ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണം
1989 മുതല്‍ എനിക്ക് തൂലികാസൌഹൃദവും വ്യക്തിപരമായ അടുപ്പവും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു ശ്രീ അഴീക്കോട് മാഷ്.കത്തുകള്‍ക്ക് മറുപടി അയക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേകമായ നിഷ്ഠ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നാലഞ്ച് മറുപടികള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അത്യാവശ്യത്തിനു അല്ലാതെ കത്ത് എഴുതിയാല്‍ മറുപടി എഴുതാന്‍ വിഷമിക്കും എന്നും പ്രായാധിക്യം നിമിത്തം ഗൌരവമുള്ള ചിന്ത തനിക്കു സാധിക്കുന്നില്ല എന്നും തുറന്നു സമ്മതിക്കുന്ന കത്ത്ആയിരുന്നു ഒടുവിലത്തേത്.
വിശദമായ അനുസ്മരണം തയ്യാറാക്കണം എന്ന് വിചാരിക്കുന്നു. അദ്ദേഹത്തെ കാണുന്നതിനു ആയി ഞാന്‍ പലതവണ വസതിയില്‍ പോയിട്ടുണ്ട്. മുഖം തന്നത് ഒരുതവണ മാത്രം. എന്നിട്ട് പറഞ്ഞതോ ഇങ്ങനെ ചെല്ലുന്നവരോട് ദയവില്ല എന്നും സംസാരിക്കേണ്ടത് നാവുകൊണ്ട് അല്ല വടി കൊണ്ട് ആണ് എന്നും ആയിരുന്നു. വീട്ടില്‍ കയറി ചെല്ലുന്നവരോടുള്ള അതിഥി മര്യാദ കേട്ട മറുപടി സമചിത്തതയോടെ, ക്ഷമിച്ചു കേട്ട് തിരികെ പോന്നെങ്കിലും നല്ല തിരിച്ചടി നല്‍കാന്‍ പറ്റിയ അവസരം എനിക്ക് പിന്നീട് ലഭിച്ചു. അദ്ദേഹം നാഷണല്‍ ബുക്ക് ട്രസ്റ്റ്-ഇന്‍റെ ചെയര്‍മാന്‍ ആയ ശുഭ വേളയില്‍ അത് വെച്ചുകാച്ചി. നാലുവരി കവിത.
ബഹുമാനപ്പെട്ട അഴീക്കോട് സാറിന്,
പുതിയ ഉദ്യോഗം അങ്ങേയ്ക്ക് ഒരു ഊന്നുവടി പോലെ താങ്ങും തണലും അതുപോലെ ശോഭാനവും ആകട്ടെ.
എന്ന് ഗദ്യത്തില്‍ ആശംസിച്ചതിനു ശേഷം പദ്യം അങ്ങട് താങ്ങി.
വീഴാതെ നടക്കാനും ഊന്നി സംസാരിക്കാനും
വിശ്വാസം അര്‍പ്പിക്കാനും വിരട്ടി യോടിക്കാനും
വാചകം തോറ്റാല്‍ വടി രക്ഷിക്കും വയസ്സിങ്കല്‍
വാഴുക ചെയര്‍മാനായ് സുകുമാറഴീക്കോടേ!
മാഷ് മറുപടി എഴുതി.
പ്രിയപ്പെട്ട ശ്രീ നമ്പൂതിരിക്ക്,
കാവ്യ രൂപത്തില്‍ അയച്ച അനുമോദനത്തിനു പ്രത്യേകം നന്ദി. കണക്കില്ലാതെ അനുമോദനങ്ങള്‍ ലഭിച്ചു എങ്കിലും ഇത്രയും രസികത്വം നിറഞ്ഞ ഒരു അനുമോദനം വേറെ കണ്ടില്ല.
ക്ഷേമാശംസകളോടെ സുകുമാര്‍ അഴീക്കോട്.
അതിനു ഞാന്‍ മറുപടി എഴുതിയത് 84 ശ്ലോകങ്ങള്‍ ആയിരുന്നു. ആദ്യത്തേത് മാത്രം ഓര്‍മയുണ്ട്.
വടി യെന്ന ഉപമാനം പിടിച്ചതായറിഞ്ഞു ഞാന്‍
വടി തന്നെ പിടിച്ചാലും മടിയില്ല പയറ്റുവാന്‍.!!,!!
ബാക്കി പഴയ കെട്ടുകള്‍ അഴിച്ച് പൊടിതട്ടി എടുക്കണം. അതിനൊക്കെ മടിയാ. ഒന്നും കളഞ്ഞിട്ടില്ല വല്ല എലിയോ മറ്റോ കരണ്ടോ എന്നും നോക്കിയാലെ അറിയൂ. അധികം വേണ്ടല്ലോ. വ്യക്തിയോ പോയി. മാന്യമായി മരിച്ച സ്ഥിതിക്ക് ഒരു തല്ലികൊല്ലല്‍ ആവശ്യമില്ല. അഥവാ ശരിയല്ല. അതിനാല്‍ ഈ അനുസ്മരണം ഇവിടെ ഉപസംഹരിക്കുന്നു.
**********************************************************************************
എത്ര വലിയ വിഷയം എടുത്താലും ഒരു പേജില്‍ ഒതുക്കി ബ്ലോഗ് എഴുതാന്‍ ഇത് വരെ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വ്യക്തിയെ കുറിച്ച് ഓര്‍ത്താല്‍ ഒരു ഗ്രന്ഥം തന്നെ എഴുതാന്‍ കഴിഞ്ഞേക്കും. അത് വേണോ എന്ന് സംശയിക്കുന്നു. എന്തായാലും ചില കാര്യങ്ങള്‍ ഈ അവസരത്തില്‍ പതിവിന്‍പടി മറച്ചു വയ്ക്കുന്നത് ശരിയല്ല. കൂടുതല്‍ പിന്നെയാട്ടെ.
No comments:
Post a Comment