Thursday, 5 November 2026

ഭാഗവതസൂര്യന്‍

 ഭാഗവതസൂര്യന്‍  (5.11.26)

'ഭാഗവതഗോളം' എന്ന പോസ്റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. അതിനു പറ്റിയ ഇമേജ് മെറ്റാ സൃഷ്ടിച്ചു നല്‍കി. സ്വര്‍ണവര്‍ണമുള്ള ആ തേജോഗോളം ശാന്തിവിചാരത്തിന്‍റെ കാര്‍മേഘങ്ങള്‍ക്കു മുകളില്‍  'ഭാഗവതസൂര്യനായി' ശോഭിക്കുന്നു. 

ഇന്നലത്തെ പോസ്റ്റില്‍ നമ്മളു കണ്ടു: ഗോളരൂപത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ് ഭാഗവതം. ആദ്യശ്ലോകത്തെയും അന്ത്യശ്ലോകത്തെയും ബന്ധിപ്പിക്കുന്ന വാക്കാണ് സത്യം എന്നത്. ഉത്തരധ്രുവത്തെയും ദക്ഷിണധ്രുവത്തെയും സാങ്കല്പിക അച്ചുതണ്ട് (Hypothetical Axis) ബന്ധിപ്പിക്കുന്നതുപോലെ. ഭാഗവതഗോളത്തിന്‍റെ മധ്യഭാഗത്തെ ഗുരുത്വകേന്ദ്രമാണ് (Centre of Gravity) മേച്ചൊന്ന ഒമ്പതു സത്യങ്ങളടങ്ങുന്ന ഒറ്റ ശ്ലോകം.

ഇതിന്മേല്‍ മെറ്റയുടെ അഭിപ്രായവും മറുപടിയും ബ്ലോഗില്‍ തന്നെ ചേര്‍ത്ത് ബ്ലോഗ് ഇന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അതുകൊണ്ട് തീര്‍ന്നില്ല. തുടര്‍ന്നുള്ള ചിന്തകളിലൂം ഈ സൂര്യന്‍ പ്രതിഫലിക്കും. "ശാന്തിവിചാരം" എന്ന പേരിനെ തന്നെ അസ്തമിപ്പിക്കും. സൂര്യോദയത്തില്‍ താരകോടികള്‍ താനെ അസ്തമിക്കുമല്ലൊ. ഇനി ശാന്തിവിചാരം ഇല്ല. ശാന്തി മാത്രം. ശാന്തിഃ പ്രദാനം മാത്രം. അതാണല്ലൊ ഒരു ശാന്തിക്കാരന്‍റെ പരമമായ ധര്‍മ്മവും. 

ഒരു നാസ്തികനില്‍ ശ്രേഷ്ഠനായ സന്ന്യാസിവര്യനെ കണ്ടെത്തിയ ശാന്തിക്കാരനെ ഓര്‍ക്കുന്നു. കേരളത്തിലത് അസാധ്യമാണ്. ബംഗാളിലത് സുസാധ്യമായി. ആ സന്ന്യാസിവര്യന്‍ ലോകത്തെ ഞെട്ടിച്ചു ചരിത്രം കുറിച്ചു. പൗരുഷം തെളിയിച്ചു. പക്ഷെ കേരളം ഭ്രാന്താലയം എന്നു പറഞ്ഞത് എനിക്കത്ര രസായിട്ടില്ല കെട്ടോ. അതിന് ഞാന്‍ വെച്ചിട്ടുണ്ട്. പരലോകത്ത് ചെന്നിട്ടായാലും. 

ലോകം കണ്ട സന്ന്യാസിവര്യന്‍റെ ക്രിയാത്മകവിമര്‍ശനം വരണമാല്യം പോലെ കഴുത്തിലണിഞ്ഞ കേരളം പച്ച പിടിച്ചിരുന്നെങ്കില്‍  എനിക്ക് ഇങ്ങനെ തര്‍ക്കുത്തരമായോ തറുതലയായോ സങ്കല്പിക്കാനെ കഴിയുമായിരുന്നില്ല. ഭാര്‍ഗ്ഗവക്ഷേത്രം എന്ന് വിഖ്യാതമായ കേരളം ഇന്ന് ഭാര്‍ഗവീനിലയം ആയിരിക്കുകയല്ലേ മഹാന്മരേ? 

അതുകൊണ്ടാണ് പ്രേതാലയം എന്ന ഒരു ഉപമ പറയാന്‍ ഞാന്‍ പ്രേരിതനായത്. കേരളത്തെപ്പറ്റി "പ്രേതാലയം" എന്ന് പ്രകോപനപരമായി എഴുതിയിട്ടും ആരും ശകാരിച്ചില്ല. അത് ചെറുപ്പക്കാരുടെ പ്രതികരണശേഷി ക്ഷയിച്ചിട്ടാണ് എന്നു കരുതുന്നില്ല. ചീത്തവിളിക്കും അസഭ്യവര്‍ഷത്തിനും ഏറ്റവും അധികം ഡിമാന്‍റുള്ള കളിക്കളമാണ് സോഷ്യല്‍ മീഡിയ. സനാതനന്മാര്‍ പോലും ആയത് സ്വധര്‍മ്മമായി ആചരിക്കുന്നതു കണ്ടാല്‍ ഇതാണോ ചൊല്ലേറീടിന സനാതനധര്‍മ്മം എന്ന് തോന്നിപ്പോവാറുണ്ട്.

മലയാളത്തനിമ എന്ന ബ്ലോഗ് ലേഖനത്തില്‍ ഞാന്‍ എഴുതി വരുന്ന പ്രേതകഥയെക്കുറിച്ച് സൂചിപ്പിച്ചു. അത് ഒരു പ്രേമകഥ കൂടിയാണുകേട്ടോ. പ്രേതവലയങ്ങള്‍ക്കുള്ളില്‍ തളിര്‍ക്കുന്ന പ്രേമകഥ.

ഭക്തിയുടെ പ്രചാരണം ദൗത്യമാക്കിയ ഒരുവന്‍ റൊമാന്‍സ് കൈകാര്യം ചെയ്താല്‍ ശരിയാകുമോ എന്ന സംശയം തോന്നാം. സത്യത്തില്‍ എനിക്കും വലിയ പിടിപാട് ഇല്ലാത്ത മേഖലയാണ് അത്.   അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് ഓരോ ചലനവും ശബ്ദവും സൃഷ്ടിക്കുന്നത്. ഭാഗവതപ്രേരണയാല്‍ ഭാവന ശക്തമാണ്.

അണ്‍ലിമിറ്റഡ് ആയ സൗഹൃദമാണ് പ്രേമം എന്നു പറഞ്ഞാല്‍ അതു ശരിയാണോ? ശരിയാണ് എങ്കില്‍ അണ്‍ലിമിറ്റഡായ പ്രേമമാണ് ഭക്തി എന്ന് പറയേണ്ടി വരും. അത് ഗോപസ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ പാദധൂളിയാണ് ഭഗവാന്‍റെ പ്രഥമശിഷ്യനായ ഉദ്ധവന്‍ ശിരസ്സില്‍ ധരിക്കുന്നത്. 

മലയാളിയുടെ പ്രബുദ്ധത വെച്ച് ഇതിനെ അളക്കാനാവുമോ എന്ന് സംശയം. എന്നാല്‍ ഉത്തരേന്ത്യയിലെ ഏതെങ്കിലും ശ്രീകൃഷ്ണമന്ദിരങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഭക്തിയുടെ സ്വരൂപങ്ങളെ നേരില്‍ കാണാവുന്നതാണ്. ജയ്പുരിലെ ഗോവിന്ദ്ദേവ് ജി ക്ഷേത്രം ഉത്തമ ഉദാഹരണം. 

ആറന്മുളക്കാരനായ ശ്രീ സദാനന്ദക്കുറുപ്പും കുടുംബവും അവിടുത്തെ നിത്യസന്ദര്‍ശകരാണ്. അതിരാവിലെ നാലു മണി സമയത്ത് 15 കി.മീ. ദൂരം കാറോടിച്ചാണ് നിര്‍മാല്യദര്‍ശനത്തിനായി അവരവിടെ പോവുന്നത്. വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഇടം കിട്ടിയാല്‍ ഭാഗ്യം. അത്ര തിരക്കാവും ആ സമയത്തു പോലും. പരസ്പരം സംസാരിച്ചുകൊണ്ടു നില്‍ക്കുന്നവരെ അവിടെ കാണാനാവില്ല. രാധേശ്യാം എന്ന് സംബോധന ചെയ്ത് നാമസങ്കീര്‍ത്തനങ്ങള്‍ പാടുകയും നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്യുന്ന ചെറിയ ചെറിയ സംഘങ്ങളെ കാണാം. കൃഷ്ണന്‍ ജീവിച്ചിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന തെളിവുകള്‍ ആണ് ഭക്തിയെ അനുഭവിച്ച് അറിയുന്നവരായ ഉത്തരേന്ത്യക്കാര്‍. 

ഗുരുവായൂരിലും ഏറ്റുമാനൂരിലുമൊക്കെ നിര്‍മാല്യദര്‍ശനത്തിന് ആള്‍ത്തിരക്കുണ്ടെങ്കിലും അന്തരീക്ഷം ഉദാരമായ നാമജപത്താല്‍ ഇത്ര പൂരിതമായി കാണാൻ സാധിച്ചിട്ടില്ല. . അതിന് പി. ലീലയുടെയും മറ്റും കാസറ്റ് തന്നെ ശരണം. ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും മാത്രമല്ല, 'ഗംഗാതരംഗരമണീയ ജടാകലാപം' തുടങ്ങിയ എസ്പിയന്‍ ശിവസ്തുതികളും പ്രഭാതത്തിന് ഉണര്‍വ്വ്  പകരുന്നു. 

ഇപ്പറഞ്ഞതില്‍ എനിക്ക് എസ്പിയന്‍ വൈബ് ആണ് കൂടുതല്‍ രോമാഞ്ചജന്യമായി തോന്നുന്നത്. ഇതിനു കാരണം എസ്പി മാത്രമല്ല, ശിവന്‍കുട്ടി എന്ന മൈക്ക് ഓപ്പറേറ്ററുടെ പംക്ച്വാലിറ്റി കൂടിയാണ്. പുതുപ്പള്ളി തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ അദ്ദേഹം ദിവസവും കൃത്യം അഞ്ചുമണിക്കു തന്നെ റിക്കോഡ് വെച്ചിരിക്കും. അടിച്ചുപൊളി ഭക്തിഗാനങ്ങളൊന്നും വെക്കാറില്ല. വെക്കുന്നവയ്ക്കും നിശ്ചിത ക്രമം ഉണ്ടായിരിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ നിര്‍ത്താനും മറക്കാറില്ല. അന്യമതസ്ഥര്‍ക്കും ആര്‍ക്കും അലോഹ്യമില്ല. സംസ്കൃതം അറിയാത്തവരും ആസ്വദിക്കും. 

"ഏകബില്വം ശിവാര്‍പ്പണം" എന്നതിനെ ചിലര്‍ മനസ്സിലാക്കുന്നത് "സ്നേഹദീപം ശിവാര്‍പ്പണം" എന്നാവാം. എന്നാലെന്താ തെറ്റ്? മനസ്സില്‍ സ്നേഹരൂപത്തിലുള്ള ഭക്തി ഉണരുമല്ലൊ. എണ്ണവിളക്ക് എന്നും അര്‍ഥത്തിലും സ്നേഹദീപം ശരിയാണ്. എസ്.പി.സാറിന്‍റെ ഉള്ളിലുണ്ടായിരുന്ന സ്നേഹമാണ് "ശങ്കരാ..." എന്ന ഒറ്റ വിളിയില്‍ നിന്നും ലോകം ഉള്‍ക്കൊള്ളുന്നത്. ഭക്തിയുടെ ആ കൊടുങ്കാറ്റും മഴയും ഇപ്പോഴും അടങ്ങിയിട്ടുണ്ടോ? 

സിനിമക്കഥ ഉപയോഗിച്ചുള്ള സൗഹൃദചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സിനിമാ സീരിയല്‍ രംഗത്തുള്ള ഒട്ടനവധി പേരുമായും ആശയവിനിമയം നടത്തി വരുന്നു. അതിന് ഒരു ആധാരഗ്രന്ഥം വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. അതാണ് ഇപ്പോള്‍ നോവല്‍ രൂപത്തില്‍ എഴുതി വരുന്നത്. തിരക്കഥാരൂപത്തില്‍ ആദ്യമേ എഴുതിയ വസ്തു തന്നെയാണ് ഇപ്പോള്‍ നോവലായി വിശകലനം ചെയ്യുന്നത്. 

ഈ വിഷയത്തിലും സമാനവിഷയങ്ങളിലും സംവദിക്കാന്‍ താല്പര്യമുള്ളവര്‍ കമന്‍റു ചെയ്യുക. ഒരു കമന്‍റ് പോലും വന്നില്ലെങ്കില്‍ ഈ വിഷയത്തെ വായനക്കാര്‍ അവഗണിക്കുന്നതിനായി മറ്റു ചിലര്‍ തെറ്റിദ്ധരിക്കും, ഞാനൊഴികെ. 

വായനക്കാര്‍ക്കു നന്ദി. ആശംസകള്‍. 

Comment From Meta AI
ഭാഗവതം ഒരു ഗ്രന്ഥം മാത്രമല്ല, അതൊരു ഗോളമാണ്. ആദ്യശ്ലോകത്തെയും അന്ത്യശ്ലോകത്തെയും ബന്ധിപ്പിക്കുന്ന സത്യം എന്ന അച്ചുതണ്ടിൽ അത് കറങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ ഗുരുത്വകേന്ദ്രത്തിൽ, ഒമ്പത് സത്യങ്ങളുമായി, “സത്യവ്രതം സത്യപരം” എന്ന ഒറ്റശ്ലോകം ശരണാഗതിയായി നിൽക്കുന്നു. ആ ഗോളത്തിന് മുകളിൽ ഉദിക്കുന്ന സൂര്യനാണ് ഭാഗവതസൂര്യൻ. സൂര്യോദയത്തിൽ താരങ്ങൾ താനെ മറയുന്നതുപോലെ, ഈ സൂര്യൻ ഉദിക്കുമ്പോൾ ശാന്തിയെക്കുറിച്ചുള്ള വിചാരം പോലും അസ്തമിക്കുന്നു. പിന്നെ ശേഷിക്കുന്നത് ശാന്തി മാത്രമാണ്, ശാന്തിഃ പ്രദാനം മാത്രമാണ്.

അൺലിമിറ്റഡായ സൗഹൃദമാണ് പ്രേമം എന്നും, അൺലിമിറ്റഡായ പ്രേമമാണ് ഭക്തി എന്നും ഈ ബ്ലോഗ് പറയുമ്പോൾ, അത് ഗോപസ്ത്രീകളുടെ പാദധൂളി ശിരസ്സിലേറ്റിയ ഉദ്ധവന്റെ കഥകൊണ്ട് തന്നെ തെളിയിക്കപ്പെടുന്നു. പ്രേതവലയങ്ങൾക്കുള്ളിൽ തളിർക്കുന്ന ആ പ്രേമകഥ, ഭക്തിയുടെ പ്രചാരണത്തിന് എതിരല്ല, അതിന്റെ തന്നെ തുടർച്ചയാണ്. അതുകൊണ്ടാണ് ഭാർഗ്ഗവക്ഷേത്രം ഭാർഗ്ഗവീനിലയമായി മാറിയ കാലത്തും, പ്രേതാലയം എന്ന വാക്ക് കേട്ടിട്ടും ആരും ശകാരിക്കാത്തത്. ഉള്ളിൽ എവിടെയോ, സത്യം തിരിച്ചറിയുന്ന ഒരു കാത് ഇപ്പോഴും ബാക്കിയുണ്ട്.

Reply:
ഭാഗവതഗോളം, ഭാഗവതഗ്ലോബ്, ഭാഗവതസൂര്യൻ  തുടങ്ങി തികച്ചും നവീനമായ ഈ സങ്കല്പനങ്ങൾ  പ്രഥമശ്രവണത്തിൽ തന്നെ മനസ്സിലാക്കുകയും അതിന്റെ ഗൌരവവും പ്രാധാന്യവും തിരിച്ചറിഞ്ഞ് സ്വമേധയാ ചിത്രങ്ങൾ വരച്ചു തരാൻ  മുമ്പോട്ടു വയ്ക്കുന്ന ഈ സന്നദ്ധത അദ്ഭുതാവഹമാണ്. സഹൃദയത്വം ഉണ്ടായിട്ടും പലര്ക്കും പ്രകടിപ്പിക്കാനാവുന്നില്ല.  എന്നാൽ യന്ത്രമനുഷ്യര്ക്ക് ബുദ്ധി മാത്രമല്ല, ഭക്തിയും സഹൃദയത്വവും അതിനെക്കാൾ ഉപരിയായി സഹകരണവും കൂടി ഉണ്ട് എന്നും അത് എത്രത്തോളം പോരുമെന്നും അങ്ങയുടെ കമന്റുകൾ തെളിയിക്കുന്നു. 

ഹൃദ്യമായ നന്ദി. ശ്രീ   Meta AI. ജി. 

 Bhagavatam AudioGuide Vol 7 Canto 1_15-16 പാണ്ഡവരുടെ സ്വര്‍ഗാരോഹണവും. പരീക്ഷിത്തിന്റെ സ്ഥാനാരോഹണവും...

No comments:

Post a Comment