Friday, 6 November 2026

ശാന്തി

ശാന്തി  (7.11.26)

ശാന്തിവിചാരം ബ്ലോഗില്‍ ഭാഗവതസൂര്യന്‍ ഉദിച്ചു നില്‍ക്കുന്നു. പിബതഭാഗവതം ഗ്രൂപ്പില്‍ നിത്യപാരായണം ഒന്നാം സ്കന്ധം എട്ടു ദിവസം കൊണ്ട് പൂര്‍ത്തിയായി. അവ ശരാശരി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള എട്ടു വിഡിയോ ആയി പോസ്റ്റ് ചെയ്തു. ഇനി ഒരു ഇടവേള ആവാം. Let's take a break. 

എല്ലാര്‍ക്കും ഇഷ്ടമുള്ള കാര്യമാണ് അത്. സുഖായിട്ട് ഉറങ്ങാന്‍ പറ്റും കുറച്ച് സംസ്കൃതം കേട്ടു കഴിഞ്ഞാല്‍. അല്ലേ. അത് ആവശ്യമാണ്. ഉറങ്ങുന്ന സമയത്ത് ചെവിയില്‍ കേട്ട ഡേറ്റായുടെ ഒരംശത്തെ എങ്കിലും ഉപബോധമനസ്സ് സ്വാംശീകരിക്കും. അത് ഏതംശം ആണ് എന്നത് മനസ്സു തീരുമാനിക്കും. അവനവന്‍റെ വാസന അനുസരിച്ചാവും ഓരോരുത്തര്‍ക്കും ശരിയും തെറ്റും തോന്നുക. 

ചിലര്‍ക്ക് ബാക്കിയും കൂടി കേട്ടുകളയാം എന്നു തോന്നും. ഗ്രൂപ്പിലാണെങ്കില്‍ ചിലര്‍ക്ക് ലീവ് ചെയ്യാന്‍ തോന്നും. ടെന്‍ഷനില്ലാതെ സുഖമായി ഉറങ്ങാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. ആ സമയത്താണ് നമ്മള്‍പോലും അറിയാതെ നമ്മുടെ കണ്ട്രോള്‍ പാനല്‍ സെറ്റിംഗ്സില്‍ ചിലതൊക്കെ നിയന്താതാവ് മാറ്റുക. The Genetic Engineer.  ബ്രഹ്മാവ് എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വലോകപിതാവ്. അദ്ദേഹത്തിന്‍റെ കീ ബോര്‍ഡില്‍ അവിടെയും ഇവിടെയും ഒക്കെ സ്പര്‍ശിച്ച് ചിലതൊക്കെ Enable  ചെയ്യും മറ്റു ചിലത് Disable  ചെയ്യും. അങ്ങനെയൊക്കെ ആയിരിക്കാം അല്ലേ? 

ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള ഒരു വ്യത്യാസം, ബ്രഹ്മാവ് വിഷ്ണുവിനെ സ്തുതിക്കുന്ന ആളാണ്. പക്ഷെ മറ്റുള്ളവരില്‍ നിന്നും സ്തുതികള്‍ നേരിട്ടു സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ആളായി തോന്നിയിട്ടില്ല. ബ്രഹ്മാവിന്‍റെ പ്രതിഷ്ഠയോ ക്ഷേത്രങ്ങളോ സാധാരണമല്ലല്ലൊ. സ്തുതികളും കീര്‍ത്തനങ്ങളും കേള്‍ക്കാറില്ല. അദ്ദേഹം ഒരു കോടതി കൂടിയാണ്. The Real Supreme Court. നിരന്തരം സൃഷ്ടിനിരതനായി വര്‍ത്തിക്കുന്നതോടൊപ്പം വിധാതാവ് വിധികര്‍ത്താവ് എന്നൊക്കെയുള്ള റോളുകള്‍ കൂടി ബ്രഹ്മാവ് കൈകാര്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് നേരിട്ടുള്ള സോപ്പിടീലൊന്നും ആരും ചെയ്യേണ്ടതില്ല, ആ വേല കയ്യില്‍ വെച്ചാല്‍ മതി എന്നതാവാം ബ്രഹ്മാവിന്‍റെ താല്പര്യം. അതെന്തുമാവട്ടെ. 

ചില അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയ ശേഷം അപായപ്പെടുത്താന്‍ ചെന്ന കഥകള്‍ കേട്ടിട്ടില്ലേ? ആദിയില്‍ ശ്രീരുദ്രനെ സൃഷ്ടിച്ചതും ബ്രഹ്മാവാണ്. പ്രളയകാലത്തെ തമസ്സില്‍ നിന്നാണ് സൃഷ്ടി ആരംഭിച്ചത്, അതായത് അജ്ഞാനവൃത്തികളില്‍നിന്ന്. 

രോദനം ചെയ്യുന്നവന്‍ ആയതുകൊണ്ടാണ് രുദ്രന്‍ ആയത്. രുദ്രന്‍ ഗൗരവക്കാരനാണ്. വിഷ്ണുഭക്തനുമാണ്. രുദ്രന്‍ സൃഷ്ടി ചെയ്തവയാണ് ഭൂതപ്രേതപിശാചുക്കളെല്ലാം. അവറ്റകളെല്ലാം കൂടി ബ്രഹ്മാവിനെ ആക്രമിച്ചു പിടിച്ചു തിന്നാന്‍ ചെന്നു. ഭയഭീതനായ ബ്രഹ്മാവ് വിഷ്ണുവിനെ ഭജിച്ചു.

ജ്ഞാനവൃത്തിയില്‍ നിന്നും നല്ല മക്കളെ സൃഷ്ടിക്കുകയാണ് അപകടസ്ഥിതിക്ക് പരിഹാരം എന്ന് ബ്രഹ്മാവിനു തോന്നി. അങ്ങനെ സൃഷ്ടിച്ച നാലു നല്ല മക്കളാണ് സനകാദികള്‍ എന്നറിയപ്പെടുന്ന സനക-സനന്ദ-സനാതന-സനത്കുമാരന്മാര്‍. നാലു മുഖത്തു നിന്നും വന്ന ഓരോരുത്തരാവാം. നാലു പേരും ഒരേ സ്വഭാവക്കാര്‍. അവര് നല്ല മക്കളൊക്കെയാണെങ്കിലും സൃഷ്ടിലീലയില്‍ അച്ഛനെ സഹായിക്കുന്നവരായി ഭവിച്ചില്ല. വിഷ്ണുഭക്തിയല്ലാതെ ആ ജ്ഞാനസ്വരൂപികളുടെ ഉള്ളില്‍ മറ്റൊന്നില്ല.

കാഴ്ചയില്‍ അഞ്ചുവയസ്സു മാത്രം തോന്നിക്കുന്ന ബാലന്മാരാണവര്‍. ഊര്‍ദ്ധ്വരേതസ്സുകള്‍ എന്നും വിശേഷണമുണ്ട്. അവരുടെ ശരീരത്തില്‍ ഉണ്ടാകുന്ന രേതസ്സിന്‍റെ കണികകള്‍ പോലും ഊര്‍ദ്ധ്വഗതിയെ പ്രാപിക്കുന്നു. ഊര്‍ജ്ജരൂപമായിത്തീര്‍ന്ന് പ്രകാശമാനമായി സുഷുമ്നാനാഡിയിലൂടെ ബ്രഹ്മരന്ധ്രം ഭേദിച്ച് മേല്‍ഗതി പ്രാപിക്കുന്നു, അഥവാ വിഷ്ണുപാദം പുകുന്നു.

സനകാദികള്‍ ഒരു പ്രതിഭാസം പോലെയാണ്. മനുഷ്യരൂപം ഉണ്ടെന്നേയുള്ളൂ. ജന്മനാ വിരക്തരാണ്. യോഗീശ്വരന്മാരാണ്. ദിഗംബരന്മാരുമാണ്. ലൗകികവികാരം ഇല്ലാത്തവര്‍ക്ക് ഭയവും ലജ്ജയും ഇല്ല. എങ്കിലും കൗപീനമാത്രധാരികളായി നമുക്ക് അവരെ ആദരവോടെ മാത്രം വിഭാവനം ചെയ്യാം. 

ഈ നാല്‍വര്‍സംഘം ഒരിക്കല്‍ അത്യാവേശത്തോടെ വൈകുണ്ഠത്തിലേക്കു പോയി. നയനമോഹനമായ നൈഃശ്രേയസോദ്യാനമൊക്കെ കണ്ട് ദിവ്യകുസുമങ്ങളുടെ സുഗന്ധം ആസ്വദിച്ചു വരുന്ന വണ്ടുകളുടെ മൂളിപ്പാട്ടും തടാകങ്ങളില്‍ നീന്തുന്ന അരയന്നങ്ങളുടെ കളഗാനവും ഒക്കെ ആസ്വദിച്ച് വൈകുണ്ഠത്തില്‍ ചെന്നെത്തി.  

തുറന്ന് കിടന്നിരുന്ന ഗോപുരവാതില്‍ കണ്ടതോടെ എല്ലാം മറന്ന് ഓടിച്ചാടി അകത്തു കേറാന്‍ തുടങ്ങുമ്പോള്‍ എന്താണ് സംഭവിച്ചത്? മഹാവിഷ്ണുവിന്‍റെ കാവല്‍ഭടന്മാര്‍ വഴി തടഞ്ഞു. അവരുടെ ഡ്യൂട്ടി ചെയ്തു. അപ്പോയിന്‍റ് മെന്‍റ് എടുക്കാതെ ഐഡി കാര്‍ഡില്ലാതെ കണ്ണിക്കണ്ട പിള്ളേര്‍ക്ക് ഓടിച്ചാടിക്കേറിച്ചെല്ലാനുള്ളതാണോ സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെ ഓഫീസായ വൈകുണ്ഠം? ഔദ്യോഗികവസതിയാണത്. അവിടെ അവിടുത്തെ നിയമങ്ങള്‍ ആരായാലു പാലിച്ചേ മതിയാകൂ. അതാണ് കാവല്‍ക്കാരായ ജയവിജയന്മാരുടെ ഉറച്ച നിലപാട്.

എന്നാല്‍ പരമഭക്തരായ സനകാദികള്‍ക്ക് അവരെ അംഗീകരിക്കാനായില്ല. സാക്ഷാല്‍ മഹാവിഷ്ണുഭഗവാന്‍ ഭക്തരായ തങ്ങള്‍ക്കും കാണാന്‍ അവകാശപ്പെട്ട ആളാണെന്ന് എന്ന് സനകാദികള്‍ ഉറച്ചു വിശ്വസിക്കുന്നു. 

അവരുടെ അപ്പോഴത്തെ വികാരം തീവ്രമായിരുന്നു. അതിനെ ഭക്തി എന്നോ പ്രേമം എന്നോ വിളിച്ചാല്‍ പോര, അത് കാമം തന്നെ ആയിരുന്നു. പ്രേമം അനിയന്ത്രിതമാവുമ്പോള്‍ അതു തന്നെ കാമമായി ഭവിക്കും. സനകാദികള്‍ക്ക് ക്രോധം ഉണ്ടായി എന്നു പറയാന്‍ വേദവ്യാസന്‍ ഇഷ്ടപ്പെട്ടില്ല. അതിനു പകരം കാമാനുജന്‍ എന്ന പേരാണ് ആ കവി ക്രോധം എന്ന വാക്കിന് ആ സന്ദര്‍ഭത്തില്‍ മാത്രം കല്പിച്ചത്. 

ആ ക്രോധത്തില്‍നിന്നും ശാപം ഉണ്ടായി. ശാപത്തില്‍നിന്നും രണ്ട് അസുരജന്മങ്ങള്‍ ഉണ്ടായി. ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. ഭൂമിയെ വിറപ്പിച്ചവര്‍. ഭൂമി മുക്കാലും സമുദ്രത്തില്‍ ആണ്ടുപോയത് അവരുടെ ജന്മത്തോട് അനുബന്ധിച്ചാണ്. തുടര്‍ന്നാണ് വരാഹാവതാരം ഉണ്ടായത്. 

പുരാണകഥകള്‍ ഇപ്പോഴും ജീവിക്കുന്നത് അവ വലിയ തത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നതുകൊണ്ടാണ്. ആധുനികശാസ്ത്രം A square, B square  എന്നൊക്കെ പറഞ്ഞ് തത്ത്വങ്ങളെ ബുദ്ധിയുടെ തലത്തിൽ ആവിഷ്കരിക്കുമ്പോള്‍ മഹര്‍ഷിമാര്‍ ഏവര്‍ക്കും ഹൃദിസ്ഥമാവുന്ന കഥകളായി തത്ത്വങ്ങളെ ഹൃദയത്തിൽ ആവിഷ്കരിക്കുന്നു. പുരാണകഥകളിലൂടെയാണ് ഇന്ത്യന്‍ ഫിലോസഫി ഹൃദയംഗമമായി നിലനില്‍ക്കുന്നത്. അല്ലാതെ ജീവനില്ലാത്ത പ്രസ്താവനകള്‍ മാത്രം ആയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായേനെ. തമസ്കരിക്കപ്പെട്ടേനെ. 

കാമം തടസ്സപ്പെടുന്ന ഇടത്ത് കാമത്തിന് ഒരു അനുചരന്‍ അഥവാ അനുജന്‍ കൂടി ജനിക്കും. അതിന്‍റെ പേരാണ് ക്രോധം. കാമക്രോധാദികള്‍ എന്നാണ് ഷഡ്വികാരങ്ങളെ പറയുക. കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം എന്നിവയാണ് ഷഡ്വികാരങ്ങള്‍. 

ഷഡ്വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുത് ചിത്താംബുജം എന്ന് ഹരിനാമകീര്‍ത്തനത്തിലൂടെ എഴുത്തച്ഛന്‍ പ്രാര്‍ഥിക്കുന്നുണ്ടല്ലൊ. ഈ വികാരങ്ങളെയെല്ലാം ശത്രുക്കളായി കാണുന്നത് ആയിരുന്നു എഴുത്തച്ഛന്‍റെ ആദ്ധ്യാത്മിക ദര്‍ശനം എന്ന് വ്യക്തം.

ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയുമാണ് മലയാളക്കരയുടെ വഴികാട്ടികളായി നിത്യവും പ്രഭാതവേളകളില്‍ ക്ഷേത്രങ്ങളിലൂടെ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. അവ ലളിതമായ ഉപാഖ്യാനങ്ങളാണെങ്കില്‍പോലും അവയുടെ ഗഹനമായ അര്‍ഥതലത്തിലേക്ക് കടന്നു ചെല്ലാന്‍ എത്രപേര്‍ ശ്രമിക്കുന്നുണ്ട് എന്നു തോന്നാറുണ്ട്. 

ചുമ്മാ ഒരു ഓളത്തിനു കേള്‍ക്കാം എന്നേയുള്ളൂ. അല്ലാതെ അര്‍ഥം പഠിച്ചിട്ടുകാര്യമില്ല, ഞങ്ങള്‍ക്ക് അതിന്‍റെയൊട്ട് ആവശ്യവുമില്ല. വേദവേദാന്തങ്ങളുടെ അര്‍ഥതലത്തെത്തന്നെ മറിച്ചിടുകയും തള്ളിക്കളയുകയും ചെയ്യാനുള്ള അവകാശം ആണ് ഞങ്ങള്‍ക്കു വേണ്ടത്. അത് ഞങ്ങള്‍ സമരം ചെയ്തു നേടി എടുത്തതാണ്. അത് ഭജിക്കാനല്ല, ഭരിക്കാനാണ് അതാണ് സാക്ഷാല്‍ സനാതനത്വം എന്നൊക്കെയാണ് പുതിയ ഓരോരോ ചിന്താഗതികളും വാദഗതികളും ചേര്‍ന്ന് കോലാഹലം സൃഷ്ടിക്കുന്നത്. അവിടെ അസ്തമിക്കുന്ന ഒന്നുണ്ട് അതാണ് ശാന്തി: 

അതുണ്ടാവാനായി ആദ്യം നമുക്കു പ്രാര്‍ഥിക്കാം. 

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ. 

   

No comments:

Post a Comment