1. മലയാളത്തനിമ എന്ന പോസ്റ്റ് അഗ്നി ആയി. ശാന്തിവിചാരം ബ്ലോഗ് കത്താന്‍ തുടങ്ങി. എരിയുന്ന തീയില്‍ എണ്ണ ഒഴിക്കേണ്ട കാര്യമില്ല എന്നാലും വ്യൂ ഹൈക് പതിമുവ്വായിരത്തോളം കടന്ന സാഹചര്യത്തില്‍ ചിലതുകൂടി സൂചിപ്പിക്കാനാഗ്രഹിക്കുന്നു, ഹോമാഗ്നിയില്‍ ചമത എന്നപോലെ.
2. ഹോമാഗ്നി, ചമത തുടങ്ങിയവ വൈദികപദങ്ങളാണ്. സമാധാനം പകരുന്ന സദ്ഭാവനകള്‍. ഇപ്പോളാരും അവ ഉപയോഗിക്കാറില്ല. പഴയത് ആയതുകൊണ്ടോ അവയുടെ സൗന്ദര്യം നഷ്ടപ്പെട്ടതുകൊണ്ടോ അല്ല. നവോത്ഥാന ട്രെന്‍ഡ്. ചില മൂല്യങ്ങളെ തെരഞ്ഞെടുത്തു പിഴുതെറിയുന്ന നവോത്ഥാന ട്രെന്‍ഡ് നിയമബലത്തോടെ ഭീകരമായി വാഴുന്നു, കേരളത്തെ മുച്ചൂടു മുടിച്ച് നരകത്തിലേക്ക് തള്ളിയിട്ടും തീരാത്ത പകപോലെ. ഈ സാഹചര്യം സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്നു, പോസ്റ്റ് മോര്‍ട്ടം പോലെ.
3. സനാതനധര്‍മ്മത്തെ ആയിരത്താണ്ടുകള്‍ നിലനിര്‍ത്തിയിട്ടുള്ളത് പൊതുവിദ്യാലയങ്ങളല്ല, അവര്‍ സ്വധര്‍മ്മമായി പിന്തുടര്ന്നു വന്ന പൈതൃകശാസനമായ ആചാരാനുഷ്ഠാനപദ്ധതികളാണ്. വിദേശാധിപത്യകാലത്തുപോലും പൈതൃകപാത വെടിയാതെ പിന്തുടരാന് വൈദികവര്ഗ്ഗം പ്രതിജ്ഞാബദ്ധമായിരുന്നു. രണ്ടുനേരവും ഉള്ള കുളിയും സന്ധ്യാവന്ദനവുമാണ് ബ്രാഹ്മണ്യത്തിന്റെ മാനദണ്ഡമായി അഭിജ്ഞന്മാര് ഇപ്പോഴും കരുതുന്നത്.
4. അവര്‍ ആയോധനം ചെയ്യാത്തവരാണ്. അതുകൊണ്ടു തന്നെ അവരെ നശിപ്പിക്കാന്‍ എളുപ്പമല്ല. പഴശ്ശിരാജാവിന്റെ പാരമ്പര്യത്തെ നശിപ്പിച്ചതുപോലെ എളുപ്പമല്ല പരശുരാമന്റെ പാരമ്പര്യത്തെ നശിപ്പിക്കാന്‍. എന്നാലത് കേരളത്തിന്റെ പൊതു ആവശ്യം പോലെ ആയിത്തീര്‍ന്നു താനും. ബ്രിട്ടീഷുകാരന്റെ തോക്കിന് സാധ്യമല്ലാത്തത് പൈതൃകവിരുദ്ധരായ ശൂദ്രരുടെ വാക്കിന് നിഷ്പ്രയാസം സാധിച്ചു. ബ്രഹ്മവര്ഗ്ഗഹിംസകര് മഹാന്മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംപിടിച്ചു.
5. വൈദികവിജ്ഞാനം അച്ചടിച്ചു പ്രസിദ്ധീകരിച്ച് പ്രകാശനത്തിന്റെ പാത പിന്തുടര്‍ന്ന കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് യാഥാസ്ഥിതികന് എന്ന് അധിക്ഷേപിക്കപ്പെട്ടു. അതേ സമയം വേദം പഠിക്കാനെടുത്ത ആറുവര്‍ഷം പാഴായി എന്ന് തള്ളിപ്പറഞ്ഞ ഏലംകുളം ശങ്കരന് നമ്പൂതിരിപ്പാട് ആദ്യത്തെ മുഖ്യമന്ത്രിയുമായി. പാരമ്പര്യം തുലയട്ടെ എന്നു ശപിക്കുക ആയിരുന്നില്ലേ കേരളം? ഇപ്പഴും ആ നിലപാട് തന്നെയല്ലേ പ്രബുദ്ധരേ?
6. കേരളത്തിലെ ലീഡിങ് കാസ്റ്റ് ആയിരുന്ന നമ്പൂതിരിമാര്‍ അധികവും ഇടതു സഹയാത്രികരായി മാറാനിടയായ സാഹചര്യമാണ് ഇവിടെ സൂചിപ്പിച്ചത്. സാമൂഹ്യമായ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണതു സംഭവിച്ചത്. ലോകത്തില്‍ പരസ്യവിചാരണ നേരിടേണ്ടി വന്ന മറ്റൊരു വിഭാഗമില്ല. അവരുടെ പാരമ്പര്യത്തിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എന്നതും ശ്രദ്ധേയമാണ്, അന്യമതസ്ഥര്‍ അവരെ പിന്തുണച്ചിട്ടുണ്ടാവാം.
7. സംവാദത്തിനായി സമഭാവനയോടെ എഴുതുന്ന നിരീക്ഷണമാണിത്. സംവാദമൊക്കെ എന്നേ ഔട്ടായി അല്ലേ മലയാളീസേ! ഔട്ടാക്കാതെ പറ്റില്ലല്ലൊ. വായടപ്പിച്ചു ശീലിച്ചവര്ക്കിപ്പോള് വാ തുറക്കാന്‍ കഴിയാത്ത അവസ്ഥ. വാ തുറന്നാല്‍ അസഭ്യം മാത്രം വമിക്കുന്ന അവസ്ഥയെ അവര്‍ സനാതനത്വമെന്ന് സ്വയം വ്യാഖ്യാനിക്കുന്നു.
8. ബ്രാഹ്മണ്യത്തിന്റെ അപരവല്‍കരണം രഹസ്യ അജണ്ടയായി കൊണ്ടു നടക്കുന്നവരാണോ സനാതനധര്‍മ്മികൾ?
9 . ഇത് സ്വവര്‍ഗ്ഗത്തെ ന്യായീകരിക്കാനോ എതിരാളികളോടു പകരം വീട്ടാനോ അല്ല. ഭീഷണിയായി ചിലര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം അവരുടെ തന്നെ പ്രവൃത്തികളാണ്, അവയെപ്പറ്റി അവരുടെ ഉള്ളിലുള്ള ഉത്തമബോധ്യമാണ്. എന്റെ വാക്കുകളോ അവയുടെ ടോണോ അല്ല.
10. യാഥാസ്ഥിതികരെ വേട്ടയാടി മാന്യമായി സ്വജാതിപോഷണം ചെയ്ത മഹാനാരെന്നു ഞാന്‍ പറയേണ്ടതില്ല. പ്രേതാത്മാക്കളെ വെറുതെ വിടാനാണിഷ്ടം. ഇന്ന് കേരളം കുറെ പ്രേതാത്മാക്കളെയാണ് പിന്തുടരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് ഒരു പ്രേതാലയം ആവുകയാണോ എന്നു തോന്നും.11. മുമ്പ് ഭ്രാന്താലയം എന്ന് കേളികേള്പ്പിച്ചപ്പോള് അത് ആഘോഷിച്ചവരാണ് കേരളീയര്‍. ക്രിമിനലാലയം എന്ന് മറ്റൊരു മഹാത്മാവും കേരളത്തെ വാഴ്ത്തിയിരുന്നു. പ്രേതാലയം എന്നു തീര്‍പ്പു കല്പിക്കാന് ഞാനൊരുക്കമല്ല. പ്രേതമുക്തിക്കുള്ള ശുകശാസ്ത്രമാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ശ്രീമദ്ഭാഗവതം. യൂ ട്യൂബ് ചാനലിലൂടെയും വാട്സപ് ഗ്രൂപ്പിലൂടെയും നിത്യേന.
12. പരിഷ്കാരത്തിന്റെ പേരില്‍ കേരളം വലിച്ചെറിയാന്‍ ശ്രമിച്ച പൈതൃകത്തിന്റെ സ്വാധീനം ഇക്കാലത്തും ശക്തമായി നിലനില്ക്കുന്നു എന്നതാണ് എന്റെ നിരീക്ഷണം. അതു മനസ്സില്‍ വെച്ചാണ് പുതിയ പ്രേതകഥ എഴുതാന്‍ ഞാന്‍ സമുത്സുകനായത്.
13. ആരും പേടിക്കണ്ട. അത് വെളിച്ചം കാണുമോ എന്ന കാര്യം സംശയത്തിലാണ്. പൂജാരിമാര്‍ അവരുടെ പണി ചെയ്താല്‍ പോരേ? പ്രേതകഥയും പ്രേമകഥയുമാണോ അവര്‍ക്ക് പറഞ്ഞിട്ടുള്ളത് എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നു, സാംസ്കാരികനായകന്മാരില്‍ നിന്നു തന്നെ.
14. മറ്റുള്ളവരെല്ലാം അവര്‍ക്ക് വിധിച്ചിട്ടുള്ളതു തന്നെയാണല്ലൊ ചെയ്യുന്നത് അല്ലേ?
(ഇന്നലെ ഇത് പോസ്റ്റ് ചെയ്തതിനു ശേഷം ഇന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്..)
REVIEW 3/11/26
ഇതിലധികം എന്തെഴുതാന്‍? എന്തെഴുതിയിട്ട് എന്തു കാര്യം? വായനക്കാരെല്ലാം ഒരുപോലെ മൌനം ആചരിക്കുന്നു. ഒരു ക്ലൂ പോലും തരാതെ. അതിൽനിന്നും എന്താണ് മനസ്സിലാക്കേണ്ടത്? സഹിക്കുകയാണോ ആസ്വദിക്കുകയാണോ എന്ന് വ്യക്തമല്ല. ആരുടെയും ക്ഷമ പരീക്ഷിക്കേണ്ട ആവശ്യമില്ല. അതാണ് തുടരെ തുടരെ പോസ്റ്റിടാത്തത്. മാറ്ററില്ലാഞ്ഞിട്ടല്ല. വ്യൂ കൂടുന്നതിൽ നിന്നും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് വ്യക്തം. നന്ദി. നന്ദി. നന്ദി.
അനുബന്ധം
1. ഇന്നത്തെ ഭാഗവതപാരായണം യു ട്യൂബ് വിഡിയോ ലിങ്ക്.
2.ഭാഗവതസങ്ഗം വാട്സപ് ഗ്രൂപ്പ് ലിങ്ക്.
3. Bhagavatam Audio Guide Vol 5 Canto 1 Chapters 10-12

മലയാളത്തനിമ കുറച്ചു നീണ്ട പോസ്റ്റാണ്. പ്രേതകഥ ചെറുതുമാണ്. എന്നാൽ ഗൌരവം കൊണ്ട് പ്രേതകഥയ്ക്ക് ആണെന്നു തോന്നുന്നു ഭാരം. ഇനി എനിക്ക് തുടരാമോ അതോ ബ്ലോഗെഴുത്ത് നിര്‍ത്തണോ... ആരും കമന്റൊന്നും പറയുന്നില്ല. മുമ്പ് മനഃപൂര്‍വം നിര്‍ത്തിയത് ആയിരുന്നു. ഒരു സുഹൃത്തിന് അത് വിഷമം ആയി എന്ന് അറിഞ്ഞതു കൊണ്ട്...
ReplyDelete