Friday, 5 October 2012

ലേശം കാര്യ വിചാരം

എഴുതുന്ന കാര്യത്തില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത ഒരാള്‍ ആയിരുന്നു ഞാന്‍ ഇത്രനാളും. എന്നാല്‍ ഇനി ഇപ്പോള്‍ കുറേശെ പിശുക്ക് ഏര്‍പ്പെടുത്തിയാലോ എന്ന് ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ വൈദ്യുതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലേ? അത് പോലെ. 

കുറെ അദൃശ്യരായ സുഹൃത്തുക്കളെ നേടാന്‍ സാധിച്ചു എന്നതിനെ ഒട്ടും ചെറുതായി കാണുന്നില്ല. ദൈവവും അദൃശ്യന്‍ ആണല്ലോ. പലരുടെയും പ്രേരണയും പ്രോത്സാഹനവും നന്ദി പൂര്‍വ്വം കൈപ്പറ്റി രസീത് നല്‍കിയിട്ടുണ്ട്.  പലപ്പോഴും വിവാദത്തിന്റെ വക്കോളം എത്തി തിരികെ പോരുന്ന ഒരു കളി ആവാറുണ്ട് ഈ  "ശാന്തിവിചാരം" . :) 

അതിന്റെ പേരുദോഷം തീര്‍ക്കാന്‍ പരിശുദ്ധം ആയ ഒരു ബ്ലോഗ്‌ എന്ന ഭാവനയില്‍ ആണ് ദൈവവിചാരം ആരംഭിച്ചത്. അത് എന്റെ കുറഞ്ഞ കാല ബ്ലോഗിങ്ങ് ചരിത്രത്തിലെ ഒരു നാഴികക്കല്ലു ആയിരിക്കുകയാണ്. അതോടൊപ്പം തുടങ്ങിയിട്ടുള്ള ദൈവത്തിന്റെ സ്വന്തം നരകം എന്ന ബ്ലോഗ്‌ ആവട്ടെ വിദഗ്ദ്ധമായ രീതിയില്‍ സമൂഹവിമര്‍ശനധര്‍മം നിര്‍വഹിക്കുന്നു എന്ന്  ബോധ്യമുണ്ട്.

ഇതോടൊപ്പം വലയ്ക്ക് പുറത്തും കൂടി തത്തുല്യം ആയ ഒരു നീക്കം ഉണ്ടാക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള പദ്ധതികള്‍ എല്ലായ്പോഴും ആസൂത്രണനിലവാരത്തില്‍ (designing stage) തന്നെ കിടക്കുകയാണ്.  എല്ലാം ഈശ്വരഹിതം പോലെ എന്ന് കരുതി നിരന്തരം അമാന്തിക്കുകയാണ് പതിവ്. മനസ്സ് എത്തുന്നിടത്ത് ഒക്കെ ദേഹം എത്തുകയില്ലല്ലോ. 


വെറുതെ ഇങ്ങനെ ബ്ലോഗ്‌ എഴുതി കൂട്ടിയിട്ടു കാര്യമില്ല എന്നറിയാം. നടപ്പാകുന്ന കാര്യം എന്തെന്ന് കണ്ടെത്തുകയാണ് കരണീയം. ഇതില്‍ ഇതിനകം അവതരിപ്പിച്ചതും അനുബന്ധം ആയി പറയാവുന്നതും ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഒരു എളിയ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് പരീക്ഷിക്കാവുന്ന ഒന്നാണ്. അങ്ങനെ ഒരു ശ്രമം തുടങ്ങിയും വെച്ചിട്ടുണ്ട്. മനസ്സ് വെച്ചാല്‍ ഈ മാസം തന്നെ ഇറക്കാന്‍ സാധിക്കും. പക്ഷെ  പലപ്പോഴും അതിന്റെ കാര്യം മറക്കും. ഗ്രൂപ്പ് ചര്‍ച്ചകള്‍ ആണ് സമയം കൊല്ലുന്നത്‌. പിന്നെ ബ്ലോഗ്ഗിങ്ങും. മെസ്സേജ്കാരെ ഒക്കെ ഒരുവിധം പറഞ്ഞു നിര്‍ത്തിയിരിക്കുന്നു.  

എനിക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന വേറെയും ഒരു കാര്യം ഉണ്ട്. അത് വിശദമായി പിന്നെപ്പറയാം. ചുരുക്കി പറഞ്ഞാല്‍  അതൊരു ജ്ഞാനയജ്ഞം ആണ്. സാധാരണ കേരളത്തില്‍ ആരും ചെയ്യാറില്ലാത്ത ഒന്ന്. ഒരിക്കല്‍ ഞാന്‍ ചെയ്യുകയുണ്ടായി. ഒരിക്കല്‍ മാത്രം. ഒരു അരങ്ങേറ്റം പോലെ. നിഗൂഡസ്വഭാവം ഉള്ള ഒരു വിഷയം ആണ്. അതിനാല്‍ അത് ചെയ്യാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഭക്തന്മാര്‍ കേരളത്തില്‍ ഉണ്ട്.  എന്നാല്‍ എനിക്കൊരു നേരിയ അളവില്‍ കൌതുകം -പരീക്ഷണം അല്ല എങ്കിലും പരീക്ഷണം പോലെ എന്ന് പറയാം- തോന്നാറുണ്ട്. അത് ദേവിയുടെ കാരുണ്യം തന്നെ. ദേവീ മാഹാത്മ്യം ആണ് വിഷയം. 


ആ വിഷയത്തില്‍ ഒരു യജ്ഞ സംകല്പത്തോടെ ആണ് ദൈവവിചാരം ബ്ലോഗ്‌ തുടങ്ങിയത്. തടസ്സങ്ങള്‍ അവിടെയും വരുന്നുണ്ട്. മനസ്സ് അതില്‍ തന്നെ യജ്ഞപര്യന്തം നില്‍ക്കാത്ത അവസ്ഥ.   അതിനിടയില്‍ നരകത്തില്‍ പോയി ഒന്ന് എത്തിനോക്കണം എന്ന് തോന്നും. ഗ്രൂപുകളില്‍ പോയി അടിയുണ്ടാക്കേണ്ടത്  വളരെ അത്യാവശ്യം  ആണെന്ന് തോന്നും. ഒക്കെ ഓരോരോ വാസനകള്‍. എല്ലാം ഈശ്വരാര്‍പ്പണം ഭവതു. 

No comments:

Post a Comment