Saturday, 15 March 2025

മൂലത്തിലേക്കു മടങ്ങുക (Return to the Original)

മൂലകൃതിയാണ് എപ്പോഴും ആധികാരികം. പരിഭാഷകള് ഒരിക്കലും തത്തുല്യം ആവുകയില്ല. വിശേഷിച്ച് സംസ്കൃതത്തില് നിന്നും അന്യഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള് മൂലകൃതിയിലുള്ള പലതും ചോര്ന്നു പോകുന്നു. അതിലില്ലാത്ത ഭാവനകള് പലതും കലരുന്നു. 

സംസ്കൃതവരികളുടെ മന്ത്രശക്തി മലയാളത്തിനോ ഹിന്ദിക്കോ മറ്റു ഭാഷകള്ക്കോ ഇല്ല തന്നെ. സത്യമേവ ജയതേ എന്ന ഇടത്ത് സത്യം മാത്രം ജയിക്കും എന്നു പറഞ്ഞാല് മതിയോ    അതുപോലെ സത്യം വദ എന്നതിന് സത്യം പറ എന്ന് പരിഭാഷപ്പെടുത്തിയാലോ അതിന്റെ ഗുരുത്വം നഷ്ടമാകുന്നില്ലേ.?.  ഭംഗി പോകുന്നില്ലേ?

അര്ഥമറിയാത്തവര് പോലും മൂലകൃതി ആസ്വദിക്കുകയും,  മന്ത്രങ്ങള് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു എന്നത് സംസ്കൃതത്തിലുള്ള ഉത്തമ ബോധ്യം (Convincing Power) കൊണ്ടു തന്നെയാണ്.   LIC OF INDIA യുടെ Motto യോഗക്ഷേമം വഹാമ്യഹം എന്ന ഗീതാ വാക്യമാണ്.  BSNL  എടുത്തിരിക്കുന്നത് അഹര്നിശം സേവാമഹേ എന്ന സംസ്കൃതവാക്യമാണ്. ഇത് ആ ഭാഷയുടെ മന്ത്രശക്തിയേയും മേന്മയേയുമാണ് കാണിക്കുന്നത്. 

സംസ്കൃതം ആര്ക്കും മനസ്സിലാവാത്തതാണ് കടിച്ചാല് പൊട്ടാത്തതാണ് തുടങ്ങിയ ഭാവനകള് സനാതനരെന്ന് കരുതപ്പെടുന്നവര് വെച്ചുപുലര്ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ കഷ്ടമാണ്. ആ ധാരണ തിരുത്താന് കൂടിയാണ് ഞാന് ഭാഗവതപ്രചാരണത്തില് വ്യാപൃതനായിരിക്കുന്നത്. നമ്മുടെ പൈതൃകഭാഷ ആകയാല് പിതൃഭാഷ എന്ന വിശേഷണം സംസ്കൃതം അര്ഹിക്കുന്നു. 

മാതൃഭാഷയോടു പോലും മലായാളികള് കൂറു കാണിക്കുന്നില്ല. മലയാളം ഇവിടെ മരിക്കുകയാണെന്നതില് സംശയമില്ല.  മലയാളിയുടെ ഇഷ്ടഭാഷ മംഗ്ലീഷ് എന്ന സങ്കരഭാഷയാണ്. കലയും സാഹിത്യവും ഇവിടെ അധികപ്പറ്റായി ആര്ക്കും വേണ്ടാത്തതായിക്കഴിഞ്ഞു. ഇതില് ആര്ക്കും യാതൊരു ആശങ്കയും തോന്നുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

ഒറിജിനലിനേക്കാള് മഹത്വം  ഡ്യൂപ്ലിക്കേറ്റുകള്ക്ക് കല്പിക്കുന്ന വിചിത്രമായ മനശ്ശാസ്ത്രം  മലയാളിക്കു മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. 








Wednesday, 12 March 2025

കിളിപ്പാട്ടുകാരന്റെ അതിക്രമം

 നമസ്കാരം

ബ്ലോഗ് എഴുതുന്ന ശീലം എവിടെയോ കൈമോശം വന്നു! വായനാശീലം യുവതലമുറയ്ക്കും കൈമോശം വന്നിരിക്കുകയാണല്ലൊ, അതുപോലെ എന്നു കരുതാം.



ഇപ്പോള് ഭാഗവതപ്രചാരണത്തിലാണ് മുഖ്യശ്രദ്ധ. മലയാളത്തില് ചെറിയ വിവരണം നല്കി സംസ്കൃതപാരായണത്തിന് ഊന്നല് കൊടുത്തുകൊണ്ട്   ഭാഗവതസംഗം എന്നൊരു Whatsapp Group   2023 മുതല് നടത്തി വരുന്നു.  പിന്നീട്  ശ്ലോകാനുശ്ലോകമായി ഹിന്ദിയിലേക്ക് വിവര്ത്തനം ചെയ്തുകൊണ്ട് ഹിന്ദിയിലും ഭാഗവതഗ്രൂപ്പ് തുടങ്ങി. രണ്ടും നല്ല രീതിയില് മുന്നോട്ടു പോകുന്നു. 

You Tube ല് തുടങ്ങിയ പിബത ഭാഗവതം എന്ന വിഡിയോ ചാനല് ഇപ്പോള് സുഷുപ്തിയിലാണ്. സംയമനത്തിന്റെ ഭാഗമാണത്. തികച്ചും യാദൃച്ഛികമായാണ് ഹിന്ദി ഗ്രൂപ്പ് തുടങ്ങാനിടയായത്. നെറ്റില് നിന്നും ഹിന്ദി വ്യാഖ്യാനം അടങ്ങുന്ന ഒരു  PDF കിട്ടി. അതു നോക്കി വായിക്കുക മാത്രമാണ് ഞാന് ചെയ്യുന്നത്. അത് എനിക്ക് പുതിയ ഉള്ക്കാഴ്ച തരുന്നു. അതിന്റെ വെളിച്ചത്തില് മലയാളത്തിലെ കിളിപ്പാട്ട് തുടങ്ങിയവ ശരിയായ തര്ജമയല്ല എന്ന് വളരെ അധികം വിഷമത്തോടെ  തിരിച്ചറിയുന്നു. 

അന്യഥാവല്കരണം മൂലകൃതിയോടും ഗ്രന്ഥകര്ത്താവിനോടും കാണിക്കുന്ന അതിക്രമം തന്നെയാണ്. . അതിന് ന്യായീകരണങ്ങള് പലതുണ്ടാവാം. എന്നാല് അവ ഒന്നും ശരി വയ്ക്കാനാവില്ല. കുറ്റപ്പെടുത്തല് ഒന്നിനും പരിഹാരമല്ല.  തങ്ങള്ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന വാദം കറകളഞ്ഞ തമോഗുണത്തിന്റെ ലക്ഷണമാണ്.   ശരിയെന്നു തോന്നുന്നത് ചെയ്യുകമാത്രമാണ് കരണീയം.  

N.B. ആരാണ് ഈ കിളിപ്പാട്ടുകാരന് എന്ന ചോദ്യം വേണ്ട! അതിക്രമിയുടെ പേരു പറയാന് താത്പര്യമില്ല! 

മൂലഗ്രന്ഥത്തിന്റെ സമ്യക് പ്രചാരണമാണ് ചെയ്യേണ്ടത്.. അതിന് ഹിന്ദി ടെക്സ്റ്റിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഉത്തമം ആയിരിക്കും. അതിന് ഉത്സാഹമുള്ളവരെ ഒന്നിച്ചു പ്രവര്ത്തിക്കാന് ആഹ്വാനം ചെയ്യുന്നു
ഓം നമോ നാരായണായ.  

ഗ്രൂപ് ലിംകുകള്  

1)  ഭാഗവതസങ്ഗഃ (മലയാളം)

2) ശ്രീമദ്ഭാഗവതമഹാപുരാണം ഹിന്ദി ഗ്രൂപ്