മൂലകൃതിയാണ് എപ്പോഴും ആധികാരികം. പരിഭാഷകള് ഒരിക്കലും തത്തുല്യം ആവുകയില്ല. വിശേഷിച്ച് സംസ്കൃതത്തില് നിന്നും അന്യഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള് മൂലകൃതിയിലുള്ള പലതും ചോര്ന്നു പോകുന്നു. അതിലില്ലാത്ത ഭാവനകള് പലതും കലരുന്നു.
സംസ്കൃതവരികളുടെ മന്ത്രശക്തി മലയാളത്തിനോ ഹിന്ദിക്കോ മറ്റു ഭാഷകള്ക്കോ ഇല്ല തന്നെ. സത്യമേവ ജയതേ എന്ന ഇടത്ത് സത്യം മാത്രം ജയിക്കും എന്നു പറഞ്ഞാല് മതിയോ അതുപോലെ സത്യം വദ എന്നതിന് സത്യം പറ എന്ന് പരിഭാഷപ്പെടുത്തിയാലോ അതിന്റെ ഗുരുത്വം നഷ്ടമാകുന്നില്ലേ.?. ഭംഗി പോകുന്നില്ലേ?
അര്ഥമറിയാത്തവര് പോലും മൂലകൃതി ആസ്വദിക്കുകയും, മന്ത്രങ്ങള് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു എന്നത് സംസ്കൃതത്തിലുള്ള ഉത്തമ ബോധ്യം (Convincing Power) കൊണ്ടു തന്നെയാണ്. LIC OF INDIA യുടെ Motto യോഗക്ഷേമം വഹാമ്യഹം എന്ന ഗീതാ വാക്യമാണ്. BSNL എടുത്തിരിക്കുന്നത് അഹര്നിശം സേവാമഹേ എന്ന സംസ്കൃതവാക്യമാണ്. ഇത് ആ ഭാഷയുടെ മന്ത്രശക്തിയേയും മേന്മയേയുമാണ് കാണിക്കുന്നത്.
സംസ്കൃതം ആര്ക്കും മനസ്സിലാവാത്തതാണ് കടിച്ചാല് പൊട്ടാത്തതാണ് തുടങ്ങിയ ഭാവനകള് സനാതനരെന്ന് കരുതപ്പെടുന്നവര് വെച്ചുപുലര്ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ കഷ്ടമാണ്. ആ ധാരണ തിരുത്താന് കൂടിയാണ് ഞാന് ഭാഗവതപ്രചാരണത്തില് വ്യാപൃതനായിരിക്കുന്നത്. നമ്മുടെ പൈതൃകഭാഷ ആകയാല് പിതൃഭാഷ എന്ന വിശേഷണം സംസ്കൃതം അര്ഹിക്കുന്നു.
മാതൃഭാഷയോടു പോലും മലായാളികള് കൂറു കാണിക്കുന്നില്ല. മലയാളം ഇവിടെ മരിക്കുകയാണെന്നതില് സംശയമില്ല. മലയാളിയുടെ ഇഷ്ടഭാഷ മംഗ്ലീഷ് എന്ന സങ്കരഭാഷയാണ്. കലയും സാഹിത്യവും ഇവിടെ അധികപ്പറ്റായി ആര്ക്കും വേണ്ടാത്തതായിക്കഴിഞ്ഞു. ഇതില് ആര്ക്കും യാതൊരു ആശങ്കയും തോന്നുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.
ഒറിജിനലിനേക്കാള് മഹത്വം ഡ്യൂപ്ലിക്കേറ്റുകള്ക്ക് കല്പിക്കുന്ന വിചിത്രമായ മനശ്ശാസ്ത്രം മലയാളിക്കു മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.