ഭാഗവതഗോളം (4.11.26)
'മലയാളത്തനിമ'ക്കു ശേഷം 'ഒരു പ്രേതകഥ പോലെ' എന്ന പോസ്റ്റിന്മേലും നല്ല റിവ്യൂ വരുന്നുണ്ട്. എന്നാല്‍ കമന്റ് ഒന്നും കാണുന്നില്ല. കാരണം വ്യക്തമല്ല. സ്വന്തം നാടിനെ "പ്രേതാലയം" എന്ന് പ്രകോപനപരമായി എഴുതിയിട്ടും ശകാരം വന്നില്ലല്ലൊ എന്നു സമാധാനിക്കുന്നു.😀😀😀 ദൈവാധീനം. 🙏
ശ്രീമദ്ഭാഗവതം മൂലകൃതിയുടെ പ്രചാരണമാണ് എന്റെ പ്രഖ്യാപിതലക്ഷ്യം. അനുബന്ധമായി കുറെ അതും ഇതും കൂടി പറയേണ്ടി വന്നു. അതൊരു പണ്ഡിതന്റെ പ്രസ്താവന അല്ല. ഭ്രാന്തന്റെ ജല്പനമാവാം, രഹസ്യ അജണ്ടകളില്ലാത്ത ശുഭചിന്തകന്റെ വെളിപാടുകളാവാം.
"പിബത ഭാഗവതം" എന്ന യൂ.ട്യൂബ് ചാനല്‍ നിത്യപാരായണവുമായി സജീവമാണ്. "ഭാഗവതസങ്ഗം" എന്ന ഗ്രൂപ്പ് കൃത്യമായ അച്ചടക്കത്തോടെ മൂന്നു വര്‍ഷം പിന്നിടുന്നു.
ശ്രീമദ്ഭാഗവതത്തിലെ "ജന്മാദ്യസ്യ" എന്നു തുടങ്ങുന്ന ആദ്യശ്ലോകം എടുത്താല്‍ അതിലെ സബ്ജക്ട് "പരമസത്യം" ആണ് എന്നു കാണാം. "സത്യം പരം ധീമഹി" എന്നാണ് ആദ്യശ്ലോകം അവസാനിക്കുന്നത്. ഭാഗവതം അവസാനിക്കുന്ന ഭാഗത്തു വരുന്ന "കസ്മൈ യേന" എന്ന ശ്ലോകം അവസാനിക്കുന്നതും "സത്യം പരം ധീമഹി" എന്നു തന്നെയാണ്. ഭാഗവതത്തിന്റെ ഏകദേശം മധ്യഭാഗത്തു വരുന്ന പ്രസിദ്ധമായ ശ്ലോകം ഇതാണ്.
"സത്യവ്രതം സത്യപരം ത്രിസത്യം
സത്യസ്യ യോനിം നിഹിതം ച സത്യേ
സത്യസ്യ സത്യമൃതസത്യനേത്രം
സത്യാത്മകം ത്വാം ശരണം പ്രപന്നാഃ"-ഭാഗവതം (10.2.26)
ഈ ശ്ലോകത്തില്‍ സത്യം എന്ന വാക്ക് ഒമ്പതു തവണ ആവര്‍ത്തിക്കുന്നു. മത്സ്യം മുതല്‍ ശ്രീകൃഷ്ണന് വരെയുള്ള ഒമ്പതു അവതാരമൂര്ത്തികളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പരമസത്യത്തെയും ഇതിലൂടെ അനുസ്മരിക്കാവുന്നതാണ്. വ്യാവഹാരികസത്യമല്ല, പരമസത്യം എന്ന് പ്രത്യേകം ഓര്‍ക്കുക.
ഈ മൂന്നു ശ്ലോകങ്ങളും കൂടി നോക്കുമ്പോള്‍ സത്യം എന്ന ആദര്‍ശം എത്രത്തോളം അരക്കിട്ട് ഉറപ്പിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടും. പല കഥകളും വൃത്തങ്ങളാണ്. ചിലത് ഉപാഖ്യാനങ്ങളാണ്. ഉദാഹരണം ചിത്രകേതു ഉപാഖ്യാനം, കുചേലവൃത്തം എന്നിങ്ങനെ.
ഒരു കഥ തുടങ്ങിയ ഇടത്തു തന്നെ തിരികെ എത്തുമ്പോഴാണ് വൃത്തം പൂര്‍ത്തിയാകുന്നത്. ദ്വാരകയില്‍ ശ്രീകൃഷ്ണനെ ദര്‍ശിച്ച കുചേലന്റെ കഥ സാന്ദീപനിമഹര്‍ഷിയുടെ ആശ്രമത്തിലേക്ക് സതീര്‍ഥ്യനായ ശ്രീകൃഷ്ണനെ തിരികെ എത്തിക്കുന്ന ഒരു നിമിഷം ഉണ്ട്. അവിടെ നടന്നത് ഒരു ഗറ്റ് ടുഗദര്‍ ആണ്. ബാല്യകാലത്തിലേക്ക് ശ്രീകൃഷ്ണനെ തിരികെ കൊണ്ടുപോയ സംഭവം. വായനക്കാരും അതോടൊപ്പം പാഠങ്ങള്‍ പഠിപ്പിച്ച ഗുരുക്കന്മാരുടെ മുന്നിലെത്തും.
സാന്ദീപനി വെറും ഗുരുവല്ല, സം ദീപനം ചെയ്യുന്നവനാണ്. സമ്യക് ദീപനം, നന്നായി ജ്വലിപ്പിക്കല്‍. ഉള്ളിലുള്ള ആത്മചൈതന്യത്തെ പ്രോത്ജ്വലിപ്പിക്കുന്നവന് എന്നര്‍ഥം. ഈ വ്യാഖ്യാനം ശരിയല്ലെങ്കില്‍ ഇതു വായിക്കുന്ന സംസ്കൃതവിദ്വാന്മാര്ക്കു തിരുത്താം.
കുചേലനെ കണ്ട ശ്രീകൃഷ്ണന് മതി മറന്നു. സര്‍വ്വവും മറന്നു, മഹാലക്ഷ്മിയെ മറന്നു. ആത്മസുഹൃത്തിന് തന്റെ സൗഭാഗ്യം പകുത്തു കൊടുക്കും എന്ന നിലയായി. അപ്പോള്‍ ലക്ഷ്മീദേവി ഭയന്നിരിക്കാം, താനും ആ ബ്രാഹ്മണന് അടിമയാകുമോ എന്ന്. അങ്ങനെ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ മൂലഗ്രന്ഥത്തില്‍ അതു വ്യക്തമല്ല.
എന്തായാലും കുചേലന്റെ ഉപായനം (കാഴ്ചദ്രവ്യം, കണ്ടുകാഴ്ച, സ്നേഹോപഹാരം) ആയ അവില് അധികം കഴിക്കാതെ രുക്മിണി കൈ തടഞ്ഞു എന്നാണ്. അതുണ്ടായിരുന്നില്ലെങ്കില്‍ ഗുരുകുലത്തിലേയ്ക്ക് ശ്രീകൃഷ്ണന്റെ മനസ്സ് എത്രത്തോളം തിരികെപ്പോവുമായിരുന്നു! ആ രംഗം കണ്ട സുദാമാവിന് താന്‍ വന്ന കാര്യം പോലും പറയാന്‍ സാധിച്ചില്ല എന്നല്ലേ കഥ. ഇതാണ് കഥയിലെ വൃത്തം. തുടക്കത്തിലേക്കു തന്നെ തിരികെ എത്തുന്നത്. അതുപോലെ ചാപവും (ആര്‍ക്ക്) ഉണ്ട്.
രുക് എന്നതിന് ഹിന്ദിയില്‍ തടയുക എന്നല്ലേ അര്‍ഥം? സംസ്കൃതത്തില്‍ രുക്മം എന്നാല്‍ സ്വര്‍ണം എന്നാണ് എന്നു തോന്നുന്നു. അറിവുള്ളവര്‍ക്കു തിരുത്താം.
ഇവിടെ ഭാഗവതം എടുത്താല്‍ സത്യം എന്നതില്‍ ആരംഭിച്ച് അതില്‍ തന്നെ തിരികെ എത്തുന്നതിനാല്‍ ഭാഗവതവും വൃത്തം പൂര്‍ത്തിയാക്കുന്നു. ഭാഗവതത്തില്‍ ഒരു വൃത്തമല്ല, അനേകം വൃത്തങ്ങളുണ്ട്. ഭൂഗോളം എന്ന പോലെ അത് ഗോളഘടനയാണ് പൂര്‍ത്തിയാക്കുന്നത്. അതാണ് ഭാഗവതത്തിന്റെ സൗന്ദര്യവും സവിശേഷതയും.
ഗോളാകൃതിക്ക് ഒരുപാട് സവിശേഷതകളുണ്ടെന്ന് സയന്‍സുകാര്‍ക്ക് അറിയാമല്ലൊ. സയന്സുകാര് പലരും അവര്‍ക്കുപോലും മനസ്സിലാകാത്ത വാക്കുകളെടുത്ത് മറ്റുള്ളവരെ വിരട്ടുന്നതു കാണാം. സയന്‍സിന്റെ ബാധ കേറിയതു പോലെയാണ് ചിലരുടെ ആക്രോശങ്ങള്‍. സൂത്രവാക്യങ്ങള്‍ പ്രയോഗിച്ച് ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ കത്തിക്കയറുന്ന ചിലരെ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
സത്യം എന്ന വാക്കാണ് ഭാഗവതത്തെ സയന്‍സുമായി ബന്ധപ്പെടുത്തുന്നത്. സയന്‍സ് സത്യം അന്വേഷിച്ച് കണ്ടു പിടിക്കാനാവാതെ അനിശ്ചിതത്വം അനിശ്ചിതത്വം എന്ന് ഉദ്ഘോഷിച്ചു വഴി മാറിപ്പോകുന്നു. (Quantum Science, Uncertainty Principle) ഭാഗവതം തുടക്കത്തിലെ സത്യത്തെ ധ്യാനിച്ചുകൊണ്ട് സത്യത്തിന്റെ മൂര്ത്തീഭാവങ്ങളെയും അവര്‍ ഇടപെടുന്ന രീതിയും (Functioning Style) പ്രത്യക്ഷത്തിലെന്നപോലെ കാവ്യഭംഗിയോടെ വിശദീകരിച്ചു കാണിച്ചു തന്ന് സമൂഹത്തിന് വെളിച്ചം പകരുന്നു.
ഭ്രൂണശാസ്ത്രം മുതല്‍ ഗ്രഹനക്ഷത്രങ്ങളുടെ ഭ്രമണവേഗം വരെ ഭാഗവതം ശ്ലോകത്തില്‍ പറയുന്നു, പദഭംഗിയുള്ള പദ്യസാഹിത്യത്തിലൂടെ ഉള്ളില്‍ തങ്ങി നില്ക്കുന്ന ഹൃദ്യമായ ഭാഷയില്‍ ചരിത്രവും ഭൂമിശാസ്ത്രവും ഗണിതശാസ്ത്രവും പറയുന്നു... ഇളക്കമില്ലാത്ത തത്ത്വശാസ്ത്രത്തിന്റെ ശക്തമായ പിന്തുണയോടെ.
ഇന്ത്യന്‍ ഫിലോസഫിയെ പുറംതള്ളാനായിരിക്കാം ഒരുപക്ഷെ വായനക്കാര്‍ക്ക് ഇഷ്ടം. എന്തിനും പ്രൂഫ് ആവശ്യപ്പെടുന്ന ജഡ്ജിമാരാണ് തങ്ങളെന്ന് ഓരോരുത്തരും സ്വയം വിശ്വസിക്കുന്നു. തങ്ങള്‍ ജഡ്ജിതുല്യരാണ് എന്ന സമഭാവന പൗരാവകാശമായി വാദിച്ച് കൊടുംകുറ്റവാളികളും വെച്ചുപുലര്‍ത്തുന്നു. ജഡ്ജി പത്തും ഇരുപതും വര്‍ഷങ്ങള്‍ പഠിച്ച് വിധി പ്രഖ്യാപിക്കുക മാത്രം ചെയ്യുന്നു. നടപ്പാക്കുന്നില്ല. എന്നാല്‍ കുറ്റവാളികള്‍ അവരുടെ വിധി ആദ്യമെ തന്നെ നടപ്പാക്കുന്നു വാദങ്ങള്‍ കണ്ടെത്താന്‍ വക്കീല്ക്കൂട്ടത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നു. കൊള്ളസംഘങ്ങള്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്തവിധം തഴച്ചു വളര്‍ന്ന് രാജകീയമായി വിലസുന്നു. ഇങ്ങനെയൊക്കെയല്ലേ കണ്ടു വരുന്നത്? അതോ എനിക്കു തെറ്റിയോ? പരിശോധിക്കാം.
Grasping and Convincing. ഗ്രഹിക്കുന്നതിന് തന്ത്രം ഒന്നുമില്ല. ചിന്തിച്ചു തല പുകയ്ക്കുകയേ വഴിയുള്ളൂ. എന്നാല്‍ ബോധ്യമാക്കുന്നതിന് പല തന്ത്രങ്ങളും ഉണ്ട്. യാതൊന്നും ഗ്രഹിക്കാതെയും ഒരുവന് താന്‍ എല്ലാം ഗ്രഹിച്ചവനാണ് എന്ന് സമൂഹത്തെ ബോധ്യമാക്കാന്‍ കഴിയും. Convincing Art പലപ്പോഴും Confusing Art ആയി -കുതന്ത്രമായി- പ്രയോഗിക്കപ്പെടാറുണ്ട് സയന്‍സ് ക്ലാസ്സുകളില്‍ പോലും. സംശയശീലരെ വേട്ടയാടുകയെ വഴിയുള്ളൂ.
ട്രയിനിങ് ചെയ്ത സന്നാഹങ്ങള്‍ (Trained Batalian) ക്ലാസ്സെടുക്കാതെ തന്നെ ശ്രീമദ്ഭാഗവതം തിളക്കത്തോടെ വാഴുന്നു. ദൈവനിഷേധികളുടെ ആക്രമണകാലത്തിനു ശേഷം കേരളീയക്ഷേത്രങ്ങള്‍ ഇരട്ടി വേഗത്തില്‍ ഭാഗവതത്തിലേക്ക് തിരികെപ്പോയി.
രണ്ടാം ഉത്സവം എന്നപോലെ ഭാഗവതസപ്താഹയജ്ഞങ്ങള്‍ കൊണ്ടാടുന്നു. എന്നാല്‍ അതിലൂടെ എത്ര മാത്രം ഭാഗവതത്തിന്റെ ശാസ്ത്രീയ തലത്തിലേക്ക് സമൂഹത്തെ എത്തിക്കാന്‍ കഴിയുന്നുണ്ട് എന്നതില്‍ സംശയമുണ്ട്. അത് അസാദ്ധ്യം എന്ന പോലെ തോന്നിക്കുന്നു. എന്നാല്‍ ഞാനങ്ങനെ വിശ്വസിക്കുന്നില്ല. നല്ല ശുഭപ്രതീക്ഷയിലാണ് ഭാഗവതസേവ പുരോഗമിക്കുന്നത്. കാരണം സയന്‍സ് ക്ലാസ്സില്‍ നിന്നാണ് ഭാഗവതത്തിലെത്തിയത്.
ഗോളരൂപത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ് ഭാഗവതം. ആദ്യശ്ലോകത്തെയും അന്ത്യശ്ലോകത്തെയും ബന്ധിപ്പിക്കുന്ന വാക്കാണ് സത്യം എന്നത്. ഉത്തരധ്രുവത്തെയും ദക്ഷിണധ്രുവത്തെയും സാങ്കല്പിക അച്ചുതണ്ട് (Hypothetical Axis) ബന്ധിപ്പിക്കുന്നതുപോലെ. ഭാഗവതഗോളത്തിന്റെ മധ്യഭാഗത്തെ ഗുരുത്വകേന്ദ്രമാണ് (Centre of Gravity) മേച്ചൊന്ന ഒമ്പതു സത്യങ്ങളടങ്ങുന്ന ഒറ്റ ശ്ലോകം.
അതുപോലെ ആധുനികസയന്സുമായും ആ വാക്ക് (സത്യം) ഭാഗവതത്തെ ബന്ധിക്കുന്നു. വേറെ ഏതൊക്കെ മതങ്ങള്‍ സത്യം എന്ന വാക്കിന് ഇത്രയേറെ മഹത്വം കല്പിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല.
പൂര്‍ത്തിയാക്കാത്ത അന്വേഷണങ്ങളുടെ യാത്രയാണ് സയന്‍സ് എങ്കില്‍ പൂര്‍ത്തിയാക്കിയ കണ്ടെത്തലുകളുടെ തീക്ഷ്ണമായ പ്രകാശമാണ് ഭാഗവതം എന്ന് എനിക്ക് അനുഭവപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതം എഴുതിയ എഴുത്തുകാരന്റെ അന്തിമകൃതി. The Integrated Text of those who has differentiated the Vedas just for the sake of learning and teaching and holding that as a higher tradition.
.............
ഇങ്ങനെ കസര്ത്തിയാല് നിങ്ങള്‍ക്കു മനസ്സിലാവുന്നുണ്ടോ വായനക്കാരേ? വല്ലോം ഒന്നു പറ.
ഇല്ലേലും പ്രശ്നമില്ല. ഞാന്‍ വല്ലതുമൊക്കെ പറഞ്ഞു എന്നു വരും. അത്രേയുള്ളു. അതൊന്നും കാര്യമാക്കണ്ട. പൂജാരിമാരുടെ വാക്കിന് ആരും വില കല്പിക്കാറില്ലല്ലൊ. അവഗണിക്കപ്പെട്ടാണ് ശീലം.
എന്നോടു ക്ഷമിക്കണ്ട. നിങ്ങളുടെ പ്രതികരണമാണ് ആവശ്യം.
സാന്ദീപനിയുടെ കാര്യം പറഞ്ഞപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അധ്യാപകരെ ഓര്‍ത്തുവോ? തമാശ പറഞ്ഞു ചിരിപ്പിക്കുന്ന അധ്യാപകരെയാണോ ഓര്‍ത്തത് അതോ ചൂരലിന് പ്രഹരിക്കുന്ന അദ്ധ്യാപകരെയാണോ ഓര്‍ത്തത്?
സാന്ദീപനിയുടെ ശിഷ്യന്മാര്ക്ക് കാട്ടില്‍ പോയി വിറകു ശേഖരിക്കേണ്ടത് ഉണ്ടായിരുന്നു. ഇന്നായിരുന്നെങ്കില്‍ ബാലവേല കുറ്റം ചാര്‍ത്തി സാന്ദീപനിക്കെതിരെ കേസെടുക്കാമായിരുന്നു അല്ലേ. അന്ന് നിയമങ്ങള്‍ ഇത്രയും പുരോഗമിച്ചിരുന്നില്ലല്ലൊ. അത് മഹാഭാരതകാലം. ഇത് ആത്മീയ ഇതരത്വത്തിന്റെ കാലം. ടെക്നോളജിയുടെ കാലം എന്നു ചുമ്മാ ഞെളിയാം, ദാരിദ്ര്യം മറച്ചുവെക്കാന്‍!
ചൈനക്കാര്‍ കേള്‍ക്കണ്ട. 😛
No comments:
Post a Comment