നിതേഷ് രാമായണം (12.11.26)
നിതേഷ് തിവാരിയുടെ രാമായണം കണ്ടു. മനസ്സു നിറഞ്ഞു. മൂന്നേ കാല്‍ മണിക്കൂര്‍ പെട്ടെന്നു തീര്‍ന്നപോലെ തോന്നി. മികച്ച തിയേറ്റര്‍ അനുഭവം. ഈ സിനിമയെ സാങ്കേതികമായി അപഗ്രഥിക്കേണ്ടതില്ല. പരസ്യതന്ത്രങ്ങളുടെ ആവശ്യവുമില്ല. കേരളീയരുടെ ഉള്ളിലുള്ള രമായണത്തില്‍ ഈ സിനിമ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഈ നിരൂപണം. പശ്ചാത്തലത്തിലെ വെളിച്ചം നോക്കിയിട്ട് സ്ക്രീനിലേക്കു വരാം.ശ്രീ നിധീഷ് തിവാരി അസുരന് പ്രാധാന്യം കൊടുത്തുകൊണ്ടും ദേവനെ പരിമിതപ്പെടുത്തിയും പുരാണകഥയെ കാലോചിതമായി വ്യാഖ്യാനിച്ചിരിക്കുന്നു. അത് ഒരു തെറ്റായി തോന്നുന്നില്ല. കാരണം ദേവന്മാര്‍ ചമയുന്ന അസുരന്മാരെക്കാള്‍ എത്രയോ ഭേദമാണ് സാക്ഷാല്‍ അസുരന്മാര്‍!
അസുരന്മാരെ ഈ സിനിമ ദേവന്മാരാക്കി ചിത്രീകരിക്കുന്നില്ല, ദേവനും അസുരനും തമ്മിലുള്ള അതിര്‍ വരമ്പ് തിവാരിജി നിലനിര്‍ത്തുന്നു. ഇന്നത്തെ പ്രയുക്തമായ മതത്തിന്‍റെ തലങ്ങളില്‍ ഈ വിവേചനരേഖ ഉണ്ടോ? അതിനെതിരായ പ്രക്ഷോഭങ്ങളല്ലേ ഉള്ളൂ?
തപോനിഷ്ഠവും മൗനാത്മകവും ആകേണ്ട സന്ന്യാസം പോലും പ്രക്ഷോഭാത്മകമാവണം എന്നല്ലേ പുതിയ പാഠങ്ങള്‍? ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന റീലുകള്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടേ സനാതനധര്‍മ്മം കാക്ക കൊണ്ടുപോയേനെ എന്നു തോന്നും.
മുമ്പൊക്കെ തീപ്പൊരി രാഷ്ട്രീയപ്രസംഗങ്ങളുണ്ടായിരുന്നു. ഇപ്പൊ അവയൊക്കെ കോമഡി സ്റ്റൈലായി. ആര്‍ട്ടിസ്റ്റുകളുടെ നയത്തില്‍ വന്ന മാറ്റമാവാം കാരണം. അതല്ലെങ്കില്‍ ജനങ്ങളുടെ ട്രെന്‍ഡില്‍ വന്ന മാറ്റമാവാം. ഇവ രണ്ടും കൂടെയും ആവാം. രാഷ്ട്രീയവും ജനഹിതവും ഒന്നും തനിക്കറിയണ്ട താന്‍ അങ്ങോട്ടു കല്പിക്കുന്നത് എല്ലാരും കേട്ടാല്‍ മതി എന്ന മട്ടില്‍ തീപ്പൊരി പ്രസംഗങ്ങളുടെ പാത തുറക്കുന്ന ചില മഹര്‍ഷിവര്യന്മാരെ ഫേസ് ബുക്കില്‍ കാണാം.
അവര്‍ക്കു വിഷയം ശബരിമലയിലെ ദ്രവ്യമാണ്, ശാസ്താവിന്‍റെ ധര്‍മ്മമല്ല. അയോദ്ധ്യായിലെ ദ്രവ്യം അവര്‍ക്കു വിഷയമേ അല്ല. ഇത് എന്തു തരം സന്ന്യാസമാണ് എന്ന് മനസ്സിലാകുന്നില്ല. ദൈവികമെന്നോ ആസുരികം എന്നോ നിശ്ചയിക്കാനാവില്ല. പുറമെയുള്ള പരിവേഷംകൊണ്ട് ദൈവീകതയെ അതിക്രമിക്കും, അകമേയുള്ള രഹസ്യ അജണ്ട കൊണ്ട് അസുരന്മാരെയും അതിക്രമിക്കും.
മൂലകൃതിയോട് നീതി പുലര്‍ത്തുക എന്ന മര്യാദ പരിഭാഷകള്‍ക്ക് ബാധകമാണ്. വാത്മീകിരാമായണത്തോട് അദ്ധ്യാത്മരാമായണം എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട് എന്നത് പരിശോധന അര്‍ഹിക്കുന്നു.
എന്നാല്‍ സിനിമയില്‍ അങ്ങനെ ഒരു മര്യാദ ഇല്ല. സിനിമ തന്നെ കച്ചവടമാണ്. പത്രധര്‍മ്മം പോലും വസ്തുതകളെ എങ്ങനെയും വളച്ചൊടിക്കുക എന്നത് ആയി മാറിയിട്ടുണ്ടല്ലൊ. അതുകൊണ്ട് സിനിമയിലും വക്രീകരണം ആവാം എന്നായിട്ടുണ്ട്. അത് ജനങ്ങള്‍ക്ക് സ്വീകാര്യമാവുന്ന അനുപാതത്തിലാവുന്നതാണ് സിനിമയുടെ വിജയം.
ധര്‍മ്മപുത്രര്‍ക്കുമേലെ ഭീമസേനനെ മഹത്വവല്‍ക്കരിക്കുന്ന എംടിയന്‍ അജണ്ട ആയ 'രണ്ടാമൂഴം' വിജയിച്ചോ? -- ഇല്ല എന്നു പറയാന്‍ പാടില്ല എന്നു കരുതുന്നു. അങ്ങനെയല്ലേ കരുതാവൂ!
വാല്മീകിരാമായണം എന്നല്ല ടൈറ്റില്‍ വെച്ചിട്ടില്ല, അങ്ങനെയൊരു പ്രതീതി ജനിപ്പിക്കുന്ന വിധത്തിലുമല്ല നിധീഷ് തിവാരി രാമായണത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. "ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍" എന്ന് എഴുത്തച്ഛന്‍ കിളിയെക്കൊണ്ട് പാടിച്ചതുപോലെ ഉള്ള മറ്റൊരു സ്വതന്ത്ര ആവിഷ്കാരമാണ് പുതിയ സിനിമ. വാല്മീകിരാമായണത്തെ കടത്തിവെട്ടിയാണ് അദ്ധ്യാത്മരാമായണം കേരളത്തില്‍ കൊടി കുത്തിയത്. നിതേഷ് തിവാരി അതിനെയും കടത്തി വെട്ടിയിരിക്കുന്നു.
സംസ്കൃതത്തില്‍ എഴുതപ്പെട്ട വാല്മീകിരാമായണത്തിന്‍റെ മലയാളപരിഭാഷ എന്ന നിലയിലാണ് എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണം കേരളം കീഴടക്കിയിരിക്കുന്നത്. കീഴടക്കിയിരിക്കുന്നു എന്ന വാക്ക് അക്ഷരാര്‍ഥത്തില്‍ ശരിയാണ്, കാരണം മൂലകൃതിയും ആദികാവ്യവുമായ വാല്മീകിരാമായണത്തെ പ്രചാരം കൊണ്ടു പിന്നിലാക്കാന്‍ "അദ്ധ്യാത്മരാമായണം" എന്ന ഗംഭീരമായ പേരുകൊണ്ടു തന്നെ എഴുത്തച്ഛന് സാധിച്ചിരിക്കുന്നു. രാമായണം കിളിപ്പാട്ട്, രാമായണം വഞ്ചിപ്പാട്ട് എന്നൊക്കെ ആയിരുന്നു തലക്കെട്ട് എങ്കില്‍ അത്ര തന്നെ ഗാംഭീര്യം തോന്നിക്കുക ഇല്ലായിരുന്നു.
പില്ക്കാലത്തു വളര്‍ച്ച പ്രാപിച്ച ഗദ്യസാഹിത്യത്തില്‍ പൈങ്കിളിക്കഥകള്‍ എന്നൊരിനം പ്രചാരത്തില്‍ വന്നു. അക്ഷരനഗരിയിലെ അച്ചടിമാധ്യമങ്ങളുടെ അത്യധ്വാനം അവിടെത്തുടങ്ങി സമ്പൂര്‍ണസാക്ഷരതയിലേക്ക് കേരളത്തെ നയിച്ചു. അതിനു പിന്നില്‍ വെളിച്ചം കാണിക്കല്‍ എന്ന പുണ്യലക്ഷ്യം മാത്രമേ ഉള്ളൂ, കച്ചവടലക്ഷ്യം ഉണ്ടോ എന്നൊന്നും ആരും പരിശോധിക്കാന്‍ പോവരുത്. കേരളത്തിന് പ്രബുദ്ധ, സമ്പൂര്‍ണസാക്ഷര, തുടങ്ങി പേരെടുക്കാന്‍ കഴിഞ്ഞല്ലൊ. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ എന്ന് കേരളത്തിനൊപ്പമെത്തും എന്നോര്‍ത്ത് വിഷമിച്ചാല്‍ മതിയല്ലൊ. സാക്ഷരമൂര്‍ത്തിയായ ശിവന്‍കുട്ടി അണ്ണനെയൊക്കെ തൊഴുതു നമസ്കരിക്കണം.
എഴുത്തച്ഛനു ശേഷം മൂലകൃതി ഇരുളിലായി എന്ന ഖേദം ആരും എങ്ങും പ്രകടിപ്പിച്ചുകണ്ടിട്ടില്ല. കിളിപ്പാട്ടു തരംഗത്തില്‍ സംസ്കൃതം മുങ്ങിപ്പോയി. ഇത് വലിയ നിര്‍ഭാഗ്യം ആയിരിക്കുന്നു. സ്വന്തം കൃതിയുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധപൂര്‍വ്വമായ തമസ്കരണതന്ത്രം ആത്മീയകേരളത്തിന് തെല്ലും ഗുണകരമായിട്ടില്ല എന്നാണ് എന്‍റെ നിരീക്ഷണം. സനാതനധര്‍മ്മത്തിന്‍റെ പിന്തുടര്‍ച്ചാവകാശികള്‍, ആത്മീയതയുടെ ആവശ്യം എന്താണ് എന്നു വെറുപ്പോടെ ചോദിക്കുന്നവരായി മാറുന്നതില്‍ അതിശയമില്ല.
മറ്റീരയലിസത്തില്‍ ആപ്ലാവിതരാവുകയാണ് വേണ്ടത് എന്നു വിശ്വസിച്ച് പരസ്പരം നിരാകരിക്കുന്നവരുടെ ആള്‍ക്കൂട്ടമായി പരിണമിച്ചിരിക്കുകയല്ലേ സനാതനധര്‍മ്മം എന്ന് സൂക്ഷ്മതയോടെ പരിശോധിക്കുക. മെറ്റീരിയല്‍ എന്നതിന് ദ്രവ്യം എന്നാണ് സംസ്കൃതപദം. ദ്രവ്യം എന്നാല്‍ ദ്രവിക്കുന്നത് നശിക്കുന്നത് എന്നര്‍ഥം. ദൃശ്യമാനം വിനശ്യതി എന്നാണ് ശ്രീമദ്ഭാഗവതവും പറയുന്നത്. (കിളിപ്പാട്ടല്ല)
മൂലകൃതിയും വിവര്‍ത്തനവും തമ്മിലുള്ള അന്തരം തനിത്തങ്കവും മുക്കുപണ്ടവും പോലെ വലുതാവുകയും മുക്കുപണ്ടം തനിത്തങ്കത്തേക്കാള്‍ ശ്രേഷ്ഠമാണ് എന്ന ധാരണ വീറോടെ പരക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സത്യം പറയാന്‍ ഇഷ്ടമില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു, സത്യംവദ എന്ന പല്ലവി ചൊല്ലിയിരുന്നവര്‍. ഇതു മതമല്ല, മതാഭാസം മാത്രം. ഭാരതത്തിന് ഇന്ത്യ എന്നു പറയുമ്പോലെയേ ഉള്ളൂ സനാതനധര്‍മ്മത്തിന് ഹിന്ദു എന്ന നാമം. മൂലനാമത്തിലാണ് അഭിമാനിക്കേണ്ടത് അപരനാമത്തിലല്ല.
ഗുരുതരമായ ഒരു ശാസ്ത്രഗ്രന്ഥത്തിന്‍റെ ലളിതവല്‍ക്കരണം ജനകീയമാണ് എങ്കിലും മൂലകൃതിയോട് നീതി പുലര്‍ത്താതെയുള്ള വിവര്‍ത്തനം അതിന്‍റെ ഗാംഭീര്യത്തെ കുറയ്ക്കുന്നതായി അനുഭവപ്പെടുന്നു. സാഹിത്യവശാല്‍ മാത്രമല്ല അനുഭവവശാലും കേരളത്തില്‍ പ്രചലിതമായിരുന്ന ഭക്തിപ്രസ്ഥാനം തന്നെ കാല്പനികതയ്ക്ക് വഴിമാറി എന്നു കാണാം.
എഴുത്തച്ഛന്‍റെ ചക്കില്‍ "ആറും നാലും ആടും" എന്ന് അദ്ദേഹം തന്നെ നര്‍മ്മത്തില്‍ പറഞ്ഞിട്ടുള്ള കഥ പ്രസിദ്ധമാണ്. അത് പറയുക മാത്രമായിരുന്നില്ല തെളിയിക്കുക കൂടിയാണ് കിളിപ്പാട്ട് പ്രസ്ഥാനം ചെയ്തത് എന്നു കാണാം. നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും ആടുക ആയിരുന്നില്ല, അവയെ 'ആട്ടുക' ആയിരുന്നില്ലേ മലയാളഭാഷയുടെ പിതാവ് ചെയ്തത് എന്ന് പരിശോധിക്കാവുന്നതാണ്. 'ആട്ടിപ്പുറത്താക്കി' എന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടോ? അത് കേരളത്തിന്‍റെ പൊതു ആവശ്യം ആയിരുന്നോ? ഇപ്പോഴും അങ്ങനെ തന്നെയാണോ?
ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഒറ്റവാക്കിലുള്ള സമാധാനം ഇതാണ്. 'പോയവഴി അടിക്കുക' എന്നതേ ഇനി രക്ഷയുള്ളൂ. ആചാര്യന്മാര്‍ പറയുന്ന വഴിക്ക് ജനം ഒരിക്കലും വരില്ല. വേദവും ശാസ്ത്രവും ജനങ്ങള്‍ക്ക് ആവശ്യമില്ല, അവര്‍ക്ക് എന്ത് ആവശ്യമുണ്ടോ അതിനെ വേദവും ശാസ്ത്രവും ആക്കി വേഷഭൂഷാദി സൗന്ദര്യത്തോടെ ചമക്കുക, അതാണ് ബുദ്ധി, അതാണ് ശാസ്ത്രം. എഴുത്തച്ഛന്‍ ഇതു തെളിയിച്ചിരിക്കുന്നു.
ഇത്രയും വസ്തുതകളുടെ വെളിച്ചത്തില്‍ നിന്നുവേണം നവീനസൃഷ്ടിയായ നിതീഷ് രാമായണത്തെ കാണാന്‍. അതില്‍ രാവണനും ജടായുവും തിളങ്ങുന്നു. രാമനും സീതയും അഭിനയം മോശമല്ല. രാമന് രാജകല ഉണ്ടെങ്കിലും വെറും സാധാരണ മനുഷ്യന്‍റെ ഭാവമേ ഉള്ളൂ, ഈശ്വരചൈതന്യവികീരണമുള്ള തേജസ്സുറ്റ മുഖം ആയിരുന്നു മനസ്സില്‍.
രാവണന്‍ ശൂര്‍പ്പണഖ തുടങ്ങിയ അസുരകഥാപാത്രങ്ങള്‍ക്കും സുന്ദരമായ മനുഷ്യരൂപങ്ങള്‍ തന്നെയാണ് നിതേഷ് തിവാരി കണ്ടെത്തിയിരിക്കുന്നത്. സീതയേക്കാള്‍ സുന്ദരി ആയിരിക്കുന്നു ശൂര്‍പ്പണഖ. ഭീകരമുഖങ്ങളായിരുന്നു മനസ്സിലുണ്ടായിരുന്നത്. കേട്ടുറപ്പിച്ചിട്ടുള്ളതായ പഴയ മുഖങ്ങളെയും ധാരണകളെയും തുടച്ചു മാറ്റാന്‍ ദൃശ്യമാധ്യമമായ സിനിമക്കു കഴിയുന്നു.
പഞ്ചവടിസംഭവം എഴുത്തച്ഛന്‍റെ കിളിപ്പാട്ടില്‍ പറയുന്നതില്‍ നിന്നു വ്യത്യസ്തമായിട്ടാണ് സിനിമ പറയുന്നത്. അതനുസരിച്ച് ശൂര്‍പ്പണഖ രാമനില്‍ മാത്രമാണ് അനുരക്തയാവുന്നത്. രാമന് താല്പര്യം സീതയോടു മാത്രമാണെന്നറിഞ്ഞപ്പോള്‍ ശൂര്‍പ്പണഖ മായാസീതയായി രാമനെ പിന്തുടരുന്നു. രാമന്‍ അതു തിരിച്ചറിയുന്നില്ല. അത് പുതുമയുള്ള ആവിഷ്കാരമായി തോന്നുന്നു. അതില്‍ യുക്തിഭംഗം ഉണ്ടെന്നു പറയാതെ വയ്യ.
ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നില്ല. അല്പസമയം കഴിഞ്ഞ് അപ്ഡേറ്റ് ചെയ്യുന്നതാണ്. കമന്‍റുകള്‍ക്കു സ്വാഗതം. ഇന്നലെ സിനിമ കണ്ട ശേഷം ഞാന്‍ ഒറ്റ വാക്കില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു -- "രാവണായണം" എന്ന്.

No comments:
Post a Comment