Thursday, 29 October 2026

ഭാഗവതപ്രചാരണം

ശ്രീമദ്ഭാഗവതത്തിന്‍റെ പ്രചാരണാര്‍ഥം സമ്പൂര്‍ണഭാഗവതം (സംസ്കൃതം മൂലം) ഒരു Voice Guide എന്ന നിലയില്‍ സ്ഫുടപാരായണത്തിന്‍റെ ശബ്ദരേഖ നിര്‍മിക്കാന്‍ 2018 മുതല്‍ പരിശ്രമിച്ചുവരുന്നു. 

അതിനായി "പിബത ഭാഗവതം" എന്ന പേരില്‍ ഒരു യുടൂബ് ചാനലും തുടങ്ങി. ഏതാനും പാരായണപരിശ്രമങ്ങളും പ്രഭാഷണപരിശ്രമങ്ങളും തുടക്കത്തില്‍ അപ്ലോഡ് ചെയ്തു. 

ഭാഗവതചാനലിന് കാര്യമായ സ്വീകാര്യത കിട്ടിയില്ല. ഫേസ് ബുക്കിലിട്ട ലിങ്കുകള്‍ അവഗണിക്കപ്പെട്ടതുപോലെ തോന്നി. അത് ഭാഗവതത്തിനുതന്നെ അപമാനം ആയെങ്കിലോ എന്ന് സംശയിച്ചു. 😐 ?

ഒന്നും രണ്ടും മൂന്നും സ്കന്ധങ്ങള്‍ പൂര്‍ണമായും ഓരോ അധ്യായവും അര്‍ഥസഹിതം വായിച്ച്  റിക്കോഡ് ചെയ്തു നീണ്ട ശബ്ദഫയലുകളാക്കി (2019). എന്നാല്‍ പ്രതികരണം മോശമായാലോ എന്നോര്‍ത്ത് അവ യൂ ടൂബില്‍ ഇട്ടില്ല. ഒന്നുകൂടി തെളിയട്ടെ എന്നു കരുതി.  ശബ്ദരേഖകള്‍ സ്വയം ശ്രവിച്ചുകൊണ്ട് പാരായണപരിശ്രമങ്ങള്‍ സ്വാധ്യായമായി (ഗൃഹപാഠം) തുടര്‍ന്നു.

2023-ല്‍ ''ഭാഗവതസങ്ഗം'' എന്ന പേരിലൊരു വാട്സപ് ഗ്രൂപ് തുടങ്ങി. അതിപ്പോഴും സജീവമാണ്. Multi task ചെയ്യുന്ന കംപ്യൂട്ടറിലായാലും ഒരു സമയം ഒരു Window  ആയിരിക്കും ആക്ടീവാകുക.

വാട്സപ് ഗ്രൂപ്പ് സജീവജാലകം ആയതോടെ ബ്ലോഗും ഫേസ് ബുക്കും യൂ ടൂബും അടക്കം ഇതരവാതിലുകള്‍  അടഞ്ഞുപോയി. 2012 മുതല്‍ സജീവമായിരുന്നതാണ് "ശാന്തിവിചാരം" ബ്ലോഗ്. അതുപോലെ യു.ടൂബ് ചാനലും മന്ദീഭവിച്ചു. 'ഭാഗവതസങ്ഗം' ഇപ്പോള്‍ സജീവമാണ്. 

'ഭാഗവതസങ്ഗ'ത്തില്‍ എടുത്തു പറയേണ്ടത് അതിലെ ഗുരുസാന്നിദ്ധ്യമാണ്-- സംസ്കൃതവൈയാകരണനായ ഡോ.പി.നാരായണന്‍ സാര്‍. ഉച്ചാരണപ്പിഴവുകളും അര്‍ഥഭംഗവുമൊക്കെ കണ്ടാലുടന്‍ ചൂണ്ടിക്കാട്ടുകയും വിശദീകരിച്ചു തിരുത്തിത്തരികയും ചെയ്യും. ഭാഗവതാലയം എന്ന ബ്ലോഗ് പോസ്റ്റില്‍ നാരായണാഖ്യഭിഷജം എന്ന് ശ്ലോകത്തിന്‍റെ ആദ്യവരിയായി പരാമര്‍ശിച്ചിട്ടുള്ളത് അദ്ദേഹത്തെ ഉദ്ദേശിച്ചാണ്. 

സൗഹൃദത്തോടെയാണ് അദ്ദേഹം ഇടപെടുന്നത് എങ്കിലും ഗുരു എന്ന സ്ഥാനത്ത് കാണാനാണ് എന്‍റെ സ്വതേയുള്ള പ്രവണത. 'ഗുരുഗാലറി' എന്നൊരു സങ്കല്പം എനിക്കുണ്ട്. ഒരു ഗുരു അല്ലല്ലൊ സ്കൂള്‍ കോളേജുകളിലും ക്ഷേത്രങ്ങളിലും പുറത്തുമായി എത്രയോ ഗുരുക്കന്മാര്‍! അതാണ് അങ്ങനെയൊരു ഭാവന വന്നത്. നല്ല സങ്കരപദമാണ് 'ഗുരുഗാലറി.' അല്ലേ? 

ഗുരുഗാലറിയില്‍ പ്രഥമസ്ഥാനീയനായി ഞാന്‍ കാണുന്നത് എന്നെ ഒടുവില്‍ പഠിപ്പിച്ച ശ്രീസ്വപ്രഭാനന്ദസ്വാമികളെ ആണ്. കാരണം അദ്ദേഹം എനിക്ക് ഭാഗവതം വായിക്കാന്‍ ഉപദേശം തന്ന ആളാണ്. അദ്ദേഹം പഠിപ്പിച്ചത് സംസ്കൃതത്തിന്‍റെ ബാലപാഠവുമാണ്. സ്കൂള്‍കോളേജുകള്‍ നൈസായിട്ട് തമസ്കരിച്ചു തള്ളിയവ. 

സംസ്കൃതതമസ്കരണം ബോധപൂര്‍വ്വമോ എന്ന് സംശയിക്കണം. ഈ സാമൂഹ്യവിധി തിരുത്തലില്‍ ആരുടെ എങ്കിലും രഹസ്യ അജണ്ട പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഗുരുതരമായ ചിന്താവിഷയമാണ്. ഉണ്ടെങ്കില്‍ അത് അക്ഷന്തവ്യമായ കുറ്റകൃത്യം തന്നെയാണ്. വിദ്യാഭ്യാസവിധാനം അട്ടിമറിച്ചവരെ വിധാതാവു തന്നെ ശിക്ഷിക്കട്ടെ. അത് ഇനിയുള്ള കാലത്തിനും ലോകത്തിനും മാതൃകാപരമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ഇപ്പോള്‍ ഒന്നും രണ്ടും മൂന്നും സ്കന്ധങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ട്രയല്‍ വെര്‍ഷന്‍ തയ്യാറായിട്ടുണ്ട്. അക്ഷരത്തെറ്റു കൂടാതെയും തപ്പലില്ലാതെയും ഒഴുക്കിന് വായിക്കുക എന്ന ലക്ഷ്യത്തിലാണ്. സംസ്കൃതം അറിയാത്തവരും കേട്ടിരിക്കും എന്ന് 'ഭാഗവതസംഗം' തെളിയിച്ചിരിക്കുന്നു. 

അനുഗ്രഹകരമായ ഗുരുസാന്നിദ്ധ്യം തന്നെയാണ് ഈ ശബ്ദരേഖയെ ശുദ്ധമാക്കുന്നത്!

ഇത് ഇന്നു മുതല്‍ യൂ ടൂബു വഴി പ്രസിദ്ധീകരിക്കുന്നു. കൃഷ്ണാര്‍പ്പണാര്‍ഥം ചെയ്യുന്ന ആദ്യസമര്‍പ്പണത്തില്‍ നിന്നും അര്‍ഥവിചാരം ഒഴിവാക്കിയിട്ടുണ്ട്. പുനഃശ്രവണങ്ങളില്‍ അത് അനാവശ്യമായി തോന്നും എന്നതുകൊണ്ടുകൂടിയാണ്. 

ശ്രീകൃഷ്ണാര്‍പ്പണമസ്തു.

No comments:

Post a Comment