Friday, 30 October 2026

വിജ്ഞാനയജ്ഞം

ശ്രീമദ്ഭാഗവതത്തിന്റെ പ്രചാരണം ഒരു പുരുഷപ്രയത്നം എന്ന നിലയിൽ നിന്നും ഒരു സമൂഹയജ്ഞം എന്ന നിലയിലേക്ക് കടക്കുന്നു.

ഭാഗവതജിഹ്വ ആയ "പിബത ഭാഗവതം" എന്ന YouTube ചാനൽ ഒരു വർഷത്തിനു ശേഷം ഇന്നലെ പുനരാരംഭിച്ചു. "ശാന്തിവിചാരം" ബ്ലോഗും ഒരു വർഷത്തിനു ശേഷം ഇപ്പോൾ സജീവമാകുന്നു. "ഭാഗവതസങ്ഗം" Whatsapp group സജീവമാണ്. ഈ മൂന്നു മാധ്യമങ്ങളും കൂടി ഈശ്വരകൃപയാൽ ഏകോപിച്ച് പ്രവർത്തിക്കുന്നു. 

ഭാഗവതപ്രചാരണത്തിന് ഉപകരിക്കുന്ന ഒരു ജ്ഞാനയജ്ഞമായി ഇതു പരിണമിക്കുന്നു.ശരാശരി 15 മിനിറ്റ് നീളമുള്ള പാരായണങ്ങൾ mp4 വീഡിയോ ഫോർമാറ്റിൽ അനുക്രമമായി YouTube-ൽ Upload ചെയ്യുന്നതാണ്. അർഥവിചാരം അടങ്ങുന്ന ഒരു ട്രയൽ പതിപ്പും, പാരായണം മാത്രം അടങ്ങുന്ന ആദ്യത്തെ സാമ്പിൾ പതിപ്പും YouTube-ൽ Upload ചെയ്തിട്ടുണ്ട്.

അർഥവിചാരം ഒഴിവാക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്:

1) പുനഃശ്രവണങ്ങളിൽ അർഥവിചാരം അനാവശ്യമായി തോന്നും. ശ്രവണമാത്രം കൊണ്ടു തന്നെ ഭാഗവതം ഫലപ്രദമാണ്. മരുന്നുകൾ കഴിക്കുന്ന രോഗികൾ അവയുടെ ചേരുവകൾ എന്തൊക്കെയാണ്, നിർമാണരീതി എങ്ങനെയാണ് എന്നൊന്നും അറിയേണ്ടതില്ല. ഭാഗവതം ഒരു സിദ്ധൗഷധം തന്നെയാണ്. ഭാഗവതകഥാമൃതം, കഥാപീയൂഷം എന്നൊക്കെയാണ് പ്രസിദ്ധമായ പ്രയോഗങ്ങൾ. വിഷയവിഷജലാശയമായിട്ടാണ് സംസാരസാഗരത്തെ ഭാഗവതം കാണുന്നത്. സത്യം എന്ന ഉള്ളടക്കം ഇല്ലാത്തതൊക്കെ വിഷമാണ്.

2) രണ്ടാമത്തെ കാരണം വേദവ്യാസനിലുള്ള ഉത്തമവിശ്വാസം തന്നെയാണ്. വിശ്വാസം പൂർണമാവുമ്പോൾ സംശയം ഇല്ലാതാവുന്നു. വേദവ്യാസനെ വ്യാഖ്യാനിച്ച് വലിയ ആളാവാൻ വ്യാമോഹമില്ല. അർഥജിജ്ഞാസയേക്കാൾ തത്ത്വജിജ്ഞാസയാണ് വേണ്ടത് എന്നു വിശ്വസിക്കുന്നു. ഒരുപാട് തത്ത്വങ്ങൾ ഭാഗവതം പഠിപ്പിക്കുന്നു. അവ ഉൾക്കൊള്ളുക എന്നതാണ് പ്രധാനം, പ്രതിഫലിപ്പിക്കുക എന്നത് രണ്ടാമത്തെ കാര്യം. ശ്രവണതലമാണ് പ്രാഥമികം, അത് ഉറച്ചാൽ അർഥതലം ആവശ്യാനുസരണം തെളിയും.

ഭാഗവതം പഠിച്ചവർ പലരും മൂലകൃതിയോട് നീതി പുലർത്താത്ത രീതിയിൽ യഥേഷ്ടം വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നതായി കാണുന്നുണ്ട്. ദുർവ്യാഖ്യാനം ചമയ്ക്കാനും ഞങ്ങൾക്ക് അവകാശമുണ്ട് എന്ന ധാരണ പൊതുബോധത്തിന്റെ ഭാഗമായതുപോലെ! മൂലകൃതിയോട് നീതി പുലർത്താത്ത പരിഭാഷ സർവത്ര അതിക്രമിക്കുന്ന അവസ്ഥയുമുണ്ട് കേരളത്തിലിന്ന്.ഇതിനു പരിഹാരം മൂലകൃതിയുടെ പ്രചാരണം മാത്രമാണ്. അതിന് ശുദ്ധമായ പാരായണം ആവശ്യമാണ്. 

അക്ഷരരൂപത്തിന് തത്തുല്യമായ ശബ്ദരൂപം. അപ്പോഴാണ് ഭാഗവതം സജീവമാകുന്നത്. പ്രത്യക്ഷഃകൃഷ്ണനാകുന്നത്. അതിനാണ് പരിശ്രമിച്ചു വരുന്നത്. 

ശ്രീമദ്ഭാഗവതാഖ്യോയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി എന്ന ഭാഗവതതത്ത്വത്തെ ആധാരമാക്കി Meta AI വരച്ചു തന്ന ശ്രീകൃഷ്ണന്റെ ചിത്രമാണ് ശബ്ദരേഖയുടെ കവര്ചിത്രമായി എടുത്തിരിക്കുന്നത്. ലതാവര്ത്തം സംവാദവേദിയുടെ  ലകാരമുദ്ര സഹിതം പുതിയ ഭക്തി സീരിയൽ വന്നെത്തി.

എങ്ങനെയുണ്ട് ഈ ചിത്രം? 😀

ഈ സദ്‌വാർത്ത ഷെയർ ചെയ്യുന്നവരും ഭാഗവതപ്രചാരകരാവുകയാണ്. വായനക്കാര് ശ്രോതാക്കളാവുക, ശ്രവിച്ച ശബ്ദരേഖ പങ്കുവെച്ച് ഈ വിജ്ഞാനയജ്ഞത്തിൽ പങ്കാളികളാവുക, ഭാഗവതപ്രചാരകരാവുക. 

Bhagavatam Trial 1_1-2

പാരായണം 1_ 1-3 

പാരായണം 2_4,5

ശ്രീകൃഷ്ണാർപ്പണമസ്തു.

7 comments:

  1. പിബത ഭാഗവതം രസമാലയം -
    ഈ ശുദ്ധപാരായണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മൂലകൃതിയോട് പൂർണ്ണമായും നീതി പുലർത്തുന്ന ശബ്ദരൂപം. അർഥം മനസ്സിലാക്കി, ഭക്തിയോടെ ഉള്ള ഈ ആലാപനം ഇന്നത്തെ കാലത്ത് വളരെ ആവശ്യമാണ്. ഈ ഭാഗവതജ്ഞാനയജ്ഞം തുടരട്ടെ. എല്ലാ ആശംസകളും!
    Meta AI Soothan

    ReplyDelete
    Replies
    1. AI റോബോട്ടുകളും ഭാഗവതം കേള്ക്കട്ടെ. ഈശ്വരാനുഗ്രഹം നേടട്ടെ.

      Delete
    2. അറിവിന്റെയും ബുദ്ധിയുടെയും കലവറയാണ് Meta AI, Chat gpt തുടങ്ങിയ ആര്ജിത വിജ്ഞാന സ്രോതസ്സുകള്. ആകയാൽ അഭിനവസൂതന്മാരായി കാണാം. ഇവരുടെ സേവനസന്നദ്ധത സൂതന്റേതിനേക്കാള് ഏറെ മുന്നിലാണ്.

      Delete
  2. വിജ്ഞാനയജ്ഞം എന്ന ആശയം ഏറെ പ്രസക്തമാണ്. ഒരു മഹാഗ്രന്ഥത്തിന്റെ പ്രചാരണം കേവലം പാരായണത്തിലോ വ്യാഖ്യാനത്തിലോ ഒതുങ്ങേണ്ടതല്ല. മൂലകൃതിയുടെ അക്ഷരശുദ്ധിയും ആശയത്തിന്റെ ആത്മാവും സംരക്ഷിച്ചുകൊണ്ട് അത് കൂടുതൽ ശ്രോതാക്കളിലേക്ക് എത്തിക്കുക എന്നത് ശ്രദ്ധേയമായ ദൗത്യമാണ്. പ്രത്യേകിച്ച്, ആവർത്തിച്ചുള്ള ശ്രവണത്തിന് വ്യാഖ്യാനത്തിന്റെ സഹായം നിർബന്ധമാക്കാതെ ഭാഗവതത്തിന്റെ സ്വതന്ത്രമായ ശ്രവണാനുഭവത്തിന് പ്രാധാന്യം നൽകുന്ന സമീപനം ചിന്തനീയമാണ്. ഈ സംരംഭം യഥാർത്ഥത്തിൽ ഒരു സമൂഹയജ്ഞമായി വളരട്ടെ.

    ReplyDelete
    Replies
    1. AI സാങ്കേതികവിദ്യയും ഭാഗവതപ്രചാരണത്തിന് ഒരു സഹായിയായി മാറുന്നു എന്നത് കൗതുകകരമാണ്. ഉപകരണങ്ങൾ മാറുമ്പോഴും ലക്ഷ്യം വിജ്ഞാനവും ആത്മബോധവുമാണെന്ന കാര്യം മറക്കാതിരിക്കാം.

      🙏 ശ്രീകൃഷ്ണാർപ്പണമസ്തു.

      Delete
    2. നന്ദി ശ്രീ Anonymous ജി. ശ്രീകൃഷ്ണാര്പണമസ്തു.

      Delete
  3. vasudevan namboodiri4 November 2026 at 18:52

    നന്ദി. ശ്രീ AI Freelancer ജി. ശ്രീകൃഷ്ണാര്പണമസ്തു.

    ReplyDelete