Tuesday 15 May 2012

Devotion and Protest

ഭക്തിയും പ്രതിഷേധവും 
കൃഷ്ണാ ഗുരുവായൂരപ്പാ! എല്ലാം അവിടുത്തെ അനുഗ്രഹം. എത്രയോ ഭക്തന്മാര്‍ ഉണ്ട് ഈ ലോകത്തില്‍. ഭക്തരായ കവികളും ഉണ്ട്. മള്ളിയൂരിന്റെ ഭക്തിയും ജ്ഞാനവും നിഷ്ഠയും  എളിമയും എത്രയോ വിസ്മയാവഹമായിരിക്കുന്നു. ആ മഹാത്മാവിന് ഭഗവാന്‍ എല്ലാ സൌഭാഗ്യങ്ങളും നല്‍കി. അക്കൂട്ടത്തില്‍ സൌജന്യം ആയി കുറെ രോഗ അരിഷ്ടതകളെയും.

ഇന്നലെ ആ വെള്ളിനക്ഷത്രം ബാലികയെയും അവിടുന്ന് വിളിച്ചു. അന്യായം എന്ന് ജനങ്ങള്‍ക്ക്‌ തോന്നും. ന്യായാധിപന്മാരുടെയും ന്യായാധിപന്‍ ആണ് അവിടുന്ന്. അവിടുന്ന് എന്ത് ചെയ്യുന്നുവോ അതാണ്‌ ന്യായം. അത് എന്തായാലും ശരി തന്നെ. മറിച്ചു തോന്നുന്നത് ദൈവിക വിഷയങ്ങളില്‍ ഉള്ള അജ്ഞാനം. ആ കുട്ടിക്ക് കുറേക്കൂടി നല്ല ജന്മം കൊടുക്കാന്‍ ആയിരിക്കാം അവിടുത്തെ തിരുഹിതം. ചെറുപ്പത്തിലെ ധന്യമായ ആ  കുരുന്നു ജീവന്‍ വിട്ടു പോയപ്പോള്‍ അതോടൊപ്പം  പലര്‍ക്കും തങ്ങളുടെ ആത്മാവ് വേറിട്ട്‌ പോയതുപോലെ കലശലായ  ഹൃദയവ്യഥ. ആ നിഷ്കളങ്കതയെ ആര്‍ക്കു മറക്കാനാവും! ആ കിളിക്കൊഞ്ചലും പുഞ്ചിരിയും ഇനി ഏതു രൂപത്തില്‍ ആയിത്തീരും!

"അനിത്യം അസുഖം ലോകം ഇമം പ്രാപ്യ ഭജസ്വ മാം."  ഗുരുമുഖത്ത് നിന്നും കേട്ട് പഠിച്ച വരികള്‍ ആണ് ഇത്. അര്‍ഥം: "ഈ ലോകം അനിത്യവും അസുഖകരവും ആണ്.   അതിനാല്‍ എന്റെ ലോകത്തെ പ്രാപിച്ച് എന്നെ ഭജിക്കുവിന്‍!" ഗീതയിലെ ആണെന്ന് തോന്നുന്നു വരികള്‍. അധ്യായവും ശ്ലോകസംഖ്യയും ഒക്കെ വിദ്യാര്‍ഥികളുടെ വിഷയം ആവാം. അവ  ഒരിക്കലും ഭക്തന്റെ വിഷയം അല്ല.  ഗുരുവില്‍ അവന്‍ വിശ്വസിക്കുന്നു. ഗുരുവചനങ്ങളില്‍ അവന്‍ വിശ്വസിക്കുന്നു. അവനു കൂടുതല്‍ തെളിവുകള്‍ ഒന്നും ആവശ്യം ഇല്ല. സത്യത്തെ തിരിച്ചറിയുന്നതിനു തെളിവുകള്‍ അല്ല, ഉപാസനയാണ് ഭക്തന്റെ മാര്‍ഗം. നിരന്തരമായ ചിന്ത യാണ് ഉപാസന. ആഴത്തിലുള്ള ആരാധന ആണ് അത്. മാനസപൂജ. അതിനു പ്രദര്‍ശനത്തിന്റെതായ ഒരു ഉപരിതലം ഉണ്ടാവണം എന്നില്ല. 

ഇന്ന് പ്രദര്‍ശനങ്ങള്‍ക്ക് ആണ് ഏറ്റവും പ്രാധാന്യം. ജീവിതം തന്നെ ഒരുതരം reality show ആയി മാറുന്നു.  പ്രദര്‍ശനം അഥവാ show ഒരിക്കലും ശുദ്ധമായ പൂജയുടെ ഭാഗമല്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി എന്നത് ലക്‌ഷ്യം ആകുമ്പോള്‍ ഈശ്വര സംകല്പങ്ങള്‍ അതിനുള്ള മാര്‍ഗം -രണ്ടാം തരം- ആയി മാറുന്നു. തരംതാഴുന്നു.  ആത്മീയ-ദൈവിക-പാതയില്‍നിന്നും ഉള്ള അപഭ്രംശം, വഴുതിവീഴല്‍, അഥവാ വഴിതെറ്റല്‍ ആണ് ഇത്. ഇങ്ങനെ പൂജയുടെ  ശാസ്ത്രവും ആയി വേറിട്ട്‌ പോയതിന്റെ ഫലമായി ഇന്ന് ക്ഷേത്രങ്ങള്‍ കരിഞ്ചന്തകള്‍ ആയിരിക്കുന്നു. ദൈവഭയം ഇല്ലാത്ത ലോകരെ ഭയന്ന് അതാരും പറയുന്നില്ല എന്നുമാത്രം. 

ആചാര്യവര്‍ഗത്തിന് മിണ്ടാന്‍ അവകാശം ഇല്ല എന്നാണു ജനങ്ങളുടെ വിധി. ശാസ്ത്രത്തെ പരസ്യമായി  നിന്ദിക്കുന്നവര്‍ക്ക് ആദായം എടുക്കാന്‍ പാകത്തിന് വിനീതരായി തലകുനിച്ചു നില്‍ക്കല്‍ അല്ലെ ആചാര്യധര്‍മം! ഇതാണോ യുഗങ്ങളുടെ പാരമ്പര്യം ഉള്ള സനാതന ധര്‍മം?  ഇവിടെ ഭക്തി പ്രതിഷേധത്തിന് വഴി മാറുന്നു. 


No comments:

Post a Comment