില്‍സ്, അതിരമ്പൂഴ, കോട്ടയം.

എനിക്ക് ദേഷ്യമോ ചിരിയോ അല്ല വിഷമം മാത്രമാണ് വന്നത്.  ഞാന്‍ ചോദിച്ചു വേറെ വല്ല കോണ്ടാക്ട് നമ്പരും ഉണ്ടോ എന്ന്.. അവര്‍ തന്ന നമ്പരില്‍ വിളിച്ചു. അദ്ദേഹം റിച്ച്മണ്ട് സിറ്റിയില്‍ റുസ്റ്റുംജി അപ്പാട്മെന്‍റിലാണ് ഉള്ളതെന്ന് അറിവായി. പിന്നെ താമസിച്ചില്ല. അവിടെ ചെന്നു കണ്ടു. വന്ന വഴി ഒക്കെ വിസ്തരിച്ചു പറഞ്ഞു. അര മണിക്കൂറോളം സംസാരിക്കാന്‍ സാധിച്ചു. എന്‍റെ ആവശ്യം ഒന്നു മാത്രം. സര്‍, ഡോണ്ട് ലീവ് കോട്ടയം.... എന്തായാലും അദ്ദേഹം ആ വികാരത്തെ മാനിച്ചു. രാജി വെച്ചെങ്കിലും ആ സ്ഥാനത്ത് കാലവധി തീരുവോളം തുടര്‍ന്നു.

സാഹിത്യവിഷയങ്ങള്‍ മെയിന്‍ ആയി എടുത്ത് പഠനം തുടരാന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു. ശാസ്ത്രവിദ്യാര്‍ഥി ആയിരുന്ന എന്നെ സാഹിത്യ വിദ്യാര്‍ഥി ആക്കിയത് ആ ഗുരൂപദേശമാണ്.

സംസ്കൃതത്തില്‍ ഞാനെഴുതിയ ആലയം പത്രിക (പതിനാലു ശ്ലോകങ്ങള്) അദ്ദെഹം വായിക്കുകയും അതിന്‍റെ (അക്ഷരക്ഷേത്രത്തിന്‍റെ) പൊരുള്‍ വളരെ വേഗം മനസ്സിലാക്കുകയും ചെയ്തു. അക്ഷരപ്രതിഷ്ഠ അദ്ദേഹത്തിന് ശരിക്കും ബോധിച്ചു.
അക്ഷരക്ഷേത്ര നിര്‍മാണം പേപ്പറില്‍ പൂര്‍ത്തീകരിച്ച മാതൃക അദ്ദേഹത്തെ കാണിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് സാധിച്ചില്ല. അതിനു മുന്പേ അദ്ദേഹം യാത്രയായി.

ക്ഷേത്രത്തിലെ ജോലി ചെയ്യുന്നതും അദ്ദേഹം പ്രോത്സാഹിപ്പിച്ചുട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. അനശ്വരമായ ആ ഗുരുസ്മരണയ്ക്ക് മുന്നില്  ശ്രദ്ധാഞ്ജലി  അര്പ്പിക്കുന്നു.





1 comment:

  1. നല്ല സ്മൃതി പൂജ : നന്നായി ; നല്ല വായനാനുഭവം .

    ReplyDelete