നര്‍മപുരാണം'26
(21.11.26)
PART-I
ദേവലോകം@Memory_Full!
മുഖവുര: നവംബര്‍ 12-ാം തീയതിയാണ് രാമായണം പോസ്റ്റ് ഇട്ടത്. അതിനു ശേഷം ബ്ലോഗ് വ്യൂ അഭൂതപൂര്‍വമായി കുതിച്ചുയര്‍ന്നു. ഹിറ്റ് 242,034 ൽ എത്തി. വായനക്കാരോട് നന്ദിയുണ്ട്. കമന്‍റുകള്‍ അധികമില്ല എന്നത് അവഗണനയായി കാണുന്നില്ല. ഞാന്‍ കമന്‍റുകളെ അവഗണിക്കാറില്ല.
ഹിന്ദുമതവും സനാതനധര്‍മ്മവും ഒന്നാണോ എന്ന ഗുരുതരമായ ചോദ്യം ആരോ ഉന്നയിച്ചിട്ടുണ്ട്. ചോദ്യം ഇഷ്ടപ്പെട്ടു. സംശയം തോന്നിയതുകൊണ്ടാണല്ലൊ ചോദ്യം ഉണ്ടായത്. പക്ഷെ ഉത്തരം നിരൂപിക്കാന്‍ ഈ ബ്ലോഗിലെ ഇടം പോരാ. അത് സംവാദത്തിന്‍റെ ഭാഗമായി വരണം. എടുത്തു ചാടി തീരുമാനിക്കേണ്ടതില്ല. ചോദ്യകര്‍ത്താവിനെ മാനിച്ച് ചെറിയ ക്ലൂ കൊടുക്കാന്‍ നോക്കാം. അത്രയേ പറ്റുള്ളൂ.
വിചാരശീലരായ വിശ്വാസികളുടെ സാധുവായ ചോദ്യങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് മറുപടി പറയാനുള്ള മഹത്വം സൂതപൗരാണികനും ശ്രീശുകാദി മഹര്‍ഷിമാരും കാണിക്കുന്നു. എന്നാല്‍ ഉണ്ടാകുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉദാരമായി ഉത്തരം കൊടുക്കുക എന്നത് തങ്ങളുടെ കര്‍ത്തവ്യമായി ആരും കരുതിയിരുന്നതായി കേട്ടിട്ടില്ല.
ഇപ്പോഴും ആചാര്യവേഷങ്ങള്‍ ഒന്നും കമന്‍റുകളോട് പ്രതികരിക്കാന്‍ തയ്യാറല്ല എന്നു കാണാം. ആചാര്യത്വം ആഗ്രഹിക്കാത്ത ഒരുവന് ഉത്തരം കൊടുക്കേണ്ടതില്ല. അത് ആവശ്യമുള്ളവര്‍ക്ക് ഗവേഷണം നടത്തി കണ്ടെത്താവുന്നതേയുള്ളൂ. ഉപയോഗിക്കപ്പെടാത്ത ഗ്രന്ഥസമ്പത്ത് ഓര്‍മ്മയാകുന്ന സ്ഥിതിവിശേഷമാണല്ലൊ ഉള്ളത്. ഏതെങ്കിലും ഒരു ആധികാരികഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ളവര്‍ കണ്ടെത്തട്ടെ!
എങ്കിലും ചോദിച്ചതല്ലേ എന്നോര്‍ത്ത് ഞാന്‍ എന്‍റെ അഭിപ്രായം അതിനു ചുവട്ടില്‍ എഴുതിയിട്ടുമുണ്ട്. അത് എന്തുകൊണ്ട് എന്ന ചോദ്യം ഉടനെ വരും എന്നു കരുതി. അതു കണ്ടില്ല. ചോദ്യകര്‍ത്താവ് ഒരുപക്ഷെ പിന്‍മാറിയിരിക്കാം. അതുകൊണ്ട് ഞാനും അതിലേക്കു കടക്കുന്നില്ല. എന്നാലും അതിനു ശേഷം ഉണ്ടായ ഇന്നത്തെ വെളിപാട് കൃത്യമായ ഉത്തരം അല്ല എങ്കിലും ഒരു അര്‍ഥസൂചന -ക്ലൂ- ആവും എന്നു പ്രതീക്ഷിക്കുന്നു. വിചാരോദ്ദീപകമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
നര്‍മ്മപുരാണം'26
ഒന്നാം ഭാഗം
![]() |
| Created by Meta AI |
സര്‍പ്പശായിയായി പള്ളികൊണ്ടിരുന്ന മഹാവിഷ്ണു ഒരു ദിവസം തൃക്കണ്ണുകള്‍ മെല്ലെ തുറന്നു. നോക്കുമ്പോള്‍ താമരപ്പുവിനകത്ത് ബ്രഹ്മാവ് ചുമ്മാ കിറുങ്ങി ഇരിക്കുന്നു. വിഷ്ണുദേവന്‍ ചോദിച്ചു. "എന്നാ എടുക്കുവാ ബ്രഹ്മാജീ?"
"ഓ. ചുമ്മാ ഇരിക്കുവാ എന്‍റെ തേവരേ" ബ്രഹ്മാവു പറഞ്ഞു.
"അതു പറ്റില്ല, പ്രപഞ്ചരചന അനുസ്യൂതം തുടരൂ." മഹാവിഷ്ണു കല്പിച്ചു.
"മെമ്മറി ഫുള്ളായി ജീ. ഇനി സ്പേസില്ല."
"എന്നാല്‍ കുറെ ശൂന്യസ്ഥലം സൃഷ്ടിക്കൂ."
"അതാണ് ഏറ്റവും പ്രയാസം. അവിടുന്ന് ശിവജിയെ കണ്ട് കുറെ ഫയലുകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചാലും!" ബ്രഹ്മാവ് പ്രാര്‍ഥിച്ചു.
മഹാവിഷ്ണു ഉടനെ കൈലാസത്തില്‍ ചെന്നു. അവിടെ ചുമ്മാ ഇരിക്കുന്ന പരമശിവനെ കണ്ടു. മഹാവിഷ്ണു ചോദിച്ചു. "സംഹാരതാണ്ഡവം ഒന്നും ഇപ്പോള്‍ കാണാനില്ലല്ലൊ മഹാദേവാ, എന്തൊക്കെയാ പുതിയ ലീലകള്‍?"
"ലീലകളൊന്നുമില്ല ഭഗവാനെ. മനുഷ്യന്മാരും യന്ത്രമനുഷ്യന്മാരും കൂടി എന്‍റെ ജോലി ഏറ്റെടുത്തു. വി.ആര്‍.എസ്. എടുത്ത് പിരിഞ്ഞു പോയാലോ എന്ന് ആലോചിക്കുവാരുന്നു. വൈകുണ്ഠത്തിലേക്ക് വരട്ടെയോ ഞങ്ങളും?"
"അവിടെ വന്നിട്ടും വല്യ കാര്യമില്ല പരമേശ്വരാ. ഞാനും ലോകരക്ഷ താല്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്."
"ഒത്തിരി മനുഷ്യന്മാരുടെ അപേക്ഷകള്‍ തീര്‍പ്പു കല്പിക്കാതെ കിടപ്പില്ലേ?"
"ഓണ്‍ലൈന്‍ ആപ്പുകളല്ലേ അതൊക്കെ ഞൊടിയിടയില്‍ സോള്‍വ് ചെയ്യുന്നത്! മനുഷ്യന്മാര്‍ക്കും പണി ഒന്നും ഇല്ലാണ്ടായി എന്നാ കേള്‍ക്കുന്നത്. എല്ലാര്‍ക്കും കൃത്രിമബുദ്ധി മതി എന്നായി." മഹാവിഷ്ണു അരുളി.
"കൃത്രിമബുദ്ധികള്‍ക്ക് അവയുടേതായ സത്യവും ധര്‍മ്മവും ന്യായവും നീതിയും ഉണ്ട്." മഹാദേവന്‍ അരുളിച്ചെയ്തു.
"അവ ഉപയോഗിച്ച് നമുക്കും നമ്മുടെ ജോലി കുറയ്ക്കരുതോ മഹേശ്വരാ?"
"തീര്‍ച്ചയായും ശ്രീ ഹരേ, പക്ഷെ ധര്‍മ്മസംരക്ഷണം അവിടുന്നല്ലാതെ ചെയ്താല്‍ സുരക്ഷിതമാവില്ലെന്ന് ഇന്ദ്രാദികള്‍ ഭയവിഹ്വലരാണ് പ്രഭോ!" പരമശിവന്‍ ആശങ്ക അറിയിച്ചു.
"അധര്‍മ്മസംരക്ഷണവും അസത്യസംരക്ഷണവും അക്രമങ്ങളും ആസ്വദിക്കുന്നവരായി മാറിയിരിക്കുന്നു കര്‍മ്മഭൂമിയായ ഭാരതത്തിലെ യോദ്ധാക്കളുടെ പിന്‍മുറക്കാര്‍. 'സത്യം വദ ധര്‍മ്മം ചര' എന്ന സനാതനതത്ത്വത്തെ മറികടന്നിരിക്കുന്നു. ധര്‍മ്മസംരക്ഷണത്തിന് വാളും പരിചയുമായുമേന്തിയാണ് മതാചാര്യന്മാരുടെ പുറപ്പാട്. തന്നിഷ്ടപ്രകാരം, എന്നെ വകവെയ്ക്കാതെ നാടകം കളിക്കാനാണ് അവര്‍ക്കും ഇഷ്ടം..."
"അവരെ ആശീര്‍വദിക്കണം പ്രഭോ!" പരമശിവന്‍ അഭിപ്രായപ്പെട്ടു.
"അവരില്‍ ഭക്തിയുടെ പെര്‍സന്‍റേജ് തീരെ കമ്മിയാണു പരമേശ്വരാ!"
"എങ്കില്‍ പിന്നെ സംശയിക്കാനൊന്നുമില്ല, നമുക്ക് മൂവര്‍ക്കും കുറെക്കാലം ചുമ്മാ ഇരുന്നു കാലം കളയാം, നേരമ്പോക്കുകള്‍ പറഞ്ഞ്..." പരമശിവന്‍ അരുളി.
ത്രിമൂര്‍ത്തികള്‍ കപ്പലണ്ടി കൊറിച്ചുകൊണ്ട് നിഷ്ക്രിയരായി.
"ഇപ്പൊ എന്‍റെ പുന്നാരമകന്‍ നാരദന്‍റെ എഴുന്നള്ളത്ത് ഒന്നുമില്ലേ വിഷ്ണുജീ...?" ബ്രഹ്മാവു ചോദിച്ചു.
"അവനിപ്പൊ എന്നെയും അങ്ങനെ വിളിക്കാറില്ല. ഭൂമിയില്‍ സനാതനമഹര്‍ഷിമാരുടെ ശക്തമായ ഏറ്റുമുട്ടല്‍ പുരോഗമിക്കുകയല്ലേ? ആളവിടെ തന്നെ നോക്കിയിരിപ്പായിക്കാണും."
"പരമശിവന്‍ അദ്ഭുതപ്പെട്ടു. ചുമ്മാതെയല്ല എന്നെയും ആരും ഇപ്പൊ അങ്ങനെ വിളിക്കാണ്ടായി."
"രാവണാ രാവണാ എന്നൊള്ള ജപം എത്ര മനോഹരമായിട്ടാ ഭൂമിയില്‍ നിന്നും ഉയരണത്. ഒരിക്കല്‍ ഞാന്‍ അവനു മോക്ഷം കൊടുത്ത് വൈകുണ്ഠത്തിലെത്തിച്ചതാണ്. ലങ്കയിലേക്കു തിരിച്ചുപോകണം എന്ന് വാശി പിടിച്ച് അവനാ എന്നെ യോഗനിദ്രയില്‍നിന്നും ഉണര്‍ത്തിയത്. ഞാനൊന്നു മൂളിയാല്‍ മതി. അവന്‍ ലങ്കയിലെത്തും."
"അതു കൗതുകമുള്ള കാര്യമാണ് പ്രഭോ!" ബ്രഹ്മദേവന്‍ അരുളി.
"പ്രബുദ്ധകേരളീയര്‍ അവനെ അയോദ്ധ്യയിലേക്ക് ആനയിച്ചുകൊണ്ടുപോകും ബ്രഹ്മാജീ. അവിടെ വലിയ സ്വീകരണം കൊടുക്കും. അയോദ്ധ്യയില്‍ അവന് ക്ഷേത്രം പണിയും." മഹാവിഷ്ണു ആശങ്ക പ്രകടിപ്പിച്ചു.
"ആഹ! അതും കൗതുകകരമാണല്ലൊ ദേവാ..." ബ്രഹ്മാവ് അരുളിച്ചെയ്തു.
"മോക്ഷം നല്‍കിയ ആത്മാവിനെ റിവര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ എന്‍റെ സെറ്റിംഗ്സിലില്ല ദേവാ. തന്നെയല്ല അതിനുള്ള പ്രൊവിഷനും കാണുന്നില്ല." മഹാവിഷ്ണു വിഷമസ്ഥിതി വ്യക്തമാക്കി.
"കപ്പലണ്ടി തീര്‍ന്നോ?" പരമശിവന്‍ ചോദിച്ചു.
അതിനു മറുപടിയായി മഹാവിഷ്ണു എന്തോ നര്‍മ്മം പറഞ്ഞു. അതുകേട്ട് ബ്രഹ്മാവും ചിരിച്ചു. അതുകണ്ട് മഹാദേവന്‍ കോപിക്കണോ ചിരിക്കണോ എന്നു ചിന്തിച്ചു. ശാന്തനായി, നിര്‍വികാരനായി അനങ്ങാതെയിരുന്നു. എന്നിട്ടു ശാന്തനായി പറഞ്ഞു. ഇവിടെ നമ്മളു തമ്മിലും ഒരു യുദ്ധം ആവശ്യമില്ലല്ലൊ. അതിനാല്‍ ഞാനൊന്നും മിണ്ടുന്നില്ല. എന്‍റെ തനിസ്വരൂപം എടുപ്പിക്കാന്‍ നോക്കണ്ടാട്ടോ.
"ഞാനൊരു തമാശ പറഞ്ഞതല്ലേ മഹാദേവാ. നമ്മുടെ പൊന്നോമനപ്പുത്രന്‍ ശാസ്താങ്കുഞ്ഞും പെട്ടിരിക്കുകയാണ്. വീണ്ടും ഒരു ധര്‍മ്മശാസ്താവിനെക്കൂടി നമുക്കു സൃഷ്ടിക്കാനാവില്ല. എന്തൊക്കെ ആക്ഷേപങ്ങളാണെന്നോ വിദ്യാസമ്പന്നരുടെ പ്രബുദ്ധകേരളത്തില്‍നിന്നും ഉയര്‍ന്നു വന്ന് മുഖപുസ്തകത്തിലൂടെ ദിഗന്തങ്ങളില്‍ നിറയുന്നത്! ദേവലോകം മുഴുവന്‍ വിറ്റുകാശാക്കാനുള്ള ബുദ്ധി മനുഷ്യര്‍ സ്വായത്തമാക്കി." മഹാവിഷ്ണു അരുള്‍ ചെയ്തു.
"ദയാപരനായ അവിടുത്തെ അവര്‍ ദയനീയനായി ചിത്രീകരിച്ചു എന്നും കേട്ടല്ലൊ." പരമശിവന്‍ ഉവാച.
"എന്‍റെ അവസ്ഥ എത്രയും ദയനീയം ആയിരിക്കുന്നത് കൈലാസത്തിലിരുന്നിട്ടും അവിടുന്ന് അറിയുന്നില്ലേ ഭഗവാനേ! എന്‍റെ ക്ഷേത്രങ്ങളെല്ലാം മനുഷ്യര്‍ പിടിച്ചെടുത്ത് വിശ്വാസസ്റ്റോറുകള്‍ ആക്കി." മഹാവിഷ്ണു പരിതപിച്ചു.
"വിശ്വാസഷോപ്പുകള്‍ എന്നു പറയൂ മഹാവിഷ്ണോ!" കൈലാസനാഥന്‍ തിരുത്തി. "അത് അവിടുത്തേയ്ക്ക് അഹിതമാവും എന്ന് ഞാന്‍ ധരിച്ചിരുന്നില്ല പ്രഭോ! നമ്മുടെ ക്ഷേത്രങ്ങളുടെ അവസ്ഥയും തഥൈവ ച തഥൈവ ച. ഗംഗയെ ശിരസ്സില്‍ ധരിക്കുന്ന എന്നെ അവര്‍ സദാ അഗ്നിവലയത്തിലിട്ട് പുകയ്ക്കുന്നു. അവര്‍ എ.സി.മുറികളിലും നിശ്ശങ്കം സുഖവാസം ചെയ്യുന്നു." മഹാദേവനും പരിതപിച്ചു.
"എനിക്കു പിന്നെ ഭക്തിബസാറുകളില്‍ ഷോ കേസിനുള്ളില്‍ അവരോധിക്കപ്പെട്ട് ഇരിക്കേണ്ടി വരുന്നില്ല," ബ്രഹ്മാവ് സന്തോഷം പ്രകടിപ്പിച്ചു. അപ്പോള്‍ ടംടടേം എന്നു ഘണ്ടാരവം മുഴങ്ങി.
"അവിടുന്ന് ധന്യനാണ് പ്രഭോ!" വിഷ്ണുവും ശിവനും ഐകകണ്ഠ്യേന ബ്രഹ്മദേവനെ സ്തുതിച്ചു. ബ്രഹ്മാവ് സ്തുതിക്കപ്പെട്ടപ്പോള്‍ ദേവദുന്ദുഭികള്‍ മുഴങ്ങി. യക്ഷകിന്നരഗന്ധര്‍വന്മാര്‍ പാടി. അപ്സരസ്സുകള്‍ നൃത്തമാടി. മേഘം തെളിഞ്ഞു.
"മനുഷ്യരുടെ ഭക്തിമാര്‍ക്കറ്റില്‍ നിന്നും മുക്തി കിട്ടാന്‍ ഞങ്ങളെന്താണു ചെയ്യേണ്ടത് ബ്രഹ്മദേവാ!" ശങ്കരനും ഹരിയും കൂടി ചോദിച്ചു.
"പ്രക്ഷോഭത്തിലൂടെയാണല്ലൊ മനുഷ്യര്‍ ദേവാലയങ്ങള്‍ പിടിച്ചെടുത്തത്. അതേ മാര്‍ഗ്ഗം നമുക്കും അവലംബനീയമാണ്. അല്ലാതെ മതേതരമാര്‍ഗ്ഗവും ഐപിസി സംരക്ഷണവും നമുക്കില്ല. ഒരു പ്രതിപ്രക്ഷോഭം അനിവാര്യമായിരിക്കുന്നു." ബ്രഹ്മദേവന്‍ പറഞ്ഞു.
അപ്പോള്‍ ഒരു വീണാനാദം കേട്ടു. ത്രിലോകജ്ഞാനിയായ പരമധന്യനായ നാരദമുനി നാരായണനാമം ജപിച്ചുകൊണ്ട് അവിടെയെത്തി.
"സനാതനത്വത്തിന്‍റെ മാരകവെര്‍ഷന്‍ ഇറങ്ങിയിരിക്കുന്നു. മനുഷ്യാക്രമണം മൂലം ദേവന്മാര്‍ നട്ടം തിരിയുകയാണ് പിതാശ്രീ!
പ്രതിപ്രക്ഷോഭത്തിനുള്ള ശുഭമുഹൂര്‍ത്തം സമാഗതമായിരിക്കുന്നു ഹരിഹരദേവന്മാരെ!
ഭൂമിയില്‍ സവര്‍ണ-അവര്‍ണപ്പോര് മാന്യതയുടെ പുതിയ തലം തേടുകയാണ്. സുംഭനും നിസുംഭനും ആയി തമ്മിലടിക്കുകയാണ്. എല്ലാ കാഴ്ചക്കാരെയും ആകര്ഷിക്കുകയാണ് ലക്ഷ്യം. എങ്കിലല്ലേ മഹാലക്ഷ്മി കൃപ ചൊരിയൂ!
മഹര്‍ഷിമാരെ പോലും അവര്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വേട്ടയാടുകയാണ് പ്രഭോ! ലോകത്തിലെ തന്നെ ഗ്രേറ്റസ്റ്റ് ഓഥര്‍ ആയ വേദവ്യാസനെ ഭാരതീയര്‍ മുക്കുവപശ്ചാത്തലത്തിലേക്ക് ഒതുക്കിയിരിക്കുന്നു. ചേദിരാജാവായ ഉപരിചരവസുവിന്‍റെ മകളായ സത്യവതി ദാശരാജനെന്ന മുക്കുവന്‍റെ വളര്‍ത്തുമകളാണ് എന്ന പുരാണ കഥയെ കുഴിച്ചുമൂടി വേദവ്യാസനെയും മാതാവിനെയും തരം താഴ്ക്കാനാണ് തല്പരകക്ഷികള്‍ ശ്രമിക്കുന്നത്.
ഇന്ന് ആയിരുന്നെങ്കിലോ ഭഗവാനെ! ദളിത് ബാലികയെ പീഡിപ്പിച്ചതിന്‍റെ പേരില്‍ പരാശരമഹര്‍ഷിക്ക് എതിരെ POCSO ചുമത്തി അകത്തിടുകയില്ലേ? ഇല്ലെങ്കിലും അവഹേളനവും വ്യക്തിഹത്യയും ഉറപ്പ്. അതായിരിക്കണമല്ലൊ 'സനാതനധര്‍മ്മം'. അതുപോലെ ഒരു മതഗ്രന്ഥം എഴുതി എന്ന കാരണം കൊണ്ട് രത്നാകരന്‍ കുറ്റവിമുക്തനാകുമായിരുന്നോ? വാല്മീകി എന്ന മഹര്‍ഷിപ്പട്ടം കിട്ടുമായിരുന്നോ? കാട്ടാളാന്‍ പുണ്യാളനാക്കപ്പെടുമോ?
വാല്മീകി ദളിതനാണെന്നും സംസ്കൃതം മൂലം കൃതികള്‍ ബ്രാഹ്മണരുടെ ആധിപത്യകാലത്ത് രചിക്കപ്പെട്ടവ ആണെന്നും അതിനാല്‍ തന്നെ കണ്ണടച്ചു വിശ്വസിക്കുന്നത് അപകടമാണെന്നും കരുതുന്നവരേറെയാണ്. കിളിപ്പാട്ടുകളുടെ ഭക്തിയാണ് പരിശുദ്ധമായ ഭക്തിയെന്നും എഴുത്തച്ഛനു ശേഷമാണ് കേരളത്തില്‍ വെളിച്ചം വീണത് എന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങളും പ്രഖ്യാപനങ്ങളുമാണ് തിരുവരങ്ങുകളില്‍ കേളി കേള്‍ക്കുന്നത്.
സനാതനപ്രക്രിയ എന്ന പേരില്‍, തപസ്സിന്‍റെ മഹത്വത്തെ കുറുകെ ഛേദിക്കുകയാണ് ദേവന്മാരെ. പൂര്‍വചിന്തകളെ എല്ലാം അപ്രസക്തമാക്കുന്ന തത്ത്വജ്ഞാനികള്‍ കൊടികുത്തി വാഴുകയാണ് ദേവന്മാരെ.
വര്‍ണം ആശ്രമം എന്നീ വ്യവസ്ഥകളെ പാടെ നശിപ്പിക്കുന്ന വിധത്തില്‍ നടമാടുന്ന സനാതനത്വം ഒരു ഒന്നൊന്നര കാഴ്ചയാണ് ദേവന്മാരെ. പ്രകടനവും പ്രഹസനവുമായിരിക്കുന്നു അതിന്‍റെ ആത്മാവ്. പാഷണ്ഡമതങ്ങള്‍ക്ക് മാത്രം പ്രമോഷന്‍ കിട്ടുന്ന പരിസ്ഥിതി മാന്യമായി തുടരുകയാണ് ദേവന്മാരേ!"
ഇത്രയും പറഞ്ഞ് നാവാമുകുന്ദ ഹരേ ജപിച്ചുകൊണ്ട് നാരദമുനി വീണ്ടും കേരളത്തിലേക്കു പോന്നു.
മഹാവിഷ്ണു ശിവങ്കല്‍ കപ്പലണ്ടിക്ക് കൈനീട്ടി.
ഹരിഃ ഓം.🙏
N.B
നര്‍മപുരാണം നര്‍മം മാത്രം
നര്‍മം കേട്ടു കലിക്കരുതാരും
നാരായണ ജയ നാരായണ ജയ!
നര്‍മപുരാണം തുടരും ജയ ജയ!
